Breaking News

തീരം കവരുന്നവര്‍ക്ക് ഊരാകുടുക്കുകള്‍

തീരം കവരുന്നവര്‍ക്ക് ഊരാകുടുക്കുകള്‍

ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കണം എന്നു മൊഴിമാറ്റം നടത്താവുന്ന ലത്തീന്‍ സൂക്തം, ‘ഫിയാത്ത് യുസ്തീസിയ റുവാത്ത് ചേലും’, നീതിപീഠങ്ങളുടെ സാര്‍വത്രിക പ്രമാണവാക്യമാണ്. ഏതു നിയമത്തിന്റെയും അടിസ്ഥാനം നീതിയാകണം. അതു മനുഷ്യോന്മുഖവുമാകണം. കൊച്ചി നഗരത്തിനടുത്തുള്ള മരട് മുനിസിപ്പാലിറ്റിയില്‍ വേമ്പനാടു കായലോരത്ത് തീരനിയമത്തിലെ നിരോധിത മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ചതായി കണ്ടെത്തിയ നാല് ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ സെപ്റ്റംബര്‍ 20ന് അകം പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നീതിനിര്‍വഹണത്തിലെ മാനുഷിക പരിഗണനയുടെ അതിസങ്കീര്‍ണ വികാരവിക്ഷോഭങ്ങളുടെയും കോടതിയലക്ഷ്യ ഭീഷണിയുടെയും രാഷ്ട്രീയ പ്രശ്‌നമായി പരിണമിച്ചിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്കു ദര്‍ശനം അനുവദിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്റെ വിധിപ്പകര്‍പ്പു കാണുംമുന്‍പുതന്നെ ഒരു സങ്കടഹര്‍ജിക്കും പുനഃപരിശോധനയ്ക്കും ഇടനല്‍കാതെ എടുത്തുചാടി പരമോന്നത നീതിപീഠത്തിന്റെ കല്പന അക്ഷരംപ്രതി നടപ്പാക്കാന്‍ സര്‍വ മുഷ്‌ക്കും വീര്യവും പ്രകടിപ്പിച്ച സംസ്ഥാന ഭരണകൂടവും ഭരണമുന്നണിയെ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇക്കുറി സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടി രാജ്യത്തെ പരമോന്നത ലോ ഓഫിസറായ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടി അപ്പാര്‍ട്ടുമെന്റ് സമുച്ചയങ്ങള്‍ പൊളിക്കാതിരിക്കാനുള്ള പോംവഴികള്‍ തേടുന്നു.
അലംഘനീയമാകയാല്‍ സുപ്രീം കോടതി വിധി നടപ്പാക്കുകതന്നെ വേണം, അതേസമയം ആ പാര്‍പ്പിട സമുച്ചയങ്ങളിലെ അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന 352 കുടുംബങ്ങളിലെ 1,472 മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം എന്ന കാര്യത്തില്‍ ഭരണകൂടവും സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഫഌറ്റ് ഉടമകളോടുള്ള ഈ അനുകമ്പയും ഐക്യദാര്‍ഢ്യവുമെന്ന് ആരും പറയില്ല. അഞ്ചു ദിവസത്തിനകം കുടിയൊഴിയണമെന്നു കാട്ടി ജില്ലാ ഭരണകൂടത്തിന്റെ അറിവോടെ മരട് നഗരസഭാ സെക്രട്ടറി നാല് പാര്‍പ്പിടകേന്ദ്രങ്ങളിലും നോട്ടീസ് പതിക്കുകയും, 18 നിലയോളം ഉയരമുള്ളതടക്കമുള്ള ബഹുനില കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചു പഠിക്കാന്‍ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധസംഘത്തെ നിയോഗിക്കുകയും ഫഌറ്റുകള്‍ പൊളിച്ചുനീക്കാനുള്ള അതിനൂതന സാങ്കേതിക സംവിധാനങ്ങളുള്ള മറുനാടന്‍ കമ്പനികളില്‍ നിന്ന് ടെന്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്തത് കോടതി ഉത്തരവു പാലിക്കാനുള്ള സന്നദ്ധതയുടെ പ്രത്യക്ഷ ലക്ഷണമായി കണക്കാക്കാവുന്നതാണ്. എങ്കിലും ഓണനാളുകളില്‍ തുടങ്ങിയ റിലേ നിരാഹാര സമരവും ബഹുജന മാര്‍ച്ചും ഫഌറ്റുടമകള്‍ക്കായുള്ള ഐക്യദാര്‍ഢ്യപ്രകടനങ്ങളും മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ സമാശ്വാസ സന്ദേശത്തോടെ ഏതാണ്ട് ശമിക്കുകയാണ്. അതേസമയം, ക്യുറേറ്റീവ് ഹര്‍ജിയോടും സംസ്ഥാന ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനോടും സുപ്രീം കോടതിയുടെ പ്രതികരണം എന്താകും എന്ന സന്ദേഹം അവശേഷിക്കുന്നു.
അതീവ ദുര്‍ബല തീരമേഖലയായി 2011ലെ തീരദേശനിയന്ത്രണ വിജ്ഞാപനത്തില്‍ അടയാളപ്പെടുത്തിയ വേമ്പനാട് കായല്‍ ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടങ്ങളിലൊന്നാണ്. ജൈവവൈവിധ്യവും അതീവ പാരിസ്ഥിതിക മൂല്യവുമുള്ള തണ്ണീര്‍ത്തടങ്ങള്‍ സംബന്ധിച്ച രാജ്യാന്തര ഉച്ചകോടിയായ രാംസര്‍ കണ്‍വന്‍ഷന്‍ പ്രകാരം സംരക്ഷിത മേഖലയായി യുണെസ്‌കോ പ്രഖ്യാപിച്ച വേമ്പനാട് കായലും അനുബന്ധ കോള്‍നിലങ്ങളും കൊച്ചി കായലും നഗരവികസനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യനിര്‍മിതിയുടെയും അനിയന്ത്രിതമായ റിയല്‍ എസ്റ്റേറ്റ് കൈയ്യേറ്റങ്ങളുടെയും ഫലമായി അതിദ്രുതം ക്ഷയിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന തീരദേശ മാനേജ്‌മെന്റ് അതോറിറ്റി മരട് കായലോരത്തെ തീരദേശ നിയമലംഘനത്തിനെതിരെ 13 കൊല്ലമായി തുടരുന്ന വ്യവഹാരത്തിന്റെ തുടര്‍ച്ചയായി സുപ്രീം കോടതിയെ സമീപിച്ചത്.
വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ പരിധിയില്‍ യാതൊരു നിര്‍മാണവും പാടില്ലാത്ത സിആര്‍സെഡ്-മൂന്ന് മേഖലയില്‍, മരട് പഞ്ചായത്തായിരുന്ന കാലത്ത്, 2006ല്‍ തീരദേശ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിര്‍മാണ പെര്‍മിറ്റ് സമ്പാദിച്ച ബില്‍ഡര്‍മാര്‍ ചില സര്‍ക്കാര്‍ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഒത്താശയോടെയും, ഇടക്കാലത്ത് പഞ്ചായത്തില്‍ നിന്നും, 2010 നവംബറില്‍ മുനിസിപ്പാലിറ്റിയായശേഷം നഗരസഭയില്‍ നിന്നും നല്‍കിയ സ്റ്റോപ്‌മെമ്മോയെ മറികടക്കാനുള്ള ഹൈക്കോടതിയുടെ അനുകൂല സ്‌റ്റേ ഉത്തരവുകളിലൂടെയും നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്‍പ്പിട സമുച്ചയങ്ങളാണ് ഒറ്റയടിക്ക് നിര്‍ദാക്ഷിണ്യം പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി വിധിച്ചത് (പണിയെങ്ങുമെത്താത്ത അഞ്ചാമതൊരു പാര്‍പ്പിടപദ്ധതിയും പൊളിച്ചുമാറ്റാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.) രജിസ്‌ട്രേഷനും ഉടമസ്ഥാവകാശവും സംബന്ധിച്ച എല്ലാ രേഖകളും നിയമാനുസൃതം ഒപ്പുവച്ച് 40 ലക്ഷം മുതല്‍ ഒന്നരകോടി വരെ മുതല്‍മുടക്കി വാങ്ങി പത്തുകൊല്ലത്തോളമായി കെട്ടിട നികുതിയും മറ്റു കരങ്ങളും അടച്ച് ഈ അപ്പാര്‍ട്ടുമെന്റുകളില്‍ താമസിച്ചുവരുന്നവരെ കുടിയിറക്കുന്നതിലെ മനുഷ്യാവകാശ ധ്വംസനവും അനീതിയും ചൂണ്ടിക്കാട്ടിയാണ് ബഹുജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്‌നത്തില്‍ ഇടപെട്ടത്. നിയമം ലംഘിച്ച ബില്‍ഡര്‍മാരെയോ അഴിമതിയിലും ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കാളികളായ സര്‍ക്കാര്‍ സംവിധാനങ്ങളെയോ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയ നേതാക്കളെയോ തൊടാതെ തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവന്‍ ഈ പാര്‍പ്പിടത്തിനായി മുടക്കിയ താമസക്കാരെ വഴിയാധാരമാക്കുന്നതില്‍ എന്തു ന്യായം എന്നാണ് ചോദ്യം. ഇവരുടെ പുനരധിവാസത്തിന്റെ കാര്യം (ഏതാണ്ട് 400 കോടി വരുന്ന പ്രശ്‌നം) തീര്‍പ്പാക്കാതെ 30 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന ഇടിച്ചുനിരത്തല്‍ – ഇതില്‍ നിന്നുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തിന്റെ ദുരന്തക്കെടുതിയുടെ കണക്കെടുപ്പിലേക്കു കടക്കുന്നതേയുള്ളൂ – നീതീകരിക്കാനാവില്ല എന്ന പൊതുബോധമാണ് രാഷ്ട്രീയ നേതൃത്വങ്ങളെയും സ്വാധീനിക്കുന്നത്.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമായി 11 കൊല്ലം മുന്‍പ് കടമക്കുടി പഞ്ചായത്തിലെ മൂലമ്പിള്ളി ഉള്‍പ്പെടെ ഏഴു ഗ്രാമങ്ങളില്‍ നിന്നായി കിടപ്പാടങ്ങളില്‍ നിന്ന് പൊലീസ് സേനാബലവും ബുള്‍ഡോസറുകളും ഉപയോഗിച്ച് നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിച്ച 316 ഹതഭാഗ്യരായ കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുറവിളി കൂട്ടാന്‍ ഇവരാരുമുണ്ടായില്ലല്ലോ എന്നു ചിലരെങ്കിലും ഇന്നു പരിതപിക്കുന്നുണ്ട്. മൂലമ്പിള്ളി പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ വച്ചുനീട്ടിയ പുനരധിവാസ പദ്ധതിക്കായി അനുവദിച്ച ആറു സെന്റ് വീതമുള്ള ഭൂമി ഇപ്പോഴും വാസയോഗ്യമല്ലെന്നാണ് ഇക്കഴിഞ്ഞ ദിവസം ഒരു പഠനസംഘം കണ്ടെത്തിയത്.
വേമ്പനാടു കായലില്‍ ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് പരിധിയില്‍ വരുന്ന നെടിയതുരുത്ത്, വെറ്റിലത്തുരുത്ത് എന്നീ ചെറുകായല്‍ദ്വീപുകളില്‍ 700 കോടി രൂപ മുതല്‍മുടക്കുള്ള റിസോര്‍ട്ടുകള്‍ തീരപരിപാലന നിയമം ലംഘിച്ചാണ് നിര്‍മിച്ചതെന്നു കണ്ടെത്തി പൊളിച്ചുമാറ്റാന്‍ 2013 ജൂലൈയില്‍ കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടതാണ്. പൊളിച്ചുനീക്കാനുള്ള സാമ്പത്തികശേഷി പഞ്ചായത്തിനില്ല, പൊളിച്ചുനീക്കുന്ന അവശിഷ്ടങ്ങള്‍ വേമ്പനാട് കായലില്‍ തള്ളുന്നത് കൂടുതല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നീ കാരണങ്ങള്‍ പറഞ്ഞ് അവയില്‍ ഒരു റിസോര്‍ട്ടിലെ 72 വില്ലകള്‍ ആറു കൊല്ലമായി അങ്ങനെ വെറുതെയിട്ടിരിക്കയാണ്. അഞ്ചു കോടി രൂപ കെട്ടിടനികുതി കുടിശികയ്ക്കായി റവന്യൂ റിക്കവറി നോട്ടീസുമായി നടക്കുകയാണ് ആ പഞ്ചായത്ത്.
കൊച്ചി കായലിലെ ചിലവന്നൂര്‍ തീരത്തെ ഡിഎല്‍എഫ് പാര്‍പ്പിട സമുച്ചയത്തിന്റെ സമാനമായ ചട്ടലംഘനക്കേസില്‍ ഒരു കോടി രൂപ പിഴ ചുമത്തിയാണ് സുപ്രീം കോടതി ക്രമവത്കരണത്തിന് ഉത്തരവിട്ടത്. മരടു തീരത്തുതന്നെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ 67 തീരനിയമലംഘനത്തിന്റെ നിര്‍മിതികളുണ്ടത്രെ. കൊച്ചി നഗരത്തിനു തൊട്ടടുത്ത് ബോള്‍ഗാട്ടി ദ്വീപില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കായലില്‍ നിന്നു നികത്തിയെടുത്ത 30 ഏക്കര്‍ ഭൂമി 30 കൊല്ലത്തേക്ക് ഒരു പ്രവാസി ബിസിനസുകാരന് പാട്ടക്കരാറിനു കൊടുത്തതിനും അവിടെ ആഡംബര ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിച്ചതിനും പിന്നിലെ തീരപരിപാലന നിയമലംഘനങ്ങളെക്കുറിച്ച് വേവലാതിപ്പെട്ടവര്‍ ആരാണ്?
കേരളം തുടര്‍ച്ചയായി നേരിടുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും തീരപരിപാലനത്തിന്റെയും നിയമവ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. അതേസമയം, മരട് ഫഌറ്റ് സമുച്ചയം പൊളിച്ചുനീക്കാനുള്ള ഉത്തരവിനെ മറികടക്കാന്‍ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചില്‍ ഹര്‍ജി നല്‍കിയത് കൂടുതല്‍ പൊല്ലാപ്പായ സാഹചര്യത്തില്‍ ഇനി നിയമപരമായി യാതൊരു വിട്ടുവീഴ്ചയ്ക്കും സാധ്യതയില്ല എന്നു വരുന്നതും അത്ര അഭികാമ്യമല്ല. പൊളിച്ചുനീക്കല്‍ അതിശക്തമായ ശിക്ഷാവിധിയാണെന്നു വരികിലും അതു മാത്രമാണ് പരമമായ നീതിനിര്‍വഹണ ഉപാധി എന്നു ശഠിക്കുന്നത് ജനാധിപത്യ സംസ്‌കാരത്തിനു ചേര്‍ന്നതല്ലല്ലോ.


Related Articles

വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ

ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ

നീതി വേണം, ധാര്‍മികതയും

ലൈംഗിക ന്യൂനപക്ഷങ്ങളെ അസഹിഷ്ണുതയോടെ, വെറുപ്പോടെ, ഭീതിയോടെ കാണുന്നവരുണ്ട്. സ്വവര്‍ഗാനുരാഗികളെയും ഉഭയലിംഗികളെയും ഭിന്നലിംഗരെയും വ്യത്യസ്ത ലൈംഗികപ്രവണതയുള്ളവരെയും ദുര്‍മാര്‍ഗികളും ദുര്‍ന്നടപ്പുകാരും ശകുനപ്പിഴകളും പാപികളും ക്രിമിനലുകളുമെന്നു മുദ്രകുത്തി സമൂഹം വേട്ടയാടിയിരുന്നു. ജന്മശാപം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*