Breaking News

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു

ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു

ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 11ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം.
ഇതേസമയം തന്നെ ഡോ. ജയിംസ് ആനാപറമ്പിലിനെ ബിഷപ്പായി നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പായുടെ അപ്പോസ്തലിക വിളംബരം റോമിലും അതിന്റെ പകര്‍പ്പ് രൂപത ചാന്‍സലര്‍ ഫാ. സോണി സേവ്യര്‍ പനയ്ക്കല്‍ ആലപ്പുഴയിലും വായിച്ചു. രൂപത സ്ഥാപിതമായതിന്റെ 67-ാം വാര്‍ഷികദിനത്തിലായിരുന്നു പുതിയ ഇടയന്റെ പ്രഖ്യാപനമുണ്ടായത്. 13ന് വൈകീട്ട് അഞ്ചു മണിക്ക് ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ദിവ്യബലിയില്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. തോമസ് പനക്കല്‍, വിജയപുരം രൂപതാ വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
2018 ഫെബ്രുവരി 11നാണ് പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി (കോ അജുത്തോര്‍) ഡോ. ജയിംസ് ആനാപറമ്പില്‍ അഭിഷിക്തനായത്. 2014 മുതല്‍ 2016 വരെ ആലപ്പുഴ രൂപതയില്‍ വൈദികര്‍, സന്ന്യസ്തര്‍, വൈദികാര്‍ഥികള്‍ എന്നിവരുടെ ചുമതലയുള്ള വികാരി ജനറലായിരുന്നു.
കണ്ടക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയിലെ ആനാപറമ്പില്‍ റാഫേല്‍-ബ്രിജിത് ദമ്പതികളുടെ മകനായ മോണ്‍. ജയിംസ് റാഫേല്‍ 1962 മാര്‍ച്ച് ഏഴിനാണ് ജനിച്ചത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. 1977ല്‍ ആലപ്പുഴ സേക്രഡ് ഹാര്‍ട്ട് സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു.
1986 ഡിസംബര്‍ 17ന് ബിഷപ് ഡോ. പീറ്റര്‍ എം. ചേനപ്പറമ്പിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബാനിയ സര്‍വകലാശാലയില്‍നിന്നു ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍നിന്ന് യഹൂദ പഠനത്തില്‍ പോസ്റ്റ് ഡോക്ടറല്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.
പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് ചര്‍ച്ച്, ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ ചാപ്ലിന്‍ ആയി സേവനം ചെയ്തിട്ടുണ്ട്.
1998 മുതല്‍ 2009 വരെയും 2011-14 വരെയും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ (ബിബ്ലിക്കല്‍ തിയോളജി, ഹീബ്രു ഭാഷ എന്നീ വിഷയങ്ങളുടെ) അധ്യാപകനായിരുന്നു. 2009-11 കാലയളവില്‍ കര്‍മലഗിരി സെമിനാരി റെക്ടറായും സേവനം അനുഷ്ഠിച്ചു. വൊക്കേഷന്‍ സെന്റര്‍ ഓഫ് കേരളയുടെ രൂപതാ ഡയറക്ടറായും പ്രവര്‍ത്തിച്ചു.
കെസിഎസ്എല്‍, ടീച്ചേഴ്‌സ് ഗില്‍ഡ് എന്നിവയുടെ ഡയറക്ടര്‍ ആയിരുന്നു. മായിത്തറ തിരുഹൃദയ സെമിനാരിയില്‍ പ്രിഫെക്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1944 മേയ് 18നാണ് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ജനിച്ചത്. 1969 ഒക്ടോബര്‍ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഡിസംബര്‍ ഒന്‍പതിന് ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു. പുരോഹിതനായി 50 വര്‍ഷവും ബിഷപ്പായി 18 വര്‍ഷവും സേവനം ചെയ്തു.


Tags assigned to this article:
bishop james

Related Articles

വിവാദം കനത്തപ്പോള്‍ സ്പ്രിംഗ്ലറിന് ലോക്ക്

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന്റെ സൈറ്റിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യേണ്ടെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം.സര്‍ക്കാര്‍ സൈറ്റിലേക്ക് മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് തദ്ദേശ

ഈ വാരത്തിലെ മതബോധന ക്ളാസുകൾ

🔥🔥🔥🔥🔥🔥🔥🔥🔥🔥2-8-2020 Lesson 2Module 1 KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന

ഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി

റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്‌റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*