Breaking News

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം

ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന പ്രതിദ്രവ്യം (ആന്റിബോഡി) ശരീരത്തിലുണ്ടാകുമെന്നതിനാല്‍ ലോക്ഡൗണ്‍ നിയന്ത്രണമൊന്നും നോക്കാതെ പുറംലോകത്തേക്കിറങ്ങാന്‍ യോഗ്യരായവരെ നിശ്ചയിക്കുന്ന അതിദ്രുത ആന്റിബോഡി ടെസ്റ്റിന് ലോകവ്യാപകമായി ഡിമാന്‍ഡ് വര്‍ധിക്കുന്നു. വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുടെ ശേഷി എത്രകാലം നിലനില്‍ക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം. സ്തംഭനത്തിലായ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സാമൂഹിക ജീവിതക്രമത്തിന്റെ ചലനാത്മകത വീണ്ടെടുക്കാനും ഏറെ സഹായകമാകും ഈ ടെസ്റ്റ്. ഗുണനിലവാരം ഉറപ്പുള്ള ടെസ്റ്റ് കിറ്റുകള്‍ക്കായി പിടിവലിയിലാണ് ലോകരാഷ്ട്രങ്ങള്‍.
കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ കര്‍ശന നിയന്ത്രണങ്ങളോടെ വേര്‍തിരിച്ചുനിര്‍ത്തിയ കണ്ടെയ്ന്‍മെന്റ് മേഖലകളിലും ഹോട്ട്സ്പോട്ടുകളിലും ചിലരെ തെരഞ്ഞെടുത്ത് റാപിഡ് ടെസ്റ്റ് നടത്തിയാല്‍ ആ ജനസഞ്ചയത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതെതന്നെ വൈറസിന്റെ ആക്രമണത്തിന് ഇരയാവുകയും പ്രത്യേക ചികിത്സയൊന്നും കൂടാതെ താനേ സുഖംപ്രാപിക്കുകയും ചെയ്തവരുണ്ടോ എന്നു കണ്ടെത്താനാകും. തീര്‍ത്തും രോഗമുക്തമേഖലയാണെന്നു കരുതിവന്നയിടങ്ങളില്‍ ആര്‍ക്കെങ്കിലും ആന്റിബോഡി സ്ഥിരീകരിച്ചാല്‍ ആ ചെറുപറ്റത്തിലെ (ക്ലസ്റ്റര്‍) ഓരോരുത്തരെയും രോഗനിര്‍ണയത്തിനുള്ള പ്രാഥമിക പരിശോധനയായ ആര്‍ടി-പിസിആര്‍ (റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ – പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍) എന്ന മോളിക്യുലര്‍ അഥവാ ന്യൂക്ലെയിക് ആസിഡ് ടെസ്റ്റിനു വിധേയമാക്കേണ്ടിവരും. സാമൂഹിക രോഗപ്പകര്‍ച്ചയുടെ സൂചനകള്‍ റാപിഡ് ടെസ്റ്റില്‍ നിന്നു ലഭിച്ചാല്‍ പൂര്‍ണമായ ക്വാറന്റൈന്‍ നിയന്ത്രണത്തിലൂടെ ആ വൈറസ് വാഹകരുടെ കൂട്ടത്തെ മറ്റുള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകും.
രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാതെ രോഗികളാകുന്നവരാണ് വൈറസ് പകരുന്നതില്‍ കൂടുതല്‍ അപകടകാരികള്‍. അവരെ തിരിച്ചറിയാന്‍ ആന്റിബോഡി ടെസ്റ്റ് സഹായകമാകും. സമൂഹത്തില്‍ അന്റിബോഡി പോസിറ്റീവ് കേസുകള്‍ അധികമുണ്ടെങ്കില്‍ വൈറസിനെ ചെറുക്കാന്‍ കഴിയുന്ന ആ ജനസഞ്ചയം (ഇമ്യൂണിറ്റിയുള്ളവരുടെ പറ്റം) സാധാരണ നിലയിലുള്ള ജീവിതത്തിലേക്ക് അതിവേഗം തിരിച്ചുപോകാന്‍ യോഗ്യത നേടും. വേണ്ടത്ര ആന്റിബോഡി സ്വന്തം ദേഹത്തുള്ള, കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ച നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റും പ്രത്യേക സുരക്ഷാസാമഗ്രികളൊന്നും കൂടാതെതന്നെ ഡ്യൂട്ടിക്കു കയറാനാകും. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് സേനാംഗങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന ആളുകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളില്‍ പ്രത്യേക ക്രമമൊന്നും നോക്കാതെ ചില സാമ്പിള്‍ കേസുകളെന്ന നിലയിലും കാസര്‍കോടു പോലെ രോഗബാധിതരുടെ സാന്നിധ്യമേറെയുണ്ടായിരുന്ന മേഖലയില്‍ കുറച്ചുകൂടി വിപുലമായും ആന്റിബോഡി പരിശോധന നടത്താനാണ് തീരുമാനം.
കേരളത്തിലേക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നല്‍കിയ 12,400 റാപിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്കു പുറമെ പുനെയിലെ മൈലാബില്‍ നിന്ന് 3,000 ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചിരുന്നു. രണ്ടു ലക്ഷം കിറ്റുകള്‍ അടിയന്തരമായി വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 37 ലക്ഷം ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഐസിഎംആറിന് അനുമതി നല്‍കിയിരുന്നു. ചൈനയില്‍ നിന്ന് ഇതിനകം ലഭിച്ച ഏഴു ലക്ഷം ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അവയുടെ ഉപയോഗം തത്കാലത്തേക്ക് ഐസിഎംആര്‍ തടഞ്ഞിരിക്കയാണ്. വിശദമായ പരിശോധന നടത്തി ഗുണനിലവാരം സ്ഥിരീകരിച്ചിട്ടു മതി ചൈനീസ് കിറ്റുകളുടെ പ്രയോഗം എന്നാണ് കേന്ദ്ര നിര്‍ദേശം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ ഡിമാന്‍ഡിന്റെ പേരിലുള്ള കടുത്ത മത്സരത്തിനിടയില്‍ ചൈനയിലെ ഗുവാങ്ജോയില്‍ നിന്ന് മൂന്നു ലക്ഷം ടെസ്റ്റ് കിറ്റുകള്‍ ആര്‍എഎ എക്സ്ട്രാക്ഷന്‍ കിറ്റുകള്‍ സഹിതം രാജസ്ഥാനിലേക്കും തമിഴ്നാട്ടിലേക്കും നേരിട്ട് പ്രത്യേക വിമാനത്തില്‍ എത്തിച്ചു. തമിഴ്നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ 600 രൂപ നിരക്കിലാണ് 50,000 കിറ്റുകള്‍ അടിയന്തരമായി സ്വന്തമാക്കിയത്. ഛത്തീസ്ഗഢ് നേരത്തെ 337 രൂപ നിരക്കില്‍ ഈ കിറ്റുവാങ്ങിയിരുന്നു. തോന്നുന്ന വില നിശ്ചയിച്ചാണ് ചൈനീസ് കമ്പനികള്‍ ഗുണനിലവാരം ഉറപ്പില്ലാത്ത കിറ്റുകള്‍ ഭാഗികമായി അയക്കുന്നത്. ചൈനയിലെ നാഷണല്‍ മെഡിക്കല്‍ പ്രോഡക്റ്റ്സ് അഡ്മിനിസ്ട്രേഷന്‍ ഗുണനിലവാരം സാക്ഷ്യപ്പെടുത്തണമെന്നാണ് സങ്കല്പം. എന്നാല്‍ ലോകമെങ്ങും നിന്ന് ഡിമാന്‍ഡ് കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ കിട്ടുന്ന ചരക്ക് മറ്റൊന്നും നോക്കാതെ തട്ടിപ്പറിച്ചെടുക്കുന്ന സ്ഥിതിയാണ് വിപണിയില്‍.
ഗുവാങ്ജോയിലെ വോണ്ട്ഫോ ബയോടെക്, ഷുഹായ് ലിവ്സോണ്‍ എന്നീ കമ്പനികള്‍ക്ക് ഇന്ത്യ 15 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. സിംഗപ്പൂരിലെ ബയോ ഇന്‍ഡിക്സ്, ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സോണ്‍ എന്നിവയും പട്ടികയിലുണ്ട്. മഹാരാഷ്ട്രയിലെ വോക്സ്ടുര്‍ ബയോലിമിറ്റഡ് 10 ലക്ഷം കിറ്റുകള്‍ നല്‍കും. എട്ടു സംസ്ഥാനങ്ങള്‍ക്കായി ഐസിഎംആര്‍ ഭാഗിച്ചുനല്‍കിയ ചൈനീസ് കിറ്റുകളുടെ ആദ്യ പങ്കിന്റെ ഉപയോഗം തത്കാലം മരവിപ്പിച്ചിരിക്കയാണ്.
വിരല്‍ത്തുമ്പില്‍ കുത്തി ചോരത്തുള്ളിയെടുത്ത് അതിവേഗം ഇമ്യൂണോഗ്ലോബുലിന്‍ പരിശോധിക്കുന്ന സിറം ടെസ്റ്റ് വ്യാപകമായി നടത്താന്‍ മിക്ക രാജ്യങ്ങളും തിടുക്കംകാട്ടുന്നു. വീട്ടില്‍ ഗര്‍ഭനിര്‍ണയത്തിനു നടത്തുന്ന ലളിതമായ പരിശോധനയ്ക്കു സമാനമായി 15 മിനിറ്റിനകം ഫലമറിയാവുന്ന ആന്റിബോഡി ടെസ്റ്റിനുള്ള 35 ലക്ഷം കിറ്റ് ബ്രിട്ടനില്‍ ആമസോണ്‍, ബൂട്സ് വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് വ്യാപനവും മരണനിരക്കും രേഖപ്പെടുത്തിയ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് വിപുലമായ തോതില്‍ ആന്റിബോഡി ടെസ്റ്റിന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ നിര്‍ദേശം നല്‍കി. ആദ്യ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍, ന്യൂയോര്‍ക്കില്‍ അഞ്ചില്‍ ഒരാള്‍ക്ക് എന്ന തോതില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ഭരണകൂടം കണക്കാക്കുന്നത്. 27 ലക്ഷം പേര്‍ക്കെങ്കിലും ആന്റിബോഡിയുടെ പിന്‍ബലത്തോടെ സാധാരണ ജീവിതത്തിലേക്കു മടങ്ങാനാകുമെന്നാണ് സൂചന. ആശുപത്രികളിലെ കണക്കുകളെക്കാള്‍ വളരെയേറെ ഉയര്‍ന്നതാണ് യഥാര്‍ഥത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം എന്നും ഇതില്‍ നിന്നു വ്യക്തമായി. ന്യൂയോര്‍ക്ക് നഗരത്തില്‍ 21% പേര്‍ക്കും, ലോങ് ഐലന്‍ഡില്‍ 17% പേര്‍ക്കും, വെസ്റ്റ്ചെസ്റ്ററിലും റോക്ക്ലന്‍ഡിലും 12% പേര്‍ക്കും ആന്റിബോഡി ടെസ്റ്റ് പോസിറ്റീവാണ്. അതേസമയം കലിഫോര്‍ണിയയിലെ ലോസ് ആഞ്ജലസില്‍ അഞ്ചു ശതമാനത്തിനും സാന്താ ക്ലാരയില്‍ നാലു ശതമാനം പേര്‍ക്കുമാണ് രോഗബാധാനന്തര പ്രതിദ്രവ്യ ശേഷി തെളിഞ്ഞുകണ്ടത്.
കൊവിഡ് വ്യാപനത്തിന്റെ തരംഗങ്ങള്‍ ഒടുങ്ങുമ്പോള്‍ ലോകത്ത് രണ്ടുതരം പൗരന്മാരുണ്ടാകുമെന്നാണ് പറയുന്നത് – വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ ശക്തിയുള്ളവരും, രോഗം പിടിപെടാത്തതിനാല്‍ എന്നും ഭീതിയിലും ക്വാറന്റൈന്‍ നിയന്ത്രണത്തിലും കഴിയാന്‍ വിധിക്കപ്പെട്ടവരും! പകര്‍ച്ചവ്യാധി എത്രയും പെട്ടെന്ന് പിടിപെട്ടാല്‍ അത്രയും വേഗം ആന്റിബോഡിയുണ്ടാകുമല്ലോ എന്നു കരുതി സാഹസപ്പെട്ട് രോഗം ക്ഷണിച്ചുവരുത്തുന്നവരുമുണ്ട്. രോഗം പിടിപെട്ട് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വേണ്ടിവരും ആന്റിബോഡി കണ്ടെത്താന്‍. ഇമ്യൂണോഗ്ലോബുലിന്‍ ജി, എം (ഐജിജി, ഐജിഎം) എന്നിങ്ങനെ ആന്റിബോഡിയുടെ വ്യത്യസ്ത തോതുകള്‍ റാപിഡ് ടെസ്റ്റില്‍ വേര്‍തിരിച്ചറിയാം.
ആന്റിബോഡിയുള്ളവരുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കാമെന്നു തെളിഞ്ഞതിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ ഇത്തരം പ്ലാസ്മ ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ രോഗവിമുക്തരുണ്ടാകുമ്പോള്‍ കൂടുതല്‍ ആന്റിബോഡി പ്ലാസ്മ ലഭ്യമാകുമെന്നതിനാല്‍ അതുവഴിയുള്ള ചികിത്സാവിധിയും മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.
ചൈന ഓരോരുത്തരുടെയും മൊബൈല്‍ഫോണിലെ ക്യുആര്‍ കോഡില്‍ നിന്ന് അവരുടെ ആരോഗ്യനിലയുടെ വിവരങ്ങള്‍ പരിശോധിച്ചാണ് ലോക്ഡൗണിനു ശേഷമുള്ള യാത്രകള്‍ നിയന്ത്രിച്ചത്. ആന്റിബോഡി ടെസ്റ്റിനെ ആധാരമാക്കി ഓരോരുത്തര്‍ക്കും ഇമ്യൂണിറ്റി കാര്‍ഡുകള്‍ നല്‍കി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സാവകാശം പിന്‍വലിക്കാനാവുമോ എന്നാണ് അമേരിക്കയും ജര്‍മനിയും ആലോചിക്കുന്നത്. തെക്കന്‍ അമേരിക്കയില്‍ ചിലിയാണ് ഇമ്യൂണിറ്റി കാര്‍ഡുകള്‍ ആദ്യം വിതരണം ചെയ്തുതുടങ്ങിയത്.


Related Articles

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലിം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സി.എച്ച്. മുഹമ്മദ്

കുട്ടനാടിന് സാന്ത്വനവുമായി തേക്കടിയില്‍ നിന്നും കൂട്ടുകാര്‍

തേക്കടി: കുട്ടനാടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു ആശ്വാസത്തിന്റെ കൈത്താങ്ങായി തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികള്‍. അരി, പലചരക്ക്, പച്ചക്കറികള്‍, ബെഡ്ഷീറ്റുകള്‍, സോപ്പ്, കുടിവെള്ളം തുടങ്ങി ഏകദേശം

സ്റ്റുഡന്റ്‌സ് ബിനാലെ-2018 അപേക്ഷ ക്ഷണിച്ചു

കൊച്ചി-മുസിരിസ് ബിനാലെ നാലാം എഡിഷനോത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെ-2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദക്ഷിണേഷ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രമുഖ ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി-മുസിരിസ് ബിനാലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*