ജാതിവെറിക്കെതിരെ പോരാടുകതന്നെ വേണം

ജാതിവെറിക്കെതിരെ പോരാടുകതന്നെ വേണം

കെവിന്‍ എന്ന ചെറുപ്പക്കാരന്റെ ദാരുണമായ മരണം ദുരഭിമാനക്കൊലയാണെന്ന് പ്രാഥമിക നിരീക്ഷണത്തില്‍ കോടതി വിധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ദുരഭിമാനക്കൊലയുടെ പേരില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനയില്‍ ജാതിവിവേചനത്തിനും ജാതി അടിമത്തത്തിനും നിരോധനമുണ്ട്. ജാതി ബോധത്തിന്റെ, ജാതിപ്പോരിന്റെ, ഉന്നതകുല ജാതി മേന്മയുടെ വംശമഹിമയുടെ, പാരമ്പര്യത്തയമ്പുനടിക്കലിന്റെ, ആഢ്യത്വപൊങ്ങച്ചത്തിന്റെ മേനി പറച്ചിലുകള്‍ക്കും ജാതിയാചരണത്തിനും ഈ നാട്ടില്‍ യാതൊരു കുറവുമുണ്ടായിട്ടില്ലെന്ന് ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍ സാക്ഷ്യമേകുന്നുണ്ട്. നടപ്പിലാക്കപ്പെടാത്ത നിയമങ്ങള്‍, ഇല്ലാത്ത നിയമങ്ങള്‍ തന്നെ. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇത്രയും കാലം ഈ നാട്ടില്‍ ജാത്യാചാരത്തിന്റെ പേരില്‍ അതിക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാതിരിരുന്നതുകൊണ്ടല്ല അതിന്റെ പേരില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതിന്റെ ചരിത്രമില്ലാതായത്. ശിക്ഷ നല്‍കാന്‍ മാത്രമുള്ള തെളിവുകളോ, ജാത്യാചാരത്തിന്റെ പേരില്‍ നടന്ന ദുരഭിമാനക്കൊലകളാണ് അവയെന്ന് വാദിച്ചുറപ്പിക്കാന്‍ മാത്രമുള്ള അടയാളങ്ങളോ നീതിപീഠങ്ങളുടെ മുമ്പില്‍ എത്തിയിരുന്നില്ലായെന്നതുകൊണ്ടാണ് ചരിത്രം ഇവിടെ പിറക്കാതിരുന്നത്. കെവിന്റെ ജീവിതസഖിയുടെ നിശ്ചയദാര്‍ഢ്യവും, നീതിബോധം നഷ്ടപെടാത്ത ഏതാനും മനുഷ്യര്‍ ആത്മാര്‍ത്ഥതയോടെ നിലയുറപ്പിച്ചതുകൊണ്ടുമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത്.
കെവിന്‍വധം ദുരഭിമാനക്കൊലപാതകമാണെന്ന് കോടതി വിധിക്കുന്ന ദിവസം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചില വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ വിദൂരഗ്രാമങ്ങളിലൊന്നില്‍ പ്രണയത്തിലായ രണ്ട് ചെറുപ്പക്കാരെ ഗ്രാമത്തലവന്റെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുന്ന രംഗമായിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്. വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ പ്രണയിക്കുമ്പോള്‍ വിവാഹിതരാകുമ്പോള്‍, സാമൂഹ്യചുറ്റുപാടുകളില്‍ ഇടപഴകുമ്പോള്‍, മുറിപ്പെടുന്ന അഭിമാനത്തിന്റെ പേരില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ വേട്ടയാടപ്പെടുന്നതിന്റെ എത്രയും ദാരുണമായ ചരിത്രരേഖകള്‍ എമ്പാടും ലഭ്യമാണ്. ഇവയൊന്നും നീതിപീഠങ്ങളുടെ മുന്നില്‍ എത്തുന്നില്ലായെന്നുമാത്രം. കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നുമില്ല. ജാതിയുടെ പേരിലുള്ള അതിക്രമങ്ങള്‍ അങ്ങുദൂരെയുള്ള സംസ്ഥാനങ്ങളിലും ഗ്രാമങ്ങളിലുമൊക്കെയാണ് നടക്കുന്നത് എന്നും, നവോത്ഥാനത്തിന്റെ വെളിച്ചം വീണ കേരള മണ്ണില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായെന്നും മിഥ്യാബോധം വച്ചുപുലര്‍ത്തുന്ന സമൂഹമാണോ നമ്മുടേത്? പറഞ്ഞുവച്ചതുപോലെ വെറുതെയൊരു പൊങ്ങച്ചബോധം തന്നെ അത്!
വാതോരാതെയുള്ള പ്രസംഗങ്ങളും നവോത്ഥാനം പെയ്തിറങ്ങിയതിനെപ്പറ്റിയുള്ള എഴുത്തുകളും കൊണ്ട് മലയാളം സമ്പന്നമാണ്. പുരോഗമനാശയങ്ങളെപ്പറ്റിയുള്ള നെടുങ്കന്‍ ലേഖനങ്ങള്‍ക്ക് അച്ചുനിരത്തുന്നവരുടെ വ്യാപാര താല്പര്യങ്ങള്‍ പത്രങ്ങളുടെ തൊട്ടടുത്ത പേജുകളില്‍ത്തന്നെ കണ്ടെത്താനാകുമല്ലോ! വിവാഹമെന്ന കമ്പോളത്തെ നിര്‍മ്മിച്ചെടുക്കുന്ന പത്രപ്പരസ്യങ്ങളെപ്പറ്റിതന്നെയാണ് പറഞ്ഞുവരുന്നത്. ഇവിടെ വിവാഹക്കമ്പോളത്തിലേക്ക് വിലപേശി നീക്കിനിര്‍ത്തുന്നത് യുവതികളെയും യുവാക്കളെയുമല്ല മറിച്ച് നായര്‍ യുവാവ്, ഈഴവ യുവതി, സിറിയന്‍ ക്രിസ്ത്യാനി, നാടാര്‍, പുലയയുവാവ്, പറയയുവതി, ഇങ്ങനെ നീളുന്നു പേജുകള്‍ നിറയുന്ന വിവാഹപ്പരസ്യങ്ങള്‍. ജാതിയും ജാതിവിവേചനവും സഹസ്രാബ്ദങ്ങളായി തഴഞ്ഞിട്ടിരുന്ന ഒരുപറ്റം മനുഷ്യരെ രാഷ്ട്രീയമായി ശക്തിപ്പെടുത്താന്‍ ഭരണസംവിധാനത്തില്‍ ഇപ്പോഴും നിലവിലുള്ള സംവരണത്തിനെതിരെ ഭരണപരമായിത്തന്നെ നിലപാടുകള്‍ സ്വീകരിക്കുകയും, സംവരണത്തെ സാമ്പത്തികമായി മാത്രം ചുരുക്കിയെഴുതുകയും അവസരം കിട്ടുമ്പോഴെല്ലാം സംവരണത്തിനെതിരെ ചന്ദഹാസം ഇളക്കുകയും ചെയ്യുന്ന ജാതിവിരുദ്ധ സമീപനമുള്ളവര്‍, തങ്ങളുടെ ദൈനംദിന ജീവിതത്തില്‍, അവരവരുടെ കാര്യം വരുമ്പോള്‍ പേരിനറ്റത്ത് കൊണ്ടുനടക്കുന്ന ജാതിമേന്‍മ തുടച്ചു മിനുക്കിയെടുക്കുക തന്നെ ചെയ്യുന്നുണ്ട്.
സമുദായങ്ങളെ ശക്തിപ്പെടുത്തിയും ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടത്തിയും നവോത്ഥാന മൂല്യങ്ങള്‍ ഈ മണ്ണില്‍ വേരുപിടിക്കുമെന്ന് പ്രതീക്ഷിച്ചും കടന്നുപോയ മഹാത്മാക്കളെ സമുദായ നേതാക്കളായും ജാതിക്കുള്ളിലെ നേതൃത്വമായും മാത്രമായി കണ്ട് അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചരിത്ര നാടകങ്ങള്‍ നമ്മള്‍ കാണുകയാണല്ലോ? മനുഷ്യജീവിതാനുഭവങ്ങളുടെ സൂക്ഷ്മമായ തലങ്ങളിലേക്ക് ജാതിയെ ആഴ്ത്തിയിറക്കിയവര്‍ക്കെതിരെയും അത്തരം സൂക്ഷ്മാനുഭവങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്ത മഹത്തുകളെ, അവരുടെ നിലപാടുകളെ, സമീപനങ്ങളെ കൃത്യതയോടെ അടയാളപ്പെടുത്താനോ, പിന്‍തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനോ സാധിക്കാതെ പോയ സമൂഹമാണ് നമ്മുടേത്.
ജാതീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ മാനവികതയുടെ പാഠങ്ങള്‍ ഇനിയും പിറക്കേണ്ടതായുണ്ട്. സമ്പത്തുള്ളവരുടെയും ഇല്ലാത്തവരുടെയും പ്രശ്‌നമല്ല ഇത്. ജാതിമേന്മാ വിചാരത്തിന്റെ കുടുസ്സായ മനസ്സിന്റെ പ്രശ്‌നമാണ്. ഇതിന് മതപരമായ വ്യത്യാസമൊന്നും കാണാനാകില്ല. പറയപ്പള്ളിയും പുലയപ്പള്ളിയും മാര്‍ക്കം കൂടിയവരും, ബ്രാഹ്മണമനോഭാവമുള്ളവരും ക്രിസ്തുവിനെ തോല്പ്പിക്കുന്നതുകൊണ്ടു കൂടിയാണല്ലോ കെവിന്റേതുപോലുള്ള, നീനുവിന്റേതുപോലുള്ള ജീവിതങ്ങള്‍ നമ്മുടെ മുന്നില്‍ ദൃഷ്ടാന്തങ്ങളായി കണ്ണീരൊഴുക്കി നില്‍ക്കുന്നത്. ഇതില്‍ ഒരുമതത്തിനും മേന്‍മ പറയാനില്ല. ജാതി എന്നത് ഇന്ത്യയുടെ പൊതുവായ മാനസികാവസ്ഥയാണ്. ഉന്നതമായ മതാനുഭവമൂല്യങ്ങള്‍ക്ക് ഇതിന്റെമേല്‍ എന്തു ചെയ്യാനാകുമെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചിന്തിച്ചവര്‍ മതഭേദമെന്യേ ഇവിടെ ഉണ്ടായിരുന്നു. അവരെ തിരികെ വിളിക്കാന്‍ കാലം ആവശ്യപ്പെടുന്നുണ്ട്. മതാനുഭവമൂല്യങ്ങളുടെ രാഷ്രീയമാനം ജാതിക്കെതിരെയുള്ള പോരാട്ടമാകുന്നതിനെപ്പറ്റി അംബേദ്ക്കര്‍ പറയുന്നുണ്ട്. 1932 ഏപ്രില്‍ 22 ന് ബോംബൈ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ പറയുന്നു.
”അധഃസ്ഥിതരുടെ പ്രശ്‌നം ഒരു സാമൂഹ്യ പ്രശ്‌നം മാത്രമാണെന്നും അതിന്റെ പരിഹാരം രാഷ്ട്രീയേതരമാണെന്നും നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി പലപ്പോഴും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ വീക്ഷണത്തോടുള്ള വിയോജനം ഞാന്‍ അതിശക്തമായി രേഖപ്പെടുത്തുന്നു. അധഃസ്ഥിതരുടെ കൈകളിലേക്ക് രാഷ്ട്രീയാധികാരം ഏല്‍പ്പിക്കപ്പെടുന്നതുവരെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹൃതമാവുകയില്ലെന്ന് ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. അധഃസ്ഥിതരുടെ പ്രശ്‌നം ഗൗരവതരമായ രാഷ്ട്രീയ പ്രശ്‌നമാണ്. അതിന് രാഷ്ട്രീയ പരിഹാരനടപടികളാണ് വേണ്ടത്”.
ജാതിവെറിക്കെതിരായ പോരാട്ടത്തില്‍ നിന്ന് നമ്മള്‍ പിന്‍മാറരുത്.


Related Articles

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.

വിശുദ്ധ പാതയിൽ ജെറോം പിതാവ്: ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി

നൂറ്റാണ്ടുകളുടെ പൈതൃകം തേടുന്ന ചിരപുരാതനമായ കൊല്ലം രൂപത-അറബിക്കടലും അഷ്ടമുടിക്കായലും തഴുകിയുണര്‍ത്തുന്ന ഭാരതസഭാചരിത്രത്തിന്റെ പിള്ളത്തൊട്ടില്‍.  ക്രിസ്തുവിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹയാലും ഭാരതത്തിന്റെ ദ്വിതീയ അപ്പസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനാലും

വന്‍സ്രാവുകള്‍ വിഴുങ്ങട്ടെ ആ ദേശീയ നയം

  കൊച്ചി മത്സ്യബന്ധന തുറമുഖം ലോകനിലവാരമുള്ള സാമ്പത്തിക ഹബായി വികസിപ്പിക്കും, ഉള്‍നാടന്‍ ജലപാതകളിലും നദീതീരങ്ങളിലും ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും പണിതീര്‍ക്കും എന്ന കേന്ദ്ര ബജറ്റിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*