ജിബിന്‍ വില്യംസ് രാജ്യന്തരതലത്തിലേക്ക്‌

ജിബിന്‍ വില്യംസ് രാജ്യന്തരതലത്തിലേക്ക്‌

അള്‍ത്താര അലങ്കാരത്തില്‍ നിന്നും അന്താരാഷ്ട്ര മത്സരവേദിയിലേക്ക് ചുവടുവയ്ക്കുകയാണ് തുറവൂര്‍ കോടംതുരുത്ത് സ്വദേശി ജിബിന്‍ വില്ല്യംസ് എന്ന ഇരുപതുകാരന്‍. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ സംഘടിപ്പിച്ച ഇന്ത്യസ്‌കില്‍സ് 2018 മത്സരത്തില്‍ ദേശീയതലത്തില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയാണ് ജിബിന്‍ റഷ്യയിലെ കസാനില്‍ നടക്കുന്ന രാജ്യന്തര സ്‌കില്‍ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്.
ചിത്രരചനയില്‍ ചെറുപ്പംമുതലേ താല്‍പര്യമുണ്ടായിരുന്ന ജിബിന്‍ ഹൈസ്‌ക്കൂള്‍ കാലം മുതല്‍ ഇടവക ദേവാലയമായ കോടംതുരുത്ത് ഫാത്തിമമാതാപള്ളിയില്‍ അള്‍ത്താര അലങ്കാരത്തിന് നേതൃത്വം നല്‍കുമായിരുന്നു. സര്‍വ്വനന്മസ്വരൂപനായ ദൈവത്തിന് ബലിയര്‍പ്പിക്കുന്ന അള്‍ത്താര ഏറ്റവും മനോഹരമായി അലങ്കരിക്കണമെന്ന ആഗ്രഹം ജിബിന്‍ എല്ലാ ആഴ്ചയിലും സാക്ഷാല്‍ക്കരിക്കുമായിരുന്നു. ദൈവത്തിന്റെ അനുഗ്രഹം വരമഴയായി ചൊരിയുന്ന ദിനങ്ങളായിരുന്നു പിന്നീട്. അള്‍ത്താര അലങ്കാരത്തിനൊപ്പം തന്നെ സുഹ്യത്തുക്കളുടെയും ബന്ധുക്കളുടെയും വിവാഹവേദികളിലും പുഷ്പാലങ്കാരങ്ങള്‍ ചെയ്യാന്‍ ജിബിനും സുഹ്യത്തുക്കളും മുന്നിട്ടിറങ്ങി.
കെസിവൈഎംന്റെയും മിഷന്‍ലീഗിന്റെയും പരിപാടികളില്‍ വേദിയലങ്കരിക്കാനും സ്റ്റേജ് ഒരുക്കാനുമൊക്കെ ജിബിനും കൂട്ടുകാരും നേരത്തെതന്നെ താല്‍പര്യം കാണിച്ചിരുന്നു. ചിത്രരചനയും പുഷ്പാലങ്കാരത്തിലുള്ള ജിബിന്റെ കഴിവ് തിരിച്ചറിഞ്ഞ തുറവൂര്‍ സെന്റ് ജോസഫ് ഐടിഐയിലെ അധ്യാപകരാണ് ഇന്ത്യസ്‌കില്‍ഡ് മത്സരത്തെക്കുറിച്ച് പറയുന്നത്. ഓണ്‍ലൈന്‍ വഴിയായിരുന്നു അപേക്ഷ. ആറു ടാസ്‌കുകള്‍ ആയിരുന്നു മത്സരത്തിന്. ഏതെങ്കിലുമൊരു കലാരൂപമോ സാധനമോ കാണിച്ച് പൂക്കള്‍ കൊണ്ട് ആ മാതൃക സ്യഷ്ടിക്കുന്നതായിരുന്നു മത്സരക്രമം. യോഗ ചെയ്യുന്നതും താജ്മഹലും ഒക്കെ ജിബിന്റെ സ്വതസിദ്ധമായ കഴിവ് തെളിയിച്ച് എല്ലാ തലത്തിലും പ്രശസ്തി പിടിച്ചുപറ്റി. ഡല്‍ഹിയില്‍ വച്ചായിരുന്നു ദേശീയതല മത്സരം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാന്നൂറിലേറെ യുവാക്കള്‍ പങ്കെടുത്തു. ഫ്‌ളോറിസ്ട്രി വിഭാഗത്തിലാണ് ജിബിന്‍ വില്ല്യംസ് പങ്കെടുത്തത്. വിജ്ഞാനഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയില്‍ നിന്നു ജിബിന്‍ വെള്ളിമെഡല്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ സ്വദേശി വിഎസ് ഡോണക്കാ
ണ് ഒന്നാംസ്ഥാനം. സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ ജിബിനായിരുന്നു സ്വര്‍ണ്ണമെഡല്‍.
തുറവൂര്‍ സെന്റ് ജോസഫ് ഐടിഐയിലെ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ കോഴ്‌സ് വിദ്യാര്‍ഥിയായിരുന്നു ജിബിന്‍. കൊച്ചിരൂപത തുറവൂര്‍ കോടംതുരുത്ത് കണിയാംപറമ്പില്‍ വില്ല്യംസിന്റെയും ജെസിയുടെയും മകനാണ്. കെസിവൈഎം അരൂര്‍ മേഖല പ്രസിഡന്റായ ജിലു വില്ല്യംസ് ആണ് സഹോദരന്‍. റഷ്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ജിബിന്‍. അതിനുമുന്‍പ് മുംബൈയില്‍ എട്ടുമാസത്തെ പരിശീലനമുണ്ട്. ഐടിഐ പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുന്ന ചെറുപ്പക്കാരന് പിന്തുണ കുടുംബവും കൂട്ടുകാരും തന്നെ. പിന്നെ മികവിന്റെ നൈപുണ്യത്തിലേക്ക് തന്നെ കൈപിടിച്ചു നടത്തിയ ദൈവത്തിന്റെ അനുഗ്രഹവും.


Related Articles

ജീവനാദം സമുദായത്തിന് ഊര്‍ജം പകരുന്ന മാധ്യമം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സമുദായംഗങ്ങളുടെ ഇടയില്‍ ശക്തമായ സാന്നിധ്യമായി ജീവനാദം മാറണമെന്ന് കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. കെഎല്‍സിഎ തിരുവനന്തപുരം

മനുഷ്യരെ പിടിക്കുന്നവര്‍

പണ്ഡിതരെയും പണക്കാരെയുമല്ല യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയായിരുന്നു. ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു അവരോടു പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും

യേശുമുത്ത്

തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരേട് കഥാതന്തുവാക്കി ആ ചരിത്രസംഭവത്തെ ഭാവനയില്‍ ചാലിച്ച് പുനരാവിഷ്‌ക്കരിക്കുന്ന നാടകീയാഖ്യാനമാണ് ഗോപീകൃഷ്ണന്‍ കോട്ടൂര്‍ രചിച്ച ‘യേശുമുത്ത്.’ വായനക്കാരനെ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് അനായാസം കൊണ്ടുപോകുകയും, ചരിത്രസംഭവങ്ങളെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*