Breaking News

താക്കോല്‍ തുറക്കുമ്പോള്‍

താക്കോല്‍ തുറക്കുമ്പോള്‍

ഒരു സെന്‍ ബുദ്ധ സന്ന്യാസിയുടെയോ സൂഫി ഗുരുവിന്റെയോ ഹൈക്കു പുസ്തകത്തിലെ വരികളിലൂടെ കണ്ടറിഞ്ഞ താപസന്റെയോ രൂപമാണ് കിരണ്‍ പ്രഭാകരന്‍ എന്ന ചലച്ചിത്ര സംവിധായകനെ കാണുമ്പോള്‍ ഓര്‍മവരുന്നത്. അദ്ദേഹത്തിന്റെ ചലച്ചിത്രത്തിനും അതുപോലെ തന്നെ ആഴവും അറിവും അഴകും ആനന്ദവും ആത്മീയതയുമുണ്ട്.
ചിത്രം തുടങ്ങുമ്പോള്‍ അതിന്റെ പേര് എഴുതിക്കാണിക്കുന്നതിനുപയോഗിച്ചിരിക്കുന്ന രീതി; ‘താക്കോല്‍’ എന്ന വാക്കിന്റെ ‘ക്ക’ എന്ന അക്ഷരത്തിലെ കുരുക്ക് ഒരു പൂട്ടിനുള്ളിലെ സങ്കീര്‍ണതയാണ്. പേര് താക്കോല്‍ എന്നാണെങ്കിലും പേരിന്റെ അവതരണ കലയിലെപോലെ പൂട്ടിന്റെ ഉള്ളിലെ സങ്കീര്‍ണതയാണ് ചിത്രത്തിനുമുള്ളത്. താക്കോല്‍ എന്നത് ഈ സങ്കീര്‍ണതകള്‍ക്കുള്ള മറുപടിയാണ്.
മോണ്‍. മാങ്കുന്നത്തച്ചന്റെ കൈയിലെ താക്കോല്‍ക്കൂട്ടത്തില്‍ തുടങ്ങി അതേ അച്ചന്റെ കൈയിലിരിക്കുന്ന താക്കോല്‍ എന്ന പുസ്തകത്തില്‍ അവസാനിക്കുന്ന ചിത്രത്തിലുടനീളം കുറെയധികം ജീവിതങ്ങള്‍ നമുക്ക് കണ്ടെത്താനാവും. താക്കോല്‍കൊണ്ട് നിയന്ത്രിക്കപ്പെട്ട ജീവിതം… താക്കോല്‍ കൈമാറി ഉത്തരവാദിത്വം ഒഴിയാന്‍ ഒരുങ്ങുന്ന ജീവിതം വലിയ അധികാരത്തിന്റെ താക്കോല്‍ ഉള്ളതിനാല്‍ അയാള്‍ രാജാവിനെപ്പോലെ സുഖിക്കുകയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ജീവിതം…എന്റെ ജീവിതത്തിന്റെ താക്കോല്‍ മറ്റാരുടേയോ കൈയിലാണെന്ന് കരുതി നിരാശപ്പെടുന്ന ജീവിതം… ഭക്ഷണം താക്കോലായി മറ്റുള്ളവരുടെ ഹൃദയം തുറക്കാനാവും എന്നു കരുതുന്ന ജീവിതം… കൂട്ടുകാരന്റെ ഡയറിക്കൊപ്പം ഹൃദയവും തുറക്കാന്‍ സാധിക്കുന്ന സ്‌നേഹത്തിന്റെ താക്കോലുള്ള ജീവിതം… എല്ലാം കച്ചവടക്കണ്ണോടെ കണ്ടിട്ടും ഒന്നും സ്വന്തമാക്കാന്‍ മനസില്ലാത്ത മനഃസ്താപത്തിന്റെ താക്കോല്‍ ദൈവത്തിനര്‍പ്പിക്കുന്ന ജീവിതം… സൗഹൃദത്തിന്റെ താക്കോല്‍ എന്നെ ഏല്പിച്ചിരിക്കുന്നു എന്ന് ചിന്തിച്ചിട്ടും എനിക്കറിയാന്‍ പറ്റാതെ പോയത് ചിലതുണ്ട്. അത് അറിയണം എന്ന് ഉറപ്പിച്ച് ഒറ്റുകാരനായ കള്ളത്താക്കോലാകാന്‍ ശ്രമിക്കുന്ന ജീവിതം… ഏത് താക്കോലിനുമുന്നിലും തുറക്കപ്പെടുന്ന പൂട്ടാണ് ഞാന്‍ എന്ന നിലയിലുള്ള ജീവിതം… ആരുടെയോ താക്കോലിനൊത്ത് നിയന്ത്രിക്കപ്പെടുന്ന പാപത്തിന്റെ പാതയാണെന്ന് താന്‍ എന്ന തിരിച്ചറിവുള്ള ജീവിതം… എന്റെ ജീവിതത്തിന്റെ താക്കോല്‍ എന്റെ കൈയില്‍ തന്നെയുണ്ടെന്ന് തിരിച്ചറിയുന്ന ജീവിതം…
എല്ലാമായിട്ടില്ല, ഇനിയുമുണ്ട് ഇതൊക്കെ ആരെല്ലാമെന്ന് വ്യക്തമാക്കുന്ന താക്കോല്‍ ഈ ലേഖനത്തിലൂടെ ഞാന്‍ കൈമാറിയാല്‍ പിന്നെ ഈ ചിത്രത്തിന്റെ രസം നഷ്ടമാവും, പ്രകാശം കെട്ടുപോകും.
മണ്ണുപറമ്പില്‍ പിതാവും അംബ്രോസ് അച്ചനും സില്‍വസ്റ്റര്‍ അച്ചനും ജസീന്ത മോറിസും ക്ലമന്റ് അപ്പാപ്പനും പാലപ്പറമ്പില്‍ തോമാച്ചനും സാറയുമെല്ലാം ഈ മേല്പറഞ്ഞ താക്കോലുകള്‍ കൈവശമുള്ളവരാണ്.
ചരിത്രാവിഷ്‌കരണത്തിലും കഥപറയുന്നതിലെ കലയിലും ഈ ചിത്രം ഒരു പുത്തന്‍ ട്രെന്‍ഡാകാന്‍പോലും സാധ്യതയുണ്ട്. ചലച്ചിത്ര ആസ്വാദകന്റെ തന്നെ ആസ്വാദന നിലവാരം ഉയര്‍ത്തുന്ന ചിത്രം.
സമര്‍പ്പിതജീവിതത്തിന്റെ ശുദ്ധതയെയും ചൈതന്യത്തെയും ചോദ്യം ചെയ്യുന്ന, അവഹേളിക്കുന്ന സമര്‍പ്പിതരുടെ ഇടപെടലുകള്‍ക്കുള്ള പ്രതികരണം കൂടിയാണ് ഒരു ഹൈന്ദവനായ സംവിധായകന്‍ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. ഒരു അശ്ലീല പുസ്തകംകൊണ്ട് കോരിയെറിഞ്ഞ ചെളി ഒരു ചലച്ചിത്രത്തിലൂടെ കഴുകപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തെയും ഒപ്പം നന്മയുള്ള അനേകരുടെ ജീവിത സമര്‍പ്പണങ്ങളെയും മാനിക്കുന്നതിലും കിരണ്‍ പ്രഭാകരന്‍ അര്‍പ്പിച്ച സമര്‍പ്പണം പ്രശംസനീയമാണ്.
ചിത്രം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും എഴുതിക്കാണിക്കുന്ന ഒരു വരിയുണ്ട്: സമര്‍പ്പണം. ‘ജീവിതത്തില്‍ നന്മയെ കരുതി ചെയ്യുന്ന എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും.’ സമര്‍പ്പിത ജീവിതത്തിന്റെ രൂപീകരണവും (ഫോര്‍മേഷന്‍) നിയമങ്ങളും ക്രൂരകൃത്യങ്ങളായി ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത്. ഇത്തിരി നിറവും മണവും കൂട്ടാന്‍ ഇക്കിളി കെട്ടുകഥകളും ചേര്‍ത്ത് അവതരിപ്പിച്ച് വികലമായ കാഴ്ചപ്പാടിലേക്ക് പൊതുസമൂഹത്തെ നയിക്കുന്നവര്‍ക്കുകൂടിയുള്ള തിരിച്ചറിവിന്റെ ‘ജ്ഞാനത്തിന്റെ താക്കോല്‍’ കൂടിയാണ് ഈ ചിത്രം.
ഒരു തിരിച്ചറിവ് ഉണ്ടാകുന്നതുവരെ അംബ്രോസച്ചന് ‘മോണ്‍സിഞ്ഞോര്‍ അച്ചന്‍’ ഒരു ‘മോണ്‍സ്റ്റര്‍’ അച്ചനായിരുന്നു. ചലച്ചിത്രത്തിലെ അവസാന സംഭാഷണശകലത്തിലൂടെ ഇക്കണ്ട ക്രൂരകൃത്യങ്ങള്‍ എന്തായിരുന്നെന്ന താക്കോല്‍ വാക്യം പങ്കു വയ്ക്കുന്ന മാങ്കുന്നത്തച്ചനെ നമുക്ക് കാണാം.
അവനവന്റെ ജീവിതത്തിന്റെ താക്കോല്‍ മറ്റാരുടെയും കൈയിലല്ല, സ്വന്തം കൈയില്‍ തന്നെ എന്ന തിരിച്ചറിവിനുശേഷം അംബ്രോസച്ചന്റെ ശരീരഭാഷ തന്നെ മാറുന്നത് ചലച്ചിത്രത്തില്‍ ശ്രദ്ധേയം. അഭിനയ മികവിലൂടെ ആ കഥാപാത്രത്തിന്റെ തിരിച്ചറിവ് നമുക്ക് ഭംഗിയായി മനസിലാക്കിത്തരുന്നുണ്ട്.
സാധാരണയായി നമുക്കൊക്കെ താക്കോല്‍ കളഞ്ഞുപോയ അനുഭവങ്ങളുണ്ട്. എന്നാല്‍ ചിത്രത്തില്‍ താക്കോല്‍ ഉണ്ടായിരിക്കെ കാണാതെ പോയ പൂട്ടിനെപ്പറ്റി പറയുന്നുണ്ട്. അനേകരുടെ ഹൃദയപൂട്ടുകള്‍ തുറക്കാന്‍ സാധിക്കുന്ന സ്‌നേഹതാക്കോലായി മാറാന്‍ നമുക്കാകും. കാണാതായ പൂട്ട് തിരക്കിയിറങ്ങുന്ന താക്കോലാണ് കുമ്പസാരമെന്ന കൂദാശ എന്ന് വെളിവാക്കി കൂദാശയുടെ ശ്രേഷ്ഠത ശ്രദ്ധയില്‍ കൊണ്ടുവരുന്ന ചലച്ചിത്രമായി താക്കോല്‍.
എന്റെ ചിന്തകളുടെ താക്കോല്‍ തുറന്ന പൂട്ടുകളായിരിക്കില്ല നിങ്ങള്‍ ഈ ചിത്രം കാണുമ്പോള്‍ തുറക്കപ്പെടാന്‍ പോകുന്നത്. താക്കോല്‍ ഒരു കിരണ്‍ എന്ന സന്യാസിയുടെ ധ്യാനത്തില്‍ വിരിഞ്ഞ ‘ഹൈക്കു’ ആണ്.


Related Articles

സിറിയയിലേക്കും ജറൂസലേമിലേക്കും വത്തിക്കാന്‍ വെന്റിലേറ്റര്‍ എത്തിച്ചു

റോം: ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ സിറിയയിലെയും ജറുസലേമിലെയും ആശുപത്രികള്‍ക്കായി പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയം വെന്റിലേറ്റര്‍ നല്‍കി. കൊറോണവൈറസ് മഹാമാരി ദുരിതാശ്വാസത്തിനായി അടിയന്തരഫണ്ട് സ്വരൂപിക്കുന്നതിന് തുടക്കംകുറിച്ചുകൊണ്ടാണ് 10

നോബല്‍ സമ്മാനജേതാവ് വത്തിക്കാന്‍റെ അക്കാഡമി അംഗമായി നിയമിച്ചു

നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍

കോവിഡ് വ്യാപനം: നാല് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

  രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് അയച്ചത്. രോഗവ്യാപനം ശക്തമായ നാല് സംസ്ഥാനങ്ങളിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*