ജീവിതവിജയത്തിന്റെ പാത തെളിക്കുമ്പോള്‍

കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന ഒരു അധ്യാപകസുഹൃത്ത് എനിക്കുണ്ട്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറയുകയുണ്ടായി: നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അവ കേള്‍ക്കാന്‍ യുവാക്കള്‍ക്ക് വലിയ താല്പര്യമില്ല, പലപ്പോഴും വിരസതയോടെയാണ് അവര്‍ അത് കേട്ടിരിക്കുന്നതുതന്നെ!
എങ്ങനെ കുറെ പണമുണ്ടാക്കാനാവും എന്നാണവരുടെ പ്രധാന ചിന്ത.
ഒരുപക്ഷേ, മുതിര്‍ന്നവര്‍ പണത്തിന്റെ പിന്നാലെ പരക്കംപായുന്നതു കാണുന്നതു കൊണ്ടായിരിക്കുകയില്ലേ ഇവരും പണമുണ്ടാക്കാനുള്ള വഴികളെക്കുറിച്ച് ആദ്യംതന്നെ ചിന്തിച്ചുതുടങ്ങുന്നത്?
ആദ്യമായി അറിയേണ്ടത് എങ്ങിനേയും പണമുണ്ടാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല എന്നാണ്. അതിന് അതിന്റേതായ രൂപരേഖ ഉണ്ട്. എല്ലാവരും ധനവാന്മാരാകണമെന്നാണ് സ്രഷ്ടാവിന്റെ ആഗ്രഹം. പ്രകൃതി അതിനായി നമ്മെ പ്രാപ്താരാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ നാം ആ വഴിയിലൂടെ മുന്നോട്ടുപോകാന്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം.
ഏതായാലും നാം ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചും അവ നേടിയെടുക്കാനായി തെളിക്കുന്ന പാതകളെക്കുറിച്ചും നമുക്കു വ്യക്തമായ ധാര്‍മിക കാഴ്ചപ്പാടുണ്ടായേ മതിയാകൂ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ അയര്‍ലന്‍ഡ് എന്ന കൊച്ചുരാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ ദയനീയമായിരുന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയും മൂലം ഐറിഷുകാര്‍ ഏറെ വലഞ്ഞു. അക്കാലത്തെ ഭക്ഷ്യക്ഷാമമാണ് അനേകായിരം ഐറിഷുകാരെ അമേരിക്കയിലേക്കു കുടിയേറാന്‍ പ്രേരിപ്പിച്ചത്.
ഈ ഭക്ഷ്യക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഒരു നാടകമാണ് ‘ദ ബ്ലാക്ക് സ്ട്രെയിന്‍ജര്‍’. ജെറാള്‍ഡ് ഹീലി എഴുതിയ ഈ നാടകത്തിലെ ഒരു കഥാപാത്രമാണു മൈക്കിള്‍ എന്ന ചെറുപ്പക്കാരന്.
മൈക്കിള്‍ ഒരു ദിവസം പുറത്തേക്കു പോയപ്പോള്‍ കണ്ടതെന്തെന്നോ? ഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ ഒട്ടേറെപ്പേര്‍ ഒരു വഴി വെട്ടുകയാണ്. മറ്റു തൊഴിലൊന്നും കൊടുക്കാനില്ലാതിരുന്നതിന്റെ പേരില്‍മാത്രം ആരംഭിച്ച ഒരു പണിയായിരുന്നു ഈ വഴിവെട്ടല്.
ഈ വഴിയുടെ പ്രത്യേകത അതിനൊരു ലക്ഷ്യമില്ല എന്നുള്ളതായിരുന്നു. ആരെയും പ്രത്യേകിച്ചൊരിടത്തും എത്തിക്കാന്‍ ഉദ്ദേശ്യമില്ലാതെ ആരംഭിച്ച ഈ വഴിയുടെ നിര്‍മാണം കണ്ട് വീട്ടില്‍ മടങ്ങിയെത്തിയ മൈക്കിള്‍ പിതാവിനോടു പറയുകയാണ്: ആരെയും ഒരിടത്തും എത്തിക്കാത്ത റോഡുകളാണ് അവര്‍ വെട്ടുന്നത്.
നമ്മുടെ നാട്ടിലെങ്ങും ആരെയും ഒരിടത്തും എത്തിക്കാത്ത വഴികളൊന്നും ആരും തീര്‍ച്ചയായും വെട്ടാനിടയില്ല. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ അങ്ങനെയാണോ? നാം പലപ്പോഴും ജീവിതത്തില്‍ വെട്ടുന്ന പാതകള്‍ നമ്മെ എവിടെയെങ്കിലും എത്തിക്കാറുണ്ടോ?
നമ്മുടെ ജീവിതത്തില്‍ നാം തെളിച്ച പാതകള്‍ നമ്മെ എവിടെയെത്തിച്ചു എന്ന് അന്വേഷിക്കുന്നതു നന്നായിരിക്കും. അതുപോലെ ഇനി നാം തെളിക്കുന്ന പാതകള്‍ നമ്മെ എങ്ങോട്ടു നയിക്കും എന്നതിനെക്കുറിച്ചും നമുക്കു നല്ല ബോധ്യമുണ്ടായിരിക്കേണ്ടതാണ്.
ഓരോരോ ലക്ഷ്യം വച്ചുകൊണ്ട് നാം പലപ്പോഴും പല പാതകള്‍ നമ്മുടെ ജീവിതത്തില്‍ തെളിക്കാറുണ്ട്. എന്നാല്‍, അവയെല്ലാം നമ്മെ ലക്ഷ്യത്തിലെത്തിക്കാറുണ്ടോ? ലക്ഷ്യമുള്ളവയാണോ നാം തെളിക്കുന്ന പല പാതകളും? ഇനി നമ്മുടെ പാതകള്‍ക്കു ലക്ഷ്യങ്ങളുണ്ടെങ്കില്ത്തന്നെ അവശരിയായ ലക്ഷ്യങ്ങളാണോ? നമ്മള് സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിവ.
ലക്ഷ്യബോധമുള്ളവരാകാം നമ്മില്‍ ഭൂരിപക്ഷംപേരും. എന്നാല്‍, നാം തിരഞ്ഞെടുക്കുന്ന പല ലക്ഷ്യങ്ങളും ജീവിതത്തില്‍ സ്ഥായിയായ നന്മ ഉറപ്പുവരുത്തുന്നവയാണോ എന്നു സംശയിക്കണം. ജീവിതവ്യഗ്രതകള്‍ക്കിടയില്‍ നാം തിരഞ്ഞെടുക്കുന്ന പല ലക്ഷ്യങ്ങളും, ആ ലക്ഷ്യങ്ങളുടെ പ്രാപ്തിക്കായി തിരഞ്ഞെടുക്കുന്ന പല പാതകളും, പലപ്പോഴും നമ്മെ അപകടത്തില്‍ ചാടിക്കാറില്ലേ?
നമ്മുടെ ജീവിതസന്ധാരണത്തിനു പണം കൂടിയേ തീരൂ. എന്നാല്‍, പണസമ്പാദനമാണു ജീവിതലക്ഷ്യമായി തിരഞ്ഞെടുക്കുന്നതെങ്കില്‍ നമ്മുടെ പോക്ക് അപകടത്തിലേക്കാണെന്നതില് സംശയമില്ല. അതുപോലെ, ഏതുവിധേനയും പണം സമ്പാദിക്കാനുള്ള പാതകളാണു നാം തെളിക്കുന്നതെങ്കില്‍ നമ്മുടെ ജീവിതം അപ്പാടെ താറുമാറാകില്ലേ?
ഈ ഭൂമിയില്‍ ഇന്നുള്ളവര്‍ക്കെല്ലാം ആവശ്യത്തിനുള്ളത് ഈ പ്രകൃതിയില്തന്നെയുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്കും രണ്ട് ഏക്കര്‍ ഭൂമി വീതം നല്കാന് മാത്രമുള്ള ഭൂപ്രദേശം വടക്കേ അമേരിക്കയിലുണ്ട്. അതുപോലെ ലോകത്താകമാനമുള്ള സമ്പത്ത് ഓരോരുത്തര്‍ക്കായി വീതിച്ചു നല്കിയാല് ഒരാള്‍ക്ക് 70 ലക്ഷം ഡോളര്‍ ലഭ്യമാകും. ലോകത്താകമാനമുള്ള വൃക്ഷങ്ങളുടെ കണക്കെടുത്താല്‍ അവയുടെ തടികൊണ്ട് ഓരോരുത്തര്‍ക്കും 3,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭവനം നിര്‍മ്മിക്കാം.
ജീവിതത്തില്‍ തീര്‍ച്ചയായും നമുക്കു ലക്ഷ്യങ്ങളുണ്ടാകണം. എന്നാല്‍, അതുകൊണ്ടു മാത്രമായില്ല, നാം ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങള്‍ നമ്മുടെ മൊത്തം നന്മയും സൗഭാഗ്യവും ഉറപ്പുവരുത്തുന്നവയുമായിരിക്കണം. അല്ലാതെ പോയാല്‍, ജീവിതത്തിന്റെ അടിത്തറ മാന്തുകയായിരിക്കും നാം ചെയ്യുക. സമ്പത്ത് എന്നു പറയുമ്പോള്‍ മിക്കവരും എത്ര ധനം എന്നു മാത്രമേ ചിന്തിക്കുന്നുള്ളൂ. സമ്പത്തിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഏറെ സമ്പത്തുണ്ടായിട്ടും ധാര്‍മികമായും മാനസികമായും ദുര്‍ബലരായ ഒട്ടേറെ വ്യക്തികളെ നാം ചുറ്റും കാണാറുണ്ട്. ധനത്തോടൊപ്പം സമ്പത്തിന്റെ എല്ലാ മേഖലകളിലും തുല്യമായ നേട്ടം കൈവരിക്കാന്‍ കഴിയണം.
അതുപോലെ ഏറെ പ്രധാനപ്പെട്ടതാണു ലക്ഷ്യപ്രാപ്തിക്കായി നാം സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍. ഉറച്ച ധര്മബോധത്തോടുകൂടിയാണ് നമ്മുടെ പാതകള്‍ വെട്ടിത്തെളിക്കുന്നതെങ്കില് നമുക്കൊന്നും ഭയപ്പെടാനില്ല. എന്നാല്‍, ധാര്മികചിന്തകളൊക്കെ മാറ്റിവച്ച് ലക്ഷ്യപ്രാപ്തിക്കായി ഏതു വഴിയും സ്വീകരിക്കുന്ന രീതിയാണ് നമ്മുടേതെങ്കില്‍ നമ്മുടെ ജീവിതത്തില്‍ സംതൃപ്തിയും സമാധാനവുമുണ്ടാകില്ലെന്നു തീര്‍ച്ചയാണ്.
ഇതുവരെ ലക്ഷ്യംവച്ച കാര്യങ്ങളും അവ നേടിയെടുക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും തെറ്റായിരുന്നുവെങ്കില്‍ അവയെപ്രതി നമുക്കു സ്വയം മാപ്പുചോദിക്കാം. ലക്ഷ്യത്തിലേക്കുള്ള പാത എത്രയും വേഗം തിരഞ്ഞെടുക്കുക. ജീവിതം വിജയമാക്കി മാറ്റുക.
പ്രയാസങ്ങളെ നേരിടാന്‍ രണ്ടു മാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ നിങ്ങള്‍ പ്രയാസങ്ങളെ മാറ്റുക; അല്ലെങ്കില്‍ അവയെ നേരിടാന്‍ നിങ്ങള്‍ സ്വയം മാറുക. – ഫിലീസ് ബോട്ടമി
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മാഹി പള്ളിയില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു
കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ മെയ് ഒന്നിന് ഇടവക ദിനമായി ആചരിച്ചു. രാവിലെ 10.45ന് അര്‍പ്പിച്ച ദിവ്യബലിക്ക് വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ
ഫാ. ഡെന്നിസ് പനിപിച്ചൈ മ്യാവൂ രൂപത സഹായമെത്രാൻ
ഫാ ഡെന്നിസ് പനിപിച്ചൈയ മ്യാവൂ രൂപതയുടെ സഹായമെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചു. നിയമന ഉത്തരവ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനാർഥിപതി പ്രസിദ്ധപ്പെടുത്തി. ഫാ ഡെന്നിസ് പനിപിച്ചൈ തമിഴ്നാട് കൊളച്ചൽ
വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ ഇടവകാംഗവും തുടര്‍ന്ന് 2000 ജനുവരി