ജീവിതാന്ത്യത്തിലേക്ക് കരുണാര്‍ദ്രമായ അനുധാവനം

സ്വച്ഛന്ദമൃത്യു തന്നിഷ്ടപ്രകാരം മരിക്കുന്നവനാണ്. മരണത്തെ സ്വന്തം വരുതിക്ക് നിര്‍ത്താനാവുക – അമാനുഷ സിദ്ധിയാണത്. മരണം എന്ന പ്രകൃതിനിയമത്തിനുമേല് മനുഷ്യന്റെ ഇച്ഛാശക്തിയും സ്വയംനിര്‍ണയാവകാശവും ചാര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ പക്ഷെ ജീവന്റെ ഉടയോനെക്കുറിച്ച് ചിന്തിക്കുന്നില്ല. സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന്റെ ദാനമാണ് ജീവന്, പ്രാണന്റെ പവിത്രവും അലംഘനീയവുമായ വരദാനമാണത് എന്ന തിരിച്ചറിവുള്ളവര്‍ക്ക് ഇച്ഛാമൃത്യു, ദയാവധം, പരസഹായ ആത്മഹത്യ, ഗര്‍ഭഛിദ്രം തുടങ്ങിയ പദങ്ങള്‍ വേവലാതി ഉണര്‍ത്തുന്നത് സ്വാഭാവികം.
മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ മൗലികമാണ് അന്തസ്സോടെ മരിക്കാനുമുള്ള അവകാശം എന്നു നിരീക്ഷിച്ചുകൊണ്ട് ഇന്ത്യയിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് കര്‍ശന ഉപാധികളോടെ ‘നിഷ്ക്രിയ’ ദയാവധത്തിന് അനുമതി നല്കിയിരിക്കുന്നു. മരുന്നു കുത്തിവച്ചോ മറ്റ് മെഡിക്കല്‍ ഇടപെടലുകളിലൂടെയോ മരണം ത്വരിതപ്പെടുത്തുന്ന പ്രത്യക്ഷ കാരുണ്യവധം അനുവദിക്കുന്നില്ല. തീരെ പ്രതീക്ഷയറ്റ നിലയില്‍, ജീവച്ഛവമായി കഴിയുന്ന രോഗിയെ ചികിത്സ അവസാനിപ്പിച്ച് പ്രാണരക്ഷാ ഉപകരണങ്ങള്‍ വേര്‍പെടുത്തി വേദനയുടെ ലോകത്തുനിന്ന് മോചിപ്പിക്കുന്ന പരോക്ഷ ദയാവധത്തിനാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം നല്‍കുന്നത്. തന്നെ ഏതു ഘട്ടത്തില്‍ മരണത്തിനു വിട്ടുകൊടുക്കണമെന്നു വ്യക്തമാക്കി രോഗി സുബോധത്തോടെ തയാറാക്കുന്ന മുന്‍കൂര്‍ വില്‍പ്പത്രം (ലിവിങ് വില്‍), ഹൈക്കോടതിയുടെയും മജിസ്ട്രേറ്റ് കോടതിയുടെയും നിജസ്ഥിതി പരിശോധനയും അനുമതിയും, വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍, ഉറ്റബന്ധുക്കളുടെ തീരുമാനം തുടങ്ങി വൈദ്യശാസ്ത്ര ചികിത്സാ സംബന്ധവുമായ എല്ലാ പരിരക്ഷയും ഉറപ്പാക്കുന്ന വിശദമായ മാര്‍ഗരേഖ വിധിന്യായത്തിലുണ്ട്. ഇതു സംബന്ധിച്ച നിയമനിര്‍മാണം നടത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനോട് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.
എന്നാല്‍ ഭരണഘടനാദത്തമായ അവകാശങ്ങളുടെ വ്യാഖ്യാനത്തിനും നിയമ സാധുതയ്ക്കും അപ്പുറത്ത്, മനുഷ്യജീവന്റെ മഹത്വവും, ജനനം, മരണം, വേദന, സഹനം എന്നിവയുടെ പൊരുളുമായി ബന്ധപ്പെട്ട ആധ്യാത്മിക വിചിന്തനങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും നീതിശാസ്ത്രത്തിന്റെയും ധാര്‍മികതയുടെയും ഗഹനവും സങ്കീര്‍ണവുമായ പ്രശ്നങ്ങള്‍ ഇതിലുണ്ട്. അമ്മയുടെ ഉദരത്തില്‍ ഉരുവംകൊള്ളുന്നതു മുതല്‍ അന്ത്യശ്വാസം വരെ മനുഷ്യജീവന് അമൂല്യവും പവിത്രവുമാണ്; ജീവനൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ദയാവധവും പരസഹായ ആത്മഹത്യയും തെറ്റാണ്, ദൈവത്തിനെതിരായ പാപമാണ് എന്നാണ് കത്തോലിക്കാ സഭയുടെ നിലപാട്. ദയാവധത്തില്‍ ദയയോ കാരുണ്യമോ ഇല്ല, അത് കൊടിയ സ്വാര്‍ത്ഥതയുടെ വിജയോന്മാദമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറയുന്നു. ‘വേണ്ടാത്തതെല്ലാം വലിച്ചെറിയുന്ന സംസ്കാരത്തിന്റെ ഭാഗമാണത്. രോഗാതുരരെയും മരണാസന്നരെയും, ആരോഗ്യം, സൗന്ദര്യം, പ്രയോജനം, ഉല്പാദനക്ഷമത തുടങ്ങിയവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങള്‍ക്ക് ചേരാത്തവരെയും ഉപേക്ഷിക്കാനുള്ള പ്രവണതയുടെ ഫലം. ജീവന്റെ പവിത്രതയെ ആദരിക്കുന്ന, യഥാര്‍ത്ഥ കാരുണ്യമുള്ളവര്‍ ആരെയും തള്ളിക്കളയുകയോ അപമാനിക്കുകയോ ഒഴിവാക്കുകയോ ചെയ്യുകയില്ല. ജീവിതാന്ത്യ ശുശ്രൂഷ കാരുണ്യപൂര്‍വമായ അനുധാവനമാകണം,’ പാപ്പാ ഓര്‍മിപ്പിക്കുന്നു.
അതേസമയം, മര്‍ത്യതയുടെ പരിമിതികള്‍ മറന്നുകൊണ്ട്, കൃത്രിമമായി ആയുസു നീട്ടിക്കൊണ്ടുപോകാന്‍ ‘അനുചിതമായ തോതില്‍, അത്യാസക്തിയോടെ’ ലഭ്യമായ എല്ലാ ചികിത്സാവിധികളും തുടരേണ്ടതില്ല എന്ന് കഴിഞ്ഞ നവംബറില്‍ യൂറോപ്പിലെ വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന് പ്രതിനിധികളെ റോമിലെ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് വേദിയില്‍ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കിയിരുന്നു. അറുപതു വര്‍ഷം മുന്‍പ് വത്തിക്കാനില്‍, അനസ്തീസിയോളജിസ്റ്റുകളും ഇന്റന്‍സീവ് കെയര്‍ വിദഗ്ധരും ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തോട് പീയൂസ് പന്ത്രണ്ടാമന് പാപ്പായും പറയുകയുണ്ടായി, ആയുസ് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ പ്രതിവിധികളും പരീക്ഷിച്ചുനോക്കാനുള്ള ബാധ്യത ആര്‍ക്കുമില്ലെന്ന്.
എന്തായാലും, കൃത്രിമ പോഷണവും പാനീയവും ഉള്‍പ്പെടെ ജീവിതാന്ത്യ മെഡിക്കല്‍ പരിചരണം നിരസിക്കാനുള്ള ‘ലിവിങ് വില്‍’ (മരണാസന്ന ചികിത്സാവിധി സംബന്ധിച്ച മുന്‍കൂര്‍ സത്യവാങ്മൂലം) തയാറാക്കുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടുള്ള നിയമം കഴിഞ്ഞ ഡിസംബറില്‍ ഇറ്റാലിയന്‍ പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ ആ ബില്ലിനെ പിന്താങ്ങിയവര്‍ ഫ്രാന്‍സിസ് പാപ്പായുടെ ഈ അനുബന്ധ വചനങ്ങള്‍ ഉദ്ധരിച്ചു. ദയാവധം എന്ന പദം ഉപയോഗിക്കാതെ തന്നെ, ജീവിതാന്ത്യശുശ്രൂഷ തിരസ്കരിച്ച് മരണം വരിക്കാനുള്ള അവകാശത്തിനുവേണ്ടി 30 വര്‍ഷം മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്ന ഈ ബില്ലിനെതിരെ കത്തോലിക്കാ പക്ഷക്കാരായ ജനപ്രതിനിധികള്‍ 3,000 ഭേദഗതികളാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ആ ഭേദഗതികളൊന്നുമില്ലാതെയാണ് പാര്‍ലമെന്റ് 71ന് എതിരെ 180 വോട്ടിന്റെ ഭൂരിപക്ഷത്തോടെ, ഇറ്റലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയതിന്റെ 40-ാം വാര്‍ഷികത്തില്‍ ഈ ജീവിതാന്ത്യപ്രശ്നത്തിന് തീര്‍പ്പുണ്ടാക്കിയത്.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിഷ്ക്രിയ ദയാവധം ഏതു രൂപം കൈവരിക്കുമെന്ന് കണ്ടറിയണം. എന്തെല്ലാം ഉപാധികളുണ്ടെങ്കിലും അവയൊക്കെ മറികടന്ന് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും നിരാലംബരുമായ വയോധികരെയും, നിസ്സഹായരായ രോഗാതുരരെയും നിഷ്കരുണം ഇല്ലായ്മ ചെയ്യാന്‍ വേണ്ടത്ര പഴുതുകള്‍ കണ്ടെത്താന്‍ ആളുണ്ടാകും എന്ന ആശങ്കയാണ് പലരെയും അലട്ടുന്നത്. നിയമത്തിന്റെ പിന്‍ബലത്തോടെ ഒരിക്കല്‍ കൊല്ലുന്നവന് പിന്നെ ‘വഴുപ്പുള്ള ഇറക്കത്തിലെന്നപോലെ’ നിര്‍ബാധം കൊന്നുകൊണ്ടേയിരിക്കും.
രോഗപീഡകൊണ്ടു നരകിക്കുന്നവരെ അനായാസ മരണത്തിലേക്കു നയിക്കാന്‍ വെമ്പല്കൊള്ളുന്നവര്, ഇക്കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചവിജ്ഞാനിയുമായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം പഠിക്കണം. നാഡീകോശങ്ങളെ തളര്‍ത്തുന്ന മാരകമായ അമയോട്രോപിക് ലാറ്ററല്‍ സ്ക്ലീറോസിസ് (മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്) രോഗം ബാധിച്ച് ശരീരം പൂര്‍ണമായും തളര്‍ന്ന് 54 വര്‍ഷത്തോളം വീല്‍ചെയറില്‍ കഴിഞ്ഞ ആധുനിക ശാസ്ത്രത്തിന്റെ ആ മഹാപ്രതിഭ പ്രത്യാശയുടെ പ്രപഞ്ചരഹസ്യം തന്നെയാണ് തന്റെ സമ്മോഹന ജീവിതാസക്തിയിലൂടെ വെളിപ്പെടുത്തിയത്.
കാരുണ്യത്തിന്റെ പേരില്‍ ജീവനെടുക്കാന്‍ മുതിരുന്നവര്‍ ജീവിതത്തില്‍ വേദനയ്ക്കും സഹനത്തിനുമുള്ള പങ്കിനെക്കുറിച്ച് ഒന്നു ധ്യാനിക്കണം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ വാക്കുകള്‍ അതിനു പ്രേരിതമാകട്ടെ: ‘സഹനമാണ് മറ്റെന്തിനെക്കാളുമുപരിയായി മനുഷ്യാത്മാക്കളുടെ പരിവര്‍ത്തനത്തിന് ഇടയാക്കുന്ന കൃപയിലേക്കു നയിക്കുന്നത്.’
Related
Related Articles
ലോകം ഗാന്ധിജിയിലേക്കു മടങ്ങുമ്പോള്‍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ ഒക്ടോബര്‍ രണ്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോകം അഹിംസാദിനമായി ആചരിക്കുകയാണ്. അമേരിക്കയിലെ ടെക്സസില്‍ ഹൂസ്റ്റണ്‍ എന്‍ആര്‍ജി ഫുട്ബോള്‍ സ്റ്റേഡിയത്തിലെ
കടലോരത്തെ കാലാവസ്ഥാ അഭയാര്‍ഥികളെ മറക്കരുത്
പ്രളയദുരന്തത്തെ നവകേരളസൃഷ്ടിക്കുള്ള അവസരമാക്കി മാറ്റുകയെന്നത് ശുഭചിന്തയാണ്, ദുര്‍ദ്ദശയില്‍ നിന്ന് പ്രത്യാശയിലേക്കുള്ള പരിവര്‍ത്തനം. കേരളത്തിലെ ജനങ്ങളില്‍ ആറിലൊന്നുപേരെ – 981 വില്ലേജുകളിലായി 55 ലക്ഷം ആളുകളെ – നേരിട്ടു
ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്
കൊവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അസാമാന്യ ജാഗ്രതയോടെ ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട പൗരാവകാശമായ സമ്മതിദാനത്തിന്റെ മഹിമ എത്രത്തോളം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ