ജീവനാദം പൊതുമണ്ഡലത്തില്‍ ഒരു ജനസമൂഹത്തിന്റെ അനിഷേധ്യ ജിഹ്വ – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ജീവനാദം നവവത്സരപതിപ്പ് 2021 പുറത്തിറക്കി. വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ജീവനാദം എപ്പിസ്കോപ്പല്‍ കമ്മിഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രശസ്ത സംഗീതജ്ഞന് ജെറി അമല്ദേവിന് നവവത്സരപ്പതിപ്പ് നല്കി പ്രകാശനം നിര്‍വഹിച്ചു.
കേരള ലത്തീന്‍ സഭയുടെയും സമുദായത്തിന്റെയും മുഖപത്രം എന്ന നിലയില്‍ ഒന്നരപതിറ്റാണ്ട് പിന്നിടുന്ന ജീവനാദം മലയാളത്തിനു സമര്‍പ്പിക്കുന്ന പുതുവത്സര സമ്മാനമാണ് ഈ വിശേഷാല്‍ പതിപ്പെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായ മുദ്രണകലയിലും മാധ്യമശുശ്രൂഷയിലും അഗ്രഗാമികളായിരുന്ന കര്‍മലീത്താ പ്രേഷിതവര്യന്മാരുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി പുണ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജീവനാദത്തിന് പൊതുമണ്ഡലത്തില്‍ ഒരു ജനസമൂഹത്തിന്റെ അനിഷേധ്യ ജിഹ്വയായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവനാദത്തിന്റെ വളര്‍ച്ചയുടെയും മികവിന്റെയും തിളക്കമേറിയ പ്രതീകമായ ഈ വാര്‍ഷികപ്പതിപ്പിനു മാറ്റുകൂട്ടുന്ന മലയാളത്തിലെ അറിയപ്പെടുന്ന കഥാകാരന്മാരുടെയും കവികളുടെയും എഴുത്തുകാരുടെയും വലിയ ശ്രേണി മഹത്തായ ഒരു പൈതൃകത്തിന്റെ വീണ്ടെടുപ്പും പുതിയ ഭാവുകത്വത്തിന്റെയും ജീവസ്സുറ്റ പുത്തന്‍ ആഖ്യാനങ്ങളുടെയും അനുപമ ഉപലബ്ധിയുമായി വിലയിരുത്തപ്പെടും.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാക്കി ഈ പ്രസ്ഥാനത്തെ നയിച്ച സാരഥികളെ നന്ദിയോടെ ഓര്‍ക്കുന്നു. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും മെത്രാന് സമിതിയില്‍ നിന്നും ലഭിക്കുന്ന സഹായസഹകരണങ്ങള്‍ക്കും നന്ദി. എപ്പിസ്കോപ്പല്‍ കമ്മിഷന് അംഗങ്ങളായ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവരും കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റുമാരായ റവ. ഡോ. അഗസ്റ്റിന് മുല്ലൂര്‍ ഒസിഡി, ഷാജി ജോര്‍ജ് എന്നിവരും ജീവനാദം മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും മഹാമാരിക്കാലത്തെ എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് ഈ വാര്‍ഷികപ്പതിപ്പ് മികവുറ്റതും അവിസ്മരണീയവുമാക്കിയത് ശ്ലാഘനീയമാണെന്ന് ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജീവനാദത്തിന്റെ വളര്‍ച്ചയുടെ വേഗത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അനേകം പത്രമാസികകളുള്ള കേരളത്തില്‍ ജീവനാദം പിടിച്ചുനില്ക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആഗ്രഹിക്കുന്ന പ്രചാരവലുപ്പം ജീവനാദം നേടിയില്ലെങ്കിലും ആയുസിന്റെ വര്‍ഷങ്ങള്‍ എണ്ണുമ്പോള്‍ അതിന് ആശ്ചര്യത്തിന് അടിസ്ഥാനമില്ല. പല പ്രമുഖ പത്രങ്ങള്‍ക്കും ആരംഭകാലത്ത് വളരെ കുറച്ച് സര്‍ക്കുലേഷനേ ഉണ്ടായിരുന്നുള്ളൂ. ആ പ്രസിദ്ധീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജീവനാദത്തിന് നല്ല വളര്‍ച്ചയുണ്ട്.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭാസമൂഹവും പ്രത്യേകമൊരു സമുദായവുമാണ്. തനതായൊരു വ്യക്തി സ്വരൂപത്തെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാനും അതിനു പൊതുസമൂഹത്തിന്റെ ശ്രദ്ധയും സ്വീകാര്യതയും നേടിയെടുക്കുന്നതിനുമാണ് ജീവനാദം ആരംഭിച്ചത്. ഗുണമേന്മയും പ്രചാരവും വര്‍ധിപ്പിക്കുന്നതോടൊപ്പം ആഴമുള്ള കാഴ്ചപ്പാടും മൂല്യബോധത്തിന്റെ സ്ഥൈര്യവും കൈവിടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
റോമന്‍ കത്തോലിക്കാ ആരാധനക്രമസംഗീതത്തിന്റെ മഹത്തായ പൈതൃകത്തിന്റെ തനിമ വീണ്ടെടുക്കാനും നിലനിര്‍ത്താനും കൂടുതല്‍ ഗൗരവതരമായ നടപടികള്‍ ആവശ്യമാണെന്ന് ജെറി അമല്‍ദേവ് പറഞ്ഞു. ദേവാലയ സംഗീതം ‘ഹിറ്റാക്കി’ മാറ്റാനുള്ള ശ്രമങ്ങള്‍ അഭിലഷണീയമല്ല. സമൂഹത്തിന്റെ കൂട്ടായ അര്‍ച്ചനയുടെ ഭാഗമായ സംഗീതത്തില്‍ പലപ്പോഴും കേള്‍ക്കുന്ന പാഠഭേദങ്ങളും അപശ്രുതികളും അസഹനീയമാണെന്നും ഗ്രിഗോറിയന്‍ സംഗീത പാരമ്പര്യത്തിന്റെ ആധികാരിക വക്താവായ അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ജെറി അമല്‍ദേവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് പുരസ്കാരം ലഭിച്ച ജിജോ ജോണ്‍ പുത്തേഴത്തിനെയും ചടങ്ങില്‍ ആദരിച്ചു. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ജിജോയ്ക്ക് പൊന്നാട ചാര്‍ത്തി.
ജീവനാദം ചീഫ് എഡിറ്റര്‍ ജെക്കോബി ആമുഖപ്രസംഗം നടത്തി. ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ സ്വാഗതവും അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര നന്ദിയും പറഞ്ഞു. റവ. ഡോ. ജോയി പുത്തന്‍വീട്ടില്‍ പ്രാരംഭ പ്രാര്‍ഥന നയിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കാരുണ്യം നീതിനിഷേധമല്ല
‘കാരുണ്യം’ എന്ന വാക്കാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാധ്യമപ്രവര്‍ത്തകര്‍ പിന്‍വാതില്‍ നിയമനം എന്ന് പേരുകൊടുത്ത സര്‍ക്കാര്‍ നടപടിയുടെ ഔചിത്യവും നീതികേടും നിയമപരമായ ചോദ്യങ്ങളും സംബന്ധിച്ച
തീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണം – പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി
ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ കരിങ്കല്ലുകൊണ്ട് ഉയരം കൂടിയ കടൽഭിത്തിയും പുലിമുട്ടുകളും നിമ്മിച്ച് രാജ്യാതിർത്തിയായ തീരം സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താൻ
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി
അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതം പിന്നിട്ടവര്‍ക്കായി കുടുംബജീവിതത്തെക്കുറിച്ച് ഒരു സെമിനാര്‍ നടക്കുകയായിരുന്നു. ചില അംഗങ്ങള്‍ ക്ലാസില്‍ അശ്രദ്ധയോടെ ഇരിക്കുന്നതുകണ്ട അധ്യാപകന് പറഞ്ഞു: ‘നമുക്ക് ചെറിയൊരു എക്സര്‍സൈസ് ചെയ്യാം. എല്ലാവരും