ജില്ലാതല നിയമബോധന അമൃത മഹോത്സവത്തിന് വിരാമമായി

by admin | November 25, 2021 7:30 am

 

എറണാകുളം: അമൃത മഹോത്സവ നിയമബോധന പരിപാടിയോടനുബന്ധിച്ച് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ഔപചാരിക സമാപന സമ്മേളനവും നിയമ ബോധവല്‍ക്കരണ ക്ലാസും വരാപ്പുഴ അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇഎസ്എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളെ മനുഷ്യത്വപരമായി അവരുടെ അഭിരുചിക്കനുസരിച്ച് സ്വതന്ത്രമായി മൂല്യബോധമുള്ളവരായി വളര്‍ത്തിയെടുത്താല്‍ മാത്രമെ നല്ല സമൂഹം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കൂ എന്ന് ജസ്റ്റീസ് സോഫി തോമസ് വ്യക്തമാക്കി.

ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍പേഴ്സണുമായ ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് സുരേഷ് പി.എം, ഇഎസ്എസ്എസ്. ഡയറക്റ്റര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, സുരേഷ് കെ. കെ, ഇഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ റ്റിറ്റ്സണ്‍ ദേവസി എന്നിവര്‍ സംസാരിച്ചു. കേരള ഹൈക്കോടതി അഭിഭാഷകരായ ഗജേന്ദ്ര രാജപുരോഹിത്, അഖില്‍ ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

Source URL: https://jeevanaadam.in/%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%85%e0%b4%ae%e0%b5%83%e0%b4%a4-%e0%b4%ae/