Breaking News

ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം

ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം

കൊല്ലം: മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിവിവേചനം ദൈവനിശ്ചയമല്ലെന്നും അത് അധാര്‍മികവും ശിക്ഷാര്‍ഹമായ തെറ്റുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് മലയാളക്കരയില്‍ ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയത്തിന്റെയും കൊച്ചി രൂപതയുടെയും വികാരി അപ്പസ്‌തോലിക്കയായിരുന്ന ഇറ്റലിക്കാരനായ കര്‍മലീത്താ പ്രേഷിതശ്രേഷ്ഠന്‍ ബിഷപ് മൗറേലിയൂസ് സ്തബിലീനിയെ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി അനുസ്മരിച്ചു.
മത്സ്യബന്ധനം പരമ്പരാഗതതൊഴിലായി സ്വീകരിച്ചവരുടെ കുടുംബങ്ങളില്‍ നിന്നുള്ള വൈദികാര്‍ഥികളെ വരാപ്പുഴ സെമിനാരിയില്‍ ചേര്‍ക്കുന്നതില്‍ മലബാര്‍ സഭയിലെ സവര്‍ണാഭിമാനികളില്‍ നിന്നുള്ള അതിശക്തമായ എതിര്‍പ്പിനെ നേരിട്ട് ഒടുവില്‍ സ്ഥാനത്യാഗം ചെയ്ത സ്തബിലീനിയുടെ ഇടയലേഖനം കേരളത്തിന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റത്തിന്റെ മൂലക്കല്ലുകളിലൊന്നാണ്.
ജാതിവിവേചനത്തിനെതിരെ 190 വര്‍ഷം മുന്‍പ് ബിഷപ് സ്തബിലീനി എഴുതിയ ഇടയലേഖനം അനുസ്മരിച്ചുകൊണ്ടാണ് കെആര്‍എല്‍സിസി അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിലെ അധ്യക്ഷപ്രസംഗം ആരംഭിച്ചത്.
ജനാധിപത്യ വ്യവസ്ഥയില്‍ സാമൂഹ്യനീതിക്കായുള്ള അധികാര പങ്കാളിത്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദിയില്‍, ജാതിവിവേചനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സമൂഹം ഇന്നും മോചിതമല്ലാത്ത അവസ്ഥയില്‍, തന്നെപോലുള്ളവര്‍ക്ക് പൗരോഹിത്യത്തിന്റെ അവകാശം നേടിതരുന്നതില്‍ മാത്രമല്ല, മനുഷ്യന് ഒരു ജാതിയേയുള്ളൂവെന്നും ജാതിയുടെ പേരിലുള്ള വിവേചനം ക്രൈസ്തവ വിശ്വാസമൂല്യങ്ങള്‍ക്കും സഭാപഠനങ്ങള്‍ക്കും വിരുദ്ധവും ശിക്ഷാര്‍ഹമായ മാരകപാപമാണെന്നുമുള്ള ബിഷപ് സ്തബിലീനിയുടെ പ്രബോധനത്തിന്റെ ചരിത്ര പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരു ജനിക്കുന്നതിന് 27 കൊല്ലം മുന്‍പാണ് ബിഷപ് സ്തബിലീനി ക്രൈസ്തവ വീക്ഷണത്തിലെ അടിസ്ഥാന പ്രമാണമായ സമഭാവനയില്‍ ഊന്നി വര്‍ഗവിവേചനത്തിനെതിരെ ഇടയലേഖനം എഴുതിയത്. ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയിലുണ്ടാകുന്ന മാന്യതയുടെയും പ്രഭുതയുടെയും പേരിലുള്ള വ്യത്യാസങ്ങള്‍ കേവലം യാദൃഛികമാണ്. മനുഷ്യജീവിത സാഹചര്യങ്ങളുടെ ഏറ്റക്കുറച്ചിലുകളുടെ പേരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഔന്നത്യത്തിലേക്ക് എത്താനുള്ള എല്ലാ മാര്‍ഗങ്ങളും അടയ്ക്കുന്ന അവജ്ഞയും പുച്ഛവും പുറജാതിക്കാരില്‍ നിന്നു ക്രൈസ്തവരിലേക്ക് അരിച്ചിറങ്ങിയ അക്രൈസ്തവ മുന്‍വിധികളുടെയും അബദ്ധധാരണകളുടെയും അടയാളമാണെന്ന് ബിഷപ് സ്തബിലീനി ചൂണ്ടിക്കാട്ടി.
പഴയനിയമത്തില്‍, ആട്ടിടയനായിരുന്ന ദാവീദ് ഇസ്രയേലിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നതും, പുതിയനിയമത്തില്‍, മീന്‍പിടുത്തക്കാരനായ പത്രോസ് ക്രിസ്തുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ മുഖ്യപരിപാലകനാകുന്നതും ജാതിവിവേചനം ദൈവിക പദ്ധതിയല്ലെന്നതിന്റെ തെളിവാണ്. സഭാചരിത്രത്തില്‍ മാത്രമല്ല, പൊതുസമൂഹത്തിന്റെ സാര്‍വത്രിക ചരിത്രത്തിലും ജാതിവ്യത്യാസം കേവലം ജീവിതസാഹചര്യങ്ങളുടെ യാദൃഛിക സൃഷ്ടിയാണെന്നും മനുഷ്യന്റെ മൗലികഭാവമല്ലെന്നും വ്യക്തമാകുന്നുണ്ടെന്ന് സമര്‍ത്ഥിച്ച ബിഷപ് സ്തബിലീനി മലബാര്‍ സഭയിലെ വിവിധ സാമൂഹിക ശ്രേണിയിലുള്ള ‘തൊപ്പിക്കാര്‍’, ‘മുണ്ടുകാര്‍’ തുടങ്ങിയവരെ എതിര്‍പ്പുകള്‍ മറികടന്ന് പൗരോഹിത്യത്തിലേക്കു സ്വീകരിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനം തൊഴിലാക്കിയ ലത്തീന്‍ കത്തോലിക്കരെ സെമിനാരിയില്‍ ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് ക്രൈസ്തവ വിശ്വാസപ്രമാണത്തിന് വിരുദ്ധവും അന്യായവുമാണെന്ന് വാദിച്ചു.
ഇടയലേഖനത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ വ്യക്തമായി ഗ്രഹിച്ചുവെന്നും മേലില്‍ മത്സ്യബന്ധന മേഖലയില്‍ നിന്നുള്ളവര്‍ വൈദികവൃത്തി സ്വീകരിക്കുന്നതിനെതിരായി യാതൊന്നും പറയുകയോ എഴുതുകയോ ചെയ്യുകയില്ലെന്നും, ഈ വാഗ്ദാനം ലംഘിച്ചാല്‍ വികാരി അപ്പസ്‌തോലിക്കയോ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വൈദികമേലധ്യക്ഷനോ വിധിക്കുന്ന ശിക്ഷ സ്വീകരിക്കാന്‍ സന്നദ്ധനാണെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം ഇടയലേഖനത്തിന്റെ കോപ്പി കൈപ്പറ്റി മലബാര്‍ വികാരിയത്തിലെയും കൊച്ചി രൂപതയിലെയും ഓരോ വൈദികനും വൈദികവിദ്യാര്‍ഥിയും ഒപ്പുവച്ച് നല്‍കേണ്ട സത്യപ്രതിജ്ഞയുടെ രേഖയും ബിഷപ് സ്തബിലീനിയുടെ കല്പനയില്‍ ഉണ്ടായിരുന്നു.
ബോംബെ വികാരിയത്തിലെ പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാനായി നിയമിതനായിരുന്ന സ്തബിലീനി വിശുദ്ധ അന്നയുടെ ഫ്രാന്‍സിസ് സേവ്യര്‍ പെഷെത്തോയുടെ പകരക്കാരനായി താത്കാലികമായാണ് 1828ല്‍ മലബാര്‍ വികാരിയാത്തിന്റെയും കൊച്ചി രൂപതയുടെയും ചുമതല ഏറ്റെടുത്തത്. അദ്ദേഹം ബോംബെയില്‍ നിന്ന് വന്നപ്പോള്‍ കൂടെ മത്സ്യത്തൊഴിലാളി പാരമ്പര്യത്തില്‍ നിന്നുള്ള ഒരു വൈദികനെ കൊണ്ടുവന്നതുതന്നെ ഇവിടത്തെ സവര്‍ണാഭിമാനികളായ വൈദികശ്രേഷ്ഠരുടെ എതിര്‍പ്പിന് ഇടവരുത്തി. ഹ്രസ്വമായ തന്റെ ഭരണകാലത്ത് അദ്ദേഹം രാജ്യത്തെ ആദ്യത്തെ തദ്ദേശീയ സന്ന്യാസ സമൂഹത്തിന്, പില്‍ക്കാലത്ത് അമലോത്ഭവ മേരിയുടെ കര്‍മലീത്തര്‍ (സിഎംഐ) എന്നറിയപ്പെട്ട വിമലാംബികയുടെ കര്‍മലീത്താ സേവകര്‍ എന്ന സംഘത്തിന് തുടക്കം കുറിച്ചു.
വരാപ്പുഴയിലെ മുന്‍ വികാരി അപ്പസ്‌തോലിക്ക ബിഷപ് വിശുദ്ധ യൗസേപ്പിന്റെ റെയ്മണ്ടിന്റെ സെക്രട്ടറിയായിരുന്ന തോമസ് പാലക്കല്‍ മല്പാന്‍, തന്റെ സെക്രട്ടറിയായ തോമസ് പോരൂര്‍ക്കര എന്നീ സുറിയാനി വൈദികരും, വികാരിയത്തിലെ ചാന്‍സലറും തന്റെ കുമ്പസാരക്കാരനുമായ ലത്തീന്‍കാരനായ പാസ്‌കല്‍ ബെയ്‌ലോണ്‍ ദേ ജേസുവും ചേര്‍ന്ന് സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ച് പുതിയ സന്ന്യാസ സമൂഹം സ്ഥാപിക്കുന്നതിന് അച്ചാരമായി 200 രൂപ സംഭാവന ചെയ്ത ബിഷപ് സ്തബിലീനി ഈ പ്രസ്ഥാനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട് 1829 നവംബര്‍ ഒന്നിന് ഇടയലേഖനം ഇറക്കി. മാന്നാനം കുന്നില്‍ 1831 മേയ് 11ന് തോമസ് പാലക്കല്‍ മല്പാന്റെ നേതൃത്വത്തില്‍ ആദ്യ ആശ്രമത്തിനു ശിലാസ്ഥാപനം നടത്തിയത് ബിഷപ് സ്തബിലീനിയുടെ ആശീര്‍വാദത്തോടെയാണ്. തോമസ് പാലക്കല്‍ മല്പാന്റെ ശിഷ്യനായിരുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് 24-ാം വയസില്‍ വരാപ്പുഴ വികാരിയത്തിലെ വൈദികനായി 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ വിശുദ്ധ അന്ത്രയോസിന്റെ ദേവാലയത്തില്‍ വച്ച് തിരുപ്പട്ടം നല്‍കിയത് ബിഷപ് സ്തബിലീനിയാണ്.1831ല്‍ അദ്ദേഹം വികാരി അപ്പസ്തിലിക്കാ പദത്തില്‍ നിന്ന് സ്ഥാനത്യാഗം ചെയ്തു.
ജാതിവിവേചനത്തിനെതിരെ 190 വര്‍ഷം മുന്‍പ് ബിഷപ് സ്തബിലീനി എഴുതിയ ഇടയലേഖനത്തിന്റെ പൂര്‍ണരൂപം പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്ന് ഇറ്റാലിയനിലേക്ക് മൊഴിമാറ്റി ബിഷപ് ഫ്രാന്‍സിസ് സേവ്യര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനെ ആധാരമാക്കി ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാന്‍ മൈക്കിള്‍ ആറാട്ടുകുളം ‘ലാറ്റിന്‍ കാത്തലിക്‌സ് ഓഫ് കേരള’ (1993) എന്ന തന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ് ഷെവലിയര്‍ പ്രഫ. ഏബ്രഹാം അറയ്ക്കലാണ് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ സവിശേഷശ്രദ്ധയ്ക്കായ് ഇത് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിനും മറ്റു വൈദിക മേലധ്യക്ഷന്മാര്‍ക്കും പ്രതിനിധികള്‍ക്കും സമര്‍പ്പിച്ചത്.


Related Articles

അപഹാസ്യമാകുന്ന മദ്യനയം

മദ്യലഭ്യത കൂട്ടി മദ്യവര്‍ജ്ജനം സാധ്യമാക്കുന്നതാണല്ലോ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയത്തിന്റെ കാതലായ വശം. രാത്രി ആഘോഷത്തിന്റെ ഭാഗമായി പുതിയതായി തുറക്കുമെന്നു പറഞ്ഞിരുന്ന പബ്ബുകള്‍ തല്ക്കാലത്തേയ്ക്ക് വേണ്ടെന്നുവച്ചത്, അവിടെ

ഇളവില്‍ ലോക്ക്

ബാര്‍ബര്‍ഷോപ്പ് തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം * ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍വരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കാനുമുള്ള

വര്‍ഷാവസാനത്തെ സ്റ്റോക്കെടുപ്പ്

ഇറ്റലിയിലെ ഏറ്റവും വലിയ ദേവാലയമാണ് ഡൂമോ ഡി മിലാനോ എന്നറിയപ്പെടുന്ന മിലാനിലെ നേറ്റിവിറ്റി ഓഫ് സെന്റ് മേരി കത്തീഡ്രല്‍. (റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും വലുത്). 1386ല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*