Breaking News

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ നയതന്ത്രപ്രധാനമാണെന്ന് ശുഭാപ്തിവിശ്വാസികള്‍പോലും കരുതുന്നില്ല. ശക്തമായ ഒരു വ്യാപാരക്കരാറെങ്കിലും ഈ സന്ദര്‍ശനത്തിനിടയില്‍ ഉണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപിന്റെ വരവിനാല്‍ കരാറുകളില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്‍കാല വാര്‍ത്തകളെ ബലപ്പെടുത്തി. ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ തുടങ്ങിയ ഇംപീച്ച്‌മെന്റ് നടപടികളില്‍നിന്ന് മുക്തനാകാന്‍ ഈ മാസമാദ്യം ട്രംപിന് സാധിച്ചിരുന്നു. ഇംപീച്ച് നടപടികളില്‍നിന്ന് പുറത്തുവന്ന ട്രംപിന്റെ ഔദ്യോഗികമായ ആദ്യവിദേശ സന്ദര്‍ശനമാണ് ഇന്ത്യയിലേതെന്ന പ്രത്യേകതയ്ക്ക് ഇന്ത്യയുടെ വിദേശ നയത്തിന്റെ വിജയമാണിതെന്ന കാര്യത്തില്‍ അഭിമാനിക്കാമെന്നു മാത്രം. ഈ സന്ദര്‍ശനത്തിലൂടെ ഇന്ത്യ-യുഎസ് ബന്ധം എത്രമാത്രം മെച്ചപ്പെടുമെന്നറിയുന്നതിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഇരുനേതാക്കളുടെയും രാഷ്ട്രീയഗ്രാഫ് ഉര്‍ത്തിപ്പിടിക്കാന്‍ ഈ സന്ദര്‍ശനത്തിന് കഴിയുന്നുണ്ട് എന്നത് തര്‍ക്കമറ്റ കാര്യം തന്നെ. 2019 സെപ്തംബറില്‍ ടെക്‌സാസിലെ ഹൂസ്റ്റണില്‍ അരങ്ങേറിയ ‘ഹൗഡിമോഡി’ പരിപാടിയുടെ നന്ദി പ്രകടനമായി അഹമ്മദാബാദ് ഷോയെ ആരെങ്കിലും കാണുകയാണെങ്കില്‍ അത് അടിസ്ഥാനരഹിതമല്ലെന്ന് പറയേണ്ടിവരും. സ്വയം പുകഴ്ത്തുന്ന കാര്യത്തിലും ഒട്ടു പിന്നോട്ടുപോകാത്ത രണ്ടു നേതാക്കളുടെയും കൂടിക്കാഴ്ചകൊണ്ട് ഈ നാടിന് എന്തെങ്കിലും നേട്ടം കൈവരിക്കാന്‍ സാധിക്കുമോ?

ഇന്തോ-അമേരിക്കന്‍ വാണിജ്യക്കരാറുകളുടെ ചരിത്രം നോക്കിയാല്‍, 1999-2018 വര്‍ഷക്കാലയളവില്‍, ചരക്ക് സേവന വ്യാപാരരംഗത്ത് ഇന്ത്യയുടെ സ്ഥിതി മെച്ചപ്പെടുന്നതു കാണാനാകും. ഇതിനര്‍ഥം അമേരിക്കയുടെ നയങ്ങളെച്ചൊല്ലി ഇന്ത്യ തര്‍ക്കിച്ചിട്ടില്ലായെന്നോ, പിന്‍മാറിയിട്ടില്ലായെന്നോ ഒന്നുമല്ല. പൊതുവേ നോക്കുമ്പോള്‍ 16 ബില്ല്യന്‍ യുഎസ് ഡോളര്‍ വ്യാപാരത്തില്‍നിന്ന് 142 ബില്ല്യന്‍ യുഎസ് ഡോളറിലേക്കുള്ള കുതിച്ചുകയറ്റം അത്ര നിസാരമല്ല. വിദേശനിക്ഷേപങ്ങളുടെ കാര്യത്തിലും ഇറക്കുമതി ചുങ്കം ചുമത്തുന്ന കാര്യങ്ങളിലും രാഷ്ട്രതാല്പര്യങ്ങളെ മുന്‍നിര്‍ത്തി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്റെ സൂചനയാണ്. ബൗദ്ധികസ്വത്തവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ കാര്യത്തിലും മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിക്കാര്യത്തിലും ഡിജിറ്റല്‍ ഇക്കോണമിയുടെ വ്യാപനകാര്യത്തിലും തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മോദി-ട്രംപ് കൂടിക്കാഴ്ചയുടെ പൊങ്ങച്ചങ്ങള്‍ക്കപ്പുറത്ത് ഇരുരാഷ്ട്രങ്ങളുടെയും മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങളിലൂന്നിയ പരസ്പര സഹകരണത്തില്‍ എന്തെങ്കിലും പുരോഗതി കൈവരിക്കാനാകുമോ എന്ന ചോദ്യമാണ്, ഈ കൂടിക്കാഴ്ചയെപ്പറ്റിയുള്ളതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. അതത് രാഷ്ട്രങ്ങളുടെ മുന്‍ഗണനാക്രമങ്ങളെയും വാണിജ്യതാല്പര്യങ്ങളെയും ഹനിക്കുന്ന കാര്യങ്ങളില്‍ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് സഹകരിച്ചു മുന്നേറാനായാല്‍ അതാണ് പ്രസക്തമായി വരിക.

US President Donald Trump and Prime Minister Narendra Modi


2018 മാര്‍ച്ചില്‍, ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത സ്റ്റീല്‍, അലൂമിനിയ ഉല്പന്നങ്ങളുടെമേല്‍ ചുമത്തിയ ‘ദേശസുരക്ഷാച്ചുങ്കം’ ഇന്ത്യയുടെ വ്യാപാര മേഖലയെ തളര്‍ത്തിയിരുന്നു. അതുപോലെ തന്നെ ഇന്ത്യയ്‌ക്കേറ്റ ആഘാതങ്ങളിലൊന്ന് യുഎസ് ജിഎസ്പി സിസ്റ്റത്തില്‍നിന്ന് (ജനലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്) ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് 2019 ജൂണില്‍ ട്രംപ് നടത്തിയ നീക്കമാണ്. ഇറക്കുമതിചെയ്യുന്ന ഉല്പന്നങ്ങളുടെമേല്‍ നികുതി ചുമത്തുന്ന കാര്യത്തില്‍ ഇളവ് നല്‍കുന്ന യുഎസിന്റെ സൗഹാര്‍ദ്ദപൂര്‍ണമായ സമീപനം ഇന്ത്യയ്ക്ക് നഷ്ടമായത് വലിയ തിരിച്ചടിയായി. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാരയുദ്ധം ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെയാണ് നോക്കിയത്. പരസ്പരം ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെമേല്‍ വലിയ നികുതികള്‍ ചുമത്തി നടത്തിയ വ്യാപാര യുദ്ധം അന്താരാഷ്ട്ര സഹകരണത്തിന്റെ വിട്ടുവീഴ്ചകള്‍ക്കുമേല്‍ വീണ കനത്ത പ്രഹരമായിരുന്നു. അതത് രാഷ്ട്രങ്ങളുടെ സ്വാഭിമാനവും സ്വയംഭരണാവകാശവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, അന്താരാഷ്ട്രതലത്തില്‍ സഹകരണമില്ലാതെ ആര്‍ക്കും മുന്നോട്ടു പോകാനാകില്ലെന്ന് ഈ സംഭവങ്ങളും തുടര്‍ന്നുവന്ന വിട്ടുവീഴ്ചാ നടപടികളും തെളിയിക്കുന്നു. ഓരോ രാഷ്ട്രത്തിന്റെയും താല്പര്യങ്ങള്‍ ഹനിക്കാതെ തന്നെ, പരസ്പര സഹകരണത്തിന്റെ മേഖലകള്‍ കണ്ടെത്തുകയെന്ന വലിയ ഉത്തരവാദിത്തത്തിലേയ്ക്ക് നീങ്ങാന്‍ രാഷ്ട്രത്തലവന്മാരെ സഹായിക്കുന്നതില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഫലപ്രദമാണ്. അപ്രവചനീയമായി പെരുമാറുന്ന ട്രംപിനെപ്പോലൊരു നേതാവില്‍നിന്ന് വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കാനാകില്ലെന്നും വിദേശനയത്തിന്റെ തന്ത്രപ്രധാനമായ വിജയമായി ഈ സന്ദര്‍ശനത്തെ ഇന്ത്യമാറ്റിയെടുക്കുന്നുണ്ട്.
സാമ്പത്തിക-സൈനിക മേഖലകളില്‍ ഏറ്റവും ശക്തമായി സ്വാധീനം ചെലുത്തുന്ന രാഷ്ട്രത്തിന്റെ മുന്നില്‍ മുട്ടുമടക്കാതെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് അതിന്റേതായ സഹകരണപാതകള്‍ തുറന്നുകിട്ടുകയാണെങ്കില്‍ അത് വലിയ നയതന്ത്ര നേട്ടമായിരിക്കും. പക്ഷേ അത് എളുപ്പത്തില്‍ നേടാവുന്നതല്ല. ഇന്ത്യയെ ‘വികസിത’ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് നടത്തിയ മലക്കംമറിച്ചിലുകള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പല ചര്‍ച്ചകളുടെയും മേഖലയില്‍ ഇന്ത്യയെടുക്കുന്ന നിലപാടുകള്‍ക്കുള്ള തിരിച്ചടികൂടിയാണ്. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും ആഗോളതാപനത്തെപ്പറ്റിയുമുള്ള ഉത്ക്കണ്ഠകള്‍ പങ്കിടുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മകളില്‍ വികസിത-വികസ്വര രാഷ്ട്രങ്ങളുടെ ദ്വന്ദ്വത്തെ നിര്‍ണയിച്ചുകൊണ്ടാണ് ഇന്ത്യ എപ്പോഴും ഇടപെട്ടിട്ടുള്ളത്. വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍ വികസ്വര-അവികസിത രാഷ്ട്രങ്ങള്‍ ഇനിയും മുന്നോട്ടു സഞ്ചരിച്ചെത്താനാകണമെങ്കില്‍, കാര്‍ബണ്‍ നിര്‍ഗമനം പോലുള്ള കാര്യങ്ങളില്‍, വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം അവരെയും ഉള്‍പ്പെടുത്തുന്നത്, ആഗോളതലത്തിലുള്ള അനീതിയാണെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടിയാണ്, അമേരിക്കയുടെ ഈ നീക്കം. എന്നിരിക്കിലും അമേരിക്കയെ അവഗണിച്ചുകൊണ്ട്, ഏഷ്യന്‍ ശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയ്ക്ക് അധികദൂരം മുന്നോട്ടുപോകാനുമാകില്ല. അമേരിക്കയുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ പുലര്‍ത്തിയിരുന്ന പല ബന്ധങ്ങളുടെയും സമവാക്യങ്ങള്‍ നമുക്ക് തിരുത്തേണ്ടിവന്നിട്ടുണ്ട്. അതില്‍ പലതിനും ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്. റഷ്യയും ഇറാനുമായി ഇന്ത്യ പുലര്‍ത്തിയിരുന്ന ഗാഢസൗഹൃദത്തില്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് വലിയ വിട്ടുവീഴ്ചകള്‍ ഇന്ത്യയ്ക്ക് ചെയ്യേണ്ടിവന്നുവെന്നത് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ്. നീതിനിഷേധിക്കപ്പെടുന്ന രാഷ്ട്രസമൂഹങ്ങള്‍ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ സ്വരമുയര്‍ത്തിയിരുന്ന ഇന്ത്യ ഇന്ന് നിശബ്ദമാണ്. പാലസ്തീനുമായുള്ള ഇന്ത്യയുടെ സൗഹൃദം, ഇസ്രായേലുമായുള്ള സൗഹൃദത്തിന് വിഘാതമാകാതെ തന്നെ കൊണ്ടുപോകാന്‍ ഇന്ത്യ എന്നും ശ്രദ്ധിച്ചിരുന്നു. ട്രംപ് മുന്നോട്ടുവച്ച പുതിയ പാലസ്തീന്‍-ഇസ്രായേല്‍ സമാധാനക്കരാര്‍ പാലസ്തീന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ഇന്ത്യയ്ക്ക് മിണ്ടാനാകാത്തവിധം, നമ്മുടെ ചേരിചേരാനയം തീര്‍ത്തും അപ്രത്യക്ഷമാകുകയും നമ്മുടെ ഭാഗമേതെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് തെളിവാകുകയും ചെയ്തിരിക്കുന്നു. അഫ്ഗാനിസ്ഥാനെ കുരുതിക്കളമാക്കുന്ന താലിബാനോട് സമാധാന ഉടമ്പടിയില്‍ ഒപ്പിട്ട് ട്രംപിന്റെ അമേരിക്ക പിന്‍മാറുമ്പോള്‍ മേഖല മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡവും അശാന്തമാകുകയാണ്. ട്രംപിന്റെ വരവില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായോ എന്നു വ്യക്തമല്ല. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ കുര്‍ദുകളുടെ വംശഹത്യ അരങ്ങേറിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെയും റഷ്യയുടെയും ജപ്പാന്റെയുമൊക്കെ വാണിജ്യ-സൈനിക താല്പര്യങ്ങള്‍ കൂടിപ്പിണയുന്ന മേഖലയില്‍, ഇന്ത്യയെപ്പോലൊരു രാഷ്ട്രത്തിന് നിലപാടെടുക്കാന്‍ പ്രയാസപ്പെടേണ്ടിവരുന്നുവെന്നത് ജനാധിപത്യത്തിനേല്ക്കുന്ന തിരിച്ചടിയാണ്. അന്താരാഷ്ട്ര സൗഹൃദങ്ങള്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ തടസമാകരുത്.


മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പല നിലപാടുകളും യുഎസ് ചോദ്യം ചെയ്യുന്നുണ്ട്. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കൂടുതലായി ഹനിക്കപ്പെട്ടു തുടങ്ങുന്നുവെന്ന യുഎസിന്റെ നിരീക്ഷണം വന്നയുടനെയാണ് ട്രംപ് ഇന്ത്യയിലെത്തിയത്. ഇത് പൊതുവായും സ്വകാര്യമായും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ വരവിനെ ആഘോഷമാക്കാന്‍വേണ്ടി ഒഴിപ്പിക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്ത ചേരിനിവാസികള്‍ ഇനിയും പഴയപടി തന്നെ തുടരും. മാത്രമല്ല, ഇത് ഇന്ത്യയില്‍ ആദ്യത്തെ സംഭവവുമല്ല. പാര്‍ട്ടികളും സര്‍ക്കാരുകളും മാറിമാറിവന്നാലും കോരന്റെ കഞ്ഞി കുമ്പിളില്‍ തന്നെ. എന്നാലും ട്രംപും മോദിയും കണ്ടുമുട്ടുമ്പോള്‍, അതും ഇന്ത്യയില്‍ വച്ചാകുമ്പോള്‍ രാഷ്ട്രത്തിനെന്തെങ്കിലും കാര്യമായി നേടിയെടുക്കാനാകുമോ എന്നു നമ്മള്‍ ഉറ്റുനോക്കുകയാണ്, ഒന്നും പറയാറായിട്ടില്ലെങ്കിലും!


Related Articles

പ്രവാസികള്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കണം: കെസിബിസി

കൊച്ചി: കൊവിഡ്-19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്ക്  ചികിത്സാസൗകര്യവും മറ്റു സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്ന് കെസിബിസി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെയും

അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍. ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ ഇന്ന് രാത്രിയോടെ പുറപ്പെടും. 1200 പേരെയാണ് ഈ ട്രെയിനില്‍ കൊണ്ടുപോകുന്നത്. പെരുമ്പാവൂര്‍,

മാധ്യമ കണ്ണുകൾ കണ്ടില്ല, നെടുംകുഴിയിൽ അപകടസ്ഥലത്ത് എം. വി. ഡി ഉണ്ടായിരുന്നു

കോട്ടയം: കോട്ടയം നെടുംകുഴിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തെ മോട്ടോർ വാഹന വകുപ്പ് അവഗണിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വ്യത്യസ്ത സിസി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*