ഡോണ്ട് ഗിവ് അപ്പ് കീപ് പുഷിങ്

ഡോണ്ട് ഗിവ് അപ്പ് കീപ് പുഷിങ്

ഒരു രാത്രി ക്രിസ്റ്റഫര്‍ ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്നു. മുറിയ്‌ക്കകമാകെ ഒരു പ്രകാശം. കണ്ണുതിരുമ്മി നോക്കുമ്പോള്‍ അതാ ചുവരില്‍ തൂക്കിയിരിക്കുന്ന കര്‍ത്താവിന്റെ ചിത്രത്തിന്‌ ജീവനുള്ളതുപോലെ. സത്യമോ മിഥ്യയോ? അതാ, കര്‍ത്താവ്‌ സംസാരിക്കുകയാണ്‌: “ക്രിസ്റ്റഫര്‍ നിന്നെ ഞാന്‍ ഒരു പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കുകയാണ്‌. നിന്റെ വീട്ടിലേക്കുള്ള വഴിയരികില്‍ കാണുന്ന വലിയ പാറ തള്ളുക.” ക്രിസ്റ്റഫര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പായി രൂപം നിശ്ചലമായി; ക്രമേണ പ്രകാശം അപ്രത്യക്ഷമായി.

ദിവസേന ബൈബിള്‍ വായിക്കുകയും പള്ളിയില്‍ പോവുകയും ചെയ്യുമായിരുന്ന ക്രിസ്റ്റഫറിന്‌ താന്‍ കണ്ടത്‌ വെറും സ്വപ്‌നമല്ല, അത്‌ കര്‍ത്താവിന്റെ തന്നെ പ്രത്യേക വെളിപാടാണെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. ഒരു വലിയ പാറക്കഷണം തന്റെ വീട്ടിലേക്കുള്ള വഴിയരികില്‍ കിടക്കുന്നത്‌ അയാള്‍ കുട്ടിക്കാലം തൊട്ടേ കാണുകയാണ്‌. അതു വലുതായതുകൊണ്ടും ആര്‍ക്കും പറയത്തക്ക ബുദ്ധിമുട്ട്‌ ഇല്ലാതിരുന്നതുകൊണ്ടും അത്ര ഗൗനിച്ചിരുന്നില്ല.

ക്രിസ്റ്റഫര്‍ രാവിലെ പള്ളിയില്‍ പോയിവന്നതിനുശേഷം കര്‍ത്താവ്‌ പറഞ്ഞതുപോലെ ആ പാറ തള്ളിനീക്കാന്‍ ശ്രമിച്ചു. ചിലരൊക്കെ അതു കണ്ടുചിരിച്ചു-ഇത്രയും വലിയ പാറ ഇയാള്‍ ഒറ്റയ്‌ക്ക്‌ എങ്ങനെ തള്ളിനീക്കാനാണ്‌? എന്തായാലും കൈകാലുകള്‍ കഴയ്‌ക്കുന്നതുവരെ അയാള്‍ അതു തള്ളി. അതുപോലെ തന്നെ വൈകുന്നേരം ജോലി കഴിഞ്ഞ്‌ വന്നതിനുശേഷം ആ പാറ തള്ളാന്‍ തുടങ്ങി. ദിവസങ്ങളും ആഴ്‌ചകളും കടന്നു പോയി. പാറ ഒരിഞ്ചുപോലും നീങ്ങിയില്ല. അത്‌ തള്ളി തള്ളി അയാളുടെ കൈകളും മുട്ടും ആദ്യദിവസങ്ങളില്‍ ഉരഞ്ഞു ചോരപൊടിയുമായിരുന്നു. എന്തിനീ പാഴ്‌വേല ചെയ്യുന്നുവെന്ന്‌ ഭാര്യയും വീട്ടുകാരും അയല്‍ക്കാരും ഒക്കെ ചോദിക്കാന്‍ തുടങ്ങി.

അവസാനം അയാള്‍ക്കു തന്നെ സംശയമായി. താന്‍ ഇത്‌ തള്ളുന്നതുകൊണ്ട്‌ വല്ല ഉപകാരമുണ്ടോ? പിശാച്‌ തന്ത്രപൂര്‍വം അയാളുടെ കാതില്‍ ഓതാന്‍ തുടങ്ങി: `എന്തിന്‌ നിങ്ങള്‍ ഇങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസ്യനാകണം? നിങ്ങള്‍ക്ക്‌ വെറുതെ തോന്നിയതായിരിക്കും- കര്‍ത്താവ്‌ ഈ പാറ തള്ളാന്‍ ആവശ്യപ്പെട്ടത്‌. ഇനി അഥവാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്ര കഠിനാദ്ധ്വാനം ഒന്നും ചെയ്യേണ്ട. തള്ളുന്നതുപോലെ ഭാവിച്ചാല്‍ മതി’.

പിശാചിന്റെ ആ പ്രലോഭനത്തോട്‌ അയാള്‍ക്കും യോജിക്കാന്‍ തോന്നി. പക്ഷേ, എന്തു കാര്യം ചെയ്യുമ്പോഴും പ്രാര്‍ത്ഥനയില്‍ ദൈവത്തിന്റെ ഹിതം ആരായുക അയാളുടെ പതിവായിരുന്നു. അതുകൊണ്ട്‌ അന്ന്‌ സന്ധ്യയ്‌ക്ക്‌ ധ്യാനത്തിലായിരിക്കുമ്പോള്‍ അയാള്‍ കര്‍ത്താവിനോട്‌ തന്നെ പറഞ്ഞു: “ഈശോയെ, അങ്ങ്‌ തന്നെയാണ്‌ എനിക്ക്‌ ഈ ദൗത്യം നല്‍കിയതെന്നാണ്‌ എന്റെ വിശ്വാസം. പക്ഷേ, ഇത്രയും നാളായിട്ട്‌ എനിക്ക്‌ അത്‌ ഒരിഞ്ചു പോലും അനക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ അത്‌ തള്ളിയിട്ട്‌ ഒരു പ്രയോജനവുമില്ല.”
അപ്പോള്‍ അന്ന്‌ കണ്ടതുപോലെ ഒരു പ്രകാശവലയം അയാള്‍ക്കുചുറ്റും പരന്നു. കര്‍ത്താവിന്റെ സ്വരം അയാള്‍ കേട്ടു: “ക്രിസ്റ്റഫര്‍, ഞാന്‍ നിന്നോട്‌ ആവശ്യപ്പെട്ടതു പ്രകാരം നീ ചെയ്‌തതില്‍ എനിക്ക്‌ ഒത്തിരി സന്തോഷമുണ്ട്‌. നീ എന്നെ അനുസരിക്കുന്നു. നിന്നോട്‌ ഞാന്‍ പാറ തള്ളാനാണ്‌ പറഞ്ഞത്‌. അല്ലാതെ, അത്‌ അവിടെ നിന്ന്‌ തള്ളിനീക്കാന്‍ ആവശ്യപ്പെട്ടില്ല. വെറുതെ അതു തള്ളിയതുകൊണ്ട്‌ വല്ല പ്രയോജനവുമുണ്ടോ എന്നാണല്ലോ നീ സംശയിക്കുന്നത്‌. നിന്റെ കൈകാലുകളിലേക്കു നോക്കുക. ആ മാംസപേശികള്‍ എത്ര ദൃഢമുള്ളവയാണിപ്പോള്‍. നിന്റെ ശരീരം മൊത്തം ഇപ്പോള്‍ ബലവത്താണ്‌. നിന്നെ ഏല്‍പിച്ച ജോലി നീ ചെയ്‌തു. അതിന്‌ തക്കപ്രതിഫലവും നിനക്ക്‌ ലഭിച്ചിരിക്കുന്നു. കല്ല്‌ മാറ്റുന്നതും മറ്റും എനിക്ക്‌ വിട്ടുതരിക. അനുസരണമാണ്‌ മകനേ ഏറ്റവും വലിയ അനുഗ്രഹങ്ങള്‍ക്ക്‌ നിദാനം. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.”

അതോടുകൂടി ക്രിസ്റ്റഫറിന്റെ സന്ദേഹമെല്ലാം മാറി. താന്‍ ഇത്രയും നാള്‍ അദ്ധ്വാനിച്ചത്‌ വൃഥാവിലായില്ല എന്ന തിരിച്ചറിവും ദൈവം പറഞ്ഞത്‌ താന്‍ അനുസരിച്ചല്ലോ എന്ന ആത്മസംതൃപ്‌തിയും അയാളെ ആനന്ദം കൊണ്ടു നിറച്ചു.
“ഡോണ്‍ട്‌ ഗിവ്‌ അപ്പ്‌-കീപ്പ്‌ പുഷിംഗ്‌” ഈ മന്ത്രമാണ്‌ നമ്മള്‍ ജീവിതത്തില്‍ എപ്പോഴും ഉരുവിടുന്നത്‌. ഉപേക്ഷിക്കാന്‍ എളുപ്പമാണ്‌. പക്ഷേ എന്തെങ്കിലും പ്രയോജനമുണ്ടാകണമെങ്കില്‍, ഫലം കായ്‌ക്കണമെങ്കില്‍ നിരാശപ്പെടാതെ പരിശ്രമിച്ചുകൊണ്ടിരിക്കണം.

നോമ്പുകാലത്തിന്റെ ആരംഭത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഇടയ്‌ക്കുവച്ച്‌ മുടങ്ങിപ്പോകുന്നതും പാലിക്കാതെ പോകുന്നതും ഇത്തരം ചില പ്രലോഭനങ്ങളുണ്ടാകുമ്പോഴാണ്‌. ഇങ്ങനെയൊക്കെ ചെയ്‌തിട്ട്‌ വല്ല ഫലമുണ്ടോ? നാല്‌പതു ദിവസം മാംസം വര്‍ജിച്ചതുകൊണ്ടോ പുകവലിയും മറ്റും നിര്‍ത്തിയതുകൊണ്ടോ വലിയ ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ചിലപ്പോള്‍ ആ ദിവസങ്ങളിലായിരിക്കും ചില ബര്‍ത്തഡേ പാര്‍ട്ടികളും സെന്റോഫുകളുമൊക്കെ വരുന്നത്‌. നല്ല രുചിസമൃദ്ധമായ വിഭവങ്ങള്‍ മേശപ്പുറത്ത്‌ നിരത്തിയിരിക്കുന്നത്‌ കാണുമ്പോള്‍, മറ്റുള്ളവര്‍ അത്‌ ആസ്വദിച്ചു കഴിക്കുന്നത്‌ കാണുമ്പോള്‍ ഞാന്‍ മാത്രം എന്തിന്‌ നോമ്പാണെന്നും ഉപവാസമാണെന്നുമൊക്കെ പറഞ്ഞ്‌ മാറിനില്‍ക്കുന്നത്‌ എന്ന ചിന്ത വല്ലാതെ അലട്ടും.

മറ്റുള്ളവര്‍ എന്തു ചെയ്യുന്നു, ചെയ്യാതിരിക്കുന്നു എന്നതു നോക്കിയല്ല ഞാന്‍ പെരുമാറേണ്ടത്‌. കര്‍ത്താവിന്റെ സ്വരം തിരിച്ചറിയാന്‍ സാധിച്ചാല്‍, അതനുസരിച്ച്‌ ജീവിക്കാന്‍ സാധിച്ചാല്‍ അവിടുന്ന്‌ പരീക്ഷകളെ വിജയിച്ചതുപോലെ നമുക്കും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ സാധിക്കും.

“കര്‍ത്താവേ, കര്‍ത്താവേ എന്ന്‌ എന്നോട്‌ വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാണ്‌ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക… എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.”

അടുത്ത ലക്കം
സോറി ഫാദര്‍,
നോമ്പുകാലത്ത്‌ ഞാന്‍
പുകവലിക്കാറില്ല


Related Articles

കുറവുകള്‍ മറന്ന് സ്‌നേഹിക്കാം: പെസഹാക്കാലം അഞ്ചാം ഞായർ

പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “കുറവുകള്‍ മറന്ന് സ്‌നേഹിക്കാം” (യോഹ 13:31-35) ഉയിര്‍പ്പു തിരുനാള്‍ മുതലിങ്ങോട്ട് ഈ പെസഹാക്കാലത്തിലെ ഞായറുകളിലെല്ലാം തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍

ശത്രുവില്‍ യേശുവിനെ കാണണം: ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍

ആണ്ടുവട്ടത്തിലെ ഏഴാം ഞായര്‍ ശത്രുവില്‍ യേശുവിനെ കാണണം. ഈശോ സമതലത്തിലേക്കു ഇറങ്ങിവന്ന് സുവിശേഷ ഭാഗങ്ങളും ദുരിതങ്ങളും അവിടെ കുടിയിരുന്ന ശിഷ്യന്മാരോടും വിവിധ സ്ഥലങ്ങളില്‍ നിന്നു വന്ന ജനങ്ങളോടും

പ്രാർത്ഥനയും അനുസരണയും: തപസ്സുകാലം രണ്ടാം ഞായർ

തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*