തപസുകാലം പ്രായശ്ചിത്ത പ്രവൃത്തികളുടെ സമയം

തപസുകാലത്തിലെ ഈ സുവിശേഷം നമ്മെ ഓര്‍മിപ്പിക്കുന്നത് പരീക്ഷണം, മാനസാന്തരം, സദ്വാര്ത്ത എന്നീ വിഷയങ്ങളാണ്. മര്‍ക്കോസ് സുവിശേഷകന് ഇപ്രകാരം എഴുതുന്നു: `ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് അവിടന്ന് 40 ദിവസം അവിടെ വസിച്ചു.’ (മര്‍ക്കോസ് 1:12-13). ലോകത്തില്‍ തന്റെ ദൗത്യം നിര്‍വ്വഹിക്കുന്നതിനുവേണ്ടി ഒരുങ്ങുന്നതിനാണ് യേശു മരുഭൂമിയിലേക്കു പോകുന്നത്. അവിടത്തേക്കു മാനസാന്തരപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍, മനുഷ്യനെന്ന നിലയില്‍, അവിടത്തേക്കു വേണ്ടിത്തന്നെയും, പിതാവിന്റെ ഹിതം അനുസരിക്കുന്നതിനും, നമുക്കുവേണ്ടിയും, പ്രലോഭനങ്ങളെ ജയിക്കുന്നതിനുമുള്ള കൃപ പ്രദാനം ചെയ്യുന്നതിനും അവിടന്ന് ഈ പരീക്ഷണത്തിലൂടെ കടന്നുപോകേണ്ടത് ആവശ്യമായിരുന്നു. ഈ ഒരുക്കം അടങ്ങിയിരിക്കുന്നത് ദുഷ്ടാരൂപിക്ക്, അതായത്, സാത്താന്, എതിരായ പോരാട്ടത്തിലാണ്. നമുക്കും തപസുകാലം ആദ്ധ്യാത്മികമായ വെല്ലുവിളിയുടെ, ആത്മീയ പോരാട്ടത്തിന്റെ സമയമാണ്. നമ്മുടെ അനുദിനജീവിതത്തില്‍ ദൈവകൃപയാല്‍ തിന്മയുടെ ശക്തിയെ ജയിക്കാന്‍ പ്രാപ്തരാകുന്നതിന് പ്രാര്‍ത്ഥനയാല്‍ ദുഷ്ടാരൂപിയെ നേരിടാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ അതിക്രമങ്ങളും, അപരനെ തിരസ്ക്കരിക്കലും, അടച്ചുപൂട്ടലുകളും, യുദ്ധങ്ങളും, അനീതികളും പ്രകടമായിരിക്കുന്ന നമ്മുടെ ചുറ്റിലും തിന്മയുടെ ശക്തി പ്രവര്‍ത്തനനിരതമാണെന്ന് നമുക്കറിയാം. ഇവയെല്ലാം ദുഷ്ടശക്തിയുടെ, തിന്മയുടെ ശക്തിയുടെ പ്രവര്‍ത്തനങ്ങളാണ്. മരുഭൂമിയിലെ പരീക്ഷണാനന്തരം യേശു സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങുന്നു. ആദ്യത്തെ വാക്ക് പരീക്ഷണവും രണ്ടാമത്തേത് സദ്വാര്‍ത്തയും ആണ്. ഈ സദ്വാര്ത്ത മനുഷ്യന്റെ മാനസാന്തരവും വിശ്വാസവും ആവശ്യപ്പെടുന്നു. ഇവിടെ മൂന്നാമത്തെ പദമാണ് മാനസാന്തരം. യേശു പ്രഘോഷിക്കുന്നു: `സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു’. തുടര്‍ന്ന് അവിടന്നു ഉപദേശിക്കുന്നു:
`അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.’ അതായത്, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്തയില്‍ വിശ്വസിക്കുക. നമ്മുടെ ജീവിതത്തില്‍ നമുക്ക് എന്നും, എല്ലാ ദിവസവും മാനസാന്തരം ആവശ്യം തന്നെ. അതിനായി പ്രാര്‍ത്ഥിക്കാന്‍ സഭ നമുക്കു പ്രചോദനമേകുന്നു. വാസ്തവത്തില്‍ നാം മതിയായത്ര ദൈവോന്മുഖരല്ല. ആകയാല്‍ നാം നിരന്തരം നമ്മുടെ മനസും ഹൃദയവും ദൈവത്തിന്റെ നേര്‍ക്കു തിരിക്കേണ്ടിയിരിക്കുന്നു. ഇതു ചെയ്യണമെങ്കില്‍ നാം നമ്മെ വഴിതെറ്റിക്കുന്ന സകലത്തെയും, നമ്മുടെ സ്വാര്‍ത്ഥതയിലേക്ക് തന്ത്രപരമായി നമ്മെ ആകര്‍ഷിച്ചുകൊണ്ട് നമ്മെ വഞ്ചിക്കുന്ന തെറ്റായ മൂല്യങ്ങളെയും തള്ളിക്കളയാനുള്ള ധൈര്യം ഉള്ളവരായിത്തീരണം. നാം കര്‍ത്താവില്‍, അവിടത്തെ നന്മയില്, നമ്മെ ഒരോരുത്തരെയും സംബന്ധിച്ച് അവിടത്തേക്കുള്ള സ്നേഹപദ്ധതിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യണം. തപസുകാലം പ്രായശ്ചിത്ത പ്രവൃത്തികളുടെ സമയമാണ്, അത് ദുഃഖത്തിന്റെയൊ വിലാപത്തിന്റെയൊ സമയമല്ല. നമ്മുടെ സ്വാര്‍ത്ഥതയെ, പഴയ മനുഷ്യനെ, ഉരിഞ്ഞുമാറ്റുന്നതിനും നമ്മുടെ ജ്ഞാനസ്നാനത്തിന്റെ വരപ്രസാദത്തിനനുസൃതം നമ്മെത്തന്നെ നവീകരിക്കുന്നതിനുമുള്ള ആനന്ദകരവും ഗൗരവതരവുമായ പ്രവര്‍ത്തന സമയമാണിത്.
ദൈവത്തിനു മാത്രമെ നമുക്ക് യഥാര്‍ത്ഥ ആനന്ദം പ്രദാനം ചെയ്യാന്‍ കഴിയുകയുള്ളൂ. മറ്റെവിടെയെങ്കിലും – സമ്പത്തുകളിലും സുഖങ്ങളിലും അധികാരങ്ങളിലും ഉന്നത പദവികളിലും മറ്റും – ആ ആനന്ദം അന്വേഷിച്ച് സമയം കളയുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. നമ്മുടെ സകലവിധ ഉന്നതാഭിലാഷങ്ങളുടെയും സാക്ഷാത്ക്കാരമാണ് ദൈവരാജ്യം. കാരണം അത് ഒരേസമയം മനഷ്യന്റെ രക്ഷയും ദൈവത്തിന്റെ മഹത്വവും ആണ്. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക എന്ന യേശുവിന്റെ ആഹ്വാനം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനും സ്വീകരിക്കാനും ഈ നോമ്പുകാലത്തില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. നീതിയും സമാധാനവും സാഹോദര്യവും വാഴുന്ന ഒരിടമാക്കി ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ അഭിലഷിക്കുന്ന ദൈവത്തിന്റെ കൃപ സ്വീകരിക്കുന്നതിന് പെസഹായിലേക്കുള്ള പ്രയാണം പ്രതിജ്ഞാബദ്ധതയോടെ ആരംഭിക്കാന്‍ നാം ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.
ദൈവവചനത്തോടുള്ള വിശ്വസ്തതയോടും മരുഭൂമിയില്‍ യേശു ചെയ്തതുപോലെയുള്ള നിരന്തര പ്രാര്‍ത്ഥനയോടും കൂടെ ഈ തപസുകാലം ജീവിക്കാന്‍ ഏറ്റം പരിശുദ്ധയായ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. ആ ജീവിതം സാധ്യമാണ്. ദൈവത്തില്‍ നിന്നു പുറപ്പെടുന്നതും നമ്മുടെ ജീവിതത്തെയും ലോകം മുഴുവനെയും പരിവര്‍ത്തനം ചെയ്യാനഭിലഷിക്കുന്നതുമായ സ്നേഹം ഉള്‍ക്കൊള്ളാനുള്ള അഭിവാഞ്ഛയോടെ ജീവിച്ചാല്‍ മാത്രം മതി.
-ഫാ. വില്യം നെല്ലിക്കല്‍
Related
Related Articles
ക്രിസ്തുമസ് സമ്മാനമായി പാരസെറ്റാമോള്‍ നല്കി പാപ്പ.
വത്തിക്കാന്‍: വത്തിക്കാനിലെ 4000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ക്രിസ്തുമസ് സമ്മാനമായി നല്കി ഫ്രാന്‍സിസ് പാപ്പ. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്.
മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും
റോമിന്റെ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയാന്റെ ഓര്‍മയ്ക്കായി നിര്‍മിക്കപ്പെട്ട Mausoleum of Hadrian (AD 129-139) ഇന്ന് അറിയപ്പെടുന്നത് കാസ്തെല്‍ സാന്താഞ്ചെലോ (Castel Sant’angelo)- എന്നാണ്. ഇന്നും നിലനില്‍ക്കുന്ന മനോഹരമായ
ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു
വത്തിക്കാന്‍ സിറ്റി: ഇന്ത്യയില്‍ പ്രളയദുരിതമനുഭവിക്കുന്നവരെ ഫ്രാന്‍സിസ് പാപ്പാ അനുശോചനമറിയിച്ചു. ഇന്ത്യന്‍ അധികൃതര്‍ക്കയച്ച ടെലിഗ്രാം സന്ദേശത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് പാപ്പായുടെ അനുശോചനമറിയിച്ചത്. കേരളത്തില്‍