തീക്കനല്‍ നെഞ്ചിലേറ്റിയ മാതാവിന്റെ പ്രേഷിതമൊഴിയിലൂടെ

തീക്കനല്‍ നെഞ്ചിലേറ്റിയ മാതാവിന്റെ പ്രേഷിതമൊഴിയിലൂടെ

ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്

മാനേജിംഗ് എഡിറ്റര്‍, ‘ജീവനാദം’

ഇതാ നിന്റെ അമ്മ എന്നു പറഞ്ഞ് അമ്മയുടെ മാതൃത്തണല്‍ ഒരുക്കിയ ദൈവത്തിന് നന്ദി പറയുന്ന ഒരു ഇടയനെ മോണ്‍. പോള്‍ ആന്റണി മുല്ലശേരിയില്‍ ഞങ്ങള്‍ ജീവനാദം കുടുംബാംഗങ്ങള്‍ കണ്ടു. അഭിവന്ദ്യ പിതാവിന്റെ ശുശ്രൂഷയുടെ വലിയ തിരഞ്ഞെടുപ്പില്‍ ആശംസകള്‍ അറിയിക്കുവാന്‍ കൊല്ലം ബിഷപ്‌സ് ഹൗസില്‍ ചെന്ന ഞങ്ങളെ കാത്തിരുന്ന ഒരു ഇടയനെ കാണാന്‍ സാധിച്ചു.

സൗമ്യമായ പുഞ്ചിരിയോടെ അമ്മയാണ് തന്റെ ശക്തിയെന്ന് പറഞ്ഞ് മരിയന്‍ ഭക്തി പ്രചരിപ്പിക്കുവാന്‍ കൊതിക്കുന്ന ഒരു ദൈവമകനെ ഞങ്ങള്‍ പിതാവില്‍ കണ്ടു. അത്യാധുനിക വശ്യതകളുടെ ഈ ലോകത്തില്‍ മാതൃസംരക്ഷണം സഭയുടെ കോട്ടയാണ് എന്നു പറയാനും പിതാവ് ആഗ്രഹിച്ചു. ”നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും” എന്ന ശിമയോന്റെ പ്രവചനം മാതാവില്‍ അന്വര്‍ത്ഥമായപ്പോള്‍ തളരുന്ന വിശ്വാസത്തിന്റെ ജീവിതങ്ങള്‍ക്ക് ഈ അമ്മയുടെ ജീവിതം പിന്തുണയേകുമെന്ന് പിതാവ് പങ്കുവച്ചു.

ആഴമേറിയ വിശ്വാസത്തിന്റെ അഗ്നി ഹൃദയത്തില്‍ സൂക്ഷിക്കുന്ന കൊല്ലം രൂപതസത്യത്തിനായി പോരാടിയ ജീവിതസാക്ഷ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നമുക്കായ് പങ്കുവയ്ക്കുന്നുണ്ട്. സൗമ്യതയുടെയും സാന്ത്വനത്തിന്റെയും സദ്‌വാര്‍ത്തയേകിയ പ്രവാചകനെ ക്രൂശില്‍ തറയ്ക്കാന്‍ സ്വന്തംജനത ആക്രോശിച്ചത് സഭയില്‍ ഇന്നും തുടരുന്നു. അസത്യങ്ങളെ സത്യമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ ധീരതയോടെ സഭയുടെ നിലപാടുകള്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്ത സ്റ്റാന്‍ലി റോമന്‍ പിതാവിന്റെ വഴിത്താരകള്‍ പിന്തുടരുന്ന പുതിയ പിതാവിനും വെല്ലുവിളികള്‍ ഏറെയാണ്.

പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും സംരക്ഷണത്തിനുമായി സഭ നടത്തുന്ന പോരാട്ടങ്ങള്‍ ചെറുതാക്കി കാണിക്കുവാന്‍ മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ ശ്രമിക്കുമ്പോള്‍ നൊമ്പരങ്ങളുടെ ഈ തിരമാല അതിര്‍വരമ്പുകള്‍ ലംഘിച്ച് ആര്‍ത്തുവിളിക്കുമെന്ന് മറക്കാതിരിക്കാം.

കാല്‍വരിയിലേക്കുള്ള ഈശോയുടെ യാത്രയില്‍ അമ്മ ഉണ്ടായിരുന്നല്ലോ! ഈ അമ്മയുടെ വ്യാകുലതകളുടെ പിടയുന്ന മനസ് മുല്ലശേരി പിതാവിനോടൊപ്പം ഉണ്ടാകുമെന്നു തീര്‍ച്ച. നീതിക്കുവേണ്ടി, സത്യത്തിനു വേണ്ടി ഓടിനടന്ന ജനങ്ങളുടെ ഇടയിലെ പോള്‍ മുല്ലശേരി അച്ചനെ കൊല്ലത്തെ ജനത എന്നും നെഞ്ചിലേറ്റുമെന്ന് തീര്‍ച്ച. ഇനിയങ്ങോട്ട് അധികാരത്തിന്റെ അംശവടിയെ ലാളിത്യത്തിന്റെ വഴികാട്ടിയാക്കി മാറ്റുവാന്‍ മാതാവിനെ തോളോടു ചേര്‍ത്തിരിക്കുന്ന അഭിവന്ദ്യപിതാവിന്റെ യാത്രയില്‍ ജപമാലയേന്തി ദൈവജനവുമുണ്ടാകും.

അനേകംപേര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്റ്റാന്‍ലി റോമന്‍ പിതാവിന്റെ വിദ്യാഭ്യാസ രംഗത്തിലൂന്നിയ ശുശ്രൂഷകളെ കൂടുതല്‍ മുന്നോട്ടു നയിക്കുവാന്‍ പോള്‍ ആന്റണി പിതാവിന് സാധിക്കുമെന്നതില്‍ സംശയമില്ല.

ലത്തീന്‍ സമുദായം ആരെയും ഉപദ്രവിക്കുവാന്‍ തുനിഞ്ഞിട്ടില്ല. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍  വെമ്പല്‍ കൊണ്ട മറിയത്തെ പോലെ അപരന്റെ നന്മകളിലേക്ക് തിടുക്കത്തിലുള്ള യാത്ര തുടരുകയാണ്. വാക്കുകള്‍ കൊണ്ട് തളര്‍ത്തുവാനും പ്രവൃത്തികള്‍ കൊണ്ട് പാര്‍ശ്വവല്ക്കരിക്കാനും ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ ശക്തനായവന്‍ കൂടെയുണ്ട് എന്ന് ഏറ്റുപറഞ്ഞ് ലത്തീന്‍സഭ മുന്നോട്ടു കുതിക്കുകയാണ്.

കേരളത്തിന്റെ വികസനത്തിന്റെ കുതിപ്പില്‍ നാഴികക്കല്ലായ ലത്തീന്‍സമുദായം ഉന്നയിക്കുന്ന ആവശ്യങ്ങളെ ചവറ്റുകുട്ടയില്‍ തള്ളാനുള്ള വ്യാമോഹങ്ങള്‍ക്കു മുന്നില്‍ ദൈവജനത്തോടൊപ്പം ഇതാ ഒരു ഇടയന്‍ അണിചേരുന്നു. കൂടെ ആയിരിക്കുവാന്‍ ഭയന്ന ശിഷ്യന്മാരെ പെന്തക്കൊസ്താ അനുഭവത്തിലൂടെ ധീരന്മാരാക്കിയ മാതാവിനെ പോലെ പരിശുദ്ധാത്മാവിന്റെ വിവേചനവരദാനങ്ങളുമായി കൊല്ലത്തിന്റെ സ്വന്തം ഇടയന്‍ വചനശുശ്രൂഷ ആരംഭിക്കുകയാണ്. ഗര്‍ഭപാത്രത്തിലെ ജീവന്റെ കരച്ചിലിന് ചെവിയോര്‍ത്ത ഈ വൈദികശുശ്രൂഷ ഇനി അങ്ങോട്ട് ശബ്ദമില്ലാത്ത എല്ലാ കുഞ്ഞുങ്ങളുടെയും ശബ്ദമാകുകയാണ്; സാന്ത്വ

നത്തിന്റെ അമ്മ മാതാവിന്റെ സംരക്ഷണം പിതാവിന്റെ പ്രേഷിതയാത്രയില്‍ ശക്തി

പകരട്ടെ എന്ന് ഒരിക്കല്‍ കൂടെ ആശംസിക്കുന്നു.


Related Articles

30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസഭവനങ്ങൾ ഒരുക്കി കോട്ടപ്പുറം കിഡ്‌സ്

കോട്ടപ്പുറം: കൊടുങ്ങല്ലൂര്‍ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിരാലംബരായ 30ഓളം കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഭവനം ഒരുക്കി കോട്ടപ്പുറം രൂപതയുടെ സാമുഹ്യ സേവനവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി

കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.  ജില്ലാ തല ബാങ്കേഴ്‌സ് സമിതിയെ ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്

അദ്ധ്യാപകര്‍ക്ക് നീതി നിഷേധിച്ച് എന്തു ശാക്തീകരണം?

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ജോലി ചെയ്യുന്ന നൂറുകണക്കിന് അദ്ധ്യാപകരുടെ ദുരവസ്ഥയും അധ്യാപകനിയമനത്തിലെ അനിശ്ചിതത്വവും പരിഹരിക്കുന്നതിന് പുതിയ അധ്യയനവര്‍ഷത്തിലും ആശാവഹമായ ഒരു നീക്കവും പൊതുവിദ്യാഭ്യാസ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*