ജീവിതം ദൈവജനത്തിനായര്‍പ്പിച്ച വല്യച്ചന്‍

ജീവിതം ദൈവജനത്തിനായര്‍പ്പിച്ച വല്യച്ചന്‍

ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ സ്വര്‍ഗ്ഗീയ യാത്രയുടെ 33-ാം വാര്‍ഷികം ഒക്ടോബര്‍ 14ന്

ആലപ്പുഴ രൂപതയിലെ ചെത്തി ഇടവകയില്‍ പുരയ്ക്കല്‍ കുഞ്ഞുവര്‍ക്കി ജോസഫിന്റെയും മറിയക്കുട്ടിയുടെയും മൂത്തമകനായി 1910 ഡിസംബര്‍ 28ന് ആണ് മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കല്‍ ജനിച്ചത്. തികഞ്ഞ ദൈവഭക്തിയുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്നുവന്ന അദ്ദേഹം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ വൈദികപഠനത്തിനായി 1928 ജൂലൈ 21ന് ആലപ്പുഴ തിരുഹൃദയ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് മഞ്ഞുമ്മല്‍ കാര്‍മ്മല്‍ വില്ല, മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1937 ജൂലൈ 18ന് കൊച്ചി രൂപതാ അരമന ചാപ്പലില്‍ വെച്ച് ഡോം അബിലിയോ അഗൂസ്‌തോവാസ് നേവിസ് മെത്രാനില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ആ വര്‍ഷം തന്നെ അദ്ദേഹത്തെ ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. ഫാ. ട്രിന്‍ഡാഡിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് 1940-ല്‍ ഓര്‍ഫനേജിലെ കുട്ടികളുടെ പൂര്‍ണചുമതലയുള്ള ഡയറക്ടറായി ഫാ. റൈനോള്‍ഡ്‌സ് നിയമിതനായി. ഇടക്കാലത്ത് കുറഞ്ഞ ഒരു ഇടവേളയില്‍ (1971) പി.ഒ.സി. ഡയറക്ടറായും, മൂന്നുമാസം ചെത്തി വികാരിയായും മാറി നിന്നതൊഴിച്ചാല്‍ ജീവിതാന്ത്യം വരെ അദ്ദേഹം ഓര്‍ഫനേജിന്റെ ഡയറക്ടറായിരുന്നു.

ലോക മഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന കാലഘട്ടത്തില്‍ കഷ്ടതകള്‍ മാത്രം കാത്തിരുന്ന ഈ സ്ഥാപനത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാന്‍ റൈനോള്‍ഡ്‌സച്ചനെ പ്രാപ്തനാക്കിയത് ദൈവഹിതം തന്നെയാണ്. അനാഥത്വം എന്താണെന്നറിയാതെ അദ്ദേഹം കുട്ടികളെ വളര്‍ത്തി. കുഞ്ഞുങ്ങള്‍ക്ക് നല്ലൊരു അപ്പനായും അമ്മയായും നല്ലൊരു പുരോഹിതനായും അദ്ദേഹം മാറി. ഓര്‍ഫനേജിന്റെ നിജസ്ഥിതി അറിയാവുന്ന ബിഷപ് മൈക്കിള്‍ ആറാട്ടുകുളം പിതാവിന്റെ നി
ര്‍ലോപമായ സഹായവും പ്രോത്സാഹനവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. തള്ളക്കോഴിയുടെ ചിറകിന്‍ കീഴില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കു ലഭിക്കുന്ന അതേ സുരക്ഷിതത്വം വല്യച്ചന്‍ കുഞ്ഞുമക്കള്‍ക്കു പ്രദാനം ചെയ്തു. ”ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ, അവരെ തടയേണ്ട” (ലൂക്കാ 18.16) എന്നു കല്പിച്ച ദിവ്യനാഥന്റെ മാനസിക വലുപ്പം വല്യച്ചന്റെ സെമിനാരി ജീവിതത്തിലും പൗരോഹിത്യജീവിതത്തിലും ദൃശ്യമായിരുന്നു.

നൂറിലേറെ കുട്ടികള്‍ അവര്‍ക്ക് ആഹാരം, വസ്ത്രം, സ്‌കൂള്‍ യൂണിഫോം എന്നിവ ഉറപ്പാക്കുക അത്ര എളുപ്പമായിരുന്നില്ല. കീറിയ വസ്ത്രങ്ങള്‍ അദ്ദേഹം കൈകൊണ്ട് തയ്ച്ചുകൊടുക്കുമായിരുന്നു. കുട്ടികള്‍ ഭക്ഷണം കഴിച്ചുതീര്‍ന്നാലേ അദ്ദേഹം ഭക്ഷണം കഴിക്കുമായിരുന്നുള്ളു. ആരോടും മിണ്ടാതെ വെള്ളം മാത്രം കുടിച്ച് ജീവിച്ച സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. എപ്പോഴും അദ്ദേഹത്തിന്റെ മുഖം നോക്കിയാല്‍ ഭക്ഷണം കഴിച്ചതുപോലെ തോന്നിക്കും മട്ടില്‍ വലിയ പ്രസരിപ്പും ഊര്‍ജവും നിലനിന്നിരുന്നു. സഹിഷ്ണുതയുടെ മനുഷ്യനായിരുന്നു അദ്ദേഹം. രോഗികളായ കുട്ടികളെ സംരക്ഷിക്കുക, കുട്ടികളെ കുളിപ്പിക്കുക, അവരോടുകൂടെ ഉല്ലസിക്കുക – എല്ലാം അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. ആരോടും പരാതിയില്ലാത്ത, ഒന്നിനോടും ആസക്തിയില്ലാത്ത എളിയ മനുഷ്യന്‍. അദ്ദേഹം വീരോചിതമായ മിതത്വം പാലിച്ചിരുന്നു. ഏവരേയും സഹായിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. മക്കള്‍ക്ക് ഭക്ഷണമില്ലാത്ത സാഹചര്യത്തിലും വലിയ വെല്ലുവിളി നേരിടുമ്പോഴും വല്യച്ചന്‍ വിശുദ്ധ സക്രാരി തുറന്നു വച്ച് ഹൃദയം നുറുങ്ങി കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നതിന് വല്യച്ചന്റെ മക്കളായ പലരും സാക്ഷികളായിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കായി തെണ്ടിക്കൊണ്ടുവരുന്നതില്‍ നിന്നു പോലും കുടുതല്‍ അവശരായവരുമായി പങ്കുവയ്ക്കാന്‍ അച്ചന്‍ കാണിച്ച കാരുണ്യവും സന്മനസ്സും ഹൃദയസ്പര്‍ശിയായിരുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി പാവപ്പെട്ട കുടുംബങ്ങളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ അദ്ദേഹം അക്ഷീണം യത്‌നിച്ചു. മക്കളേ, നിങ്ങള്‍ ആകാശത്തോളം വലുതാകണം എന്ന് ഓര്‍ഫനേജിലെ കുട്ടികളോട് അദ്ദേഹം നിരന്തരം പറയുമായിരുന്നു. വല്യച്ചന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികളില്‍ പലരും അദ്ദേഹത്തെ ആദര്‍ശപുരുഷനായി സ്വീകരിച്ച് വൈദികരായി. മറ്റുള്ളവര്‍ പ്രാര്‍ത്ഥിച്ച്, കഠിനാദ്ധ്വാനം ചെയ്ത് വിദ്യകരസ്ഥമാക്കി ഇന്ത്യയിലും വിദേശത്തുമൊക്കെ വിശിഷ്ടസ്ഥാനങ്ങള്‍ അലങ്കരിച്ചു. തങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരോഹരി എന്നും ഓര്‍ഫനേജിനായി മാറ്റിവയ്ക്കുന്നവരുണ്ട്.

വാക്കുകളിലും പ്രവൃത്തിയിലും വല്യച്ചന്‍ വിശ്വസ്തനായിരുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം കൊടുത്തിരുന്നു. കൂടാതെ അവരുടെ കുറവുകള്‍ കണ്ടെത്തി, കഴിയുന്നത്ര സഹായിക്കുമായിരുന്നു. പലര്‍ക്കും ഭവനങ്ങള്‍ പണിതുകൊടുത്തു. വൈദികരെ ഏറെ ബഹുമാനിച്ചിരുന്നു; തന്നെ സമീപിക്കുന്നവരുടെ വിശേഷങ്ങള്‍ ചോദിച്ചുമനസിലാക്കാന്‍ എപ്പോഴും താല്പര്യം കാട്ടി. സന്ന്യസ്തര്‍, മക്കള്‍ പിതാവിനെ സമീപിക്കുന്ന മനോഭാവത്തോടുകൂടിയാണ് അദ്ദേഹത്തെ കാണുകയും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നത്.

അഗാധമായ എളിമയാണ് നാം ഈ നല്ല പിതാവില്‍നിന്നു പഠിക്കേണ്ടത്. പരിശുദ്ധ കന്യമറിയം ദൈവത്തിന്റെ മാതാവ് എന്ന അത്യുന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍, ഇതാ കര്‍ത്താവിന്റെ ദാസി എന്നാണു പറഞ്ഞത്. റൈനോള്‍ഡച്ചന്‍ പരിശുദ്ധ പിതാവിനാല്‍ മോണ്‍സിഞ്ഞോര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍, ഇതാ മിശിഹായുടെ തെണ്ടി എന്നാണ് അദ്ദേഹം സ്വയംവിശേഷിപ്പിച്ചത്. ആശംസ അര്‍പ്പിച്ചവരോട് അദ്ദേഹം പറഞ്ഞു: ഞാന്‍ ഇതുവരെ സാധാരണ തെണ്ടിയായിരുന്നു; ഇപ്പോള്‍ കുറച്ചുകൂടി മുന്തിയ, ക്വാളിഫൈഡ് തെണ്ടിയാണ്. ചെമന്ന അരപ്പട്ട കൂടിയുണ്ട് എനിക്കിപ്പോള്‍. അതുകൊണ്ട് ഇനി നിങ്ങള്‍ എനിക്ക് ഉയര്‍ന്ന നിരക്കില്‍ ഭിക്ഷ തരണം. എന്റെ കുട്ടികള്‍ക്കുവേണ്ടി കൂടുതലായി സംഭാവനകള്‍ നല്കണം.

അഗാധമായ വിനയവും, സേവനത്തിനായുള്ള, അനാഥരെ സംരക്ഷിക്കാനുള്ള അടങ്ങാത്ത അന്തര്‍ദാഹവുമാണ് നാം ഇവിടെ ദര്‍ശിക്കുക. പരിശുദ്ധ കന്യാമറിയം മംഗലവാര്‍ത്തയില്‍ ദൈവവചനംകൊണ്ടു നിറഞ്ഞപ്പോള്‍ തിടുക്കത്തില്‍ മലനാടുകള്‍ പിന്നിട്ട് എലിസബത്തിനെ സന്ദര്‍ശിച്ച് ശുശ്രൂഷിക്കുവാന്‍ പോയതുപോലെയാണ്, ദൈവവചനത്തെ കരങ്ങളില്‍ വഹിക്കുന്ന ഈ പുരോഹിതനും.

മോണ്‍. റൈനോള്‍ഡ്‌സിന്റെ വ്യക്തിപരമായ ജീവിതത്തിലേക്ക് നോക്കുമ്പോള്‍, അദ്ദേഹം വിശുദ്ധഗ്രന്ഥത്തില്‍ അപാര പാണ്ഡിത്യമുള്ളവനും, പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും പ്രത്യേക ഭക്തനുമായിരുന്നുവെന്ന് നമുക്ക് വ്യക്തമാകും. ആത്മാവിന്റെ നിറവില്‍ പ്രാര്‍ത്ഥിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്ന പുണ്യപുരുഷനായിരുന്നു അദ്ദേഹം. നിരവധി സുകൃതങ്ങളുടെ വിളനിലം. സഭാധികാരികളോട് വിധേയത്വവും ബഹുമാനവും അനുസരണയും എപ്പോഴും പ്രകടിപ്പിച്ചിരുന്നു. എളിമയുടെ വീരപുരുഷനായിരുന്നു അദ്ദേഹം. ആത്മീയാചാര്യനും ദൈവദാസനുമായ മോണ്‍. റൈനോള്‍ഡ്‌സ് തന്റെ കര്‍മ്മഭൂമിയില്‍ സ്‌നേഹം കൊണ്ടും കരുണ

കൊണ്ടും, പ്രാര്‍ത്ഥന കൊണ്ടും വീരോചിതമായ ഒരു പടയോട്ടം ആലപ്പുഴ മണ്ണിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. താഴ്മയുള്ള, സൗമ്യനായ മനുഷ്യന്‍. ഗോതമ്പുമണി നിലത്തുവീണ് അലിഞ്ഞ് നല്ല ഫലം പുറപ്പെടുവിക്കുന്നതുപോലെ, മോണ്‍സിഞ്ഞോര്‍ തന്റെ വൈദിക ജീവിതം ദൈവജനത്തിനും ആലപ്പുഴ രൂപതയ്ക്കും മാത്രമല്ല, കേരളജനതയ്ക്കു മുഴുവനുമായി സമര്‍പ്പിച്ചു. ഇന്നും ആ പുണ്യാത്മാവ് നമ്മുടെയൊക്കെ മനസ്സുകളില്‍ പാവനമായ ഓര്‍മകള്‍ വിരിയിക്കുന്നു.

ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ സ്വര്‍ഗീയ യാത്രയുടെ 33-ാം വാര്‍ഷികം അനുസ്മരിക്കുന്ന ഈ അവസരത്തില്‍ അദ്ദേഹം വിശുദ്ധപദവിയില്‍ എത്തിച്ചേരാന്‍ നമുക്ക് ദൈവപിതാവിനോട് പ്രാര്‍ത്ഥിക്കാം.

(ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ നാമകരണ നടപടികള്‍ക്കായുള്ള പെറ്റീഷണറും, ആലപ്പുഴ സെന്റ് ആന്റണീസ് ഓര്‍ഫനേജ് പ്രസ്, ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കല്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ഡയറക്ടറുമാണ് ലേഖകന്‍)

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
alleppy diocesemsgr reynolds purakal

Related Articles

പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍

പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത

സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം – കെസിബിസി പ്രൊ-ലൈഫ് സമിതി

എറണാകുളം: സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്നുള്ള സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി പറഞ്ഞു. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ധാര്‍മിക അവബോധമുള്ള

സംവരണ അട്ടിമറി: പ്രക്ഷോഭത്തിന് സമയമായി

സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ ഇടതുമുന്നണി ഗവണ്‍മെന്റ് സത്വര നടപടി സ്വീകരിക്കുകയാണ്. ഇതിനായി കേരള സ്റ്റേറ്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*