തപസുകാലവും ഉപവാസവും

തപസുകാലവും ഉപവാസവും

ഭാരതീയ സംസ്‌കാരത്തില്‍ തപസും ഉപവാസവും ആത്മീയയാത്രികരുടെ ജീവിതശൈലിയാണ്‌. അവരെ താപസന്മാരെന്ന്‌ വിളിച്ചുപോന്നു. ആത്മീയതാപം (ചൂട്‌) ഉണര്‍ത്തുന്ന ഒരു ജീവിതശൈലിയുടെ കഴിഞ്ഞകാല ജീവിതത്തിലെ കര്‍മഫലങ്ങളെ കത്തിച്ചു സ്വന്തം ആത്മരക്ഷ നേടുകയായിരുന്നു അവരുടെ ലക്ഷ്യം.

ലോകമാസകലം ക്രൈസ്‌തവര്‍ തപസുകാലത്തേയ്‌ക്കു പ്രവേശിക്കുമ്പോള്‍ ഒരു സ്വയരക്ഷയ്‌ക്കുവേണ്ടിയുള്ള പരിശ്രമമെന്നതിനേക്കാള്‍ നമ്മുടെ രക്ഷക്കായ്‌ പീഢാസഹനവും മരണവും സഹിച്ച്‌ നമ്മെ രക്ഷിച്ച യേശുവിനെ ധ്യാനിച്ച്‌ ആ ദിവ്യസ്‌നേഹത്തിന്റെ താപമേറ്റ്‌ പാപക്കറകള്‍ നീക്കപ്പെടേണ്ടകാലമാണ്‌ തപസുകാലം. തിരുരക്തം കൊണ്ടു കഴുകപ്പെട്ട ആത്മാവിലും സഹജീവികളിലും യേശുവിനെ ദര്‍ശിക്കുവാനുള്ള ശാരീരിക-മാനസിക-ആത്മീയ ഒരുക്കകാലമാണ്‌ തപസുകാലം.

ഒരു ചെറുതാപസ ജീവിതശൈലി 40 ദിവസത്തേക്കു പുണരുവാന്‍ എല്ലാ വിശ്വാസികളോടും സഭാമാതാവ്‌ ആവശ്യപ്പെടുന്നു; 40 രാവും പകലും സീനാമലമുകളില്‍ ദൈവസന്നിധിയില്‍ ചിലവഴിച്ച മോശയെപ്പോലെ, 40 ദിവസം മരുഭൂമിയില്‍ തപസു ചെയ്‌ത യേശുവിനെപ്പോലെ ദൈവാത്മാവിനാല്‍ നയിക്കപ്പെടേണ്ട ദിനങ്ങളാണ്‌ ഈ 40 ദിനങ്ങള്‍.
തപസുകാലത്തെ ഏറ്റവും വലിയ പ്രത്യേകത ഉപവാസമാണ്‌. ഭക്ഷണം ഉപേക്ഷിക്കുക, ഭക്ഷണം കുറയ്‌ക്കുക. മാംസം ഭക്ഷിക്കാതിരിക്കുക ഉപവാസമായ്‌ കണക്കാക്കുന്നവരുണ്ട്‌. എന്നാല്‍ യഥാര്‍ത്ഥ ക്രൈസ്‌തവ ഉപവാസം വെറും ഭക്ഷണസംബന്ധി മാത്രമല്ല; ശാരീരിക-മാനസിക-ആത്മീയ പരിവര്‍ത്തനത്തിനുതകുന്ന “ഉപ” എന്ന വാക്കിന്റെ അര്‍ത്ഥം “അടുത്ത്‌” എന്നാണ്‌. “ഉപവസിക്കുക” എന്നാല്‍ അടുത്തു വസിക്കുക എന്നാണ്‌. ഈ തപസുകാലത്ത്‌ നമ്മള്‍ നമ്മുടെ അടുത്തുവസിക്കണം, മറ്റുള്ളവരുടെ അടുത്തു വസിക്കണം, ദൈവത്തോട്‌ അടുത്തുവസിക്കണം. ഈ മൂന്നു തരത്തിലുള്ള അടുത്തു വസിക്കല്‍ നമ്മെ മൂന്നു തരത്തിലുള്ള ഉപവാസത്തിലേക്ക്‌ ക്ഷണിക്കുന്നു.

ശാരീരിക ഉപവാസം (ആഹാരം ത്യജിക്കല്‍)

ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ഞാനും നിങ്ങളും നമ്മില്‍ നിന്ന്‌ അകന്നു വസിക്കാന്‍ ഇടയാകുന്നു. അനുനിമിഷം അവശ്യമായ അവബോധവും ഏകാഗ്രതയും തിടുക്കജീവിതത്തില്‍ നഷ്‌ടപ്പെടുന്നു. നമുക്ക്‌ നമ്മെ തന്നെ അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ എത്തിച്ചേരാനുള്ള സാദ്ധ്യതയേറുന്നു. ശരീരം മനസിനും ആത്മാവിനും ഒരു ഭാരമായിത്തീരുകയും വിചാരവികാരങ്ങള്‍ അനിയന്ത്രിതമായി ആഗ്രഹിക്കാത്തതു ചിന്തിക്കുകയും ഉദ്ദേശിക്കാത്തതു സംസാരിക്കുകയും ചെയ്യുന്നവരും വിരളമല്ല. കോപവും വിഷാദവുമൊക്കെ കാര്‍മേഘപാളികള്‍ പോലെ മനസാകുന്ന ആകാശവിതാനത്തിലേയ്‌ക്കു കടന്നുവരുന്നു. നമുക്കു നമ്മള്‍ അന്യനായ്‌ മാറുന്നു. നമുക്കു നമ്മിലേക്കു തിരിച്ചുവരുവാന്‍, നമുക്കു നമ്മില്‍ വീണ്ടും കുടിയേറിപ്പാര്‍ക്കുവാനുള്ള ഉത്തമമാര്‍ഗമാണ്‌ ശാരീരിക ഉപവാസം. ആഹാരം ത്യജിക്കല്‍. വളരെ പ്രത്യേകമായ, ഏറ്റവും ഇഷ്‌ടമുള്ള ആഹാരം ത്യജിക്കല്‍. യേശുവിന്റെ പീഢാസഹനവും കുരിശിന്റെ വഴിയും കുരിശുമരണവും എത്രത്തോളം വിചിന്തനം ചെയ്യുന്നുവോ അത്രത്തോളം ശാരീരിക ഉപവാസത്തിനായുള്ള ശക്തി ലഭ്യമാകും. നമ്മുടെ ശരീരം വീണ്ടും ദൈവത്തിന്റെ പരിശുദ്ധ ആലയമായി മാറും. നമുക്കു നമ്മില്‍ വസിക്കാന്‍ വീണ്ടും സാധിക്കും.

മാനസിക ഉപവാസം (ദാനധര്‍മം)

മനുഷ്യമനസിന്റെ ആരോഗ്യവും വളര്‍ച്ചയും സന്തോഷവുമൊക്കെ സഹജീവികളുമായുള്ള സഹവര്‍ത്തിത്വത്തില്‍ നിന്ന്‌ ലഭിക്കുന്നതാണ്‌. മനസിലെ വിദ്വേഷം, അസൂയ, അഹങ്കാരം എന്നിവ സഹജീവികളുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കുകയും മനുഷ്യമനസുകളില്‍ ആഴമായ മുറിവുകളുണ്ടാക്കുകയും ചെയ്യുന്നു. തകര്‍ന്ന മനസ്‌ മൃഗീയമനസായി മാറുന്നു. മകനെ കൊല്ലുന്ന അമ്മയും, മാതാപിതാക്കളെ കൊല്ലുന്ന മകനും, ജീവിതപങ്കാളിയെ കൊല്ലുന്ന ജീവിതപങ്കാളിയുമൊക്കെ പകയാല്‍ തകര്‍ന്നു മരവിച്ച മനസുകളുടെ മകുടോദാഹരണങ്ങളാണ്‌. മനസിന്‌ പരിവര്‍ത്തനം സംഭവിക്കണം. മനസ്‌ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കണം. മനസ്‌ കരുണയും സ്‌നേഹവുംകൊണ്ടു നിറയണം. സഹജീവികളുടെ അപരാധങ്ങള്‍ പൊറുക്കണം. ഇതിനുള്ള മാര്‍ഗമാണ്‌ മാനസിക ഉപവാസം. മറ്റുള്ളവര്‍ക്ക്‌ സ്വന്തം സമയം, ആരോഗ്യം, വസ്‌തുവകകള്‍, പണം എന്നിവ ദാനമായി നല്‍കി അവരോട്‌ അടുത്തു വസിക്കുക. കൊടുക്കുക. കൊടുത്താല്‍ കിട്ടും. മാപ്പു കൊടുക്കുക, അംഗീകാരം കൊടുക്കുക, ബഹുമാനം കൊടുക്കുക; തിരിച്ചു മാപ്പും സ്‌നേഹവും ബഹുമാനവും അംഗീകാരവുമൊക്കെ ലഭിക്കും. ഈ 40 ദിവസം തീക്ഷ്‌ണമായി മറ്റുള്ളവരോട്‌ അടുത്തു വസിക്കുവാന്‍ നമുക്ക്‌ പരിശ്രമിക്കാം; ക്രിസ്‌തുശിഷ്യരാകാം!

ആത്മീയ ഉപവാസം (പ്രാര്‍ത്ഥന)

മണവാട്ടിയായ നമ്മുടെ ആത്മാവ്‌ മണവാളനായ യേശുവിനുവേണ്ടി നിരന്തരം ദാഹിക്കുന്നു. മണവാളന്റെ അസാന്നിദ്ധ്യം, മണവാളനോട്‌ അടുത്തായിരിക്കുവാന്‍ സാധിക്കാത്ത ആത്മീയ അവസ്ഥ മണവാട്ടിക്ക്‌ ആത്മീയവ്യഥയാണ്‌. സ്വന്തം കുറ്റം കാരണം ആത്മീയവ്യഥയിലൂടെ വീണ്ടും മണവാളനിലേക്കു തിരിയുവാന്‍, അടുത്തുവസിക്കുവാന്‍ ഏറ്റവും ഉത്തമ മാര്‍ഗം പ്രാര്‍ത്ഥന തന്നെ. 40 ദിവസം തപസു ചെയ്‌ത എല്ലാവരും സമയം ചിലവഴിച്ചതു പ്രാര്‍ത്ഥനയിലായിരുന്നു. സാധാരണ ദിവസങ്ങളില്‍ നല്‍കുന്നതില്‍ കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്‌ക്കു നല്‍കുക. പ്രാര്‍ത്ഥനയെന്നതു ദൈവവുമായിട്ടുള്ള സ്‌നേഹസംഭാഷണമാണെന്ന്‌ ആവിലയിലെ വിശുദ്ധ അമ്മത്രേസ്യാ പഠിപ്പിക്കുന്നു. 40 ദിവസത്തെ തീക്ഷ്‌ണമായ സ്‌നേഹസംഭാഷണം നമ്മുടെ ആത്മാവിന്‌ ആനന്ദമേകും. മണവാളനായ യേശുവിനോട്‌ കൂടുതല്‍ അടുക്കുവാന്‍ ഇടയാകും. “സ്വര്‍ഗസ്ഥനായ പിതാവെ” എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാം, ശിഷ്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച യേശുവിനെപ്പോലെ പ്രാര്‍ത്ഥിക്കാം, ഗദ്‌സമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിച്ച യേശുവിനെപ്പോലെ വേദനകള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം, കുരിശില്‍ കിടന്ന്‌ പ്രാര്‍ത്ഥിച്ചതുപോലെ നിലവിളിച്ചു പ്രാര്‍ത്ഥിക്കാം. ജപമാലയിലൂടെ, കുരിശിന്റെ വഴിയിലൂടെ, അള്‍ത്താരയിലെ ബലിയിലൂടെ, വചന വായനയിലൂടെ യേശുവിനെ ധ്യാനിച്ച്‌ പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും യേശുദര്‍ശനത്തിനായ്‌ രാവും പകലും ദൈവാലയത്തില്‍ ചിലഴിച്ച അന്ന പ്രവാചകയെപ്പോലെ, യേശു ദര്‍ശനത്തിനായ്‌ ആഗ്രഹിച്ച്‌ സാധിക്കുന്ന വിധത്തിലൊക്കെ, പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഈ 40 ദിവസം ചിലവഴിക്കാം. ഭവനത്തിലും ദൈവാലയത്തിലും ജോലിസ്ഥലങ്ങളിലും കലാലയങ്ങളിലും ഹൃദയത്തില്‍ ദൈവത്തെ സ്‌തുതിച്ചും ഈ ദിവസങ്ങളെ ധന്യമാക്കാം.

ഡോ. പ്രസാദ്‌ തെരുവത്ത്‌ ഒസിഡി


Related Articles

കുടുംബങ്ങള്‍ ജീവന്റെ വിളനിലങ്ങളാകണം -ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവന്‍ നല്കുന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപത കുടുംബ ശുശ്രുഷസമിതിയുടെ നേതൃത്വത്തില്‍ പ്രോലൈഫ് കുടുംബങ്ങളുടെ

ആശ്വസിക്കാറിട്ടില്ലെന്ന് മന്ത്രി ശൈലജ

തിരുവനന്തപുരം: രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങള്‍ ജാഗ്രതാ കുറവുണ്ടാക്കരുതെന്നും കര്‍ശനമായി സാമൂഹ്യ അകലം