തിരിച്ചെത്തുന്ന മാനവശേഷിയുടെ നിനവില്‍ നവകേരളം

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പ്രതിഗമനത്തിന് (റിവേഴ്സ് മൈഗ്രേഷന്‍) കൊവിഡ് കാലം ആക്കംകൂട്ടിയിരിക്കയാണ്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിറന്ന നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ ക്ഷേമകാര്യ ഏജന്‍സിയായ നോര്‍ക്ക റൂട്സ് കഴിഞ്ഞ മേയ് ആദ്യവാരം രജിസ്ട്രേഷന് ആരംഭിച്ചപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് 4.13 ലക്ഷം പേരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി ഒന്നര ലക്ഷം പേരുമാണ് തിരിച്ചുവരവിന് മുന്‍ഗണന തേടിയത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിരുന്ന 20 ലക്ഷം കേരളീയരില്‍ രണ്ടര ലക്ഷത്തോളം എത്തിക്കഴിഞ്ഞുവെന്നാണ് നോര്‍ക്കയുടെ കണക്ക്. രാജ്യാന്തര വിമാന സര്‍വീസുകള്‍ കൊവിഡ് ലോക്ഡൗണില്‍ നിലച്ചിരിക്കെ ഉഭയതോയാത്രയുടെ ‘എയര്‍ ബബിള്‍’ ഉടമ്പടിപ്രകാരം മേയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റില്‍ നിന്നാരംഭിച്ച വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും റിയാദില്‍ നിന്നുമായി ഒന്‍പത് ഫ്ളൈറ്റ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലെ നാലു രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് ഈ മാസം 157 സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സ്പെഷല്‍ ഫ്ളൈറ്റിനായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ പേരുചേര്‍ക്കല്‍, യാത്രാനുമതിക്കായി കൊവിഡ് പരിശോധന, യാത്രക്കിടെ രോഗപ്പകര്‍ച്ച തടയുന്നതിനുള്ള സുരക്ഷാകവചം, നാട്ടിലെത്തുമ്പോഴുള്ള ക്വാറന്റീന് നിരീക്ഷണം തുടങ്ങി പല കാര്യങ്ങളിലും നിലനിന്ന ആശങ്കകളും നിലപാടുമാറ്റത്തിലെ ആശയക്കുഴപ്പവുമൊക്കെ ഇതിനകം ഒട്ടൊക്കെ വിട്ടൊഴിഞ്ഞിട്ടുണ്ടെങ്കിലും അന്യദേശത്ത് തൊഴില്‍ നഷ്ടപ്പെടുന്നതിന്റെ അരക്ഷിതാവസ്ഥയിലും രോഗഭീതിയിലും കടുത്ത സാമ്പത്തിക ഞെരുക്കത്തിലും കഴിയുന്നവരുടെ തീരാവ്യഥകളുടെ തീവ്രതയ്ക്ക് ശമനമൊന്നുമില്ല. നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്പില് പകച്ചുനില്ക്കുന്നവരുടെ ദൈന്യവും പരവശതയും അളവറ്റതാണ്. 1990 ഓഗസ്റ്റില്‍ ഇറാഖി സൈന്യം കുവൈത്ത് പിടിച്ചടക്കിയതിനെ തുടര്‍ന്നും, ആഗോള സാമ്പത്തിക മാന്ദ്യം 2009ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും പിടിച്ചുലച്ചപ്പോഴും, 2011ല്‍ സ്വദേശിവത്കരണത്തിന്റെ പേരില്‍ സൗദി അറേബ്യ നിതാഖത് നിയമം ഏര്‍പ്പെടുത്തിയപ്പോഴും ആധുനിക കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിന്റെ ചാലകശക്തിയായ ‘ഗള്‍ഫ് നിക്ഷേപം’ അനിശ്ചിതത്വത്തിലാകുന്നതിന്റെ ആഘാതം നാം കുറെയൊക്കെ അനുഭവിച്ചതാണ്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ അപ്രഗമവും അപ്രതിരോധ്യവുമായ പ്രഹരം പ്രവാസലോകത്തെ എത്രത്തോളം തളര്ത്തുന്നുവോ നവകേരള പുനഃസൃഷ്ടി എന്ന സങ്കല്പം അത്രത്തോളം ദുസ്സാധ്യമാവുകയാണ്.
പ്രവാസികളില്‍ നിന്ന് 2019ല്‍ ഒരു ലക്ഷം കോടി രൂപ കേരളത്തില്‍ എത്തിയെങ്കില്‍ അത് സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ ഒന്നര ഇരട്ടിയോളം വരും. സംസ്ഥാനത്തെ ഇപ്പോഴത്തെ മൊത്തം ബാങ്ക് നിക്ഷേപങ്ങളുടെ 40 ശതമാനം (അതായത്, 1.90 ലക്ഷം കോടി രൂപ) എന്‍ആര്‍ഐ അക്കൗണ്ടിലാണ്. അത്രകണ്ട് മിച്ചം വച്ച സമ്പാദ്യമൊന്നുമില്ലാത്തവരാണ് ഇപ്പോള്‍ തിരിച്ചുവരുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ക്ക് 5,000 രൂപ വീതം ആശ്വാസധനം നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നോര്‍ക്കയ്ക്ക് 50 കോടി കൈമാറിയിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിനുശേഷം നാട്ടിലെത്തിയ പ്രവാസികളില്‍ അന്‍പതിനായിരം പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ സഹായം എത്തിച്ചുവെന്നാണ് കഴിഞ്ഞ ഓഗസ്റ്റ് 25ന് നോര്‍ക്ക അറിയിച്ചത്. ആകെ ചെലവായത് 25 കോടി! സ്വാശ്രയ എന്ന പേരില്‍ പെന്‍ഷനും ഇന്‍ഷ്വറന്‍സും ചേര്‍ന്ന ഒരു പദ്ധതി നോര്‍ക്ക പ്രവാസിക്ഷേമത്തിനായി അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേമം, പുനരധിവാസം, സംരംഭകത്വത്തിനും ധനസഹായത്തിനുമുള്ള മാര്‍ഗദര്‍ശനം, ഗവേഷണവും ആസൂത്രണവും എന്നിങ്ങനെ നോര്‍ക്കയുടെ പ്രഖ്യാപിത ദൗത്യനിര്‍വഹണത്തിന്റെ വ്യാപ്തിയും സാധ്യതകളും എന്താണെന്ന് തിരിച്ചറിയാന്‍ ഇതിലും വലിയ ആപല്സന്ധിയുണ്ടാകാനില്ല.
വിദേശത്ത് ബഹുരാഷ്ട്രകമ്പനികളിലും മറ്റുമായി ഉയര്‍ന്ന തൊഴില്‍സംസ്കാരവും നൂതന തൊഴില്‍പരിശീലനവും സാങ്കേതികവിദ്യയില്‍ നൈപുണ്യവും നേടിയവര്‍ വലിയ മാനവവിഭവശേഷിയുടെ ആള്‍രൂപമായി കേരളത്തിലേക്കു മടങ്ങിയെത്തുന്നുണ്ട്. ഇവരെ കണ്ടുകൊണ്ടാകണം നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈ ഒന്നാം തീയതി നൂറു ദിനം കൊണ്ട് നടപ്പാക്കുന്ന ‘ഡ്രീം കേരള’ പദ്ധതി പ്രഖ്യാപിച്ചത്. ജൂലൈ 15 മുതല്‍ 30 വരെ ഐഡിയത്തോണ്‍, ഓഗസ്റ്റ് ഒന്നു മുതല്‍ 10 വരെ സെക്ടറല്‍ ഹാക്കത്തോണ്‍, ഓഗസ്റ്റ് 14ന് തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍, നവംബര്‍ 15ന് മുന്‍പ് പദ്ധതി പൂര്‍ത്തീകരണം! 2018ലെ മഹാപ്രളയാനന്തരം റീബില്‍ഡ് കേരള എന്ന പേരില്‍ നെതര്‍ലന്‍ഡ്സില്‍ വരെ പോയി ‘റൂം ഫോര്‍ റിവര്‍’ എന്ന ഡച്ച് മാതൃകയും ആഗോളതലത്തില്‍ ധനസഹായ ഏജന്‍സികളെ കണ്ടെത്താനുള്ള കോടികളുടെ കണ്‍സള്‍ട്ടന്‍സി ഇടപാടുമൊക്കെയായി മുഖ്യധാരാ മാധ്യമങ്ങളില്‍ കോടികളുടെ പരസ്യങ്ങളിലും പെയ്ഡ് ന്യൂസ് ഇനത്തില്‍ പെടുത്താവുന്ന ടെലിഫീച്ചറുകളിലും നിറഞ്ഞുനിന്നതുപോലെ വൃഥാലാപമായി, മറ്റൊരു സമ്മോഹക സ്വപ്ന പദ്ധതിയായി ഇതു മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
പ്രവാസികളുടെ പുനരധിവാസത്തിനായി നൂതന സംരംഭങ്ങളും സുരക്ഷിത നിക്ഷേപങ്ങളും കണ്ടെത്തേണ്ടതുണ്ട്. കൊവിഡ് അതിജീവനത്തിനായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളോ സംസ്ഥാനം നിര്‍ദേശിക്കുന്ന ബാങ്ക് വായ്പയോ കടത്തിനുമേലുള്ള പലിശ സബ്സിഡിയോ വ്യവസായവാണിജ്യ ആവശ്യങ്ങള്‍ക്കുള്ള മൂലധനത്തിന്റെ പ്രശ്നത്തിനു പരിഹാരമാകുന്നില്ല. കുടുംബശ്രീ മാതൃകയിലുള്ള പ്രവാസി സൊസൈറ്റികളും സ്വയംപര്യാപ്തതയുടെ പങ്കാളിത്ത സംരംഭങ്ങളും വ്യാപകമായ തോതില്‍ വികസിപ്പിക്കാനാകണം. സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് 90 ശതമാനം വരെ ഗ്രാന്റ് നല്കുന്ന കേന്ദ്ര മന്ത്രാലയങ്ങളുടെ ചില പദ്ധതികളുണ്ട്. ഇത്തരം ഗ്രാന്റുകളും സഹായ പദ്ധതികളും ലഭ്യമാക്കാനും യോജിച്ച നിക്ഷേപ പദ്ധതി നിര്‍ണയിക്കാനും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്കു സഹായിക്കാനാകും. വ്യാമോഹമല്ല, പ്രത്യാശയാണ് യഥാര്‍ഥ മൂലധനം.
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ലോക്ഡൗണ്‍ കാലത്ത് പുനരാരംഭിച്ചതിനുശേഷം യാത്രക്കാരുടെ എണ്ണം 1.15 ലക്ഷമായി ഉയര്‍ന്നത് സിവില്‍ വ്യോമയാന മന്ത്രാലയം ആഘോഷിക്കുകയാണ്. കഴിഞ്ഞ മേയില്‍ ആരംഭിച്ച ഐആര്‍സിടിസി സ്പെഷല്‍ ട്രെയിന്‍ സര്‍വീസില്‍ നിലവിലുള്ള 230 ട്രെയിനുകളുടെ പട്ടികയില്‍ ഈമാസം 80 എണ്ണം കൂടുകയാണ്. പല വന്‍നഗരങ്ങളിലും മെട്രോ റെയില്‍ സര്‍വീസ് ഭാഗികമായെങ്കിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ദേശീയ അടച്ചുപൂട്ടലിന്റെ കൊടിയ ദുരിതങ്ങള്‍ താണ്ടി സ്വദേശത്തേക്കു മടങ്ങാനുള്ള കൂട്ടപലായനത്തിലെ ദുരന്തങ്ങള്‍ മറന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ തിരിച്ചുവരുന്നതു കാത്തിരിക്കേണ്ടതുണ്ടോ ഇനിയും നമ്മള്? പുതിയ പ്രവാസ ചക്രവാളങ്ങള്‍ തെളിഞ്ഞുവരുന്നതുവരെയെങ്കിലും സ്വന്തം തട്ടകത്തില്‍ തൊഴിലില്ലാപ്പടയായി അലയേണ്ടതുണ്ടോ പ്രാവീണ്യമുള്ള പ്രവാസികള്‍?
Related
Related Articles
ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും… വീഡിയോ കാണുക
നാടും വീടുമൊക്കെ മുങ്ങിപ്പോയ കൊടും പേമാരിയിൽ രക്ഷകരായി എത്തിയത് തീരദേശങ്ങളിൽ നിന്നുഉള്ള മത്സ്യത്തൊഴിലാളികളാണ്. സൈന്യത്തിൻറെയും നേവിയുടെയും പോലീസിനെയും ഫയർഫോഴ്സിനെയും സേവനം മതിയാകാതെ വന്നപ്പോൾ കേരളത്തിൻറെ സൈന്യം മത്സ്യത്തൊഴിലാളികൾ
പ്രസന്നതയുടെ നിത്യസ്മിതം ആന്സന് കുറുമ്പന്തുരുത്ത്
വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്സന് കുറുമ്പന്തുരുത്ത് എന്ന അധ്യാപകന് കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി
യുവജന മുന്നേറ്റത്തിലൂടെ ഭൂമിയെ പച്ചപ്പുതപ്പണിയിക്കണം
സന്തോഷ് അറയ്ക്കല്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെസിവൈഎം ഇന്ന് നാടും നഗരവും വികസനത്തിന്റെ പാതയിലാണ്.വികസനത്തിന്റെ പേരില്‍ നാം അധിവസിക്കുന്ന നാടിനെ ചൂഷണം ചെയ്യുന്ന ആധുനിക ലോകം