ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മലങ്കര മാര്‍തോമാ സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡണ്ടും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു പതിറ്റാണ്ടു കാലത്തെ പരിചയവും അടുപ്പവും പിതാവിനോട് ഉണ്ടായിരുന്നതിന്റെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വഗുണങ്ങള്‍ പലതും മനസ്സിലാക്കുവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മാര്‍തോമാ സഭയുടെ പാരമ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ക്കനുസരിച്ചു സഭയെ നയിക്കുവാന്‍ അദ്ദേഹം സര്‍വ്വാത്മനാ പരിശ്രമിച്ചിരുന്നെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. ബോധ്യപ്പെടുന്ന കാര്യങ്ങളില്‍ ഉറച്ച നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. തിരുവചനസന്ദേശം കാലികപ്രാധാന്യമുള്ള സംഭവങ്ങളോടു കോര്‍ത്തിണക്കി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. സഭൈക്യപരിശ്രമങ്ങളില് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഏറെ പ്രശോഭിച്ചിരുന്നു. ഇന്ത്യയിലെ സഭകളുടെ ദേശിയ സമിതിയിലും സഭകളുടെ ലോക കൗണ്‍സിലിലും കേരളത്തിലെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവ സഭകള്‍ക്കിടയില്‍ പരസ്പര ധാരണകള്‍ വളര്‍ത്തുന്നതിന് ഏറെ സഹായിച്ചു.
സാമൂഹിക വിഷയങ്ങളിലും അഭിവന്ദ്യ ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സജീവ സാന്നിധ്യ മായിരുന്നു. കേരളത്തിലെയും ‘ഭാരതത്തിലെയും സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രളയം, സുനാമി, കോവിഡ് പകര്‍ച്ചവ്യാധി മുതലായ അത്യാഹിത സന്ദര്‍ഭങ്ങളിലും പരിഹാര മാര്‍ഗങ്ങളും സഹായങ്ങളുമായി പിതാവു മുന്പന്തിയിലുണ്ടായിരന്നു. പ്രളയബാധിതര്‍ക്കു നൂറു വീടുകള്‍ എന്ന പദ്ധതി വിജയിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലാത്തുരിലേതൂപോലുള്ള ഭൂകമ്പങ്ങളുടെ സമയത്തും പിതാവിന്റെ നേതൃത്വത്തില്‍ മാര്തോമാസഭയുടെ ഇടപെടല്‍ സജീവവും ഫലപ്രദവുമായിരുന്നു.
മരണത്തെ ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചത്തില്‍ സ്വീകരിക്കാന്‍ പിതാവിനു യാതൊരു മനഃപ്രയാസവുമില്ലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണു ലിസി ആശുപത്രിയില്‍ ചികില്‍സയ്ക്കു വന്നപ്പോള്‍ പിതാവിനെ അവസാനമായി ഞാന്‍ കണ്ടത്. അന്നുതന്നെ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കി മരണത്തിന് ഒരുങ്ങാനുള്ള സന്നദ്ധത പിതാവിന്റെ മനോഭാവ ത്തിലുണ്ടായിരുന്നു. അടുത്ത കാലത്ത് ഉത്തരവാദിത്വങ്ങളെല്ലാം സഫ്രഗന്‍ മെത്രാപ്പോലീത്തയെ ഏല്‍പ്പിച്ചു സ്വസ്ഥമായി ദൈവസാനിധ്യത്തിലും പ്രാര്ത്ഥനാനുഭവത്തിലും കഴിയുകയായിരുന്നു അദ്ദേഹം.
ജോസഫ് മാര്‍തോമ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന മാര്തോമാസഭയോടും വിശിഷ്യ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയോടും സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ തെയഡോഷ്യസ് തിരുമേനിയോടും വൈദികരോടും സന്യാസിനികളോടും തിരുമേനിയുടെ കുടുംബാംഗങ്ങളോടും അനുശോചനവും ദുഃഖവും രേഖപ്പെടുത്തുകയും വന്ദ്യപിതാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും പത്രക്കുറിപ്പില്‍ കര്‍ദിനാള്‍ അറിയിച്ചു.
ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരളത്തിലെ റോമൻ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് വിജയപുരം രൂപതാ മെത്രാൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവും, പുനലൂർ രൂപതാ മെത്രാൻ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവും പ്രാർത്ഥന നടത്തി.
Related
Related Articles
ജാഗ്രതയോടുകൂടി വോട്ടവകാശം വിനിയോഗിക്കണം-വരാപ്പുഴ അതിരൂപത
കൊച്ചി ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ആഹ്വാനം ചെയ്തു. കോവിഡ്
ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി റീജനല്‍ വികാര്‍
കൊല്ലം: നിഷ്പാദുക കര്‍മലീത്താസഭയുടെ കൊട്ടിയം ആസ്ഥാനമായുള്ള സൗത്ത് കേരള പ്രൊവിന്‍സിന്റെ മിഷന് പ്രദേശമായ സെന്റ് തെരേസാസ് റീജനല്‍ വികാരിയത്തിന്റെ പുതിയ സാരഥിയായി ഫാ. മാര്‍സല്‍ ഫെര്‍ണാണ്ടസ് ഒസിഡി
സേക്രഡ് ഹാര്‍ട്ട് ഇടവക ജൂബിലി വര്‍ഷം ബിഷപ് ഡോ. ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ബിഷപ് ഡോ. ജോസഫ് കരിയില്‍ തുടക്കം കുറിച്ചു. കൊച്ചി ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഷെവലിയര്‍ എഡ്വേര്‍ഡ്