Breaking News

തപം തളിരിടുന്ന നാളുകളില്‍

തപം തളിരിടുന്ന നാളുകളില്‍

നോമ്പുകാലത്ത് യേശുവിന്റെ പീഢാസഹനം നിരന്തരം ധ്യാനവിഷയമാകുന്നതുകൊണ്ടാണ് നാം കൂടെകൂടെ കുരിശിന്റെ വഴി ധ്യാനിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. ഒരു ഭക്താഭ്യാസം എന്ന നിലയില്‍ സഭയില്‍ പിന്തുടര്‍ന്നു വന്ന പതിനാല് സ്ഥലങ്ങളുള്ള കുരിശിന്റെ വഴിയിലെ ചില സ്ഥലങ്ങള്‍ ഭക്തിനിര്‍ഭരമായ ഭാവനയുടെ ഫലമാണ്. ഉദാഹരണത്തിന്, യേശു മൂന്നു പ്രാവശ്യം വീഴുന്നത്, വെറോനിക്കാ യേശുവിന്റെ തിരുമുഖം തുടയ്ക്കുന്നത് തുടങ്ങിയവ. യഥാര്‍ത്ഥ പീഢാനുഭവ ചരിത്രം വായിച്ച് ധ്യാനിക്കണമെങ്കില്‍ മത്താ 26-27, മര്‍ക്കോ 14-15, ലൂക്കാ 22-23, യോഹ 18-19 അധ്യായങ്ങളിലേക്ക് തിരിയേണ്ടതായിട്ടുണ്ട്. അവിടെ നമുക്ക് പതിനാലില്‍ കൂടുതല്‍ സ്ഥലങ്ങളും കണ്ടെത്താനാകും.
സുവിശേഷങ്ങളിലെ പീഢാസഹന ചരിത്രം വായിക്കുമ്പോള്‍ എന്തുകൊണ്ട് മനുഷ്യരക്ഷയ്ക്കായി ദൈവപുത്രനായ യേശു സഹിക്കേണ്ടി വന്നു എന്നുള്ള ചോദ്യം തെളിഞ്ഞുവരാറുണ്ട്. അതിന് കൃത്യമായ ഒരു ഉത്തരം കണ്ടെത്തുക സാധ്യമല്ല. അത് മനുഷ്യരക്ഷയെ സംബന്ധിച്ച ദൈവിക പദ്ധതിയുടെ രഹസ്യത്തിന്റെ ഭാഗമാണ്. ദൈവത്തിനു മനുഷ്യരക്ഷയ്ക്കായി മറ്റൊരു വഴി അവലംബിക്കാമായിരുന്നു. എന്നാല്‍ ക്രൈസ്തവികതയില്‍ നമ്മള്‍ കാണുന്ന യാഥാര്‍ത്ഥ്യം പീഢാസഹനത്തിന്റേതാണ്. അതിന് ഒരുതരം അനിവാര്യത ഉണ്ടെന്നാണ് യേശു പലവട്ടം പറഞ്ഞിട്ടുള്ളത്. ദൈവികമായ ഒരു അനിവാര്യതയായിട്ടാണ് (മറശ്ശില ാൗേെ) സുവിഷേഷകര്‍ അതിനെ അവതരിപ്പിക്കുന്നത്. ഉദാ. മര്‍ക്കോ 8:31 ”മനുഷ്യ പുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി” (മത്താ 16:21; ലൂക്കാ 9:22; യോഹ 9:4). എന്നാല്‍ ദൈവികമായ അനിവാര്യതയെ തന്റെ സ്വതന്ത്രമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യേശു സമീപിക്കുന്നത്. അവന്‍ പറഞ്ഞു: ”തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍നിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാന്‍ അത് സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അത് സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്” (യോഹ10:17-18). യേശു സ്വമനസാ സഹനത്തിനായി തന്നെത്തന്നെ വിട്ടുകൊടുക്കുകയായിരുന്നു. സ്വമനസാ സഹനവും ആത്മപരിത്യാഗവും ഏറ്റെടുക്കുന്ന ക്രിസ്തീയ ശൈലിയുടെ അടിസ്ഥാനമാണ് യേശുവിന്റെ ഈ ഭാവം. തന്റെ ശിഷ്യനായ യൂദാസ് സഹനത്തിന്റെ ആരംഭത്തിന്റെ ഒരു നിമിത്തമായി എന്നു മാത്രം. അതുകൊണ്ടാണ് പൗലോസ് പറയുന്നത്: ”… അവിടുന്ന് എല്ലാവര്‍ക്കും വേണ്ടി മരിച്ചത്” (2 കോറി 5:15. 1 തിമോ 2:6 ). എന്നാല്‍ യേശു സ്വയം ഏറ്റെടുത്ത സഹനത്തിന്റെ പാതയുടെ അര്‍ത്ഥവും ആവശ്യവും തന്റെ പീഢാനുഭവത്തിനു മുമ്പായി തന്റെ ശിഷ്യര്‍ക്ക് ഒട്ടും മനസ്സിലായിരുന്നില്ല. അതിനാലാണ് യേശു അവരോടായി പറഞ്ഞത്, ”ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എന്നില്‍ ഇടറും” (മത്താ 26:31).
യേശു തന്റെ സഹനത്തെപ്പറ്റി മുന്‍കൂട്ടി അറിയിച്ച അവസരങ്ങളിലെല്ലാം അതിന്റെ പൊരുളിലേക്കു പ്രവേശിക്കുവാന്‍ തന്റെ ശിഷ്യര്‍ക്കു സാധിച്ചിരുന്നില്ല. സമവീക്ഷണ സുവിശേഷങ്ങളില്‍ എല്ലാം തന്നെ യേശു മൂന്നു പ്രാവശ്യം തന്റെ പീഢാനുഭവത്തെക്കുറിച്ച് പ്രവചനപരമായി അവരോട് സംസാരിക്കുകയുണ്ടായി എന്ന ചിത്രീകരണമുണ്ട്. അപ്പോഴെല്ലാംതന്നെ തന്റെ ശിഷ്യര്‍ അപ്രകാരമൊരു ചിന്തയെ തിരസ്‌കരിക്കുന്ന രീതിയാണ് പ്രതികരിച്ചിട്ടുള്ളത്. ആദ്യ പീഢാനുഭവ പ്രവചനം ശിഷ്യപ്രമുഖനായ പത്രോസ് കേസറിയാ ഫിലിപ്പിയില്‍ വച്ച് തന്റെ വിശ്വാസ പ്രഖ്യാപനം നടത്തിയതിനു ശേഷമാണ് യേശു നടത്തിയത്. എന്നാല്‍ പത്രോസ് ഉടനെ തന്നെ യേശുവിനെ മാറ്റിനിറുത്തി യേശുവിന് അപ്രകാരം സംഭവിക്കാന്‍ ഇടയാകാതിരിക്കട്ടെ എന്നാണ് പറഞ്ഞത് (മത്താ 16:13-23). എന്നാല്‍ യേശു പത്രോസിന്റെ ആശംസ തള്ളിക്കളയുകയും അത് സ്വീകാര്യമായ ഒന്നല്ല എന്ന് പത്രോസിനോട് പറയുകയും ചെയ്തു. രണ്ടാമത്തെ പീഢാനുഭവപ്രവചനത്തിനു ശേഷം അതിന്റെ അന്തരാര്‍ത്ഥത്തിലേക്കു കടക്കാന്‍ ബുദ്ധിമുട്ടിയ ശിഷ്യര്‍ വഴിമധ്യേ ചര്‍ച്ച ചെയ്തത് തങ്ങളില്‍ വലിയവന്‍ ആരാണെന്നാണ് (മര്‍ക്കോ 9:30-37). മൂന്നാമത്തെ പീഢാനുഭവപ്രവചനത്തിനു ശേഷമാണ് സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും തങ്ങളുടെ അമ്മയോടൊപ്പം വന്ന് യേശു തന്റെ മഹത്വത്തില്‍ പ്രവേശിക്കുമ്പോള്‍ അവരെ തന്റെ വലത്തും ഇടത്തും ഇരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നത് (മത്താ 20:17-28). അവര്‍ക്കും യേശു പറഞ്ഞ തന്റെ പീഢാസഹനത്തെക്കുറിച്ചുള്ള പ്രവചനം മനസ്സിലായില്ല എന്നകാര്യം സുവ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കു മാത്രമല്ല തന്റെ മറ്റെല്ലാ ശിഷ്യര്‍ക്കും അക്കാര്യം മനസ്സിലായില്ല എന്നത് പ്രസ്തുതവിവരണത്തില്‍ നിന്നുതന്നെ തെളിഞ്ഞുവരുന്നു. പില്‍ക്കാലത്ത് വലിയ പ്രേഷിതനായി മാറിയ പൗലോസിന് തന്റെ മാനസാന്തരത്തിനു മുമ്പ് കുരിശിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല. അതിനാലാണ് പൗലോസ് ക്രിസ്തുവിന്റെ അനുയായികളെ പീഢിപ്പിച്ചത്. തിരസ്‌കൃതനും, നിന്ദിതനും, അപമാനിതനുമായി വധിക്കപ്പെട്ട ഒരാള്‍ മിശിഹാ ആണെന്ന് ഏറ്റുപറയുവാന്‍ പൗലോസിനു സാധിക്കുമായിരുന്നില്ല. പൗലോസ് അപ്രകാരമുള്ള ഒരു മിശിഹായെക്കുറിച്ചു ലജ്ജിച്ചു. അതിനാല്‍ ആ തെറ്റായ പഠനത്തെ ഉന്‍മൂലനം ചെയ്യുവാന്‍ പൗലോസ് ഉദ്യമിച്ചു. പക്ഷേ തന്റെ മാനസാന്തരത്തിനു ശേഷം പൗലോസിനു കുരിശിന്റെ അര്‍ത്ഥം മനസ്സിലായി. അതിനാല്‍ പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിന്റെ മുഖ്യപ്രമേയമായി എഴുതി, ”സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, രക്ഷയിലേക്കു നയിക്കുന്ന ദൈവിക ശക്തിയാണ്” (റോമ 1:16). ഒരു കാലത്ത് പൗലോസ് സുവിശേഷത്തെപ്പറ്റി ലജ്ജിച്ചിരുന്നു. എന്നാല്‍ തന്റെ മാനസാന്തരത്തിനുശേഷം അതിന്റെ അന്തഃസത്ത മനസിലാക്കി കഴിഞ്ഞപ്പോള്‍ പൗലോസ് കുരിശിന്റെ കറതീര്‍ന്ന പ്രഘോഷകനായി മാറി. അതിനാല്‍ പൗലോസ് വീണ്ടും കോറിന്തോസിലെ സഭയ്ക്ക് എഴുതി, ”യഹൂദര്‍ അടയാളങ്ങള്‍ ആവശ്യപ്പെടുന്നു; ഗ്രീക്കുകാര്‍ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” (1 കോറി 1:22-23). പൗലോസ് തുടരുന്നു,”നിങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ മറ്റൊന്നിനെയും കുറിച്ച് അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു” (1 കോറി 2:2). അങ്ങനെ കുരിശിന്റെ, അഥവാ യേശു ക്രിസ്തുവിന്റെ സഹനത്തിന്റെ, അര്‍ത്ഥം പൗലോസിനു മനസ്സിലായിരുന്നു.
യഥാര്‍ത്ഥത്തില്‍ തന്റെ സഹനം അംഗീകരിച്ച് അത് സ്വീകരിക്കുക എന്നത് യേശുവിനു പോലും എളുപ്പമായിരുന്നില്ല. കാരണം ഗത്‌സെമനിയിലെ പ്രാര്‍ഥനയില്‍ ”പിതാവേ അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണമേ” എന്നാണ് യേശു ആദ്യം പ്രാര്‍ഥിച്ചത്. ”എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!” എന്നു തുടര്‍ന്നു പ്രാര്‍ത്ഥിച്ചു (ലൂക്കാ 22:42). ദൈവത്തിന്റെ പൂര്‍ണത ഉണ്ടായിരുന്നവന്‍ സൃഷ്ടിയുടെ ബലഹീനതയുടെ കയത്തിലേക്കു നിപതിക്കുന്ന അവസരമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ തന്നെ ആശ്വസിപ്പിക്കുവാനായി താന്‍ തെരഞ്ഞെടുത്ത് അവിടെ കൊണ്ടുപോയ തന്റെ മൂന്നു ശിഷ്യരും ഒട്ടും സഹായകമായില്ല എന്നതാണ് സത്യം. അവര്‍ അവന്റെ തീവ്ര ദുഃഖസമയത്ത് ഉറങ്ങി വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവന്റെ ”ആത്മാവ് മരണത്തോളം ദുഃഖിതമായിരുന്നു” (മര്‍ക്കോ 14:34). അക്കാരണത്താല്‍ ”അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍ പോലെ നിലത്തു വീണു” (ലൂക്കാ 22:44). അത്രമാത്രം തീക്ഷ്ണമായിരുന്നു അവന്റെ വേദന. അത് അവന്‍ ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും തന്നെത്തന്നെ ശൂന്യനാക്കികൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നതിന്റെ (ഫിലി 2:6-7 കാണുക) അനന്തര ഫലമായിരുന്നു.
പക്ഷേ അവന്‍ അപ്രകാരം സഹനം ഏറ്റെടുക്കേണ്ടത് മനുഷ്യരുടെ രക്ഷയ്ക്ക് ആവശ്യമായിരുന്നു. ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് യോഹന്നാന്റെ സുവിശേഷത്തില്‍ യേശുവിന്റെ പീഢാനുഭവ പ്രവചനങ്ങള്‍. ഈ സുവിശേഷത്തില്‍ കാണുന്ന മൂന്ന് ”ഉയര്‍ത്തപ്പെടല്‍ വചനങ്ങള്‍” സമവീക്ഷണ സുവിശേഷങ്ങളിലെ പീഢാനുഭവ പ്രവചനങ്ങളോട് തുലനം ചെയ്തുവരുന്നുണ്ട്. ”മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു” (യോഹ 3:14-15) എന്നത് ഒന്നാമത്തേതും, ”നിങ്ങള്‍ മനുഷ്യ പുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍ ഞാന്‍ ഞാന്‍ തന്നെയെന്ന് …നിങ്ങള്‍ മനസ്സിലാക്കും” (8:28) എന്നത് രണ്ടാമത്തേതും, ”ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും” (12:32) എന്നത് മൂന്നാമത്തേതുമായ ഉയര്‍ത്തപ്പെടല്‍ വചനങ്ങളാണ്. ഇതില്‍ ആദ്യത്തേത് ഏറെ ശ്രദ്ധേയമാണ്. മരുഭൂമിയില്‍ വച്ച് ഇസ്രായേല്‍ക്കാര്‍ക്ക് സര്‍പ്പ ദംശനമേറ്റപ്പോള്‍ ദൈവം നിര്‍ദ്ദേശിച്ച പ്രതിവിധി ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി ഒരു വടിയില്‍ ഉയര്‍ത്തി നിറുത്തുവാനും സര്‍പ്പദംശനമേറ്റവര്‍ അതിനെ നോക്കിയാല്‍ സുഖം പ്രാപിക്കും എന്നുമായിരുന്നു. അതായത് ഏതുതരം തിന്മയാണോ വന്നു ഭവിച്ചത് ആ തിന്മയുടെ അടയാളത്തെത്തന്നെ ദൈവം രക്ഷയുടെ അടയാളമാക്കി മാറ്റുകയായിരുന്നു. ഇതു തന്നെയാണ് യേശു കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ സംഭവിച്ചത്. ഈ ഭൂമിയില്‍ ജീവിച്ചിരുന്നവരില്‍ വച്ച് യാതൊരു കളങ്കവുമില്ലാത്ത വ്യക്തിയായിരുന്നു യേശു. എന്നാല്‍ യേശുവിന്റെമേല്‍ ആ കാലത്ത് കൊടുക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ശിക്ഷ കെട്ടിവച്ചു. യേശുവാകട്ടെ ആ ശിക്ഷയെ (കുരിശിനെ) സ്‌നേഹിച്ചു അതിനെ സര്‍വ്വ മനുഷ്യരുടെയും രക്ഷയുടെ അടയാളമാക്കി മാറ്റി. സ്‌നേഹത്തിന് ഏതു സഹനത്തെയും പരിവര്‍ത്തനപ്പെടുത്താനുള്ള കഴിവുണ്ട്. അതാണ് യേശുവിന്റെ കുരിശുമരണത്തില്‍ സംഭവിച്ചത്. അക്കാരണത്താല്‍ തങ്ങളുടെ സഹനത്തെ യേശുവിന്റെ കുരിശിനോട് ചേര്‍ത്തു വയ്ക്കുന്നവര്‍ക്കെല്ലാം ആ സഹനത്തെ രക്ഷാകരമാക്കിത്തീര്‍ക്കുവാനുള്ള വ്യക്തമായ സാധ്യത തെളിഞ്ഞുവന്നു. അതിനാല്‍ യേശുവിന്റെ കുരിശ് സഹിക്കുന്നതിന്റെ മാതൃകയും കുരിശുകളെ രക്ഷാകരമാകുന്നതിന്റെ ആദ്യകാരണവുമായി ഭവിച്ചു. യേശുവിന്റെ കുരിശിനോട് ചേര്‍ത്തുവയ്ക്കുന്ന മനുഷ്യരുടെ സഹനം അര്‍ത്ഥവത്തായി ഭവിക്കുന്ന ഒന്നായി മാറി.
രണ്ടാമത്തെ ഉയര്‍ത്തപ്പെടല്‍ വചനം യേശു ഉയര്‍ത്തപ്പെട്ടു കഴിയുമ്പോള്‍ അവന്‍ ”ഞാന്‍ ഞാന്‍ തന്നെ ആകുന്നു” എന്ന് അവര്‍ മനസ്സിലാക്കും എന്നു പറയുന്നതിന്റെ സാരം കുരിശുമരണത്തിലാണ് യേശുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥ ദൈവികഭാവം ആവിഷ്‌കൃതമാകുന്നത് എന്നാണ്. ”ഞാന്‍ ഞാനാകുന്നു” എന്ന സംജ്ഞ പുറപ്പാട് പുസ്തകത്തില്‍ ദൈവം തന്നെക്കുറിച്ച് പറയുന്ന പേരാണ് (പുറ 3:14). അങ്ങനെയെങ്കില്‍ യേശു ഉയര്‍ത്തപ്പെട്ടു കഴിയുമ്പോഴാണ് വെളിപാടിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ യേശു തന്നെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം പൂര്‍ണമായും വെളിപ്പെടുത്തുന്നത്; തന്റെ തീവ്രമായ സഹനത്തിന്റെ വേളയിലാണ് തന്റെ ദൈവത്വത്തിന്റെ രമണീയ ഭാഗം വെളിപ്പെടുത്തപ്പെടുന്നത്. താന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ടുകഴിയുമ്പോള്‍ എല്ലാവരും തന്നിലേക്ക് ആകര്‍ഷിക്കപ്പെടും എന്നുള്ളത് മിശിഹായോട് മനുഷ്യര്‍ക്ക് ഉണ്ടാകാവുന്ന ആകര്‍ഷണമാണ്; ആ ആകര്‍ഷണ വലയത്തില്‍ നിന്നു വിട്ടുപോവുക എളുപ്പമുള്ള കാര്യമല്ല. ക്രിസ്തുവിനെ യഥാര്‍ത്ഥമായും അടുത്തറിഞ്ഞവര്‍ക്കാര്‍ക്കും ഒരുനാളും അവനെ വിട്ടുപോകാന്‍ സാധിക്കില്ല. അതിനാല്‍ സഹനത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് പ്രവേശിക്കുന്നതാണ് നാലാം സുവിശേഷത്തിലെ ഈ മൂന്നു പ്രവചനങ്ങളും.
പാപപ്രതിരോധം
യേശുവിന്റെ പീഢാസഹനത്തിന്റെ ആദ്യഭാഗമായി സുവിശേഷകര്‍ ചിത്രീകരിക്കുന്നത് ഗെദ്‌സെമനിയിലെ പ്രാര്‍ത്ഥനയാണ്. പാപഭാരം ഏറെ ശക്തമായിരുന്നതുമൂലമാണ് യേശു അത്രമാത്രം ദുഃഖത്തില്‍ പ്രാര്‍ത്ഥിച്ചത്. വാസ്തവത്തില്‍ പാപം ദുഷ്ടതയാണ്. അത് മനുഷ്യ വ്യാപാരങ്ങളെ മലീമസമാക്കുന്നു. യേശു പാപികളുമായി താദാത്മ്യം പ്രാപിച്ചതുകൊണ്ടാണ് അപ്രകാരം ശക്തമായി അതിന്റെ ഭാരം അവന് അനുഭവപ്പെട്ടത്. ആദിമാതാപിതാക്കളുടെ പാപമെന്നു പറയുന്നത് സത്യത്തില്‍ കേവലം ഒരു കല്പനയുടെ ലംഘനമായിരുന്നില്ല. മനുഷ്യരെ സൃഷ്ടിച്ച ദൈവം തനിക്കെതിരായി മാത്രം മനുഷ്യന്‍ തിരിയരുതെന്ന കാര്യമാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ മനുഷ്യന്‍ അതുതന്നെ ചെയ്തു. ദൈവത്തോടും സഹജീവികളോടും ഭൂമിയിലെ മറ്റെല്ലാ വസ്തുക്കളോടുമുള്ള ഐക്യത്തില്‍ (രീാാൗിശീി) മനുഷ്യന്‍ ജീവിക്കണം എന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ മനുഷ്യന്‍ ദൈവത്തോളം ഉയര്‍ന്ന് അവിടുത്തേക്ക് ഒരു പ്രതിയോഗി (ൃശ്മഹ) ആയി മാറാനാണ് ശ്രമിച്ചത്. സ്വന്തം ഭാവി ദൈവത്തെ കൂടാതെ മെനഞ്ഞെടുക്കാനാണ് മനുഷ്യന്‍ ശ്രമിച്ചത്. അതാണ് പാപത്തിന്റെ ഘോരമായ അവസ്ഥ സൃഷ്ടിച്ചത്. ഭയവും അസ്വസ്ഥതയും സംഭ്രമവും മരണതുല്യമായ വേദനയും ഒക്കെ സൃഷ്ടിക്കുന്നതായി മാറി പാപം. അതാണ് യേശു ഗെദ്‌സെമനിയില്‍ അനുഭവിച്ചത്. അവന്‍ ലോകത്തിന്റെ മുഴുവന്‍ പാപഭാരം ചുമക്കുന്നവനായി (യോഹ 1:29.36). ഏശയ്യാ പ്രവാചകന്‍ കര്‍ത്താവിന്റെ സഹനദാസനെക്കുറിച്ച് എഴുതിയ നാലാമത്തെ ഗീതത്തില്‍ പറഞ്ഞു: ”നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്, നമ്മുടെ അതിക്രങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു” (ഏശ 53:4,5). ആകയാല്‍ പാപത്തെക്കുറിച്ചുള്ള ബോധവും പാപത്തെ നീക്കാനുള്ള ശ്രമവും നടത്തുവാനുള്ള കാലമാണ് നോമ്പുകാലം. ”പാപത്തിനെതിരായിട്ടുള്ള പോരാട്ടത്തില്‍ നിങ്ങള്‍ക്കു ഇനിയും രക്തം ചിന്തേണ്ടി വന്നിട്ടില്ല” എന്ന ഹെബ്രയര്‍ക്കെഴുതിയ ലേഖകന്റെ പരാമര്‍ശം (ഹെബ്രാ 12:4) ഇവിടെ സംഗതമാണ്.
പ്രാര്‍ഥനാഭാവം
നോമ്പുകാലത്തെ വ്യക്തിപരവും സാമൂഹ്യവുമായ പ്രാര്‍ഥന വര്‍ധിപ്പിക്കുന്ന കാലമായാണ് നാം മനസ്സിലാക്കി വരുന്നത്. പ്രാര്‍ത്ഥനയിലൂടെ ദൈവാനുഭവം സിദ്ധിക്കാനുള്ള അവസരമാണ് തപസ്സുകാലം. ലൂക്കായുടെ സുവിശേഷം പ്രാര്‍ത്ഥനയുടെ സുവിശേഷം എന്നാണ് അറിയപ്പെട്ടുവരുന്നത്. യേശുവിന്റെ തന്നെ പ്രാര്‍ത്ഥനാ ശൈലി ഈ സുവിശേഷത്തില്‍ ശ്രദ്ധേയമായിട്ടുള്ളതാണ്. യേശുവിന്റെ ജ്ഞാനസ്‌നാനവേളയില്‍ ലേഖകന്‍ കൂട്ടിചേര്‍ക്കുന്ന ഒരു വിശദാംശം അതിലേക്കു വിരല്‍ ചൂണ്ടുന്നു, ”ജനം സ്‌നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്നു സ്‌നാനമേറ്റു. അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു…” (3:21-22). ഈ വിശദാംശം ഇതര സുവിശേഷങ്ങളില്‍ കാണുന്നില്ല. യേശുവിന്റെ പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗ്ഗം തുറക്കുവാനുള്ള ശക്തി ഉണ്ടായിരുന്നു; അത് ത്രീയേക ദൈവത്തിന്റെ സംഗമത്തിന് വഴി തെളിച്ചു. കാരണം, അപ്പോള്‍ പിതാവിന്റെ സ്വരമുണ്ടായി, പരിശുദ്ധാത്മാവിന്റെ വരവുണ്ടായി. രൂപാന്തരീകരണത്തിന്റെ മലയില്‍ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴാണ് അവനു ഭാവവ്യത്യാസം ഉണ്ടായത് (9,29). യേശുവിന്റെ രൂപാന്തരീകരണംപോലും അവന്റെ പ്രാര്‍ത്ഥനയുടെ അനന്തരഫലമാണ്. ഈ സുവിശേഷത്തിന്റെ ചിത്രീകരണപ്രകാരം യേശു ഒരിടത്ത് ഇരുന്നു പ്രാര്‍ത്ഥിച്ചതിനുശേഷം ഒരു ശിഷ്യന്‍ വന്ന് യോഹന്നാന്‍ തന്റെ ശിഷ്യരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചതുപോലെ തങ്ങളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ എന്ന് അഭ്യര്‍ത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് കര്‍തൃപ്രാര്‍ത്ഥന അവരെ പഠിപ്പിച്ചത് (11:1-4). ഗെദ്‌സേമിനിയില്‍ പ്രാര്‍ത്ഥിച്ചതിനുശേഷമാണ് യേശുതന്നെ പീഢകള്‍ ഏറ്റെടുക്കുവാന്‍ സന്നദ്ധനായി ശിഷ്യരുടെ അടുക്കലേക്കു വരുന്നത്. പ്രാര്‍ത്ഥനയില്‍ അനുഭാവപ്പെട്ട ദൈവിക കരുണ സാഹചര്യങ്ങളെ പരിവര്‍ത്തനപ്പെടുത്തുവാന്‍ പോരുന്നതായിരുന്നു. യേശുവിന്റെ അനുയായികള്‍ക്കും അത് സാധ്യമാണ്. കാരണം, യേശുതന്നെ തുടര്‍ന്ന് ശിഷ്യരെ ഉപദേശിച്ചു, ”പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍”. സഹനം, രോഗം, അസ്വസ്ഥജനകമായ സാഹചര്യങ്ങള്‍, പ്രലോഭനങ്ങള്‍, ആത്മസംഘര്‍ഷങ്ങള്‍ എന്നിവയുടെ അവസരങ്ങളെ രൂപാന്തരപ്പെടുത്താന്‍ പ്രാര്‍ത്ഥനയ്ക്കു സാധിക്കുമെന്ന് യേശുവിന്റെ മാതൃകയും ഉദ്‌ബോധനവും ക്രിസ്ത്യാനികളെ പഠിപ്പിക്കുന്നു.
നവപരിത്യാഗഭാവം
ചില ഭക്ഷ്യവസ്തുക്കളുടെ വര്‍ജ്ജനവും ഉപവാസവും ദാനധര്‍മ്മവും ഒക്കെ നോമ്പിന്റെ അംശങ്ങളായി കണക്കാക്കി വരുന്നുണ്ടല്ലോ. വര്‍ജ്ജനവും ഉപവാസവും ദാനധര്‍മ്മവും ഒക്കെ ഒരേ ചരടില്‍ ചേര്‍ത്ത് കെട്ടാവുന്നതാണ്. ആവശ്യങ്ങളിലിരിക്കുന്ന സഹോദരങ്ങളുടെ സഹായത്തിനെത്താന്‍ വേണ്ടിയാണ് വര്‍ജ്ജനവും ഉപവാസവും നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഉപവാസമെന്നത് കേവലം ഭക്ഷണം ഉപേക്ഷിക്കുന്നതിലല്ല അടങ്ങിയിരിക്കുന്നതെന്ന് ബി.സി. 6-ാം നൂറ്റാണ്ടുകാരനായ ഏശയ്യാതന്നെ പഠിപ്പിച്ചിരുന്നു: ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?” (ഏശ 58:6-7). അതായത,് ഉപവാസം എന്നത് ഒരു പുറപ്പാടാണ്: ഒരുവന്‍ തന്നില്‍ നിന്ന് ഇറങ്ങി അപരനിലേക്ക് എത്തിനില്ക്കുന്ന ഒരു പ്രയാണം. അത് സാധ്യമാക്കാത്ത കേവലം ആചാരപരമായ ഉപവാസത്തെ ഏശയ്യാ പ്രവാചകന്‍ വിമര്‍ശനാപൂര്‍വ്വമാണ് നോക്കിക്കാണുന്നത് (ഏശ 58:3-5 കാണുക). യഥാര്‍ത്ഥത്തില്‍ ദരിദ്രരായ സഹോദരരെ ഔദാര്യപൂര്‍വ്വം നോക്കിക്കാണുന്നത് നോമ്പിന്റെ പ്രധാന ഭാവമാണ്. അത് ആകമാന സഭയുടെ അടിസ്ഥാന ഭാവമാകണമെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ പക്ഷം. ദരിദ്രരുടെയും ദരിദ്രര്‍ക്കുവേണ്ടിയുമുള്ളതാണ് സഭയെന്നാണ് പാപ്പായുടെ കാഴ്ചപ്പാട് (മ രവൗൃരവ ീള വേല ുീീൃ മിറ മ രവൗൃരവ ളീൃ വേല ുീീൃ). യഥാര്‍ത്ഥത്തില്‍ യേശുവിന്റെ പഠനമനുസരിച്ച് ലോകാവസാനം വരെ ദൈവപുത്രന്റെ മനുഷ്യാവതാരം സംഭവിക്കുന്നത് ദരിദ്രരുടെ നിരന്തര സാന്നിദ്ധ്യം കൊണ്ടാണ് (മത്താ 26:11). അവരാണ് ലോകത്തില്‍ യേശുവിന്റെ വികാരിമാര്‍, അതായത് പകരക്കാര്‍. അവരാണ് സ്വര്‍ഗ്ഗത്തിന്റെ വാതില്‍ സൂക്ഷിപ്പുകാര്‍. കാരണം അവരോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോത്തരുടെയും സ്വര്‍ഗ്ഗ പ്രവേശം നടക്കുന്നത് എന്ന് യേശു അന്ത്യവിധിയുടെ മഹാ ഉപമയില്‍ (മത്താ 25:31-46) പറയുന്നു. ആകയാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ആവശ്യങ്ങളിലിരിക്കുന്ന സഹോദരരോടുള്ള നമ്മുടെ ആഭിമുഖ്യവും പെരുമാറ്റവും നമ്മുടെ നിത്യരക്ഷയെ സംബന്ധിക്കുന്ന ഘടകമാണ്. വൃദ്ധരും, കുട്ടികളും, അസംഘടിതരും, സമൂഹത്തിന്റെ വിളുമ്പില്‍ ജീവിക്കുന്നവരും, ഇന്നത്തെ കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ നമ്മുടെ ഇടയിലുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥികളായ തൊഴിലാളികളും, എല്ലാം ഈ ആവശ്യങ്ങളില്‍ ഇരിക്കുന്ന ചിലരാണ്. ഇവരോടുള്ള ന്യായമായതും, ആര്‍ദ്രഭാവമുള്ളതും, ഔദാര്യപൂര്‍വ്വകവുമായ നമ്മുടെ ഇടപെടല്‍ നോമ്പിന്റെ അവശ്യഭാവമായി കണക്കാക്കേണ്ടതായിട്ടുണ്ട്.
ആകയാല്‍ പൗലോസ് കോറിന്തോസിലെ സഭയ്ക്ക് എഴുതിയത് ഇന്ന് പ്രസക്തമാണ്, ”നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. അവിടുന്ന് അരുളിചെയ്യുന്നു, ‘സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു’ (ഏശ 49:8). ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ ഇപ്പോള്‍ രക്ഷയുടെ ദിവസം” (2 കോറി 6:1-2).


Related Articles

വെറ്ററിനറി സര്‍വകലാശാലയില്‍ പിഎച്ച്ഡി, പിജി, ബിഎസ്‌സി

കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ഡോക്ടറല്‍, ബിരുദാനന്തര ബിരുദ, ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പിഎച്ച്ഡി, എംവിഎസ്‌സി, എംടെക്, എംഎസ്, എംഎസ്‌സി, ബിഎസ്‌സി, ഡിപ്ലോമ, കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായി

സിഎസ്എസ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍

കൊച്ചി: ക്രിസ്റ്റ്യന്‍ സര്‍വ്വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്)ന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റേഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ചെയര്‍മാന്‍ പിഎ ജോസഫ് സ്റ്റാന്‍ലി ഉദ്ഘാടനം

സര്‍ക്കാര്‍ ഇടപെടലുകള്‍ ചുരുങ്ങുന്ന ബജറ്റ്

നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും അധികാരമേറിയശേഷം അവതരിപ്പിച്ച ആദ്യ ബജറ്റിനെക്കുറിച്ചുള്ള മാധ്യമചര്‍ച്ചയുടെ ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. പാര്‍ലമെന്റിലും ബജറ്റ് ചര്‍ച്ച നടക്കുന്നു. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന നിര്‍മല സീതാരാമന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*