Breaking News

തീപാറുന്നത് ഏതു വറചട്ടിയില്‍

തീപാറുന്നത് ഏതു വറചട്ടിയില്‍

ഇരുപത് ലോക്‌സഭാ സീറ്റുള്ള കേരളത്തില്‍ ഒന്‍പത് എംഎല്‍എമാര്‍ മത്സരത്തിനിറങ്ങുന്നു എന്നത് രാഷ്ട്രീയ നേതൃനിരയില്‍ ജനവിധിയെ അഭിമുഖീകരിക്കാന്‍ കരുത്തുള്ളവരുടെ എണ്ണം എത്രമേല്‍ ശുഷ്‌കമാണെന്നതിന്റെ സൂചനയാണ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആറ് എംഎല്‍എമാരെ അണിനിരത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തീവ്രവലതുപക്ഷ ചായ്‌വുകളുടെ ബൂര്‍ഷ്വാ കുത്തകമുതലാളിത്ത ആധിപത്യത്തെ ശക്തമായി ചെറുക്കാന്‍ കെല്പും തലയെടുപ്പുമുള്ള ഇടതുപക്ഷ പാര്‍ലമെന്റേറിയന്മാരുടെ വംശനാശ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്. കേരളത്തില്‍ മാത്രം ഒതുങ്ങുന്ന ശക്തികളല്ല സിപിഎം, സിപിഐ എന്നു സ്ഥാപിക്കേണ്ടത് ആ രാജ്യാന്തര വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ജീവന്മരണ പ്രശ്‌നം തന്നെയാണ്.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഊര്‍ജവിസ്‌ഫോടന തമോഗര്‍ത്തങ്ങളില്‍ ആണ്ടുപോകുമ്പോഴും ഗ്രൂപ്പുവൈരത്തിന്റെയും പടലപിണക്കങ്ങളുടെയും അപഹാര സംക്രമണങ്ങളെയും വേലിയേറ്റമിറക്കങ്ങളെയും ജനായത്ത സുകൃതങ്ങളാല്‍ എങ്ങനെയൊക്കെയോ അതിജീവിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് തെരഞ്ഞെടുപ്പു വിളംബരമിറങ്ങി പത്തുപതിനൊന്നു ദിവസമായിട്ടും സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനായില്ല എന്നത് അത്ര വലിയ പോരായ്കയൊന്നുമല്ല. നിയോജകമണ്ഡലം, ഡിസിസി, കെപിസിസി, ഹൈക്കമാന്‍ഡ് എന്നിങ്ങനെ പല തലങ്ങളില്‍ പലവുരു കൂട്ടിയും കിഴിച്ചും പലവിധ സമ്മര്‍ദങ്ങളും സമവാക്യങ്ങളും കീഴ്‌വഴക്കങ്ങളും മുന്നണി മര്യാദകളും സാമുദായിക അടിയൊഴുക്കുകളും കണക്കിലെടുത്തും നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന് മുന്‍പ് സമാധാനസന്ധിയിലെത്തുന്ന തരത്തില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക അത്ര ക്ഷിപ്രസാധ്യമല്ല. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ഇതിനകം ലോക്‌സഭാ സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
നിയമസഭയിലേക്ക് തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുത്തയച്ചവര്‍ ഇടക്കാലത്ത് നിയോജകമണ്ഡലം ഉപേക്ഷിച്ചുപോകുന്നതിന്റെ രാഷ്ട്രീയന്യായം എന്തൊക്കെയായാലും അവിടെ ഉപതെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന സാമ്പത്തികഭാരത്തെക്കുറിച്ച് ജനങ്ങളെങ്കിലും ചിന്തിക്കേണ്ടതാണ്. സംസ്ഥാനം ഒരു ലക്ഷം രൂപയ്ക്കുമേലുള്ള ട്രഷറിബില്ലുകള്‍ പാസാക്കാന്‍ കഴിയാത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ട് കാലം കുറച്ചായി. ഏഴു മാസം മുന്‍പുണ്ടായ മഹാപ്രളയത്തിന്റെ ആഘാതത്തിന്റെ തോതിനെക്കുറിച്ച് പറയാന്‍ ഇന്നും ലോകബാങ്കിന്റെ നിഗമനത്തെ ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാന സര്‍ക്കാരിന് തത്കാലം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തെ മറയാക്കി പ്രളയാനന്തര പുനര്‍നിര്‍മാണത്തിലെ വീഴ്ചകളെയും വികസനമുരടിപ്പിനെയും ഭരണസ്തംഭനത്തെയും ചെലവുചുരുക്കലായി എഴുതിതള്ളാനായേക്കും.
പ്രളയത്തില്‍ വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ കൊടിയ വരള്‍ച്ചയും കാലാവസ്ഥവ്യതിയാനവും മൂലമുള്ള വിളനാശം, വിലത്തകര്‍ച്ച, വിപണിയില്ലായ്മ തുടങ്ങിയ പ്രതിസന്ധിയിലും വലിയ കടക്കെണിയിലും അകപ്പെട്ട് ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍, അവര്‍ക്ക് ആശ്വാസം പകരുന്നതിന് ഏറെ വൈകിയെങ്കിലും പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് അഞ്ചുദിവസം മുന്‍പുണ്ടായ ആ തീരുമാനം സംബന്ധിച്ച ഉത്തരവ് ഇറങ്ങാന്‍ വൈകിയതിനാല്‍ ബാങ്കുകള്‍ക്ക് ഇപ്പോഴും ജപ്തി നടപടികളുമായി മുന്നോട്ടുപോകാവുന്ന സ്ഥിതിയാണ്. വോട്ടെടുപ്പു കഴിഞ്ഞും ഒരു മാസത്തോളം പെരുമാറ്റച്ചട്ടം നിലവിലുണ്ടാകും എന്നതിനാല്‍ കര്‍ഷകര്‍ ആ മൊറട്ടോറിയത്തിന്റെ ആനുകൂല്യം അത്രയും കാലം പ്രതീക്ഷിക്കേണ്ടതില്ല എന്നു സാരം. പ്രളയദുരിത മേഖലയില്‍ ജപ്തി നടപടികള്‍ നേരിടുന്ന കൃഷിക്കാരെ സഹായിക്കാനുള്ള വായ്പകള്‍ എഴുതിതള്ളണമെന്ന ആവശ്യം നിലനില്‍ക്കെ മൊറട്ടോറിയം തീരുമാനം ഇത്രയും വൈകിയതിന്റെയും, പരമാവധി 48 മണിക്കൂര്‍ കൊണ്ട് ഇറങ്ങേണ്ട സര്‍ക്കാര്‍ ഉത്തരവ് ഇനിയും വെളിച്ചം കാണാത്തതിന്റെയും കുറ്റകരമായ അനാസ്ഥ നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ പിടിമുറുക്കിയിരിക്കുന്ന കൊള്ളപ്പലിശക്കാരുടെയും വായ്പാതട്ടിപ്പു മാഫിയയുടെയും സ്വാധീനവും പ്രതിഫലിപ്പിക്കുന്നുണ്ടോ?
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ പുനരധിവാസത്തിന്റെയും പുനര്‍നിര്‍മാണത്തിന്റെയും കനത്ത സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികളുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പ്രതീക്ഷിക്കാവുന്ന വായ്ത്താരികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് പ്രത്യേകിച്ച് ഉദ്വേഗമൊന്നുമുണ്ടാകാനിടയില്ല. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ വാഗ്ദാനം ചെയ്ത 25 ലക്ഷം തൊഴിലവസരങ്ങളില്‍ പകുതിയോളം സ്റ്റാര്‍ട്ടപ്പ്, ഐടി, ടൂറിസം മേഖലകളിലായി നടപ്പാക്കികഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ദേശീയപാത വികസനം, തീരദേശ ഹൈവേ, ഹൈറേഞ്ച് ഹൈവേ, ഗെയ്ല്‍ പൈപ്പ്‌ലൈന്‍, കണ്ണൂര്‍ വിമാനത്താവളം, നിസാന്‍ ഡിജിറ്റല്‍ ഹബ് തുടങ്ങി വികസന പദ്ധതികളുടെ പട്ടികയില്‍ പലതും അടയാളപ്പെടുത്തുന്നുണ്ട്. വിഴിഞ്ഞം രാജ്യാന്തര ആഴക്കടല്‍ കണ്ടെയ്‌നര്‍ തുറമുഖ ടെര്‍മിനല്‍ പദ്ധതി ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിലും പിടിമുറുക്കിയിരിക്കയാണ്. സംസ്ഥാനത്തെ സമ്പദ്ഘടനയുടെ മുഖ്യ ആധാരമായ ഗള്‍ഫ് റെമിറ്റന്‍സ് ആപല്‍ക്കരമായ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കെ സാമ്പത്തിക തകര്‍ച്ചയുടെ യഥാര്‍ഥ ചിത്രം എന്താണ്?
രാഷ്ട്രീയ കൊലപാതകങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ലഹരിമരുന്നിന്റെയും മാരക രാസലഹരിയുടെയും അമിത ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന അക്രമവാസന, അനിയന്ത്രിതമായ മാലിന്യകൂമ്പാരം, ശുദ്ധജലക്ഷാമം, ഡെങ്കിപ്പനി, എച്ച്1എന്‍1 എന്നിവയ്ക്കു പുറമെ വെസ്റ്റ്‌നൈല്‍ വൈറസ് ബാധ പോലുള്ള പകര്‍ച്ചവ്യാധികള്‍, കടുത്തചൂടും സൂര്യാതപവും പ്രക്ഷുബ്ധമാകുന്ന കടലില്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കുന്ന സാഹചര്യവും – കേരളം എങ്ങനെ മാറുകയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
ലിംഗനീതിയുടെയും നവോത്ഥാന മൂല്യങ്ങളുടെയും പേരില്‍ സംസ്ഥാനത്ത് വനിതാമതില്‍ കെട്ടി ഉയര്‍ത്തിയ പുരോഗമനപ്രസ്ഥാനക്കാരുടെ സ്ഥാനാര്‍ഥി പട്ടികയില്‍ അധികാരപങ്കാളിത്തത്തിന്റെ സൂചികയാകേണ്ട വനിതാപ്രാതിനിധ്യം എത്രയെന്ന് നാമെല്ലാം കണ്ടതാണ്. ഒഡീഷയില്‍ ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക് വനിതകള്‍ക്കായി 33 ശതമാനം സീറ്റും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി 42 ശതമാനം സീറ്റുമാണ് സംവരണം ചെയ്തിരിക്കുന്നത്.
ദേശീയതയുടെയും രാജ്യരക്ഷയുടെയും കാവലാളന്മാര്‍ (ചൗക്കിദാര്‍) എന്ന് അവകാശപ്പെടുന്നവരുടെ രാഷ്ട്രീയതന്ത്രം എന്താണെന്നും ജനാധിപത്യ, മതേതര മൂല്യങ്ങളുടെ മുഖ്യശത്രു ആരാണെന്നും തിരിച്ചറിയേണ്ട സമയമാണിത്. മതസ്പര്‍ധയും വര്‍ഗീയ ധ്രുവീകരണവും സാമുദായിക വിദ്വേഷവും വളര്‍ത്തുന്ന രാഷ്ട്രീയ പ്രചാരണത്തിനെതിരെ ജാഗ്രത പുലര്‍ത്താന്‍ നമുക്കു കഴിയണം –
ഒപ്പം സുസ്ഥിര വളര്‍ച്ചയുടെ സൈ്വരജീവിതം വീണ്ടെടുക്കാനും.


Related Articles

പൗരത്വത്തിനുമേല്‍ ഉയരുന്ന വെള്ളപ്പാച്ചില്‍

പ്രളയാനുഭവങ്ങളെന്തെന്ന് കേരളക്കരയിലുള്ളവരെ ആരും പഠിപ്പിക്കേണ്ടതില്ല. 2018ല്‍ ഒരാഴ്ചയോളം കലക്കവെള്ളത്തില്‍ കെട്ടിമറിഞ്ഞവരാണ് മലയാളികള്‍ – പ്രളയവും രക്ഷാപ്രവര്‍ത്തനവും പുനര്‍നിര്‍മാണവുമെല്ലാം ഉത്സവമായി കൊണ്ടാടി എന്നു വേണമെങ്കില്‍ പറയാം. പുനര്‍നിര്‍മാണ വേളയില്‍

ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 73,196 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ചു​.

 ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന

കുടുംബ സംഗമ വേദിയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം സെൽഫിയെടുത്ത് 12 വയസ്സുകാരി

ഡബ്ലിനിൽ ക്രോക്ക് പാർക്കിലെ കുടുംബ സംഗമ വേദിയിൽ പാപ്പയോടൊപ്പം സെൽഫി എടുക്കുവാൻ 12 വയസ്സുകാരി അലിസൺ നവിനു ഭാഗ്യം ലഭിച്ചു. പാപ്പയെ കാണുവാൻ വേദിയിലേക്ക് അനുവാദം ലഭിച്ച

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*