തപസ്സുകാലം മൂന്നാം ഞായര്‍

തപസ്സുകാലം മൂന്നാം ഞായര്‍

Sunday Mass Readings for March 7 2021, Third Sunday of Lent, Year B

1st Reading Exodus 20:1-17 Or Exodus 20:1-3, 7-8, 12-17

Responsorial Psalm Psalms 19:8, 9, 10, 11

2nd Reading 1 Corinthians 1:22-25

Verse Before the Gospel John 3:16

Gospel John 2:13-25

 

 

തപസ്സുകാലം മൂന്നാം ഞായര്‍

തപസ്സുകാലത്തിലെ മൂന്നാം ഞായര്‍ ഒരു ദേവാലയ വിശുദ്ധീകരണത്തിന്റെ വിപണനത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോവുക. യോഹന്നാന്റെ സുവിശേഷത്തില്‍ തന്റെ പിതാവിന്റെ ആലയത്തെക്കുറിച്ച് തീക്ഷ്ണതയോടെ കത്തി നില്‍ക്കുന്ന യേശുനാഥന്‍ ദേവാലയ പരിശുദ്ധിക്കു ചേരാത്തവിധം പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടത്തെ തല്ലിയോടിക്കുന്ന സുവിശേഷ ഭാഗം, തപസ്സിന്റെ ഈ വിശ്വാസകാലഘട്ടത്തില്‍ നമ്മുടെ ദേഹമാകുന്ന ദേവാലയത്തിന്റെ പരിശുദ്ധിക്കു ചേരാത്തതിനെ തല്ലിയോടിക്കാനുള്ള മുന്നറിയിപ്പാണ് നല്‍കുക.

ദേവാലയം; ദൈവത്തിന്റെ ആലയം, ദൈവം വസിക്കുന്ന സ്ഥലം, ദൈവ മനുഷ്യ സമാഗമത്തിന്റെ ഇടം, പരിശുദ്ധിയുടെ അടയാളം, ദൈവമഹത്വത്തിന്റെ ഉറവിടം ഇങ്ങനെ വിശേഷണങ്ങള്‍ക്കെല്ലാം അതീതമായ അതിവിശുദ്ധ സ്ഥലം ഒരേ ഒരു ദേവാലയമേ യഹൂദര്‍ക്കുണ്ടായിരുന്നുള്ളൂ; ജറുസലേം ദേവാലയം. എല്ലാ യഹൂദരും പെസഹാ ആചരിക്കാന്‍ അവിടെ വരണമെന്ന നിര്‍ബന്ധവും അവര്‍ക്കുണ്ടായിരുന്നു. മാത്രവുമല്ല ഈജീപ്തിന്റെ അടിമത്വത്തില്‍ നിന്ന് ഇസ്രായേല്‍ ജനം കടന്നുപോകലിന്റെ പെസഹാ ആഘോഷിച്ച് മോചിപ്പിക്കപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കാണ് അന്നേ ദിവസം ദൈവത്തിന് ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന കല്‍പ്പനയും അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് ലോകത്തിലെ പല പ്രദേശങ്ങളില്‍ നിന്ന് യഹൂദര്‍ പെസഹാ ആഘോഷിക്കാന്‍ ജറുസലേം ദേവാലയത്തിലെത്തുന്നത് പതിവായിരുന്നു. ഈ ആള്‍ക്കൂട്ടത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്ന കച്ചവടക്കാരും അതുകൊണ്ടു തന്നെ ദേവാലയത്തില്‍ സ്ഥലം പിടിച്ചതില്‍ അതിശയപ്പെടാനില്ല.

എന്നാല്‍ സങ്കീര്‍ത്തനങ്ങള്‍ ഉയരേണ്ട ദേവാലയ പരിസരത്ത് അതിനേക്കാള്‍ ഉച്ചത്തില്‍ വിലപേശലിന്റെ ഒച്ചപ്പാടും സ്വയംസമര്‍പ്പണത്തിന്റെ ബലിക്ക് ബദലായി വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും കൂട്ടലും കിഴിക്കലും സ്ഥാനം പിടിച്ചപ്പോള്‍ ദൈവം അള്‍ത്താരവിട്ട് ചാട്ടവാറുമായി ഒരു ശുദ്ധീകരണം നടത്തുകയാണ്. അത് ചോദ്യം ചെയ്യാനായി എത്തുന്നവരോട് സ്വന്തം വീട് വൃത്തിയാക്കുവാന്‍ അധികാരമുള്ളവന്റെ അവകാശത്തോടുകൂടെ യേശു അതിന് മറുപടിയും കൊടുക്കുന്നുണ്ട്. ഒപ്പം വളരെ പ്രധാനപ്പെട്ട മഹത്തരമായ ഒരു ഓര്‍മ്മപ്പെടുത്തലും. നിങ്ങള്‍ ഈ ആലയം നശിപ്പിക്കുക; ഞാന്‍ മൂന്നു ദിവസം കൊണ്ട് ഇത് പുതുക്കിപ്പണിയാം. സുവിശേഷകന്‍ അടിവരയിട്ടു പറയുന്ന ഒരു കാര്യമുണ്ട് തന്റെ ശീരരമാകുന്ന ആലയത്തെക്കുറിച്ചാണ് അവന്‍ ഇത് പറഞ്ഞത്. എത്ര മനോഹരമാണത്. ശരീരം ഒരു ദേവാലയം. ഈ തപസ്സുകാലം നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണ് എന്ന ബോധം നമ്മിലുണ്ടാകണം.

പുഷ്പ പാദുകം അഴിച്ചുവച്ച് നഗ്നപാദരായാണല്ലോ നാം പള്ളിയില്‍ കയറുക. ഒരു തരി മണ്ണുകൊണ്ടുപോലും പള്ളിയകം അഴുക്കാവരുത് എന്ന നിര്‍ബന്ധം നല്ലതു തന്നെ. പക്ഷെ ചെളിപുരണ പാദങ്ങളും പാദുകവുമായി നാം ചവിട്ടിമെതിക്കുന്ന നമ്മുടെ ശരീരമാകുന്ന പള്ളിയെക്കുറിച്ച് ഇനിയും നാം എന്തേ ചിന്തിക്കാന്‍ മറന്നുപോകുന്നു. ദേവാലയത്തില്‍ നാം കാണിക്കുന്ന ശ്രദ്ധ എന്തുകൊണ്ട് നമ്മുടെ ശരീരത്തോടും ജീവിതത്തോടും നാം കാണിക്കാതെ പോകുന്നു. കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിന്റെ ആറാം അദ്ധ്യായത്തില്‍ പൗലോസ്ലീഹാ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമാണ് നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ് എന്ന്.

നോമ്പിന്റെ നന്മയിലൂടെ തപസ്സിന്റെ പുണ്യത്തിലൂടെ കടന്നുപോയി വിശുദ്ധി പ്രാപിക്കുവാനുള്ള ഒരു സമയത്തിലൂടെ നാം കടന്നുപോകുമ്പോള്‍ ശരീരമെന്ന പരിപാവനമായ ദേവാലയത്തെക്കുറിച്ച് നമുക്ക് ആഴമായി ഒന്നു ചിന്തിക്കാം. കള്ളത്തരങ്ങളും കണക്കുകൂട്ടലുകളും ആസക്തികളും വിലപേശലുകളും ഒക്കെയുള്ള ഒരു കച്ചവടസ്ഥമായി ശരീരം മാറിപ്പോയെങ്കില്‍ സാരമില്ല മാറാന്‍ മനസ്സുണ്ടെങ്കില്‍ ശുചീകരിക്കാന്‍ തയ്യാറായെങ്കില്‍ നഷ്ടപ്പെടുത്തിയ പരിശുദ്ധിയിലേക്ക് വീണ്ടും തിരികെ വരാം.

സമൃദ്ധിയുടെ പൊന്‍ചിങ്ങമാസത്തെ വരവേല്‍ക്കുന്നതിനു മുന്‍പ് ഹൈന്ദവ കുടുംബങ്ങളില്‍ കര്‍ക്കിടകത്തിന്റെ അവസാന ദിവസം വീട് മുഴുവന്‍ അടിച്ചുവാരി തൂത്ത് വൃത്തിയാക്കി പൊട്ടിയതും പൊളിഞ്ഞതും ഒടിഞ്ഞതുമെല്ലാം ദൂരെക്കളഞ്ഞ് നല്ലതിനെ വരവേല്‍ക്കുന്ന ഒരു രീതിയുണ്ട്. ഈ തപസ്സുകാലം ഒരു അടിച്ചുവാരി തൂത്തുവൃത്തിയാക്കലിന്റെ കാലമാണ്. പൊടിയും പോരായ്മകളും കറയും കള്ളങ്ങളും നമുക്ക് തട്ടിക്കളയാം. പൊടിയുള്ള ജനല്‍ പാളിയിലൂടെ പുറത്തേക്ക് നോക്കിയാല്‍ പുറം കാഴ്ചയും പൊടിപിടിച്ചതാകും. അകത്തെ ചില്ല് കഴുകി വൃത്തിയാക്കാം. അപ്പോള്‍ കാഴ്ച ശരിയാകും. കാഴ്ചപ്പാടുകളും. ഏശയ്യാ പ്രവചനം ഇപ്പോള്‍ കാതില്‍ മുഴങ്ങുന്നുണ്ട്. വരുവിന്‍ നമുക്ക് രമ്യപ്പെടാം നിങ്ങളുടെ പാപങ്ങള്‍ കടും ചൊമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളി പോലെ വെളുക്കും (ഏശയ്യാ 1:18).

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിമോചന സദ്‌വാര്‍ത്തയാവുക

വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച് നാലാം അധ്യായം മുതലാണ് ഈശോ തന്റെ സുവിശേഷ ദൗത്യം ആരംഭിക്കുന്നത്. മരുഭൂമിയിലെ സാത്താന്റെ പരീക്ഷയ്ക്കു നൂറില്‍ നൂറു മാര്‍ക്കും വാങ്ങി ഫുള്‍ എപ്ലസ്

ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

കോഴിക്കോട്: വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഇറ്റലിയില്‍ നിന്നു കൊണ്ടുവന്ന വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് വെനെറിനി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നു

കാന്‍സറിനെതിരെ സന്ദേശ പ്രചരണ ജലയാത്ര

വിജയപുരം: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കാന്‍സര്‍ സാന്ത്വനപദ്ധതിയായ ആശാകിരണത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് കാന്‍സറിനെതിരെയുള്ള സന്ദേശപ്രചരണ ജലയാത്ര സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം എന്നിവയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*