ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു

ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു

ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരസംരക്ഷണത്തിനായി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷനും കൊച്ചി, ആലപ്പുഴ രൂപതകളും ചേര്‍ന്ന് ഒരുക്കിയ ജനകീയരേഖയുടെ അവതരണത്തിനും പൊതുചര്‍ച്ചയ്ക്കുമായി സംഘടിപ്പിച്ച വെബിനാറില്‍ കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ ഉദ്ഘാടന പ്രസംഗം.

ചെല്ലാനം നിവാസികള്‍, അല്പം വിപുലപ്പെടുത്തി പറഞ്ഞാല്‍, ഫോര്‍ട്ടുകൊച്ചി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള, 17 കിലോമീറ്റര്‍ തീരദേശനിവാസികള്‍ ഒരു ജീവന്മരണ പ്രശ്നത്തിലാണ്. ഏറ്റവും തീവ്രത ചെല്ലാനത്താണ്. പൊടുന്നനവേ ഉണ്ടായ ഒരു ദുരന്തഫലമല്ല. അനേക വര്‍ഷങ്ങളായി ഇവിടെ കടല്‍കയറ്റം ഉണ്ട്. വല്ലാര്‍പാടം, പുതുവൈപ്പ് പദ്ധതികള്‍ക്കായി കടലില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കടല്‍കയറ്റ പ്രശ്നത്തെ രൂക്ഷതരമാക്കി. ജനം വര്‍ഷകാലത്ത് ഒരു മാസം ദുരിതാശ്വാസക്യാമ്പിലായിരിക്കും. ഞങ്ങള്‍ക്കു സ്വയം പരിഹരിക്കാവുന്ന പ്രശ്നമല്ല. മാറിമാറി വരുന്ന ഭരണക്കാരൊന്നും നിശ്ചയദാര്‍ഢ്യത്തോടെ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. കൃത്യനേരത്ത്, നിശ്ചയദാര്‍ഢ്യത്തോടെ പുലിമുട്ടു കെട്ടിയും മറ്റും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരികള്‍ മടിച്ചു നിന്നു. മഴക്കാലമാകുമ്പോള്‍ ചില്ലറപണികള്‍ നടത്തും. എല്ലാം കടലെടുത്തുപോകും. ഇതൊരു വാര്‍ഷികാനുഷ്ഠാനമായി തുടരുന്നു.

ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു!

നാണ്യവിളകളേക്കാള്‍ കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നത് മത്സ്യസമ്പത്താണ്. ആരും തടയാനില്ലാതെ വിദേശട്രോളറുകള്‍ കടത്തിക്കൊണ്ടുപോകുന്ന മത്സ്യസമ്പത്തിന്റെ കണക്ക് ഇതില്‍പ്പെടില്ല. തീരനിവാസികളെ അവരുടെ ആവാസവ്യവസ്ഥകളില്‍ നിന്നും അതിജീവനസാധ്യതാമേഖലകളില്‍ നിന്നും ആട്ടിപ്പായിച്ച് തീരം കയ്യടക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനകള്‍ ഞങ്ങള്‍ സംശയിക്കുന്നു. ടൂറിസം മാഫിയായുടെ അദൃശ്യ സാന്നിധ്യം ഞങ്ങള്‍ സംശയിക്കുന്നു.

ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു!

‘തീരം വിട്ടുപോകൂ; പത്തു ലക്ഷം രൂപാ തരാം’ ഒരധികാരി പറയുന്നു ഇത് കൊച്ചിയാണ്. ഇവിടെ ഗ്രാമത്തില്‍പോലും രണ്ടുസെന്റ് ഭൂമിക്കു ഈ തുക പോരാതെ വരും. പിന്നെ വീട്? തീരത്തുനിന്ന് ജനത്തെ ആട്ടിപ്പായിക്കരുതെന്ന് നേരത്തെ പറഞ്ഞു. തീരത്തിനു വളരേയടുത്ത് തൊട്ടടുത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ പണുതതിനു ശേഷം ഇത്തരം അഭിപ്രായങ്ങള്‍ പറയുക. മാത്രമല്ല, ഒഴിയുന്ന തീരം മറ്റാരും സ്വന്തമാക്കാതെ, സ്വതന്ത്രമാക്കിയിടുക. ഞങ്ങളുടെ പണിസാധനങ്ങള്‍ സൂക്ഷിക്കാന്‍, കേടുപാടുകള്‍ തീര്‍ക്കാന്‍, കടലില്‍ പോയവര്‍ തിരിച്ചുവരുന്നതു കാത്തിരിക്കാന്‍, ഞങ്ങള്‍ക്കു വന്നിരുന്നു കടല്‍ കാണാന്‍, കടലിനു ഞങ്ങളെയും കാണാന്‍, ഞങ്ങളുടെ കുട്ടികള്‍ക്ക് കളിച്ചു വളരാന്‍  സ്ഥലം ഫ്രീയാക്കിയിടണം.  തീരം ഞങ്ങളുടേതാണ്. എന്നും അങ്ങനെയായിരിക്കണം.  

ഇപ്പോള്‍ ഞങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു!

പുലിമുട്ടുകള്‍ വേണം, കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ത്തു നിലനിര്‍ത്തണം. ശാസ്ത്രസാങ്കേതിക യൂണിവേഴ്സിറ്റിയിലെ വിദഗ്ദരുടെ സേവനവും തേടണം. കൊച്ചീരൂപതയുടെ വിദ്യാഭ്യാസ ഏജന്‍സിയിലെ അദ്ധ്യാപകരുടെ ഒരു നിര്‍ദ്ദേശം ഞാനിവിടെ അവതരിപ്പിക്കയാണ്. ഇപ്പോള്‍ തീരത്ത് മണല്‍വാടകള്‍ നാട്ടുകാര്‍ തീര്‍ക്കാറുണ്ട് ശക്തമായ തിരവരവില്‍ മണ്ണൊലിച്ചു പോവുകയും ചെയ്യുന്നു. ഈ മണല്‍കൂനകള്‍ക്കുമേല്‍ ഒരു ജൈവാവരണം, അടമ്പ്, മുത്തങ്ങപ്പുല്ല്, കൈത, രാവണന്‍ പുല്ല് മുതലായവ വച്ചു പിടിപ്പിച്ച് ഉണ്ടാക്കാം ഇതിന്റെ ചരിവില്‍ കണ്ടല്‍ച്ചെടികളും നട്ടുവളര്‍ത്താം. പരിസരവാസികളുടെ പങ്കാളിത്തത്തോടെ  രണ്ടു കിലോമീറ്റര്‍ നീളത്തില്‍ ഈ പരിപാടി നടത്തുന്നതിന് ഏതാണ്ട് ഒന്നരലക്ഷം രൂപ മതിയാകും. മറ്റൊരാശയം: തീരത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കടലിനുള്ളില്‍ തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. അത് തിരമാലകളുടെ ശക്തിയും തീവ്രതയും കൂട്ടാന്‍ കാരണമാകുന്നുണ്ട്. കൊച്ചിന്‍ പോര്‍ട്ടില്‍ നിന്നും അഴിമുഖത്തുനിന്നും വരുന്ന എക്കലുകള്‍ (ലെറശാലേെി) രൂപപ്പെടുത്തിയതാണ് ഈ തിട്ടകള്‍. ഈ തിട്ടകളെ അവിടെ നിന്നു നീക്കി തീരത്തു കൊണ്ടുവന്നിട്ടാല്‍ പുതിയ തീരം രൂപപ്പെടുത്താം. അതിന്റെ പുറത്ത് പുലിമുട്ടുകള്‍ സ്ഥാപിച്ചാല്‍ കരിങ്കല്ലിന്റെ ആവശ്യവും ഗണ്യമായി കുറക്കാന്‍ സാധിക്കും. ഞങ്ങളുടെ നഷ്ടപ്പെട്ട തീരം തിരിച്ചുകിട്ടുകയും ചെയ്യും. തീരത്തിന്റെ ഈ റീപ്ലെനിഷ്മെന്റ് പ്രോഗ്രാം ഇന്ത്യയില്‍ പലഭാഗത്തും വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിമാത്രമല്ല തീരസംരക്ഷണം ഉപകരിക്കുക. ദ്രോണാചാര്യനാവികകേന്ദ്രം, കൊച്ചിന്‍ പോര്‍ട്ട് തുടങ്ങിയ പ്രതിരോധപ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ സുരക്ഷിതത്വം ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരങ്ങളുടെ സംരക്ഷണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്രാവശ്യം നേവിയുടെ ക്വാട്ടേഴ്സുവരെ കടലാക്രമണമുണ്ടായി. പോര്‍ട്ടിന്റെയും നേവിയുടെയും സാമ്പത്തിക സഹായം തീരസംരക്ഷണ പദ്ധതിക്ക് നിര്‍ബന്ധമായും കിട്ടേണ്ടതുണ്ട്.

ഞങ്ങള്‍ക്ക് ശ്വാസംമുട്ടുന്നു!

കൊച്ചീരൂപതയ്ക്ക് ഒറ്റയ്ക്ക് ഈ പദ്ധതി നടപ്പാക്കിക്കൂടേ എന്ന് ഫേസ്ബുക്കില്‍ മുല്ലപ്പൂവിപ്ലവം തീര്‍ക്കുന്ന പലരും ആവശ്യപ്പെടുന്നുണ്ട്. രൂപതകള്‍ കൂട്ടിയാല്‍കൂടുന്ന കാര്യമല്ല ഇത്. ഗവണ്‍മെന്റുകള്‍ക്കേ ഇത്തരം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാവു. എങ്കിലും, ആലപ്പുഴ, കൊച്ചീരൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ തീരസംരക്ഷണത്തിനായി സംഘടിതമായ പ്രതിരോധ നടപടികളും പ്രത്യക്ഷ പ്രക്ഷോഭണ പരിപാടികളും സത്വരമായി നടത്താന്‍ പോവുകയാണ്. ഇതിന്റെ ഏകോപനത്തിനായി രണ്ടുരൂപതകളുടെയും ആഭിമുഖ്യത്തില്‍ ചെല്ലാനത്ത് ഒരു സെന്‍ട്രല്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങുകയാണെന്ന് അറിയിക്കുന്നു.
ഒരു അനങ്ങാപ്പാറയും ഒരു അപ്രതിരോധ്യ ശക്തിയും ഏറ്റുമുട്ടിയാല്‍ എന്തുണ്ടാകും- തത്വശാസ്ത്രക്ലാസ്സിലെ ഒരു പ്രഹേളികയാണിത്. പക്ഷേ, കാറ്റിനെയും കടലിനെയും മെരുക്കാനറിയുന്ന, കടലറിവും നാട്ടറിവും ഉള്ളവരാണ് ഞങ്ങള്‍. ഒരനങ്ങാപ്പാറയും ഞങ്ങള്‍ക്ക് പ്രശ്നമല്ല. തീരം ഞങ്ങളുടേതാകാനും ഞങ്ങള്‍ക്കാകാനും ഞങ്ങള്‍ പ്രവര്‍ത്തിക്കാനിറങ്ങുന്നു. ആരാണ് അനങ്ങാപ്പാറയായി മുന്നില്‍ നില്ക്കുന്നത്? അനക്കത്തിനെതിരേ അടവച്ചിരിക്കുന്നതാര്? ഞങ്ങള്‍ക്കറിയണം ആര്‍ക്കെങ്കിലുമെതിരേയുള്ള ഭീഷണിയല്ല ഇത്. ജീവിക്കാന്‍ വേണ്ടിയുള്ള ശ്രമം മാത്രം. കാരണം,

ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു!  ഞങ്ങളെ ശ്വാസംമുട്ടിക്കുന്നു!

അന്തരീക്ഷം മുഴുവന്‍ വിഷമയമായിരിക്കേ ശ്വസിക്കാനുള്ള സ്വാതന്ത്ര്യം മരിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് കേട്ടിട്ടില്ലേ? ഞങ്ങള്‍ക്കിതേവരെ നല്കപ്പെട്ടിട്ടുള്ള വാഗ്ദാനങ്ങളെല്ലാം കാര്‍ബണ്‍ഡയോക്സൈഡായി ഞങ്ങളെ പൊതിഞ്ഞു നില്ക്കുന്നു. ഇത്തിരി ഓക്സിജന്‍, ഇത്തിരി പ്രാണവായു ഞങ്ങള്‍ക്കും കൂടി തരുക.

വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍ക്കുന്ന ദിവസങ്ങളായിരുന്നു കടന്നു പോയത്. പ്രത്യേകിച്ച്, പുനലൂര്‍ രാജന്റെ വിയോഗത്തെത്തുടര്‍ന്നുള്ള നാളുകള്‍. ഓര്‍മ്മപതര്‍ച്ചയുടെ ഒരു വേളയില്‍ ഒരു കഠാര ഉയര്‍ത്തിപ്പിടിച്ച് വൈക്കം മുഹമ്മദ് ബഷീറ് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ്: ‘ചിലപ്പോള്‍ അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും’. ബഷീറിനെ ശാന്തമാക്കാനായി അടുത്തേയ്ക്കു വരുന്ന എം. ടി യോട് സ്നേഹം ഉറവുപൊട്ടിയ ബഷീറ് പറഞ്ഞു: ‘വാസു, എന്നെ തൊടരുത്! ഞാന്‍ എന്തെങ്കിലും ചെയ്തു പോകും’. ഇത് പഴയ കഥ. വാഗ്ദാനങ്ങളുമായിമാത്രം വരുന്നവരോട് ശ്വാസം മുട്ടുന്ന ഞങ്ങളില്‍ പലര്‍ക്കും മേല്‍പ്പറഞ്ഞതു തന്നെ പറയാന്‍ തോന്നിയെന്നിരിക്കും

ഞാന്‍ നിരാശനല്ല. മനസ്സിനും കാലിനും ചലനശേഷിയുള്ളിടത്തോളം കാലം പാതകളുണ്ടാവും ഒരു പുതിയ പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ പാദങ്ങള്‍ക്കു വിളക്കായി, പാതയില്‍ പ്രകാശമായി കൂടെ നില്ക്കുമോ? ഓര്‍ക്കുക! ഞങ്ങളുടെ ശ്വാസം നിലയ്ക്കുന്നതിനു പിന്നാലെ നിങ്ങളുടെ ശ്വാസവും നിലയ്ക്കും, തീര്‍ച്ച.


Related Articles

വയനാട്ടില്‍ നിന്നൊരു പ്രവാസി ശില്പി

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആലുവ സെന്റ് അഗസ്റ്റിന്‍ ആശ്രമത്തിലെ റെക്ടറുടെ ജന്മദിനം. ആഘോഷങ്ങള്‍ക്കിടയില്‍ മരത്തില്‍ കൊത്തിയെടുത്ത ഒരു ശില്പം – ക്രിസ്തു കുഞ്ഞാടിനെ തോളിലേന്തി നില്ക്കു ന്ന മനോഹരമായ

കര്‍ഷക സമരം; ചോദ്യചിഹ്നമായി ജനാധിപത്യം

ചരിത്രമെഴുതിയ കർഷക സമരത്തിന്റെ തീച്ചൂളയിൽ വെന്തുരുകുകയാണ് തലസ്ഥാന നഗിരി.  യുദ്ധസമാനമായ ഭരണകൂട ഭീകരതയെ വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് പ്രവഹിക്കുകയാണ്.  അതിർത്തികൾ അടച്ചും,

രാജ്യ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ്

രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് ഡൽഹി ആർച്ച്ബിഷപ്പ് റവ. ഡോ. അനിൽ കൂട്ടോ ഇടയലേഖനം പുറപ്പെടുവിച്ചു. ഡൽഹി രൂപതയിലെ എല്ലാ പള്ളികളിലും ദേവാലയങ്ങളിലും ഞായറാഴ്ച ദിവ്യബലി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*