ഡല്‍ഹി ദീദി യാത്രയായി

1998 മുതല്‍ 2013 വരെ പതിനഞ്ചുവര്‍ഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായിരുന്നു. ഡല്‍ഹിയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു വിജയിച്ചു. മെട്രോ റെയില്‍ പദ്ധതിയും മേല്പാലങ്ങളും അങ്ങനെ ക്രിയാത്മകമായ മാറ്റങ്ങള്‍ ഡല്‍ഹിയുടെ മുഖഛായ തന്നെ മാറ്റി.
ഡല്‍ഹി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി വെല്ലുവിളികളെ നേരിടേണ്ടതായിവന്നു. പ്രതിഷേധങ്ങളുമായി വന്നവരോട് തുറന്ന ചര്‍ച്ചയ്ക്ക് അവര്‍ വഴിയൊരുക്കി. നിങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് പരിഹരിക്കാം. ഒരു ഭരണാധികാരി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെന്ന് അവരെ കേള്‍ക്കാനും അവരിലൊരാളായി നിന്നുകൊണ്ട് പരിഹാരം കണ്ടെത്താനും ശ്രമിക്കുന്നത് ജനങ്ങള്‍ അത്ഭുതത്തോടെയാണ് സ്വീകരിച്ചത്. മികച്ച ഭരണാധികാരിയും നയതന്ത്രജ്ഞയുമായിരുന്ന ഷീല ദീക്ഷിത്. പുഞ്ചിരിക്കുന്ന മുഖത്തോടെ, കുലീനതയോടെ ഇടപെടുന്ന അവരുടെ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ സ്വീകരിച്ചു.
എന്നാല്‍ പ്രതിസന്ധികളും വെല്ലുവിളികളും അരോപണങ്ങളും അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഇച്ഛാശക്തികൊണ്ട് എല്ലാം നേരിട്ടു. പരാജയങ്ങളില്‍ പതറാതെ ഡല്‍ഹിക്കുവേണ്ടി നിലകൊണ്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ ഷീല ദീദിയെ സ്നേഹിച്ചു. ഷീല ദീക്ഷിത് രാഷ്ട്രീയത്തിനപ്പുറം ജനങ്ങള്‍ക്കുവേണ്ടി ജീവിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പില്‍ അഴിമതി ആരോപണങ്ങള്‍ അവരുടെ രാഷ്ട്രീയ ഭാവിയെ തകര്‍ത്തുകളഞ്ഞു ഒപ്പം ആം ആദ്മി പാര്‍ട്ടിയുടെ കനത്ത സ്വാധീനവും ദീദിയെ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും അകറ്റി.
ഷീല ദീക്ഷിത് പഞ്ചാബില്‍ ജനിച്ചു. ഉത്തര്പ്രദേശുകാരന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് വിനോദ് ദീക്ഷിത്തിന്റെ ഭാര്യയായി രാജ്യത്തിന്റെ തലസ്ഥാനത്ത്, ഡല്‍ഹിയില്‍ വികസന നായികയായി മാറി.
2014 മാര്‍ച്ചില്‍ കേരള ഗവര്‍ണറായി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചീഞ്ഞുനാറിയ രാഷ്ട്രീയ നാടകത്തിന് ഇരയാകാതെ രാജിവച്ചു. മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു ഷീല ദീക്ഷിത്.
ഗാന്ധി കുടുംബവുമായി അവസാനം വരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. 1984ല്‍ യുപിയിലെ കനൗജിന് നിന്നു ലോക്സഭയിലെത്തി. 1988ല്‍ രാജീവ്ഗാന്ധിയുടെ മന്ത്രിസഭയില്‍ അംഗമായി.
മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹറാവുമായിട്ട് അകല്‍ച്ചയിലായിരുന്നു. എന്നാല്‍ സോണിയ ഗാന്ധിയുമായി അടുപ്പത്തിലുമായിരുന്നു.
2013ല്‍ അരവിന്ദ് കേജരിവാളിനു മുന്നില്‍ അടിയറവു പറഞ്ഞു. ഭരണം നഷ്ടമായി. പിന്നീട് പരാജയങ്ങളുടെ പരമ്പരയായിരുന്നു. 2017 ല്‍ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി. സ്ഥിതിഗതികള്‍ അനുകൂലമായിരുന്നു; ഡല്‍ഹി പിസിസി പ്രസിഡന്റായി വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മത്സരിച്ചു പരാജയപ്പെട്ടു.
ഡല്‍ഹിയുടെ ദീദിയുടെ അവസാനത്തെ യാത്ര, വിലാപയാത്ര കനത്തമഴയിലും കാറ്റിലുമായിരുന്നു. ആയിരങ്ങള്‍ കണ്ണീരോടെ പങ്കെടുത്തു. നിഗംബോധ്ഘാട്ട് ശ്മശാനത്തില്‍ ആ ശരീരം മറഞ്ഞു. നിസാമുദീന്‍ വീട്ടിലെ വിളക്കണഞ്ഞു. ഡല്‍ഹിയില്‍ നിറഞ്ഞു ജീവിച്ച ഷീല ദീദിയെ യമുനാ തീരത്ത് കൊണ്ടുവന്നു. നിഗംബോധ്ഘാട്ട് ശ്മശാനം അവര്‍ ആരംഭിച്ച സിഎന്‍ജി ശ്മശാനമാണ്.
അപ്രിയ സത്യങ്ങള്‍ക്കുമുന്നില്‍ മൗനം പാലിച്ചും ഡല്‍ഹിയെ സ്വപ്നനഗരമായി കണ്ടുകൊണ്ടും അവര്‍ ആത്മകഥയെഴുതി: സിറ്റിസണ്‍ ഡല്‍ഹി-മൈ ടൈംസ്, മൈ ലൈഫ്.അതേ ഞാന്‍ ഇന്ത്യയിലെ ഡല്ഹിക്കാരിയാണ്; എന്റെ സമയം എന്റെ ജീവിതം സമര്‍പ്പിക്കുന്നത് ഡല്ഹിക്കുവേണ്ടിയായിരുന്നു.
ഷീല ദീക്ഷിത് ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റടുക്കുമ്പോള്‍ നിറം മങ്ങിയ സംസ്ഥാനമായിരുന്നു. മെട്രോ റെയില്‍ വന്നു. അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റി. അന്തരീക്ഷ മലിനീകരണം പരിഹരിക്കാനാവാത്ത പ്രശ്നമായിരുന്നു. ഒരു പരിധിവരെ അതു പരിഹരിക്കാന്‍ ദീദിക്ക് കഴിഞ്ഞു. (ഇന്നും ഡല്‍ഹി നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഈ അന്തരീക്ഷ മലിനീകരണം തന്നെയാണ്.) സിഎന്‍ജി വൈദ്യുതമേഖലയിലെ ഭരണപരിഷ്ക്കാരങ്ങള്‍ ജലവിതരണം മാതൃകാപരമാക്കി. 15 വര്‍ഷത്തെ ഡല്‍ഹിയിലെ മാറ്റങ്ങള്‍ വികസനങ്ങള്‍, സ്തുത്യര്‍ഹങ്ങളാണ്.
48-ാമത്തെ വയസില്‍ അവര്‍ വിധവയായി. ഭര്‍ത്താവ് വിനീതിന്റെ മരണത്തോടെ പകച്ചുപോയ ഷീല ഫീനിക്സ് പക്ഷിയെപോലെ ഉയിര്‍ത്തെഴുന്നേറ്റു. ദൈവം 81 വയസുവരെ ആയുസുകൊടുത്തു. ആ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ യാത്ര തുടര്‍ന്നു. കനത്ത പരാജയങ്ങളും തകര്‍ച്ചകളും ആ ജീവിതത്തെ ഇല്ലാതാക്കിയില്ല. സ്നേഹിക്കാനൊരു ഹൃദയവും ആദര്‍ശ ശുദ്ധിയും വികസനത്തോടുള്ള താല്പര്യവും അവരെ രാജ്യത്തിന്റെ ദീദിയാക്കി മാറ്റി.
പരാജയങ്ങളില്‍ പതറാതെ മുന്നേറുവാന്‍ ദീദി നമുക്കൊരു വഴിവിളക്കാണ്. ഒരു കോണ്ഗ്രസുകാരിയായിട്ടല്ല ദീദിയെ നാം കാണേണ്ടത്. ഇച്ഛാശക്തിയോടെ പടനയിച്ച ധീരനേതൃത്വം, കൂലീനത്വം നിറഞ്ഞ പെരുമാറ്റം, എല്ലാം അഭിമുഖികരിക്കാനുള്ള ചങ്കുറ്റം.
ഡല്‍ഹിയില്‍ ഷീല ദീദിക്ക് സ്മാരകങ്ങള്‍ ഉണ്ടാകില്ല. രാഷ്ട്രീയ സാഹചര്യവും അതുപോലെയാണ്. ഒരിക്കലെങ്കിലും ഡല്‍ഹിയില്‍ എത്തുമ്പോള്‍ അറിയപ്പെടാതെ ഷീല ദീദിയുടെ കയ്യൊപ്പ് പതിഞ്ഞ മെട്രോയും മറ്റുസൗകര്യങ്ങളും നാം തിരിച്ചറിയും വലിയ വാഗ്ദാനങ്ങള്‍ അവര്‍ തന്നില്ല. കുറെ നല്ല കാര്യങ്ങള്‍ ചെയ്തു. അവര്‍ നമുക്കു മുമ്പേ പറന്നുപോയി. ഒരു തൂവല്‍ മാത്രം ബാക്കിവച്ചു-സ്നേഹം.
Related
Related Articles
ശുഭപ്രതീക്ഷകളോടെ
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്ത്ര മേഖലയിലുള്ളവരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ചിന്തകരുമെല്ലാം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. പുനര്‍നിര്‍മിതിക്കാവശ്യമായ പണം പല
ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്
എറണാകുളം: എഡിന്‍ബറോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പിന് (എഫ്ആര്‍സിപി) ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി. നവംബര്‍ എട്ടിന് എഡിന്ബറോയില് നടക്കുന്ന ബിരുദദാനസമ്മേളനത്തില്‍വച്ച് ബഹുമതി
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍