ജോലി ചെയ്യുന്നതിന്റെ മാഹാത്മ്യം

ചിലരിങ്ങനെയാണ്, ശരീരമനങ്ങി ജോലി ചെയ്യില്ല. മെയ്യനങ്ങി എന്തെങ്കിലുമൊക്കെ ജോലികളിലേര്‍പ്പെട്ടാല്‍ അത് അന്തസിന് കുറവാണെന്ന ചിന്ത. അല്പമെന്തെങ്കിലും വീട്ടിലുണ്ടായാല്‍ പിന്നെയൊരു ചെറിയ ധനികനാണെന്ന ധാരണയാണ്. ഈ മിഥ്യാധാരണ അഥവാ ഇഗോ തന്നെ തടസം. മാതാപിതാക്കള്‍ ഉണ്ടാക്കിവച്ചിരിക്കുന്നതിന്റെ പങ്കുപറ്റി അധികം ബുദ്ധിമുട്ടാതെ മുന്നോട്ടുപോകാം. മലയാളികളെപ്പറ്റിത്തന്നെയാണ് ഞാന്‍ പറഞ്ഞുവരുന്നതെന്ന് മനസിലായിക്കാണുമല്ലോ. പ്രത്യേകിച്ച് ഇന്നത്തെ ചെറുപ്പക്കാരായ മലയാളികള്‍ അങ്ങനെയാണ്. അവരില്‍ അധ്വാനശീലം നഷ്ടപ്പെട്ടുപോകുന്നുവെന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ ദുര്‍വിധി.
എഴുപതുകളുടെ ആരംഭത്തില്‍ വൈദ്യപഠനത്തിനായി ഞാന്‍ ജര്‍മനിയില്‍ പോകുന്നത് അതിസാഹസികമായിട്ടാണ്. മെഡിസിന് അഡ്മിഷന് ലഭിച്ചു. എന്നാല്‍ ജീവിക്കാനായി കൈയില്‍ പണമൊന്നുമില്ല. അന്ന് ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് പണം കൊണ്ടുപോകാന്‍ അനുവാദമില്ല. ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ അന്ന് പഠിക്കാന്‍ ഫീസില്ലയെന്നത് വലിയ കാര്യം. എന്നാല്‍ താമസിക്കാനും ഭക്ഷണത്തിനും പുസ്തകങ്ങള്‍ക്കും മറ്റും പണം വേണം. ഞാന്‍ ഗസ്റ്റായി താല്‍ക്കാലികമായി താമസിക്കുന്ന ജര്‍മന്‍ കുടുംബത്തിന്റെ വസതിയിലെ എന്റെ ചെറിയ മുറിയുടെ ജനാലയിലൂടെ എപ്പോഴും പുറത്തേക്ക് നോക്കിയിരിക്കുക വളരെ ആനന്ദപ്രദമായിരുന്നു. ആപ്പിള്‍ മരങ്ങളും പീച്ച് ചെടികളും പൂക്കളും നിറഞ്ഞ ഉദ്യാനമാണ് എന്റെ മനസിന് കുളിര്‍മ നല്‍കുന്നത്. വീടിന്റെ പരിസരം മനോഹരമായി സൂക്ഷിക്കാന്‍ ജര്‍മന്‍കാരെ കണ്ടുപഠിക്കണം. മഞ്ഞുപെയ്യുന്ന ഒരു ശിശിരനാളില് അതിരാവിലെ ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ വിസ്മയിപ്പിച്ചു. ഏതാണ്ട് പത്ത് വയസുള്ള ഒരു ബാലന് സൈക്കിളില്‍ വന്ന് ഓരോ വീട്ടിലും പത്രങ്ങള്‍ വിതരണം ചെയ്യുകയാണ്. വീട്ടുകാരോട് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്, അടുത്തുള്ള വീട്ടിലെ കുട്ടിയാണ്. സ്കൂളില്‍ പോകുന്നതിനുമുമ്പ് എല്ലാ വീടുകളിലും പത്രം വിതരണം ചെയ്യുകയാണ്. അങ്ങനെ കിട്ടുന്ന പണം പോക്കറ്റ് മണിയാണ്. സ്വകാര്യ ചെലവുകള്‍ക്കായി ചെറുപ്പം മുതലേ അധ്വാനിച്ചു തുടങ്ങുന്നു. മാതാപിതാക്കളെ എല്ലാറ്റിനും ആശ്രയിക്കില്ല. ഏറെ അഭിമാനത്തോടെ കുട്ടികള്‍ അത് ചെയ്യുന്നു. മാതാപിതാക്കളും അതിനെ പിന്തുണയ്ക്കുന്നു. അതാണ് ജര്‍മന്‍കാരുടെ അധ്വാനശീലത്തിന്റെ തുടക്കം. നമ്മുടെ നാട്ടിലെ സ്ഥിതി ഒന്നാലോചിച്ചുനോക്കൂ..
വൈദ്യപഠനത്തിനുള്ള പണം ജോലി ചെയ്തുതന്നെ ഉണ്ടാകണമെന്ന വാശി എനിക്കുണ്ടായി. അന്ന് ജര്‍മനിയില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്ത് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. അങ്ങനെ ജോലി തേടി അലഞ്ഞ് അവസാനം ചെന്നുപെട്ടത് ഒരു ബിയര്‍ ഫാക്ടറിയിലാണ്. മ്യൂണിക്കില്‍ നിന്ന് ഒരു മണിക്കൂര്‍ ട്രെയിന്‍ ദൂരത്തിലുള്ള ലാന്റ്ഷൂട്ട് നഗരത്തിലെ ഒരു ബിയര്‍ ഫാക്ടറി. ആജാനബാഹുക്കളായ ജര്മന്കാരോടൊപ്പമാണ് ചെറിയവനായ ഞാന്‍ ജോലി ചെയ്യേണ്ടത്. നാട്ടില്‍ വച്ചാണെങ്കില്‍ ജോലി ചെയ്ത് ശീലമില്ല. എത്ര തണുപ്പിലും രാവിലെ ആറുമണിക്ക് ഫാക്ടറി ജോലി തുടങ്ങും. മെഷീനില്‍ നിന്ന് ബിയര്‍ നിറച്ച് പുറത്തേക്ക് വേഗത്തില്‍ വരുന്ന കുപ്പികളില്‍ ലേബലുകള്‍ ഒട്ടിക്കുകയാണ് എന്റെ ജോലി. അതിന് പ്രത്യേക സംവിധാനമുണ്ട്. ഞാനത് കൃത്യമായി പ്രവര്ത്തിപ്പിക്കണമെന്നുമാത്രം. തെറ്റാന്‍ പാടില്ല. കേള്‍ക്കുമ്പോള്‍ എളുപ്പമാണെങ്കിലും കുപ്പികള്‍ നമ്മുടെ സൗകര്യത്തിന് നിന്നുതാരത്തതുകൊണ്ട് വളരെ വേഗത്തല്‍ ചെയ്യണം. (ചാര്‍ളി ചാപ്ലിന്റെ ഒരു പഴയകാല ചിത്രം, ഓര്‍മ്മിക്കുക) ആദ്യം ഞാന്‍ ഏറെ കഷ്ടപ്പെട്ടു, പിന്നെ സാവധാനം പരിചയപ്പെട്ടു. അവസാനം എക്സ്പേര്‍ട്ടായി. പഠിക്കാനാവശ്യമായ പണത്തിന് മാത്രമായിട്ടാണ് ജോലി ചെയ്തു തുടങ്ങിയതെങ്കിലും പിന്നീട് ജോലി ചെയ്യുകയെന്നത് എനിക്ക് ഹരമായി മാറി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജോലിചെയ്ത് പണമുണ്ടാക്കി പഠനം നടത്തുന്നതിന്റെ മാഹാത്മ്യം എനിക്കന്ന് മനസിലായി. നാട്ടില്‍ സുഖിച്ച് പഠിച്ച് നടന്ന ഞാന്‍ ജര്‍മനിയില്‍ ചെന്നപ്പോഴാണ് അധ്വാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞത്. പിന്നീട് പരിമിതമായ സ്കോളര്‍ഷിപ് കിട്ടിയശേഷവും അവധിക്കാലത്തും ചിലപ്പോള്‍ ക്ലാസുള്ളപ്പോഴും സ്ഥിരമായി ജോലി ചെയ്യുമായിരുന്നു. മെയില്‍ നഴ്സായി മ്യൂണിക്കിലെ വിവിധ ആശുപത്രികളില്‍ നൈറ്റ് ഡ്യൂട്ടി ചെയ്തു. രാത്രി നൈറ്റ് ഡ്യൂട്ടിയും പകല്‍ വൈദ്യപഠനവും. അങ്ങനെ കഷ്ടപ്പെട്ട് വൈദ്യപഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് ഡോക്ടര്‍മാരുടെ മാഹാത്മ്യം എനിക്ക് ബോധ്യമായത്.
Related
Related Articles
ജോമ ചരിത്ര സെമിനാര്‍ ഡിസംബര്‍ 13,14 തിയതികളില്‍
ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (JOMA)യുടെ ആഭിമുഖ്യത്തില്‍ ‘ഹോര്‍ത്തൂസ് മലബാറിക്കൂസും മത്തേവൂസ് പാതിരിയും: ഔഷധാരാമത്തിലെ വീണ്ടെടുപ്പ് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ നടത്തുന്നു.
പെട്രോൾ-ഡീസൽ വർദ്ധന KLCA പ്രതിഷേധിച്ചു.
രാജ്യത്ത് കോവിഡ്- 19 മഹാമാരി മൂലം ജനങ്ങൾ ഏറെ സാമ്പത്തീക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അവസരത്തിൽ തുടർച്ചയായി പത്താം ദിവസവും പെട്രോൾ ഡീസൽ വില വർധിപ്പിച്ച തിനെതിരെ
പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യന് ജീവിക്കുമ്പോഴും ചിന്തിക്കുമ്പോഴും ജീവന്റെ സമൃദ്ധി അവിടെ രൂപപ്പെടുകയാണണെന്നും ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം