ജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍

ജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍

 

 

 

ഷാജി ജോര്‍ജ്

പൊതിച്ചോറ് ഏറ്റുവാങ്ങുമ്പോള്‍ ദിവസങ്ങളായി ഒരു തരി ഭക്ഷണം പോലും കഴിക്കാത്ത കടത്തിണ്ണയിലെ വൃദ്ധന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകി. ജീവിതം നിലനിര്‍ത്താന്‍ ഒരു പിടിവള്ളി കിട്ടിയ സന്തോഷം കൊണ്ടായിരിക്കണം, പിന്നെ ആ വൃദ്ധന്‍ ഡോ. ജോജോയുടെ കരംഗ്രഹിച്ച് അതില്‍ ചുംബിച്ചു. ഇന്നും ഡോക്ടര്‍ ആ സമ്മാനത്തിന്റെ നിര്‍വൃതിയിലാണ്. ജീവിതത്തില്‍ അത്രയും വലിയ ഒരു സമ്മാനം അതിനു മുന്‍പോ പിന്‍പോ കിട്ടിയിട്ടില്ല.


വൈപ്പിന്‍കരക്കാരനായ ഹോമിയോ ഡോക്ടര്‍ ജോജോ കെ. ജോസഫിന്റെ ഇപ്പോഴത്തെ കര്‍മ്മഭൂമി തൃശൂരാണ്. രണ്ടായിരാമാണ്ടില്‍ എയ്ഡ്‌സ് രോഗികള്‍ക്കുള്ള ചികിത്സയില്‍ മുഴുകാനാണ് എറണാകുളത്തു നിന്ന് തൃശൂരിലേക്ക് ജീവിതം പറിച്ചുനട്ടത്. പിന്നീട് തൃശൂര്‍ നഗരത്തില്‍ ഹോമിയോ ക്ലിനിക് ആരംഭിച്ചു – മാതാ ഹോളിസ്റ്റിക് ക്ലിനിക്ക്.
ഒരു ദിവസം രാവിലെ ക്ലിനിക്കിലേക്കുള്ള യാത്രയിലെ കാഴ്ചയാണ് ഡോക്ടറുടെ ജീവിതത്തെ മാറ്റിമറിച്ചത്. നഗരത്തിലെ ഒരു കോണില്‍ ചവറ്റുകൊട്ടയില്‍ നിന്ന് എച്ചില്‍ ആര്‍ത്തിയോടെ കഴിക്കുന്ന ഒരു മനുഷ്യന്‍. വല്ലാത്ത കാഴ്ച. വിശപ്പിനെ തോല്‍പ്പിക്കാനുള്ള ഒരു വൃദ്ധന്റെ ശ്രമം. പതിവുപോലെ ക്ലിനിക്കിലെത്തി രോഗികളെ കാണാന്‍ തുടങ്ങി. ഉച്ചഭക്ഷണത്തിനായി പാത്രം തുറന്നപ്പോള്‍ രാവിലെ കണ്ട വൃദ്ധനും അയാള്‍ ആര്‍ത്തിയോടെ കഴിക്കുന്ന ഉച്ഛിഷ്ടവും മനസില്‍ തെളിഞ്ഞുവന്നു. ഒരു പിടിപോലും ഭക്ഷണം ഡോ. ജോജോയ്ക്ക് കഴിക്കാനായില്ല. ദിവസങ്ങള്‍ മാസങ്ങളായി. ഡോക്ടര്‍ ഭക്ഷണം കഴിക്കാന്‍ എടുക്കുമ്പോള്‍ ചവറ്റുകൊട്ടയിലെ എച്ചില്‍ കഴിക്കുന്ന വ്യദ്ധന്റെ മുഖം തെളിഞ്ഞുവരും. ഒന്നും കഴിക്കാനാവാത്ത അവസ്ഥ.


രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉറച്ച തീരുമാനവുമായാണ് ഡോക്ടര്‍ വീട്ടില്‍ നിന്നിറങ്ങിയത്. 12.30 വരെ ക്ലിനിക്കില്‍ രോഗികളെ പരിശോധിച്ചു. പിന്നെ അടുത്തുളള ഹോട്ടലില്‍ നിന്ന് അഞ്ച് പൊതിച്ചോറ് വാങ്ങി. തൃശൂര്‍ പട്ടണത്തിലൂടെ നടന്നു. രണ്ടര കിലോമീറ്റര്‍ കാല്‍നടയായി നടന്ന് ഏറ്റവും അര്‍ഹരായ അഞ്ചുപേര്‍ക്ക് അതു കൈമാറി. 2005ല്‍ ആരംഭിച്ച ആ പൊതിച്ചോറു വിതരണം 15 വര്‍ഷം പിന്നിട്ട് ഇപ്പോഴും തുടരുന്നു. തെരുവിന്റെ മക്കള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ സംരക്ഷിക്കണമെന്നുമുള്ള സന്ദേശം ഡോക്ടര്‍ പൊതുസമൂഹത്തിനു മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചു. കൊവിഡ് മഹാമാരിയുടെ ഈ അസാധാരണ പ്രതിസന്ധിഘട്ടത്തിലും 40 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി ഡോ. ജോജോ കെ. ജോസഫ് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നു. ക്ലിനിക്കില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഇതിനുള്ള പണം അദ്ദേഹം നീക്കിവയ്ക്കുന്നത്.
ഇപ്പോള്‍ ഉച്ചഭക്ഷണപദ്ധതി കുറെക്കൂടി പരിഷ്‌കരിച്ചിട്ടുണ്ട്. തൃശൂര്‍ അതിരൂപതയിലെ ഫാ. ജോര്‍ജ് മഞ്ഞളി സ്ഥാപിച്ച പീച്ചി ലൂര്‍ദ്പുരം സോഷ്യല്‍ സെന്ററിലാണ് ഉച്ചഭക്ഷണം 40 പൊതികളിലായി വിതരണത്തിന് തയ്യാറാക്കുന്നത്. പാചകത്തിന് ഒരു സഹായിയുണ്ട്. ഒന്‍പതുമണിക്ക് പൊതിച്ചോറുമായി ഡോക്ടര്‍ ക്ലിനിക്കിലേക്കു തിരിക്കും. എല്ലാ ദിവസവും നോണ്‍ വെജ് ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ബീഫ്, ആട്ടിറച്ചി, കോഴി, മീന്‍ കറി മാറി മാറി ഉള്‍പ്പെടുത്തും. കൂടാതെ പഴമോ ജിലേബിയോ ഹല്‍വയോ ഉണ്ടാകും. വിതരണം ചെയ്യാന്‍ ഒരു ഓട്ടോറിക്ഷയും വാങ്ങി.


‘ഒരുനേരം ഭക്ഷണം, ഒരിറ്റു സ്‌നേഹം തെരുവിന്റെ മക്കള്‍ക്ക്’ എന്നെഴുതിയിട്ടുളള ഓട്ടോറിക്ഷയില്‍ ഭക്ഷണപ്പൊതിയുമായി ഉച്ചയ്ക്ക് 12.30ന് ഡോ. ജോജോ പുറപ്പെടും. നഗരത്തിലെ തെരുവില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് അത് നേരിട്ടു നല്‍കും. ഒന്നര മണിക്കൂര്‍ നീളുന്ന ഈ സേവനത്തിനു ശേഷമാണ് വിശപ്പിന്റെ ഡോക്ടര്‍ ഭക്ഷണം കഴിക്കുക.


ഓണത്തിനും ക്രിസ്മസിനും ബക്രീദിനും പ്രത്യേക ആഘോഷങ്ങളുണ്ട്. ഓണത്തിന് ഓണക്കളികളും വടംവലിയും ഓണസദ്യയും. ക്രിസ്മസിന് കേക്കുമുറിക്കലും സാന്റക്ലോസും. ബക്രീദിന് മട്ടന്‍ ബിരിയാണി.
തെരുവിലെ സഹോദരങ്ങള്‍ക്കുളള കാര്യങ്ങള്‍ നേരിട്ടു ചെയ്യണമെന്ന വാശി ഡോക്ടര്‍ക്കുണ്ട്. ഇറച്ചിയും മീനും വാങ്ങാന്‍ നേരിട്ട് പോകും. എല്ലാം നല്ലതായിരിക്കണം. ചേറ്റുവ കടപ്പുറത്തു നിന്ന് ലേലം ചെയ്താണ് മീന്‍ വാങ്ങുന്നത്. അങ്ങനെ പരിചയപ്പെട്ട ഗോപി എന്ന മത്സ്യത്തൊഴിലാളിയുടെ ദുഃഖകഥ കേട്ടപ്പോള്‍ ഡോക്ടര്‍ അവന് ഒരു വഞ്ചിയും വലയും വാങ്ങിക്കൊടുത്തു, ആഴ്ചയില്‍ രണ്ടു ദിവസം തനിക്ക് മീന്‍ തരണം എന്ന വ്യവസ്ഥയില്‍.
ഡോ. ജോജോ അവിവാഹിതനാണ്. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി ലളിതമാണ്: എന്റെ ഈ കാരുണ്യപ്രവര്‍ത്തനം മുടങ്ങരുത്. പങ്കാളിക്ക് ഇഷ്ടമാകാതെ വന്നാല്‍ എന്റെ സന്തോഷം അവസാനിക്കും. അതുകൊണ്ട് വിവാഹം വേണ്ടെന്നു വച്ചു!


മൂന്നു വര്‍ഷം മുന്‍പ് ഡോ. ജോജോ ഉച്ചഭക്ഷണം സ്വീകരിക്കുന്നവരോട് ഒരു ഉല്ലാസയാത്രയെക്കുറിച്ച് പറഞ്ഞു: നമുക്ക് പീച്ചി ഡാമിലേക്ക് ഒരു വിനോദയാത്ര പോയാലോ? മൂന്നു ദിവസം കഴിഞ്ഞ് എല്ലാവരും കുളിച്ച് ഞാന്‍ തരുന്ന പുതിയ വസ്ത്രങ്ങള്‍ ധരിച്ച് രാവിലെ 9ന് തൃശൂരിലെ ലത്തീന്‍ പള്ളിയുടെ മുന്‍പില്‍ വരണം.
ചില മുഖങ്ങള്‍ പ്രകാശിച്ചു; ചിലരുടെ മുഖത്ത് ഒരു ആശങ്ക. അനാഥാലയങ്ങളില്‍ നിന്ന് ചാടി തെരുവിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് അസ്വസ്ഥരായത്. തങ്ങളെ അനാഥാലയങ്ങളില്‍ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണിതെന്ന് അവര്‍ തെറ്റിദ്ധരിച്ചു. പിറ്റേ ദിവസം ഡോക്ടര്‍ എല്ലാവര്‍ക്കും ഭക്ഷണപ്പൊതിക്കൊപ്പം ഒരു ജോടി വസ്ത്രവും തോര്‍ത്തും നല്‍കി. മൂന്നാം ദിവസം മനസു നിറയെ ടെന്‍ഷനുമായി ഒരു മിനി ബസുമായി ഡോക്ടര്‍ ലത്തീന്‍ പള്ളിയുടെ മുമ്പിലെത്തി. ആരൊക്കെ വരും എന്നതാണ് ടെന്‍ഷന് കാരണം. 9.30 വരെ കാത്തു. 16 പേര്‍ വന്നു. അവരുമായി പീച്ചിയിലേക്ക്. കളിയും ചിരിയും പാട്ടുമായി പീച്ചിഡാമില്‍ ഒരു ദിവസം. വൈകിട്ട് 6ന് അവരെ തിരികെ തൃശൂര്‍ നഗരത്തില്‍ എത്തിച്ചു. എല്ലാവര്‍ക്കും സന്തോഷം.
പിന്നെ അവര്‍ ചോദിക്കാന്‍ തുടങ്ങി: അടുത്ത യാത്ര എന്നാണ്? ഉല്ലാസയാത്രകള്‍ ആവര്‍ത്തിച്ചു. ഫോര്‍ട്ടുകൊച്ചി, എറണാകുളം മറൈന്‍ഡ്രൈവ്, ഇടപ്പള്ളി ലുലുമാള്‍ എന്നിവിടങ്ങളിലൊക്കെ ഉച്ചകൂട്ടുകാര്‍ സന്ദര്‍ശിച്ചു. കൊച്ചി മെട്രോയിലും അവര്‍ ആനന്ദയാത്ര നടത്തി.


വൈപ്പിനിലെ ഓച്ചംതുരുത്തിലാണ് ഡോ. ജോജോ ജനിച്ചത്. പിതാവ് കളരിക്കല്‍ ജോസഫ് നാട്ടില്‍ അറിയപ്പെടുന്ന ആയുര്‍വേദവൈദ്യരും അമ്മ ട്രീസ ഓച്ചംതുരുത്ത് സാന്താക്രൂസ് സ്‌കൂളില്‍ അധ്യാപികയുമായിരുന്നു. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. ഓച്ചംതുരുത്ത് സാന്താക്രൂസ്, എറണാകളം സെന്റ് ആല്‍ബര്‍ട്‌സ് എന്നിവിടങ്ങളിലായി പഠനം. ചോറ്റാനിക്കര പടിയാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഹോമിയോ ബിരുദം നേടി. തുടര്‍ന്ന് എറണാകുളത്ത് ചികിത്സ ആരംഭിച്ചു. നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന പിതാവ് കെ. വി. ജോസഫ് വൈദ്യരാണ് ജീവിതത്തില്‍ പ്രചോദനം. അദ്ദേഹത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ പല കാരണങ്ങളുണ്ട്. വൈപ്പിനിലെ സേവാഭവനിലൂടെ പിതാവ് നടത്തിവന്ന സാമൂഹിക സേവനവും ദീനസേവനവും കണ്ടാണ് ജോജോ വളര്‍ന്നത്.
കേരള കള്‍ച്ചറല്‍ സൊസൈറ്റി കേരള ടൈംസ് പത്രം ആരംഭിച്ചപ്പോള്‍ കെ.വി. ജോസഫിനെയാണ് പ്രിന്ററും പബ്ലിഷറുമായി നിയോഗിച്ചത്. സത്യനാദ കാഹളത്തിലൂടെ ആരംഭിച്ച മലയാളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ മാധ്യമ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു 1956 ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ കേരള ടൈംസ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം പത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. വാര്‍ദ്ധക്യത്തിലും പത്രത്തിന് എതിരെയുള്ള കേസുകളുമായി ബന്ധപ്പെട്ട് പിതാവ് കോടതികളില്‍ ഹാജരായത് ഡോക്ടര്‍ മറന്നിട്ടില്ല. ആരോ ചെയ്ത തെറ്റുകളുടെ പേരില്‍ അറസ്റ്റ് വാറണ്ട്, കോടതി… നൊമ്പരമുളള ഓര്‍മ്മകള്‍. പക്ഷേ പിതാവ് സഭയോടും സമുദായത്തോടും സമൂഹത്തോടും ശുദ്ധമായ വിശ്വസ്തതയും അത്മാര്‍ത്ഥതയും പുലര്‍ത്തി. ദൈവവിശ്വാസത്തില്‍ മുന്നേറി.
ആ നല്ല പിതാവിന്റെ മകനും തികഞ്ഞ വിശ്വാസിയാണ്. എന്റെ ദൈവത്തെ എവിടെയാണ് കണ്ടെത്തേണ്ടതെന്ന് എനിക്കറിയാം – ഡോ. ജോജോ കെ. ജോസഫ് ഇതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസുനിറയെ സന്തോഷമാണ്, നിര്‍വൃതിയാണ്. കരുണയുടെ പാതയില്‍ നടന്നവന്റെ സന്തോഷം.


Tags assigned to this article:
dr. jojo

Related Articles

കൊറോണ വിറയലിന് മദ്യക്കുറിപ്പടിയോ?

മദ്യലഭ്യത നിലച്ചിരിക്കുന്ന അവസ്ഥ പരമാവധി പ്രയോജനപ്പെടുത്തി മദ്യാസക്തരെ ആത്മനിയന്ത്രണത്തിന്റെയും ലഹരി നിര്‍മുക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാനാണ് സാമൂഹിക ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന ഏതൊരു ഭരണകൂടവും ശ്രമിക്കേണ്ടത്. കൊറോണ വൈറസ്

സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ആർച്ച് ബിഷപ്പ് സൂസെപാക്യം

  പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്‍റെ ആകസ്മിക നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രകൃതിയോടും മനുഷ്യരോടും കരുണയും സ്നേഹവും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ടീച്ചറിന്‍റെ

അമ്മൂമ്മയ്ക്കു പുതുജീവനേകി പേരക്കുട്ടി

പുന്നപ്ര: വള്ളം മുങ്ങി ജീവന്‍ അപകടത്തിലായപ്പോള്‍ സ്വയം രക്ഷപ്പെടാനല്ല റോജിന്‍ ശ്രമിച്ചത്. ജീവിതത്തിലേക്ക് തന്റെ അമ്മൂമ്മയെക്കൂടി കൈപിടിച്ച് നീന്തിച്ചു ആ പതിനൊന്നുകാരന്‍. കരിച്ചിറ വാളേക്കാട് വീട്ടില്‍ വി.ജെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*