ജീവിതത്തിന്റെ ആഴവും സിനിമയിലെ ജീവിതവും

നമ്മള് കാണുന്ന കലാസൃഷ്ടികള്‍ വെറും ഒരു കാഴ്ചയല്ല. ജീവിതത്തിന്റെ ആഴത്തിലുള്ള അനുഭവങ്ങളാണ്. കലാസൃഷ്ടികള്‍ പലപ്പോഴും പ്രവചനസ്വഭാവമുള്ളവയാകാറുണ്ട്. 1920ല്‍ ജര്‍മനിയില്‍ ഇറങ്ങിയ ദ് കാബിനറ്റ് ഓഫ് ഡോ. കലിഗാരി (caligari) അത്തരമൊരു പ്രവചനസ്വഭാവമുള്ള സിനിമയായിരുന്നു. ഭ്രാന്തനായ ഒരു ഏകാധിപതി തന്റെ പാവസൈന്യത്തെക്കൊണ്ട് കൊലപാതകങ്ങള്‍ ചെയ്യിക്കുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. ദുര്‍ബലരെ കൊന്നുകളയുക എന്നതായിരുന്നു അയാളുടെ നയം. യുദ്ധക്കൊതി മൂത്ത ജര്‍മന്‍ സര്‍ക്കാരിനെ തന്നെയാണ് ഡോ. കലിഗാരി പ്രതിനിധാനം ചെയ്തിരുന്നത്. പിന്നീട് ഹിറ്റ്ലറുടെ രൂപത്തില്‍ ഈ കഥാപാത്രം യഥാര്‍ഥ ജീവിതത്തില്‍ അവതരിക്കുകയും ചെയ്തു. ഇന്ന് ലോകമെമ്പാടും ഇന്ത്യയിലും ഇസ്ലാമോ ഫോബിയ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. നാളെ അത് ക്രിസ്ത്യന്‍ ആയിരിക്കാം. പ്രത്യേകിച്ച് ഇന്ത്യയിലെ സാഹചര്യങ്ങളില്‍.
നിലപാടുകള്‍ പ്രധാനമാണ്
ഒരു കലാസൃഷ്ടി സമൂഹത്തില്‍ നിന്നും ചിലത് സ്വീകരിക്കുകയും ചിലത് തിരികെ സമൂഹത്തിനു കൊടുക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ അത്തരം കൊടുക്കല്‍ വാങ്ങലുകളുണ്ടാകുന്നത് 1971ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തോടെയാണ്. യഥാര്‍ഥ സിനിമ എന്താണെന്നുള്ള തിരിച്ചറിവ് ആസ്വാദകനുണ്ടാകുന്നത് സ്വയംവരത്തിലൂടെയാണ്. അത്രയും കാലം എന്റര്ടെയ്നര് എന്ന പേരില്‍ ചില കോപ്രായങ്ങളാണ് മലയാളത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നത്. അക്കാലത്തെ സമൂഹത്തിലെ പല പ്രശ്നങ്ങളും സ്വയംവരവും കൊടിയേറ്റവും (1977) പ്രതിഫലിപ്പിക്കുന്നുണ്ട്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള മനോഹരമായ ചിത്രീകരണമാണ് എലിപ്പത്തായത്തിലേത്. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കുന്ന മനുഷ്യരെയാണ് അടൂര്‍ ഈ ചിത്രത്തിലൂടെ നോക്കിക്കാണുന്നത്. എതിര്‍ക്കേണ്ട സമയത്ത് എതിര്‍ക്കാതെ സ്വന്തം സുഖം നോക്കി മാത്രം ഇടപെടലുകള്‍ നടത്തുന്ന മനുഷ്യര്‍. നമ്മള് നമ്മളെത്തന്നെ കാണുന്ന സിനിമയാണിതെന്നു പറയാം. കമ്യൂണിസം ഏറ്റവും നല്ല ആശയങ്ങളിലൊന്നായിരുന്നു. പക്ഷേ നടപ്പാക്കിയപ്പോള്‍ സംഭവിച്ചത് അതല്ല. യാഥാര്‍ഥ്യത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്ന മനുഷ്യനെ കാണുന്ന സിനിമയാണ് മുഖാമുഖം (1984). ഈ സിനിമയെ ഇടതുപക്ഷക്കാര്‍ ശക്തമായി എതിര്‍ത്തു. മനുഷ്യാവസ്ഥയ്ക്കു വേണ്ടിയാണ് താന്‍ നിലനില്‍ക്കുന്നതെന്നായിരുന്നു അടൂരിന്റെ മറുപടി.
നമ്മുടെ നിലപാടുകളാണ് പ്രധാനം. അതു കലാസൃഷ്ടികളില്‍ പ്രതിഫലിക്കണം. ഫിക്ഷന്‍ കള്ളമാണല്ലോ. പക്ഷേ സത്യത്തെ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഈ കള്ളത്തിന് കഴിയും. സിനിമയാണെങ്കില്‍ അതുവഴി പ്രേക്ഷകന് ജീവിതത്തെ കുറച്ചുകൂടി നന്നായി, അടുത്ത്, ആഴത്തില്‍ കാണാന്‍ കഴിയും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നിങ്ങള്‍ നോക്കേണ്ടതില്ല. നിങ്ങള്‍ നോക്കേണ്ടത് നിങ്ങളുടെ ജീവിതത്തിലേക്കാണ്. നിന്നിടത്തുനിന്നും ഒരല്പം മുന്നോട്ടു ജീവിതത്തെ കൊണ്ടുപോകലാണ് കലാകാരന് ചെയ്യേണ്ടത്.
ഒരു പ്രശ്നമുണ്ടാകുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടാല്‍ നമ്മുടെ പ്രതികരണമവസാനിച്ചു. നമ്മുടെ ശരീരം അവിടെയില്ല. അദൃശ്യരായി നിന്ന് നമ്മള് കടമ നിര്‍വഹിക്കുകയാണ്.
നമ്മുടെ ഷിഫ്റ്റ് മാറി. നമ്മള് വിശ്വസിക്കുന്ന രാഷ്ട്രീയം മാറുന്നു, സഭ മാറുന്നു. എല്ലായിടത്തും പണാധിപത്യമാണ്. കലാകാരന്റെ ജോലി സത്യം ചൂണ്ടിക്കാണിക്കലാണ്. സിനിമ എന്നത് അനുഭവിക്കാന്‍ കഴിയുന്ന ഒന്നാകണം. അത് കലാപരമായി മികച്ചതാകണം. മുഖ്യധാരാ സിനിമകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവ എന്നും കള്ളം പറയുന്ന സിനിമകളാണ്. അസത്യമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. മനുഷ്യന് അവനോടു തന്നെ നുണപറയുന്നവനാണ്. നമ്മള് നമ്മളാണ് ശരിയെന്ന് എപ്പോഴും പറയും. എന്താണ് നീ എന്നു ക്ഷോഭിക്കാത്ത സിനിമ സിനിമയല്ല. കള്ളിനും കഞ്ചാവിനും പകരം വയ്ക്കാവുന്നതല്ല കലാരൂപങ്ങള്‍. എന്താണ് എനിക്കുവേണ്ടതെന്ന് നാം സ്വയം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് വേണ്ടിവരും. അല്ലാതെ നീ ഇതു സ്വീകരിക്കുക എന്നാരെങ്കിലും പറഞ്ഞാല്‍ കൈനീട്ടി സ്വീകരിക്കേണ്ട കാര്യമില്ല.
1982ല്‍ റിലീസ് ചെയ്ത അലന് ജെ. പക്വല തിരക്കഥയെഴുതി സംവിധാനം ചെയ്ത സോഫീസ് ചോയ്സ് പോലെ തെരഞ്ഞെടുപ്പ് എന്നത് ഏറെ വിഷമകരമാണ്. ജര്‍മന്‍ കോണ്‍സന്‍ട്രേഷന്‍ താവളത്തിലെത്തുന്ന സോഫിയ്ക്ക് രണ്ടു മക്കളുണ്ട്. അവളുടെ സൗന്ദര്യത്തില്‍ മയങ്ങിയ ജര്‍മന്‍ ഓഫീസര്‍ ഒരു കുട്ടിയെ അവള്‍ക്കു വിട്ടുനല്‍കാമെന്നു സമ്മതിക്കുന്നു. രണ്ടാമത്തെയാളെ അവര്‍ ഗ്യാസ്ചേംബറിലേക്ക് അയക്കും. സോഫിയ്ക്ക് ഒരു കൈക്കുഞ്ഞും അഞ്ചെട്ട് വയസു പ്രായമുള്ള ഒരു പെണ്‍കുട്ടിയുമാണുള്ളത്. അവള് ധര്‍മസങ്കടത്തിലാകുന്നു. പക്ഷേ ഒടുവില്‍ പെണ്‍കുട്ടിയെ അവള് ബലികൊടുക്കുന്നുണ്ട്.
ജീവിതത്തില്‍ നിന്നുള്ള പകര്പ്പെടുപ്പുകളാണ് കലാരൂപങ്ങളും സിനിമകളും. കെന്കെസിയുടെ വണ്‍ ഫഌ ഓവര്‍ ദ് കുക്കൂസ് നെസ്റ്റ് 1962ല്‍ മിലോസ് ഫോര്മാന് സിനിമാരൂപത്തിലാക്കി. ഒരു ഭ്രാന്താലയത്തെചുറ്റിപ്പറ്റിയുള്ള സിനിമയാണിത്. മാനസികരോഗം മാറാന്‍ കൂടിയ തോതില്‍ മയക്കുമരുന്ന് നല്‍കണമെന്ന ചിന്തയുള്ള ഒരു കാലഘട്ടത്തിലെ സിനിമ.
മിലോസ് ഫോര്മാന് ചെക്കസ്ലോവാക്യക്കാരനാണ്. റഷ്യന്‍ അധിനിവേശത്തിന്റെ കയ്പുള്ള സ്മരണകളാണ് അദ്ദേഹത്തിനുള്ളത്. ആ ഭ്രാന്താലയവും അതിലെ കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്നിറങ്ങി വന്നവരാണ്. അവരെ കാണേണ്ടത് അധിനിവേശ ജനതയുടെ ജീവിതസാഹചര്യത്തില്‍ കൂടിയാകണം. അപ്പോള്‍ ജീവിതത്തിന്റെ കൂടുതല്‍ സത്യത്തിലേക്ക് നമ്മള് അടുക്കും.
വര്‍ഷങ്ങള്‍ക്കു ശേഷം താളവട്ടം എന്ന പേരില്‍ ഈ സിനിമ മലയാളത്തിലേക്ക് മോഷ്ടിക്കപ്പെട്ടു. അമേരിക്കന്‍ സിനിമയുടെ 100 വര്‍ഷത്തെ ചരിത്രത്തിലെ മികച്ച സിനിമകളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ട, 5 അക്കാദമി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ വണ്‍ ഫഌ ഓവര്‍ ദ് കുക്കൂസ് നെസ്റ്റിന്റെ ആശയത്തിന് കടകവിരുദ്ധമായി ചിത്രീകരിച്ച മോശം സിനിമയായിരുന്നു അത്. ആ സംവിധായകന്റെ രാഷ്ട്രീയനിലപാടുകളും ഇപ്പോള്‍ വ്യക്തമാണ്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോം
അല്‍ഫോന്‍സോ കുറോണിന്റെ റോമ എന്ന സിനിമയ്ക്ക് ഓസ്കര് പുരസ്കാരം നല്‍കിയതിനെ വിഖ്യാത ഹോളിവുഡ് സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ശക്തമായി വിമര്‍ശിച്ചിരുന്നു. ടെലിവിഷനുവേണ്ടി ചെയ്ത ഒരു ചിത്രമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. നെറ്റ്ഫഌക്സ് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമും സിനിമയും രണ്ടാണെന്നാണ് സ്പില്‍ബര്‍ഗ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.
തിയറ്ററുകളിലിരുന്ന് കൂട്ടമായി സിനിമ കാണുന്ന പതിവില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് ഉപയോഗിച്ചുള്ള കാഴ്ച. തിയറ്ററുകളില്‍ ഒരു സമൂഹം മുഴുവന്‍ ആ കാഴ്ചകളില്‍ ഭാഗഭാക്കാകുന്നുണ്ട്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ ഇതില്ല. സാമൂഹ്യബോധം എടുത്തുകളയുന്ന സ്ഥിതിവിശേഷമാണിത്. എന്നാല്‍ കാഴ്ചക്കാരനെന്ന നിലയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കിത്തരുന്ന സൗകര്യങ്ങള്‍ വിസ്മരിക്കാനും കഴിയില്ല. പല ലോകോത്തര സിനിമകളും നമുക്കിപ്പോള്‍ വീണ്ടും കാണാന്‍ കഴിയുന്നത് ഇത്തരമൊരു സംവിധാനമുള്ളതുകൊണ്ടാണല്ലോ.
ആദിമകാലം മുതല്‍ മനുഷ്യന് ഒരു സാമൂഹ്യജീവിയാണ്. ഇപ്പോള്‍ മനുഷ്യരെല്ലാം ഒരു തുരുത്തായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ പരിണാമത്തിന്റെ ഭാഗം കൂടിയാണിത്.
സാങ്കേതിമാറ്റങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ മനുഷ്യരുടെ ഒപ്പം നില്ക്കുന്നവനായിരിക്കണം കലാകാരന്.
പഥേര്‍പാഞ്ചാലിയും ലൂസിഫറും
ലോകസിനിമയില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒരു സിനിമയേ ഇപ്പോഴുമുള്ളു. അത് സത്യജിത്ത് റേയുടെ പഥേര്പാഞ്ചാലിയാണ്. ഭാര്യയുടെ കെട്ടുതാലി വിറ്റാണ് സത്യജിത്ത് റേ പഥേര്‍പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിച്ചത്. ജീവിതത്തെക്കുറിച്ചുള്ള അവബോധമാണ് ഈ സിനിമ തരുന്നത്. സിനിമയെ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്ന, അതിനെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമയാണ് പഥേര്‍പാഞ്ചാലി. കാഴ്ചകള്‍ക്കപ്പുറത്തെ അവബോധം നല്‍കിയാണ് സിനിമ അവസാനിക്കുന്നത്. കോടികള്‍ മുടക്കി കോടികള്‍ കൊയ്തുവെന്ന് അവകാശപ്പെടുന്ന ലൂസിഫര്‍ പോലുള്ള സിനിമകള്‍ മനുഷ്യനെ ജീവിതത്തിലേക്ക് അടുപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
ജീവിതത്തേക്കാള്‍ തീവ്രമാണ് ലത്തീന്ക്രിസ്ത്യാനികളുടെ മരണം. ചാവുനിലത്തിലും ഈമയൗവിലും ഞാന്‍ മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ചത് ഈ തീവ്രതയായിരുന്നു. ഈമയൗ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റുമോ എന്നു ചോദിച്ചവരുണ്ട്. കലാകാരന്റെ വെല്ലുവിളി അവിടെയാണ്. ഈമയൗ ചെല്ലാനത്തെ ലത്തീന്‍ ക്രിസ്ത്യാനികളുടെ കഥ തന്നെയാണ്. എന്നാല്‍ കലാകാരന് ലത്തീനാണോ സുറിയാനിയാണോ മുസ്ലീമാണോ ഹിന്ദുവാണോ എന്നതൊന്നും പ്രസക്തമല്ല. അത്തരം ചേരിതിരിവ് പാടില്ല. കഴിവുമാത്രമാണ് അവിടെ പ്രധാനം.
സാധാരണക്കാരന്റെ ആസ്വാദനശേഷി വര്‍ധിപ്പിക്കാനുതകുന്ന സിനിമകള്‍ ഉണ്ടായാല്‍ മാത്രം പോരാ. അത് ഈ തലമുറയെയും അടുത്ത തലമുറയെയും കാണിക്കാനുള്ള സൗകര്യങ്ങളും സന്മനസും ഉണ്ടാകണം. നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാനായി കേരളത്തില്‍ 80കളിലുണ്ടായ ഫിലിം സൊസൈറ്റി മൂവ്മെന്റ് ശക്തമായിരുന്നു. മലയാളിയുടെ ആസ്വാദനശേഷി നിര്‍ണയിച്ചതില്‍ വലിയൊരു പങ്ക് ഈ പ്രസ്ഥാനത്തിനുണ്ട്. മികച്ച സിനിമകള്‍ ഞങ്ങള്‍ കാണും എന്ന തീരുമാനമെടുക്കലാണ് ഇനിയുള്ള പോംവഴി.
(കോട്ടപ്പുറം രൂപത മീഡിയാ കമ്മീഷന് സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
Related
Related Articles
ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍
അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ തനിക്കാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സര്‍വസൈന്യാധിപനും
നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍