ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം

by admin | November 11, 2021 11:46 am

ജെക്കോബി

കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കടലില്‍ നിന്നു പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ വില നിശ്ചയിക്കാനും ആദ്യവില്പന നടത്താനുമുള്ള മത്സ്യത്തൊഴിലാളിയുടെ അവകാശത്തില്‍ കൈകടത്താ
നും ലേല കമ്മിഷന്‍ എന്ന പേരില്‍ അടിസ്ഥാനവിലയുടെ അഞ്ചു ശതമാനം പിടിച്ചുപറിക്കാനുമുള്ള നിയമം നടപ്പാക്കാന്‍ എന്തു ബദ്ധപ്പാടാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടുന്നത്! കൊവിഡ്കാലത്തെ അടച്ചിടല്‍ തന്ത്രങ്ങള്‍ക്കും കടല്‍കയറ്റത്തിന്റെ ഒഴിയാ ഭീഷണിക്കും നടുവില്‍ തീരദേശമാകെ ഞെരുങ്ങുമ്പോഴാണ് 2020 സെപ്റ്റംബറില്‍ ”മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും വ്യവസ്ഥാപിതവും ശുചിത്വപൂര്‍ണവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം പാലിക്കുന്നതിനുമായി” ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

സംസ്ഥാനത്തിന്റെ ഫിഷറീസ് നയത്തിനു വിരുദ്ധമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു വ്യാജ അമേരിക്കന്‍ കമ്പനിയുമായി അതിനിഗൂഢമായ വിദേശനിക്ഷേപ ഉടമ്പടിയിലേര്‍പ്പെട്ടതിനെച്ചൊല്ലിയുള്ള തിരഞ്ഞെടുപ്പുരാഷ്ട്രീയ വിവാദച്ചുഴിയിലകപ്പെട്ടെങ്കിലും പൂര്‍വാധികം ശക്തിയോടെ തുടര്‍ഭരണം ഉറപ്പാക്കിയ പിണറായി സര്‍ക്കാര്‍ തീരമേഖലയിലെ ജീവന്മരണപ്രശ്‌നങ്ങളില്‍ കുറെക്കൂടി ക്രിയാത്മകമായി ഇടപെടുമെന്ന തോന്നല്‍ ഉളവാക്കിയാണ് ടൗട്ടെ അതിതീവ്രചുഴലിക്കാറ്റിന്റെയും കടലേറ്റത്തിന്റെയും ആഘാതങ്ങളില്‍ പെട്ടവര്‍ക്കും മറ്റും ദുരിതാശ്വാസവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മന്ത്രിമാരുടെ ചെറുസംഘം കടലോരത്ത് ഓട്ടപ്രദക്ഷിണം നടത്തിയത്. മത്സ്യത്തൊഴിലാളി സമൂഹത്തെ കൂടുതല്‍ ഊറ്റിപ്പിഴിയാനുള്ള ജനദ്രോഹ നിയമനിര്‍മാണത്തിന് കോപ്പുകൂട്ടാനായിരുന്നു അതൊക്കെയെന്ന് നിയമസഭയില്‍ വ്യക്തമായി.

മത്സ്യത്തൊഴിലാളികളെ തരകന്മാരുടെയും മറ്റ് ഇടത്തട്ടുകാരുടെയും ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കാനും ഉപഭോക്താക്കള്‍ക്കു ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള സമുദ്രവിഭവങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് 2021-ലെ പുതിയ മത്സ്യലേല വിപണന നിയമം കൊണ്ടുവന്നിരിക്കുന്നതത്രെ. സംസ്ഥാനത്തെ മത്സ്യമേഖലയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു വ്യവഹാരസമ്പ്രദായത്തിന്റെ ഭാഗമാണ് ഏതു പാതിരാത്രിയും പ്രതികൂല സാഹചര്യത്തിലും ജാമ്യമില്ലാത്ത അടിയന്തര സാമ്പത്തിക സഹായത്തിന് ആശ്രയിക്കാവുന്ന പ്രാദേശിക ‘സസ്റ്റെനന്‍സ്’ സംവിധാനം. ബാങ്കുകളിലോ സര്‍ക്കാര്‍ ഏജന്‍സികളിലോ സഹകരണപ്രസ്ഥാനങ്ങളിലോ നിന്ന് സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ ലഭിക്കാനുള്ള നൂലാമാലകള്‍ എന്തൊക്കെയാകും! തരകന്മാര്‍ ലേല കമ്മീഷന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ബോട്ടുകാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സ്വീകാര്യമായ, പരസ്പര ബോധ്യമുള്ള മാനദണ്ഡങ്ങളില്‍ നടത്തുന്ന ഇടപാടാണ്. അതിനു ബദലാകുമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷി നാമനിര്‍ദേശം ചെയ്യുന്ന ജനപ്രതിനിധികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും മേല്‍ക്കൈയുള്ള മാനേജ്‌മെന്റ് സമിതികളെ രംഗത്തിറക്കി അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സമുദ്രവിഭവങ്ങള്‍ ലേലം ചെയ്യാനും അതില്‍ അഞ്ചു ശതമാനം കമ്മീഷന്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാനുമുള്ള സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയും തന്ത്രപരമായ രാഷ്ട്രീയക്കളിയും?

സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള ഫിഷിങ് ഹാര്‍ബര്‍, ലാന്‍ഡിങ് സെന്റര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലല്ലാതെ മത്സ്യലേലം നടത്താന്‍ പാടില്ല, ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുള്ള യാനവും സഹിതം നിശ്ചിത ഹാര്‍ബറില്‍ നിന്നോ ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തില്‍ നിന്നോ മത്സ്യബന്ധനത്തിനു പോയി അവിടെത്തന്നെ തിരിച്ചെത്തണം, മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗം എന്നിവ രേഖപ്പെടുത്തിയ സാക്ഷ്യപത്രവും, ഓരോ ഇനം മത്സ്യത്തിന്റെയും ഗുണനിലവാരം നിര്‍ണിയിച്ചുകൊണ്ടുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ സാക്ഷ്യപത്രവുമില്ലാതെ മീന്‍ വില്പന നടത്തിയാല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ നേരിടുകയും കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ഏറ്റുവാങ്ങുകയും വേണമെന്നും മറ്റും വ്യവസ്ഥ ചെയ്യുന്ന നിയമം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം എത്രമേല്‍ സംഘര്‍ഷഭരിതമാക്കുമെന്ന് നമ്മുടെ രാഷ്ട്രീയ മേലാളന്മാര്‍ക്ക് ചിന്തിക്കാനാവില്ലേ? സാധാരണ കട്ടമരത്തിലോ പൊന്തിലോ ഡിങ്കി വള്ളത്തിലോ മുറിവള്ളത്തിലോ 9.9 എച്ച്പി എന്‍ജിന്‍ വച്ച ഇടത്തരം വള്ളത്തിലോ പോയി വലനീട്ടുകയോ കമ്പവലയിടുകയോ ചെയ്യുന്നവര്‍ക്കും വീശുവലയുമായി തീരത്തുനിന്ന് മീന്‍പിടിക്കുന്നവര്‍ക്കും, മത്സ്യവിപണനത്തിനു പോകുന്ന വനിതകള്‍ക്കും സാക്ഷ്യപത്രവും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമില്ലാതെ തങ്ങളുടെ തട്ടകത്തില്‍ പണിയെടുത്തു ജീവിക്കാന്‍ ഈ നിയമത്തില്‍ വകുപ്പുണ്ടോ?

ഏറ്റവും വിചിത്രം ‘ന്യായനിര്‍ണയ’ ഉദ്യോഗസ്ഥന്‍ ‘ഉത്തമബോധ്യത്തോടെ’ കൈക്കൊള്ളുന്ന ഒരു നടപടിയും നിയമപരമായോ ഔദ്യോഗികതലത്തിലോ ഒരുതരത്തിലും ചോദ്യം ചെയ്യാനാവില്ല എന്ന വ്യവസ്ഥയാണ്. ആരുടെ ലൈന്‍സും പിടിച്ചുവയ്ക്കാനും തടയാനും റദ്ദാക്കാനും ആരെയും കോടതികയറ്റാനും ഉത്തമബോധ്യമുണ്ടായാല്‍ മാത്രം മതി! ഇങ്ങനെ ഒരു നിയമം രൂപകല്പന ചെയ്യാന്‍ പിണറായിയുടെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കേ കഴിയൂ.

കേരളത്തിലെ ഒന്‍പതു തീരദേശ ജില്ലകളിലെ 222 കടലോര മത്സ്യഗ്രാമങ്ങളിലായി മത്സ്യവ്യവസായ മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന 11.33 ലക്ഷം മനുഷ്യരില്‍ 3.86 ലക്ഷം പേര്‍ നേരിട്ട് കടല്‍പ്പണിയില്‍ വ്യാപൃതരാണ്. യന്ത്രവത്കൃത ട്രോളറുകള്‍, ഔട്ട്‌ബോര്‍ഡ് – ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ തരം യാനങ്ങളും ഐസ് പ്ലാന്റ്, കോള്‍ഡ് ചെയിന്‍ സ്റ്റോറേജ്, സംസ്‌കരണ യൂണിറ്റുകള്‍, പരിവഹന വാഹനങ്ങള്‍, വിപണനകേന്ദ്രങ്ങള്‍ എന്നിവ അടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ മൂലധന നിക്ഷേപമുള്ള വ്യവസായമാണിത്. പ്രവര്‍ത്തന മൂലധനവും ഏതാണ്ട് അത്രത്തോളം വരും. മത്സ്യബന്ധനം, സംസ്‌കരണം, വിപണനം, കയറ്റുമതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മത്സ്യമേഖല കേരളത്തിലെ ഏറ്റവും വലിയ വ്യവസായമാണ്. 20,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന മേഖല. സംസ്ഥാനത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയില്‍, പ്രോട്ടീന്‍ ലഭ്യതയില്‍ വലിയ പങ്കുവഹിക്കുന്ന മേഖല. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുതല്‍മുടക്ക് നാമമാത്രമാണ്.

കൊവിഡിന്റെ സാമ്പത്തികത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന ഫിഷിങ് മേഖലയ്ക്ക് താങ്ങാനാവാത്ത ഭാരമാണ് ഇന്ധനവിലവര്‍ധന. കാലാവസ്ഥാവ്യതിയാനം മൂലം കേരളതീരത്ത് നെയ്യ് മത്തി അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കു പുറമെ ഇടതടവില്ലാതെ ആഞ്ഞടിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ മൂലവും ബോട്ടുകള്‍ക്ക് കടലില്‍ ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഡീസല്‍ വില ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്തെ 3,600 ട്രോളറുകളില്‍ 40 ശതമാനത്തോളവും ഹാര്‍ബറുകളില്‍ കെട്ടിയിട്ടിരിക്കയാണ്. ഒരു ട്രിപ്പിന് ചുരുങ്ങിയത് മൂന്നര മുതല്‍ നാലു ലക്ഷം രൂപ വരെ ഡീസലിനു വേണ്ടിവരുന്ന ബോട്ടുകള്‍ എന്തുറപ്പിലാണ് കടലില്‍ പോവുക! കേരളം ഒഴികെ മറ്റെല്ലാ തീരസംസ്ഥാനങ്ങളും മത്സ്യബന്ധനയാനങ്ങള്‍ക്ക് ഡീസലിനു നികുതി സബ്‌സിഡി നല്കുന്നുണ്ട്. ഗുജറാത്തില്‍ ലിറ്ററിന് 14 രൂപയാണ് സബ്‌സിഡി. കേരളത്തില്‍ മത്സ്യമേഖലയില്‍ ഡീസലിന് സബ്‌സിഡി ഒന്നുമില്ല, ലിറ്ററിന് 8.33 രൂപ ഹൈവേ വികസന സെസ് ഫിഷിങ് ബോട്ടുകാര്‍ കേന്ദ്രത്തിനു നല്കുകയും വേണം! മത്സ്യബന്ധന ഹാര്‍ബറുകളിലെ മത്സ്യഫെഡിന്റെ ബങ്കുകളില്‍ നിന്ന് രാത്രി ഇന്ധനമടിച്ച് കടലിലേക്കു പോകാന്‍ പദ്ധതിയിടുന്ന ട്രോളറുകള്‍ക്ക് ‘ഓഫിസ് ടൈം’ കഴിഞ്ഞാല്‍ ട്രിപ്പിനു ഡീസല്‍ കിട്ടിയെന്നുവരില്ല.

മാറിവരുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളില്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിഎച്ച്എഫ് റേഡിയോ, സാറ്റലൈറ്റ് ഫോണ്‍, നാവിക് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി തൊഴിലാളികളില്‍ നിന്ന് നിശ്ചിത വിഹിതം ഈടാക്കിയിട്ടും അവ ആരുടെയും കൈയില്‍ എത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പല ഹാര്‍ബറുകളിലും അപകടങ്ങള്‍ക്ക് ഇടയാക്കി ജീവന്‍ അപഹരിക്കുന്ന മണല്‍ത്തിട്ടകള്‍ നീക്കാനോ, ടൗട്ടെ ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിക്ഷോഭങ്ങളില്‍ തകര്‍ന്ന യാനങ്ങള്‍ക്കും ജീവനോപാധികള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭ്യമാക്കാനോ ഒരു താല്പര്യവും ആരും കാട്ടുന്നില്ല. ഈ മഹാമാരിക്കാലത്തും പ്രാഥമികാരോഗ്യകേന്ദ്ര സേവനം ലഭ്യമല്ലാത്ത 69 മത്സ്യഗ്രാമങ്ങള്‍ കേരളത്തിലുണ്ട്! മത്സ്യലേല കമ്മിഷനില്‍ മാത്രം കണ്ണുവയ്ക്കുന്നവര്‍, ഡീസലിന് കേന്ദ്രം 10 രൂപ കുറയ്ക്കുമ്പോള്‍ ”ആനുപാതികമായി സംസ്ഥാനത്തിന് 2.30 രൂപയുടെ നികുതി വിഹിതം കുറഞ്ഞിട്ടും അതു കൂട്ടേണ്ട” എന്ന ജനക്ഷേമ നയം പ്രഖ്യാപിച്ച് നികുതി ഇളവിന്റെ ഒരു ആനുകൂല്യവും ഇവിടെ നടപ്പാക്കില്ല (”ഇതു കേരളമാണ്!”) എന്ന ഉറച്ച നിലപാട് കടുപ്പിച്ചുകൊണ്ടിരിക്കയാണ്. അപ്പോഴും ജനങ്ങളെ ഒന്നടങ്കം കബളിപ്പിക്കുന്ന പിആര്‍ തന്ത്രത്തിന്റെ പാളിപ്പോയ ഒരു ക്യാപ്‌സൂള്‍ പോലെ പാര്‍ട്ടിയുടെ മുഖപത്രം ഒന്നാം പേജില്‍ മുഴുത്ത തലക്കെട്ട് നിരത്തുന്നു: ”കേരളവും കുറച്ചു!” എത്രകാലം ജനങ്ങളെ ഇങ്ങനെ വഞ്ചിക്കാനാവും ഒരു ജനപക്ഷ സര്‍ക്കാരിന്?

Click to join Jeevanaadam Whatsapp Group[1]

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2]

Endnotes:
  1. Click to join Jeevanaadam Whatsapp Group: https://chat.whatsapp.com/Ceh1a2WQ3Ns19NyoVkeZEs
  2. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/Ceh1a2WQ3Ns19NyoVkeZEs

Source URL: https://jeevanaadam.in/%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%92%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1/