ഞാനറിയുന്ന ബെനഡിക്റ്റ് പതിനാറാമന്‍

ഞാനറിയുന്ന ബെനഡിക്റ്റ് പതിനാറാമന്‍

വത്തിക്കാനിലെ മത്തേര്‍ എക്ളേസിയ സന്യാസിമഠത്തില്‍ വിശ്രമജീവിതം നയിക്കുന്ന പാപ്പാ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമനെ ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തീയതിയാണ് പിതാവിന്റെ ജീവചരിത്രകാരനും സുഹൃത്തുമായ പീറ്റര്‍ സീവാള്‍സ് സന്ദര്‍ശിക്കുന്നത്. പാപ്പായെ പറ്റി അവസാനം എഴുതിയ ഒരു ജീവചരിത്ര ഗ്രന്ഥത്തിന്റെ കോപ്പി നല്‍കുവാനായിരുന്നു ആ സന്ദര്‍ശനം. കഠിനമായ വേദനയുളവാക്കുന്ന വിസര്‍പ്പം (ഹേര്‍പ്പസ് സോസ്റ്റര്‍)എന്ന ചര്‍മരോഗം മുഖത്തു ബാധിച്ച പാപ്പായെയാണ് അദ്ദേഹം കണ്ടത്. പെട്ടെന്നുണ്ടായ ആ ചര്‍മരോഗം പാപ്പായെ ഏറെ തളര്‍ത്തിയിരുന്നു. ഈ വാര്‍ത്ത പീറ്റര്‍ സീവാള്‍ഡ് ജര്‍മന്‍പത്രമായ പാസ്സവര്‍ നൊയെ പ്രെസ്സേയ്ക്കു കൊടുത്തു. അങ്ങനെ, പാപ്പാക്ക് ഗുരുതരമായ രോഗമുണ്ടെന്നും തന്മൂലം പിതാവ് പരിക്ഷീണനാവുകയാണെന്നുമുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പടര്‍ന്നു. ഹേര്‍പ്പസ് സോസ്റ്റര്‍ എന്ന വിസര്‍പ്പരോഗം, ചെറുപ്പത്തിലുണ്ടാകുന്ന ചിക്കന്‍പോക്സ് എന്ന ചര്‍മരോഗത്തിന്റെ വൈറസ് വാര്‍ധക്യത്തില്‍   പ്രതിരോധശക്തി കുറയുന്ന അവസ്ഥയില്‍ വീണ്ടും സജീവമായി ത്വക്കില്‍ അതീവവേദനയുളവാക്കുന്ന വടുക്കളുണ്ടാക്കുന്ന അവസ്ഥയാണ്. ഇത് ഏതാനും ആഴ്ചകള്‍ കൊണ്ട് സുഖപ്പെടുകയും ചെയ്യും.

അങ്ങനെ ആ രോഗാവസ്ഥയില്‍ നിന്നു പാപ്പാ സുഖപ്പെട്ടുവരുകയാണെന്നും പിതാവിന്റെ ആരോഗ്യസ്ഥിതി വാര്‍ധക്യസഹജമായ ബലഹീനതകള്‍ക്കതീതമായി പ്രത്യേകിച്ച് ഭയപ്പെടാനുള്ള ഒന്നുമില്ലെന്നും പിന്നീട് ബെനഡിക്റ്റ് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ച്ച്ബിഷപ് ഗെയോര്‍ഗ് ഗേന്‍ഷൈ്വന്‍ പത്രങ്ങളോട് പറഞ്ഞു. എന്നാല്‍ ഇഹലോകത്തെ തന്റെ അന്ത്യദിനങ്ങള്‍ അടുക്കുകയാണെന്ന് പാപ്പാ ബോധവാനാണെന്നും, അതിനായി പിതാവ് തയ്യാറെടുപ്പുകള്‍ നടത്തുന്നതായും ആര്‍ച്ച്ബിഷപ് ഗേന്‍ഷൈ്വന്‍ വെളിപ്പെടുത്തി. തന്നെ അടക്കേണ്ടത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്റെ പഴയ കല്ലറയിലായിരിക്കണമെന്ന് പാപ്പാ എഴുതിവച്ചു. വിശുദ്ധനായ ശേഷം ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭൗതികശരീരം ബസിലിക്കയുടെ മുകള്‍ ഭാഗത്തേക്ക് മാറ്റപ്പെടുകയുണ്ടായി. മരണശേഷം പ്രസിദ്ധീകരിക്കാനായി തന്റെ ആത്മീയമരണപത്രം പിതാവ് എഴുതിക്കഴിഞ്ഞുവെന്ന് ആര്‍ച്ച്ബിഷപ് ഗേന്‍ഷൈ്വന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 18-ാം തീയതിയാണ് മരണാസന്നനായ ജ്യേഷ്ഠസഹോദരന്‍ മോണ്‍സിഞ്ഞോര്‍ ഗെയോര്‍ഗ് റാറ്റ്സിങ്ങറെ സന്ദര്‍ശിക്കുവാനായി പാപ്പാ ജര്‍മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ പോയത്. ഒരുമിച്ചു പ്രാര്‍ഥിച്ചും കുര്‍ബാന ചൊല്ലിയും പഴയകാര്യങ്ങള്‍ അയവിറക്കിയും അഞ്ചു ദിവസങ്ങള്‍ പാപ്പാ തന്റെ ഏറെ പ്രിയപ്പെട്ട സഹോദരനോടൊപ്പം റേഗന്‍സ്ബുര്‍ഗില്‍ ചെലവഴിച്ചു. 96 വയസുള്ള ജ്യേഷ്ഠസഹോദരനെ കാണുവാനായി 93 വയസുകാരനായ പാപ്പാ മ്യൂണിക്ക് വിമാനത്താവളത്തിലെത്തിയപ്പോള്‍ റേഗന്‍സ്ബുര്‍ഗ് ബിഷപ് റുഡോള്‍ഫ് ഹോല്‍ഡറും സംഘവും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് പാ
പ്പ റേഗന്‍സ്ബുര്‍ഗ് കത്തീഡ്രലിനടുത്ത് താമസിക്കുന്ന അന്ധനും മരണാസന്നനുമായ ജ്യേഷ്ഠസഹോദരന്റെ വസതിയിലെത്തുന്നത്. ജ്യേഷ്ഠനുമായുള്ള അവസാന കൂടിക്കാഴ്ചയായിട്ടാണ് പരിശുദ്ധ പിതാവ് ജന്മനാട്ടിലേക്കുള്ള ആ യാത്രയെ വിശേഷിപ്പിച്ചത്.
രണ്ടു റാറ്റ്സിങ്ങര്‍ സഹോദരന്മാരും ഇരട്ടകളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. രൂപത്തിലും ഭാവത്തിലും നടപ്പിനും എല്ലാം ഏതാണ്ടൊരുപോലെ തന്നെ. മൂന്നു വയസിനു വ്യത്യാസമുണ്ടെങ്കിലും വൈദികപട്ടം സ്വീകരിച്ചത് ഒരുമിച്ച് ഒരേ ദിവസം, 1951 ജൂണ്‍ 29ന്. ജ്യേഷ്ഠന്‍ സംഗീതജ്ഞനും റേഗന്‍സ്ബുര്‍ഗ് കത്തീഡ്രലിലെ കപ്പേല്‍മൈസ്റ്ററുമായി (ഗായകസംഘമേധാവി), അനുജനാകട്ടെ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും. ബെനഡിക്റ്റ് പതിനാറാമനെ ജോസഫ് എന്ന പഴയപേരെടുത്തു വിളിച്ചിരുന്ന ഒരാള്‍ മാത്രമേ ഈ ഭൂമുഖത്തുണ്ടായിരുന്നുള്ളു. അത് ജ്യേഷ്ഠസഹോദരന്‍ മോണ്‍. ഗെയോര്‍ഗ് റാറ്റ്സിങ്ങര്‍. അനുപമമായ പാണ്ഡിത്യവും ഋഷിതുല്യമായ സപര്യയും കൊണ്ട് വിശുദ്ധനായ പാപ്പ ജ്യേഷ്ഠന്റെ ജോസഫ് എന്ന വിളിപ്പേര് സ്നേഹാദരങ്ങളോടെ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. ബാല്യം മുതല്‍ തന്റെ ജീവിതത്തിന്റെ എല്ലാതുറകളിലും വഴികാട്ടിയായി നിലകൊണ്ട പിതൃതുല്യനായ ജ്യേഷ്ഠന്റെ ആ സംബോധന ഒരു പക്ഷേ, പാപ്പ എമിരിറ്റസിന്റെ മനസില്‍ നീണ്ട ഭൂതകാലത്തിന്റെ ഓര്‍മക്കുറികള്‍ കോറിയിടുന്നുണ്ടാവും. മ്യൂണിക്കിനടുത്തുള്ള ഫ്രൈസിങ്ങ് സെമിനാരിയിലെ പഠനകാലത്തു സഹപാഠികള്‍ പിതാവിനെ വിളിച്ചിരുന്നത് സെപ്പ് എന്നാണ്. ബവേറിയയില്‍ ജോസഫ് എന്ന നാമത്തിന്റെ സംക്ഷേപമാണ് സെപ്പ്.

തന്റെ ജന്മനാട്ടില്‍ ചെലവഴിച്ച അവസാനനാളുകളായിട്ടാണ് മരണക്കിടക്കയിലെ സഹോദരനെ സന്ദര്‍ശിച്ച അഞ്ചു ദിവസങ്ങളെ പാപ്പാ എമിരിറ്റസ് വിശേഷിപ്പിച്ചത്. ജൂണ്‍ 20ന് തന്റെ മാതാപിതാക്കളുടെയും സഹോദരി മരിയയുടെയും ശവകൂടീരങ്ങള്‍ സീഗെറ്റ്സ്ഡോര്‍ഫിലെ പള്ളിസെമിത്തേരിയില്‍ പാപ്പ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു. അതിനുശേഷം പെന്റ്ലിങ്ങിലെ സ്വവസതി സന്ദര്‍ശിച്ചു. 1970 മുതല്‍ 1977 വരെ മൂന്നു റാറ്റ്സിങ്ങര്‍ സഹോദരങ്ങള്‍ (മരിയ, ജോര്‍ജ്, ജോസഫ്) ഒരുമിച്ചു താമസിച്ച വീടാണത്. ഇപ്പോള്‍ പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി നാമകരണം ചെയ്തിരിക്കുന്നു. അത് പിന്നീട് പിതാവിന്റെ മ്യൂസിയവും സ്റ്റഡിസെന്ററുമായി. ജൂണ്‍ 22ന് ആണ് പാപ്പാ എമിരിറ്റസ് മരണക്കിടക്കയില്‍ കിടന്ന ജ്യേഷ്ഠനോട് യാത്ര പറഞ്ഞ് വത്തിക്കാനിലേക്ക് മടങ്ങിയത്. പിന്നീട് ദു:ഖാര്‍ത്തനായി മത്തേര്‍ എക്ളേസിയ സന്യാസി മഠത്തില്‍ ദിനങ്ങള്‍ തള്ളി നീക്കിയ പാപ്പാ എമിരിറ്റസിനെ ഏറെ തളര്‍ത്തിയത് ജ്യേഷ്ഠ സഹോദരന്‍ ജൂലൈ ഒന്നിന് മരണപ്പെട്ടു എന്ന വാര്‍ത്തയാണ്.

തന്നെ പ്രതിനിധാനം ചെയ്ത് മൃതസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിശ്വസ്ത സുഹൃത്തും സെക്രട്ടറിയുമായ ആര്‍ച്ച്ബിഷപ് ഗെയോര്‍ഗ് ഗേന്‍ഷൈ്വനെ ഏര്‍പ്പെടുത്തി. സ്വന്തം കൈപ്പടയിലെഴുതിയ പിതാവിന്റെ അനുശോചന കത്ത് ആര്‍ച്ച്ബിഷപ് സംസ്‌കാര കര്‍മങ്ങള്‍ക്കിടയില്‍ വായിച്ചു. ഇരട്ടസഹോദരങ്ങളെപ്പോലെ കഴിഞ്ഞ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്റെ വേര്‍പാടില്‍ അഗാധദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം താമസിയാതെ പറുദീസയില്‍ ഒന്നിച്ചു കാണുമെന്നും പിതാവ് എഴുതി. പാപ്പ എമിരിറ്റസിന്റെ കത്ത് കത്തീഡ്രലില്‍ വായിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത്ര അഗാധമായിരുന്നു റാറ്റ്സിങ്ങര്‍ സഹോദരങ്ങളുടെ ഇണപിരിയാത്ത ബന്ധം. മോണ്‍സിഞ്ഞോര്‍ ഗേയോര്‍ഗ് റാറ്റ്സിങ്ങളുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഈ കൊച്ചു കേരളത്തില്‍ എളിയവനായ എന്റെ മനസ് വിങ്ങിപ്പൊട്ടി. ജ്യേഷ്ഠന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തനായ പാപ്പ എമിരിറ്റസിനെപ്പറ്റി ഓര്‍ത്തപ്പോഴും ദു:ഖം നിയന്ത്രിക്കാനാവാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതേ റാറ്റ്സിങ്ങര്‍ സഹോദരങ്ങളെ 1974 മുതല്‍ വളരെ അടുത്തറിയാവുന്ന ഒരാളാണ് ഞാന്‍. അന്ന് ഞാന്‍ മ്യൂണിക്കിലെ ലുഡ്വിഗ്-മാക്സിമിലിയന്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. (തുടരും)

 


Related Articles

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ജീവനക്കാരുടെ

അമ്മൂമ്മയ്ക്കു പുതുജീവനേകി പേരക്കുട്ടി

പുന്നപ്ര: വള്ളം മുങ്ങി ജീവന്‍ അപകടത്തിലായപ്പോള്‍ സ്വയം രക്ഷപ്പെടാനല്ല റോജിന്‍ ശ്രമിച്ചത്. ജീവിതത്തിലേക്ക് തന്റെ അമ്മൂമ്മയെക്കൂടി കൈപിടിച്ച് നീന്തിച്ചു ആ പതിനൊന്നുകാരന്‍. കരിച്ചിറ വാളേക്കാട് വീട്ടില്‍ വി.ജെ

സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുമ്പോള്‍

  പത്തൊമ്പത് മാസം വീട്ടില്‍ അടച്ചിട്ട കുട്ടികള്‍ നവംബര്‍ ആദ്യം കേരളപിറവി ദിനത്തില്‍ സ്‌കൂളില്‍ ഒത്തുചേരാമെന്ന സന്തോഷത്തിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*