Breaking News

ജൂള്‍സ് ക്രോളിന്റെ കുറ്റാന്വേഷണ സിദ്ധാന്തം

ജൂള്‍സ് ക്രോളിന്റെ കുറ്റാന്വേഷണ സിദ്ധാന്തം

 

ലോകത്തിലെ ഏറ്റവും പ്രശസ്തനായ സ്വകാര്യകുറ്റാന്വേഷകനാണ് ജൂള്‍സ് ക്രോള്‍ (Jules Kroll). 70കളില്‍ അമേരിക്കയില്‍ നോട്ടമിട്ട ക്രോളിന്റെ അദൃശ്യനയനങ്ങള്‍ പരിഹാരം കണ്ടെത്താത്ത കേസുകള്‍ വളരെ കുറവ്.ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ മടുത്ത് പിന്‍മാറിയ പല കേസുകളും അദ്ദേഹം അന്വേഷിച്ച് ‘സത്യം’ കണ്ടെത്തി കോടതികള്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. ക്രോള്‍ അന്വേഷിച്ച കേസുകളിലെ പല പ്രതികളും ഇപ്പോഴും ഇരുമ്പഴിക്കുള്ളിലാണ്. കൊവിഡ്-19 കാലത്ത് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ തേടിയെത്തിയ മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം ഉള്ളുതുറന്നു. കേസുകള്‍ അന്വേഷിച്ച് അവസാനിപ്പിക്കുകയെന്നത് ഒരു ഒത്തുതീര്‍പ്പാണെന്നാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും താന്‍ അന്വേഷിച്ച കേസുകളില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് തന്റെ മാത്രം അനുഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ അന്വേഷകരും – ഔദ്യോഗിക പരിവേഷമുള്ളവരും അല്ലാത്തവരും – പലപ്പോഴും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാറുണ്ടെന്നാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍ അല്ലെങ്കില്‍ കുറ്റാന്വേഷണ സിദ്ധാന്തം.

ജൂള്‍സ് ക്രോളിനെ ഓര്‍മിക്കാന്‍ കാര്യം ഒരു അന്വേഷണ റിപ്പോര്‍ട്ടാണ്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നില്‍ സൗദി അറേബ്യയുടെ കയ്യുണ്ടെന്ന ആരോപണത്തിന് വര്‍ഷങ്ങളോളം പഴക്കമുണ്ട്. കറുത്ത ആ ദിവസത്തിന്റെ ഇരുപതാം വാര്‍ഷിക ദുഃഖസ്മരണപുതുക്കി ഒരു ദിവസത്തിനു ശേഷം (2021 സെപ്റ്റംബര്‍ 12ന് ) പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സൗദി അറേബ്യയുടെ പങ്ക് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തള്ളിക്കളഞ്ഞിരിക്കുകയാണ്.

2001 സെപ്റ്റംബര്‍ 11ന് അമേരിക്ക ആ രാജ്യത്തിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ആക്രമണത്തിന് വിധേയമായി. പേള്‍ ഹാര്‍ബര്‍ മാത്രമായിരിക്കാം ഒരുപക്ഷേ അതിനുമുമ്പ് ലോകപൊലീസിന് തിരിച്ചടിയേറ്റ ഏക സംഭവം. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള 2,977 പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കോടിക്കണക്കിനു ഡോളറിന്റെ നാശനഷ്ടമുണ്ടായി.

ആക്രമണത്തെകുറിച്ച് പല സിദ്ധാന്തങ്ങളും ആരോപണങ്ങളുമുണ്ടായിരുന്നു. ഇസ്രയേല്‍ ഗൂഢാലോചനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും അമേരിക്ക തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും മറ്റുമുള്ള അനുമാനങ്ങളുമായി ചിലരെത്തി. ഓരോന്നിനെകുറിച്ചും വ്യത്യസ്ത അന്വേഷണ ഏജന്‍സികളെ നിയമിച്ച് അന്വേഷണം നടത്തുകയും ആരോപണങ്ങള്‍ കാലാകാലങ്ങളായി തള്ളുകയും ചെയ്തിരുന്നു. ഉസാമ ബിന്‍ ലാദനും അദ്ദേഹത്തിന്റെ ഭീകരസംഘടനയായ അല്‍ ക്വയ്ദയുമായിരുന്നു ആക്രമണത്തിനു പിന്നിലെന്ന് തുടക്കം മുതലേ അമേരിക്ക ഉറപ്പാക്കിയിരുന്നു. ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ലാദന്‍ വേട്ട പാക്കിസ്ഥാനില്‍ അവസാനിച്ചത്. ആ ശ്രമത്തിനിടയില്‍ ഒരുപാട് രക്തമൊഴുകി – നിരപരാധരുടേതടക്കം.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണം നടത്തിയ 19ല്‍ 15 പേരും സൗദി അറേബ്യന്‍ പൗരന്മാരായിരുന്നു. സൗദിയിലെ കിരീടാവകാശി അല്‍ ക്വയ്ദയ്ക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നുവെന്ന ആരോപണവും പുറത്തുവന്നു. ഇതോടെയാണ് സംഭവത്തിലെ സൗദി അറേബ്യയുടെ പങ്കിനെപറ്റി അന്വേഷണം നടത്താന്‍ എഫ്ബിഐയെ ചുമതലപ്പെടുത്തിയത്. ഓപ്പറേഷന്‍ എന്‍കോര്‍ എന്നു പേരിട്ട് നടത്തിയ എഫ്ബിഐ അന്വേഷണം പൂര്‍ണമായും രഹസ്യമായാണ് അരങ്ങേറിയത്. സൗദി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ ഇരകളുടെ ബന്ധുക്കള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ആക്രമണത്തില്‍ സൗദി ഗവണ്‍മെന്റിനോ ഭരണസംവിധാനവുമായി ബന്ധപ്പെട്ടയാളുകള്‍ക്കോ ബന്ധമില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ കോടതിയും കേസ് തള്ളിക്കളഞ്ഞു. എഫ്ബിഐ അന്വേഷണം നടക്കുന്ന കാര്യം ലോകമറിഞ്ഞിരുന്നുമില്ല.

ന്യൂയോര്‍ക്ക് ടൈംസ് മാഗസിനും പ്രോപബ്ലിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് എഫ്ബിഐയുടെ അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത്. കേസന്വേഷണത്തിലുണ്ടായിരുന്ന അന്‍പതോളം എഫ്ബിഐ ഏജന്റുമാരില്‍ നിന്നാണ് മാധ്യമങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ നയിച്ച എഫ്ബിഐ ഏജന്റ് റിച്ചാര്‍ഡ് ലാംബെര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ അതില്‍ ഏറ്റവും പ്രധാനമായി. തങ്ങള്‍ക്കു ലഭിച്ച തെളിവുകള്‍ സൗദി ബന്ധം വെളിപ്പെടുത്താന്‍ പര്യാപ്തമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുപ്രധാന ബന്ധങ്ങള്‍ പരിശോധിച്ച് സൗദി അറേബ്യയുടെ പങ്ക് വെളിപ്പെടുത്താന്‍ സാധിക്കുമായിരുന്ന വിഷയങ്ങളില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നുതന്നെയാണ് അദ്ദേഹം സമ്മതിച്ചത് – അതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും. ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഖാലിദ് അല്‍-മിഹ്ദര്‍, നവാഫ് അല്‍-ഹസ്മി എന്നിവര്‍ക്ക് സൗദി ഭരണകൂടത്തിലെ പ്രധാനികളായ ഒമര്‍ അല്‍ ബയൗമി, മൊഹ്ദര്‍ അബ്ദുള്ള എന്നിവരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഭീകരര്‍ക്ക് സൗദി അറേബ്യ പണവും ആയുധങ്ങളും നല്‍കിയിരുന്നു എന്നുമായിരുന്നു കണ്ടെത്തലുകളില്‍ പ്രധാനം. യുഎസ് പൗരത്വത്തിനായി ശ്രമിച്ച സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ ഭീകരരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയെന്നും അന്വേഷണ സംഘം വിശദമാക്കിയിരുന്നു. ഇതാണ് ഭീകരര്‍ക്ക് ആയുധമടക്കമുള്ള സഹായം സൗദിയില്‍ നിന്ന് ലഭിച്ചെന്ന ആരോപണത്തിനു
തെളിവായി അന്വേഷണ സംഘം ആവര്‍ത്തിച്ചിരുന്നത്. എഫ്ബിഐ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലോടെ വിഷയം സജീവമായി.

എഫ്ബിഐ കണ്ടെത്തലുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഭീകരാക്രമണത്തിന് ഇരകളായ 1,600 പേരുടെ ബന്ധുക്കള്‍ ഒപ്പിട്ട് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനു നല്‍കിയ നിവേദനം നേരെ ചവറ്റുകുട്ടയിലേക്കാണു പോയത്. പ്രസിഡന്റു തിരഞ്ഞെടുപ്പ് സമയത്ത് ജോ ബൈഡന്‍ ആ ഉറപ്പ് വോട്ടര്‍മാര്‍ക്കു നല്‍കി – താന്‍ പ്രസിഡന്റായാല്‍ എഫ്ബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന്. ഗ്രൗണ്ട് സീറോയില്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഇരകളുടെ ബന്ധുക്കള്‍ ജോ ബൈഡനോട് ആവശ്യപ്പെട്ടു. തികച്ചും നാടകീയമായി സെപ്റ്റംബര്‍ എട്ടിന് സൗദി അറേബ്യ ഈ അഭ്യര്‍ത്ഥനയെ സ്വാഗതം ചെയ്യുകയായിരുന്നു. തങ്ങള്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച സൗദി ആദ്യമായിട്ടാണ് എഫ്ബിഐ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ അനുകൂലിച്ചത്.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ തന്ത്രപ്രധാനിയായ പങ്കാളിയാണ് സൗദി അറേബ്യ. ഗള്‍ഫ് യുദ്ധകാലത്ത് ആരംഭിച്ച സൗഹൃദം 2019ല്‍ ഒന്നുകൂടി മുറുകി. സൗദിയുടെ എണ്ണപ്പാടങ്ങളെ ഇറാനും യെമനും ലക്ഷ്യം വച്ചെന്ന അശുഭവാര്‍ത്തയ്ക്ക് രണ്ടു പാട്രിയറ്റ് മിസൈല്‍ സന്നാഹമൊരുക്കിയാണ് അമേരിക്ക കവചം തീര്‍ത്തത്. അറബ് സഖ്യരാഷ്ട്രങ്ങളുടെ നായക സ്ഥാനം വഹിക്കുന്ന സൗദിയെ ഒരു കാരണവശാലും കൈവിടാന്‍ അമേരിക്കക്കു കഴിയുകയില്ലെന്നാണ് കരുതുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ നിലനില്‍പ്പു തന്നെ സൗദി ഉള്‍പ്പെടെയുള്ള അറബ് സഖ്യരാഷ്ട്രങ്ങളെ ആശ്രയിച്ചാണ്. ഹൂതി വിമതരുടെ ആക്രമണങ്ങളെ സൗദി പ്രതിരോധിക്കുന്നതും അമേരിക്കന്‍ സാങ്കേതികവിദ്യയും സൈനികശേഷിയും ഉപയോഗപ്പെടുത്തിയാണ്. അതോടൊപ്പം തന്നെ അമേരിക്കയിലെ ജനവികാരം കണ്ടില്ലെന്നു നടിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിയുമായിരുന്നില്ല.

ട്രംപിന്റെ കാലത്തിനു ശേഷം ജോ ബൈഡന്‍ അധികാരമേറ്റതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറി. പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുമ്പേ താലിബാന്‍ കാബൂളില്‍ ഭരണം പിടിക്കുകയും ചെയ്തു. പശ്ചിമേഷ്യയില്‍ നിന്നു പിന്മാറാനും അമേരിക്ക ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ സൗദിയെ അലോസരപ്പെടുത്തുന്നതാണ്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെകുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വാഗതം ചെയ്ത തുര്‍കി അല്‍-ഫൈസല്‍ രാജകുമാരന്‍, അമേരിക്ക സൗദിയില്‍ നിന്നു പിന്മാറാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിരുന്നു.

ഭീകരാക്രമണത്തിന്റെ വാര്‍ഷികാചരണത്തില്‍ ബൈഡന്‍ പങ്കെടുത്തതിന് പിന്നാലെയാണ് എഫ്ബിഐ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്വേഷണം സൗദി ഭരണകൂടത്തിനു നേരെ നീങ്ങുമെന്നായപ്പോള്‍ ഒരു ഒത്തുതീര്‍പ്പ് അവിടെ ഉരുത്തിരിഞ്ഞെന്നു വേണം മനസിലാക്കാന്‍. മനുഷ്യത്വപരമായ കാരണങ്ങളാല്‍ തങ്ങള്‍ സെപ്റ്റംബര്‍ 11ന് അഫ്ഗാനിസ്ഥാനില്‍ അധികാരമേല്‍ക്കുന്നില്ലെന്ന് പുതിയ താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചതും കൂട്ടിവായിക്കണം. മനുഷ്യപ്പറ്റ് ലവലേശം ശേഷിച്ചിട്ടില്ലാത്തവരില്‍ നിന്നുള്ള ഇത്തരം പ്രഖ്യാപനങ്ങളിലാണ് രാഷ്ട്രങ്ങളുടെ ഭാവിയും നയതന്ത്രങ്ങളും കുടികൊള്ളുന്നത്. എഫ്ബിഐ അന്വേഷണ റിപ്പോര്‍ട്ടിനെ ആഹ്ളാദത്തോടെയാണ് വാണിജ്യ-വ്യവസായ ലോകം സ്വാഗതം ചെയ്തതെന്നതും ശ്രദ്ധേയം. കൊവിഡ് പശ്ചാത്തലത്തില്‍ വാടിക്കരിഞ്ഞിരിക്കുന്ന ടൂറിസം-യാത്രാ മേഖലയ്ക്ക് എഫ്ബിഐ റിപ്പോര്‍ട്ട് ബൂസ്റ്റര്‍ ഡോസായിരിക്കുകയാണ്. ജൂള്‍സ് ക്രോളിന്റെ കുറ്റാന്വേഷണ സിദ്ധാന്തം എത്രമാത്രം പ്രസക്തമായിരിക്കുന്നു!

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jules crawlsept 11

Related Articles

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം

ഈ ഡിജിറ്റൽ തന്ത്രം, ബിസിനസ്സ് വിജയമന്ത്രം “ഇനി അങ്ങോട്ട് ഡിജിറ്റൽ  മാർക്കറ്റിംഗിന്‍റെ  കാലമാണല്ലോ”- ഈയൊരു വാചകം e-യുഗത്തിൽ നാം നിത്യേന കെട്ടുവരുന്നതാണ്. അതെ, ലോകം ഡിജിറ്റൽ ആയി

കടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ഉദാസീനതയുണ്ടായെന്ന് ആരോപണം

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞത്തും നീണ്ടകരയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ ഏഴു മത്സ്യത്തൊഴിലാളികളില്‍ 4 പേരാണ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്. പുതിയതുറ സ്വദേശികളായ

വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് അല്മായര്‍ മുന്നിട്ടിറങ്ങണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: വിദ്യാഭ്യാസത്തിലൂടെ സമുദായശക്തീകരണത്തിന് കരുതലും കാവലുമായി അല്മായര്‍ മുന്നിട്ടിറങ്ങണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്‌ബോധിപ്പിച്ചു. സമുദായദിനാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം രൂപത കെഎല്‍സിഎയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*