തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആഴത്തിലുള്ള വിശ്വാസവും ആപത്തിലാക്കുന്ന ചതിയും

തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ റിലീസ് ചെയ്തപ്പോള്‍ സമീപകാലത്ത് ഏറ്റവും പ്രതീക്ഷ ഉണര്‍ത്തിയ ദീപാവലി ബോളിവുഡ് സിനിമയായിരുന്നു. 300 കോടി ചിലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ ആദ്യദിവസത്തെ കളക്ഷന്‍ 50.75 കോടി രൂപ. ബോളിവുഡിന്റെ ഓപ്പണിംഗ് കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുക മാത്രമല്ല ആമിര്‍ഖാന്റെയും അമിതാഭ് ബച്ചന്റെയും ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ ലഭിച്ച സിനിമയുമായി അതു മാറി. പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ കുത്തനെ ഇടിഞ്ഞു. ചിത്രം പരാജയത്തിലേക്കു കൂപ്പുകൂത്തുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
1795ലാണ് സിനിമയ്ക്കാധാരമായ കഥ നടക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാട്ടുരാജ്യങ്ങളെ ഓരോന്നായി കീഴടക്കി ഇന്ത്യ മുഴുവന്‍ അവരുടെ കാല്ക്കീഴിലാക്കുന്നു. റോണത്പൂര് എന്ന നാട്ടുരാജ്യം കമ്പനി മേധാവിയായ ജോണ്‍ ക്ലൈവിന് (ബ്രിട്ടീഷ് നടന് ലോയ്ഡ് ഓവന്) കീഴടങ്ങുന്നില്ല. ക്ലൈവ് ചതിയിലൂടെ രാജാവിനെയും ബന്ധുക്കളെയും കൊലപ്പെടുത്തി രാജ്യം കൈക്കലാക്കുന്നു. സേനാനായകനായ ഖുദാഭക്ഷ് (അമിതാഭ് ബച്ചന്) രാജകുമാരിയായ സഫീറയുമായി (ഫാത്തിമ സന ഷേക്ക്) രക്ഷപ്പെടുന്നു. കടല്‍ക്കൊള്ളക്കാരായി മാറിയ അവര്‍ തങ്ങളുടെ രാജ്യം തിരികെ ലഭിക്കുന്ന സ്വപ്നങ്ങള്‍ കണ്ട് നാള് കഴിക്കുന്നു. മറ്റുള്ളവരിലുള്ള വിശ്വാസമാണ് തന്റെ ജീവിതമന്ത്രമായി ഖുദാഭക്ഷ് സ്വീകരിച്ചിരിക്കുന്നത്.
ഫിറംഗി മല്ല എന്ന ഒരു ചതിയനെയാണ് ആമിര്ഖാന് അവതരിപ്പിക്കുന്നത്. ആത്മാവിന്റെ ആഴങ്ങളിലോളം താന്‍ ചതിയനാണെന്നു തുറന്നു സമ്മതിക്കുന്ന ഒരുവന്. അയാള്‍ പണക്കാരെ പ്രലോഭിപ്പിച്ച് കള്ളന്മാരുടെ നടുവിലെത്തിക്കും. ഈ കള്ളന്മാരെ അധികൃതര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്യും. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഫിറംഗി ബ്രിട്ടീഷുകാരെ ആരാധിക്കുന്ന ഒരാളാണ്. എന്നെങ്കിലും അവരുടെ രാജ്യത്തിലേക്കു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുന്നയാള്‍. ഖുദാഭക്ഷിനെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ബ്രിട്ടീഷുകാര്‍ ഫിറംഗിയോട് ആവശ്യപ്പെടുന്നു. വലിയൊരു പ്രതിഫലത്തിനു സമ്മതിച്ച് ഫിറംഗി ദൗത്യമേറ്റെടുക്കുന്നു. ഖുദാഭക്ഷിന്റെ കപ്പലില്‍ എത്തിച്ചേര്‍ന്ന ഫിറംഗി അദ്ദേഹത്തെ തന്റെ ഗുരുവായി സ്വീകരിക്കുന്നു. ഗുരുവിനെ ഒടുവില്‍ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുക്കുകയും ചെയ്യുന്നു.
പുതുമയില്ലാത്ത കഥയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ പ്രധാന പരാജയകാരണമായി കണക്കാക്കേണ്ടത്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ പോരാട്ടത്തില്‍ തോല്‍പ്പിക്കുന്ന കഥ എല്ലാ ഇന്ത്യക്കാരും ഇഷ്ടപ്പെടുമല്ലോ – സത്യത്തില്‍ നടക്കാത്തതാണെങ്കിലും. ബ്രിട്ടീഷുകാരെയും അവരുടെ നാട്ടുപട്ടാളത്തെയും ഇന്ത്യയിലെ സാധാരണക്കാര്‍ കൂട്ടക്കൊല ചെയ്യുന്നത് ചരിത്രബോധമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ നമുക്ക് രോമാഞ്ചമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴത് സാധ്യമായെന്നു വരില്ല.
അമിതാഭ് ബച്ചന് തന്റെ സിനിമാ ജീവിതകാലത്ത് ഇത്തരം നിരവധി കഥാപാത്രങ്ങളെ ചെയ്തിട്ടുണ്ട്. 25-30 വര്‍ഷം മുമ്പത്തെ ബോളിവുഡ് സിനിമകളിലും സമാനമായ പ്രമേയം കാണാം. എന്തിന് സുന്ദരികള്‍ വില്ലന്മാരുടെ മുമ്പില്‍ നൃത്തം ചെയ്തേ മതിയാകൂ എന്ന ലിഖിതം പോലും ലംഘിക്കുന്നില്ല തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍. പോരാത്തതിന് ഹോളിവുഡില്‍ തരംഗമായി മാറിയ പൈററ്റ്സ് ഓഫ് കരീബിയന്‍ സീയില്‍ നിന്നു മറയില്ലാതെ മോഷ്ടിക്കുന്നുമുണ്ട്. കഥയോടു കിടപിടിക്കുന്ന മോശം തിരക്കഥയും അതിനെക്കാള്‍ മോശം സംവിധാനവുമാണ് സിനിമയുടെ മറ്റു ദുരന്തവശങ്ങള്‍. അതേസമയം വിഷ്വല്‍ ഇഫക്റ്റ്സ് അപാരമാണ്. 300 കോടിയില്‍ കൂടുതലും ചിലവഴിച്ചത് തീര്‍ച്ചയായും ഈ കാഴ്ചകള്‍ക്കു വേണ്ടിയാകണം.
അമിതാഭ് ബച്ചന് പതിവുപോലെ തന്റെ കഥാപാത്രത്തോടു നീതിപുലര്‍ത്തി. കാര്യമായ പുതുമയില്ലാതിരുന്നിട്ടും കനത്ത മേക്കപ്പിലും വേഷവിതാനത്തിലും അദ്ദേഹം പ്രതാപശാലിയായിതന്നെ വാണു. ആമിര്‍ഖാന്റെ കഥാപാത്രം പൈററ്റ്സ് ഓഫ് കരീബിയന്‍ സീയിലെ ക്യാപ്റ്റന്‍ ജാക്സ്പാരോയോട് (ജോണി ഡെപ്) വേഷത്തിലും ചലനത്തിലും കണ്ണിലെഴുതിയ സുറുമയില്‍ പോലും സാമ്യം വഹിക്കുന്നുണ്ട്. പക്ഷേ ചതി തന്റെ രക്തത്തിലലിഞ്ഞുചേര്‍ന്ന വികാരമാണെന്ന് പ്രഖ്യാപിക്കുന്ന ഫിറംഗി, ജാക് സ്പാരോയെക്കാള് ഏറെ കാതം മുന്നിലാണെന്നും പറയണം. തന്റെ ശരീരശാസ്ത്രവും മുഖഭാവങ്ങളുമെല്ലാം ഫിറംഗിക്കുവേണ്ടി ആമിര്ഖാന് ഒരുക്കിയെടുക്കുന്നത് മനോഹരമാണ്. ലോയ്ഡ് ഓവന് അവതരിപ്പിക്കുന്ന ക്ലൈവ് എന്ന വില്ലന്‍ കഥാപാത്രമാണ് സിനിമയിലെ മറ്റൊരു പ്ലസ് പോയിന്റ്. പക്ഷേ ഇതൊന്നും 300 കോടി ചിലവിട്ടു നിര്‍മിച്ച ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ പോന്ന ഘടകമല്ല.
ഇത്രയും പ്രതീക്ഷയുണര്‍ത്തിയ, വമ്പന്‍ താരനിര അണിനിരന്ന ചിത്രം സംവിധാനം ചെയ്ത വിജയ് കൃഷ്ണ ആചാര്യ ഇതിനു മുമ്പ് രണ്ടു സിനിമകളേ സംവിധാനം ചെയ്തിട്ടുള്ളൂ എന്നത് ആശ്ചര്യകരം തന്നെ – ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ തഷാന്‍ (2008), കഷ്ടിച്ചു വിജയിച്ച ധൂം 3 (2013) എന്നിവ.
Related
Related Articles
വാക്കത്തോണ്‍ നവംബര്‍ ഒന്നിന്
കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍
ഒരു അഡാര്‍ പെറ്റ് സ്റ്റോറി
പക്ഷികളോടുള്ള ഇഷ്ടം ജോമോന് എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ജോമോന്റെ
വ്യാജ പ്രവാചകന്
ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള് അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ്