ടോം ക്രൂയിസ് കൊറോണ രഹിത ഗ്രാമം നിര്‍മിക്കുന്നു

മിഷന് ഇംപോസിബിള്‍ സിനിമയുടെ ഏഴാം ഭാഗം ചിത്രീകരിക്കുന്നതിനായി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കായി കൊറോണ വൈറസ് രഹിത ഗ്രാമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസ്. ഇത്തരമൊരു സ്ഥലമുണ്ടായാല്‍ ഷൂട്ടിംഗ് എളുപ്പമായിരിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്ഡ്ഷെറില് ഇത്തരമൊരു സ്ഥലം അദ്ദേഹം കണ്ടുവച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമത്തിനു തൊട്ടടുത്തുതന്നെ താരങ്ങളും താമസിക്കും. ചിത്രത്തിന്റെ നിര്‍മാതാവും നായകനുമാണ് ടോം ക്രൂയിസ്.
ഷൂട്ടിംഗിന് ഉതകുംവിതത്തില് കാര്യങ്ങള്‍ ഉടനെ സാധാരണഗതിയിലാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. ചിത്രത്തിന്റെ നിര്‍മാണം വളരെയധികം താമസിക്കുകയും ചെയ്തു. ഷൂട്ടിംഗ് പുനരാരംഭിക്കണമെങ്കില്‍ ഇത്തരത്തിലുള്ള ചില നീക്കങ്ങള്‍ അനിവാര്യമാണെന്ന് ടോം ക്രൂയിസിന് ബോധ്യപ്പെടുകയായിരുന്നു. ഹോട്ടലുകളില്‍ താമസിക്കുന്നത് തീരെ സുരക്ഷിതമല്ല. 2021 ജൂലൈ 23ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സിനിമയായിരുന്നു മിഷന് ഇംപോസിബിള്‍ 7. എന്നാല്‍ മഹാമാരി പടര്‍ന്നുപിടിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി. വെനീസില്‍ നിന്ന് ഷൂട്ടിംഗ് ഇംഗ്ലണ്ടിലേക്കു മാറ്റി. അടുത്ത സെപ്റ്റംബറില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. 2021 ഏപ്രില്‍-മേയ് മാസത്തോടെ ചിത്രം പൂര്‍ത്തിയാക്കാനാകുമെന്നും കരുതുന്നു.