തീരത്തിന്റെ അമരക്കാരന്‍

തീരത്തിന്റെ അമരക്കാരന്‍


ഫാ. ജെയിംസ് കുലാസ്

ഒക്ടോബര്‍ 8-ാം തീയതി രാത്രി വളരെ വൈകി എനിക്കൊരു സുഹൃത്തിന്റെ നിര്യാണവാര്‍ത്ത ലഭിച്ചു. ടി. പീറ്ററിന്റെ മരണമായിരുന്നു. വിശ്വസിക്കാനായില്ല. കുറേ ദിവസങ്ങളായി കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നുവെന്ന് അറിയാമായിരുന്നുവെങ്കിലും സുഖം പ്രാപിച്ചു വരുമെന്ന് നല്ല പ്രതീക്ഷയായിരുന്നു. പീറ്ററിന്റെ മരണവാര്‍ത്ത പത്രമാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയതലത്തിലും അതിനുമുമ്പ് ഏറെ വര്‍ഷങ്ങള്‍ കേരള സ്വതന്ത്ര മത്സ്യത്തൊളിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായും പീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നു. പീറ്ററിനെ മനസ്സിലാക്കണമെങ്കില്‍ ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. 1960-കളില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനമേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വലിയൊരു ചര്‍ച്ചാവിഷയമായിരുന്നു. സഭ ആധുനിക യുഗത്തില്‍ എന്ന പ്രമാണരേഖ പ്ര
ത്യേകിച്ചും മാറിവരുന്ന സാമൂഹ്യജീവിതത്തില്‍ സഭയുടെ ദൗത്യം വലിയൊരു പുനര്‍വിചിന്തനത്തിന് വിധേയമായി. ഈ കാലഘട്ടത്തിലാണ് തിരുവനന്തപുരം രൂപതയുടെ പ്രഥമ തദ്ദേശ മെത്രാനായ പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റി രൂപം കൊണ്ടത്. ഭാരതത്തിലെ തന്നെ ആദ്യമായി രൂപംകൊണ്ട രജിസ്റ്റേര്‍ഡ്് സൊസൈറ്റികളില്‍ ഒന്നാണിത്. പെരേര ബിഷപ്പിന്റെ തന്നെ നേതൃത്വത്തില്‍ രൂപംകൊണ്ട മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള വലിയൊരു സംരംഭമായിരുന്നു മരിയനാട് പ്രോജക്ട്. ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകരെയാണ് ഇതിന്റെ ഉത്തരവാദിത്വം ഏല്പിച്ചത്. സിസ്റ്റര്‍ ലൊറേറ്റ, നളിനി നായിക്ക്, യൂജിന്‍ കുലാസ്, ജോണ്‍ കുര്യന്‍ എന്നിവരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. ശാസ്ത്രീയമായ ഒരു സമീപനം സാമൂഹ്യരംഗത്ത് വേണമെന്ന തിരിച്ചറിവാണ് ഈ പ്രവര്‍ത്തകരെ ഏല്പിക്കാന്‍ കാരണവും.
തിരുവനന്തപുരം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ‘ആളില്ലാത്തുറ’ എന്ന ജനവാസം ഒട്ടുമില്ലാത്ത പ്രദേശത്തേക്ക് പുനരധിവസിപ്പിക്കുകയും, ഒരു ഭവനപദ്ധതിയിലൂടെ
അവരെ ഈ പ്രോജക്ടിന്റെ ഭാഗമാക്കുകയും ചെയ്തു. സഹകരണ പ്രസ്ഥാനത്തിലൂടെ മത്സ്യത്തിന് ന്യായമായ വില കിട്ടാനും ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്നു വിമുക്തമാക്കാനും ഇവര്‍ക്കു കഴിഞ്ഞു. പില്‍ക്കാല
ത്ത് വിവിധ ഗ്രാമങ്ങളില്‍ രജിസ്റ്റേര്‍ഡ് കോപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപംകൊള്ളുകയും ചെയ്തു. 1970-കളില്‍ തിരുവനന്തപുരം കേന്ദ്രമാക്കി ഒരു രജിസ്റ്റേര്‍ഡ് സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുത്തു.  പ്രോഗ്രാം ഫോര്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ എന്ന സെക്യുലര്‍ പ്രസ്ഥാനം രൂപംകൊണ്ടു. ബിഷപ് പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയായിരുന്നു രക്ഷാധികാരി. സമകാലിക സാഹചര്യത്തില്‍  തിരുവനന്തപുരം രൂപതയിലെ ഞാനും ഫാ.യൂജിന്‍ പെരേര, ഫാ. തോമസ് കോച്ചേരി എന്നിവരും വിവിധ സന്യാസസമൂഹങ്ങളില്‍ നിന്നുള്ള സിസ്റ്റേഴ്‌സും ഐക്കഫ് പോലുള്ള സന്നദ്ധ സംഘടനകളില്‍ നിന്നും വന്ന എ.ജെ. വിജയനെപോലുള്ളവരും ഇതില്‍ അംഗമായി പ്രവര്‍ത്തിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍, ട്രെയിനിംഗ്, ഗവേഷണം എന്നീ തലങ്ങളില്‍ പ്രവര്‍ത്തനം ശ്രദ്ധകേന്ദ്രീകരിച്ചു.

ഈ കാലഘട്ടത്തില്‍തന്നെ മത്സ്യത്തൊഴിലാളി യൂണിയന്‍ വിവിധ രൂപതാതലത്തില്‍ രൂപം കൊണ്ടു. ആലപ്പുഴയില്‍ ഫാ. പോള്‍ അറയ്ക്കലും, കൊല്ലത്ത് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഫാ. ആല്‍ബര്‍ട്ട്് പരിശുവിള, ഫാ. ജോസ് കളീക്കല്‍, കല്ലട ലോറന്‍സ് എന്നിവരും ഫാ. ക്ലീറ്റസ് ഗോമസ്, ഹെന്‍ട്രി ഗോമസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കേരള ലത്തീന്‍ കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയന്‍ (ഫെഡറേഷന്‍) രൂപംകൊണ്ടു. പില്‍ക്കാലത്ത് (1980കളില്‍) കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ എന്നപേരില്‍ ഇതര മതസ്ഥരായ മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി ഒരു സെക്കുലര്‍ ട്രേഡ് യൂണിയന്‍ സംഘടനയായി രൂപംകൊണ്ടു.

പ്രോഗ്രാം ഫോര്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ (പിസിഒ) എന്ന സംഘടന മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവജനങ്ങള്‍ക്കുവേണ്ടി പരിശീലന കളരികള്‍ക്ക് രൂപം നല്‍കി. ഇവര്‍ പില്‍ക്കാലത്ത് ട്രേഡ് യൂണി
യന്‍ രംഗത്ത് നേതൃനിരയില്‍ വന്നു. ജോയിച്ചന്‍ ആന്റണി, ടി.പീറ്റര്‍, മേഴ്‌സി അലക്‌സാണ്ടര്‍, റോബര്‍ട്ട് പനിപ്പിള്ള തുടങ്ങിയവരെ ഓര്‍ത്തെടുക്കുകയാണ്. 1975-ല്‍ ഞാന്‍ വേളി ഇടവക വികാരിയായിരുന്ന സമയത്ത്
പീറ്റര്‍ അള്‍ത്താരബാലനായിരുന്നു. പിസിഒയിലെ ഒരു മാസം നീണ്ടുനിന്ന പരിശീലനകളരിയിലേക്ക് പീറ്ററിനെ പങ്കെടുപ്പിക്കുന്നതില്‍ ഞാന്‍ ഒരു നിമിത്തമായിരുന്നു. പരിശീലനം കഴിഞ്ഞമാത്രയില്‍ പീറ്ററും കൂട്ടരും ഫെഡറേഷനുവേണ്ടി മുഴുവന്‍സമയ പ്രവര്‍ത്തകരായി സ്വയം മാറുകയായിരുന്നു. 1981-ല്‍ മത്സ്യത്തിന്റെ പ്രജനനകാലത്ത് മത്സ്യക്കുഞ്ഞുങ്ങളെ നശിപ്പിക്കുകയും കടലിന്റെ അടിത്തട്ടിലെ ആവാസ വ്യവസ്ഥയെ ശിഥിലമാക്കുകയും ചെയ്യുന്ന, ട്രോളിംഗ് മത്സ്യബന്ധനരീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നായനാര്‍ സര്‍ക്കാരിനെതിരായി നടന്ന ഐതിഹാസിക സമരത്തിലാണ് പീറ്ററിനെപ്പോലുള്ള യുവനിരയുടെ സമരവിര്യം  മത്സ്യത്തൊഴിലാളി സമൂഹം ആദ്യമായി തിരിച്ചറിഞ്ഞത്. ഫാ. തോമസ് കോച്ചേരിയും ജോയിച്ചന്‍ ആന്റണിയും അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. കടലിന്റെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള ആദ്യ സമരമായിരുന്നു അത്. സമരം തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് നടന്നത്. നാഷണല്‍ ഹൈവേ പിക്കറ്റിംഗും റെയില്‍ ഗതാഗതം തടസ്സപ്പെടുത്തലും മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം പിക്കറ്റ് ചെയ്തത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സമരമായി അതു മാറി. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കിലും വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ ബാബു പോള്‍ കമ്മീഷനെ നിയോഗിക്കുകയുണ്ടായി. രാത്രികാല ട്രോളിംഗ് നിരോധിക്കാനുള്ള തീരുമാനം പിന്നീട് സര്‍ക്കാര്‍ എടുക്കുകയും ചെയ്തു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ ടി. പീറ്റര്‍ പ്രവര്‍ത്തിച്ചത് ഞാന്‍ ഓര്‍ക്കുന്നു. പീറ്റര്‍ പിന്നീട് ജില്ലാ നേതൃത്വവും പില്‍ക്കാലത്ത് സംസ്ഥാന സമിതി അംഗവുമായി പ്രവര്‍ത്തിച്ചു.

1984-ല്‍ കരുണാകരന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഇതേ ആവശ്യം ഉയര്‍ത്തിക്കൊണ്ട് സമരം നടത്തിയപ്പോഴും ട്രോളിംഗ് നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പക്ഷേ, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്
ലംപ്‌സംഗ്രാന്റ് പോലുള്ള പദ്ധതികള്‍ ഏര്‍പ്പെടുത്തിയത് ഈസര്‍ക്കാരിന്റെ കാലത്താണ്. മരണംവരെ സമരം ചെയ്യാന്‍ സിസ്റ്റര്‍ ഫലിമിന്‍ മേരി സത്യഗ്രഹം ആരംഭിച്ചു. 23 ദിവസം നീണ്ടുനിന്ന പ്രസ്തുത സമരം ജനശ്രദ്ധ പിടിച്ചുപറ്റിയെന്നുമാത്രമല്ല, സര്‍ക്കാരിന് ട്രോളിംഗ് ഒഴികെയുള്ള മറ്റു ചില ഡിമാന്റുകളും അംഗീകരിക്കേണ്ടിവന്നു. 1987-ല്‍ നായനാര്‍ സര്‍ക്കാര്‍ ഭാഗികമായി ട്രോളിംഗ് നിരോധിക്കാന്‍ സന്നദ്ധമായി. ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ 90 ദിവസം നിരോധിക്കുന്നതിനു പകരം ബോട്ടുടമകളെ തൃപ്തിപ്പെടുത്തിക്കൊണ്ട് 45 ദിവസത്തെ നിരോധനം നടപ്പിലാക്കി. 1981-ല്‍ തുടങ്ങിയ സമരം ഭാഗികമായെങ്കിലും വിജയിപ്പി
ക്കാന്‍ നീണ്ട ആറ് വര്‍ഷങ്ങള്‍ എടുത്തുവെന്ന് ഓര്‍ക്കുക. അപ്പോഴേയ്ക്കും കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം പ്രദേശങ്ങളില്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (കെഎസ്എംടിഎഫ്) സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന ഒരു സംഘടനയായി മാറി. ടി. പീറ്റര്‍ മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ അറിയപ്പെടുന്ന നേതാവായി മാറുകയും ചെയ്തു. ഒപ്പം ഫാ. തോമസ് കോച്ചേരിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഫിഷര്‍മെന്‍ ഫോറം രൂപംകൊണ്ടു.

1990-കളില്‍ പീറ്റര്‍ സംസ്ഥാന പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ട് നേതൃത്വനിരയില്‍ തന്റെ പാടവം വ്യക്തമാക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ദേശീയതലത്തില്‍ പ്രധാനമായും നമ്മുടെ വിഷയങ്ങള്‍ വിദേശട്രോളറുകള്‍ക്ക് ഭാരതസര്‍ക്കാര്‍ ലൈസന്‍സ് കൊടുക്കുകയും നമ്മുടെ മത്സ്യസമ്പത്ത് അവര്‍ കവര്‍ന്നെടുക്കുകയും ചെയ്തു എന്നതാണ്. ഇതിനെതിരെ സംസ്ഥാനതലത്തില്‍ സമരം സംഘടിപ്പിക്കുവാന്‍ ടി. പീറ്റര്‍ നേതൃത്വം കൊടുക്കുകയുണ്ടായി. തുടര്‍ന്ന് തായ്‌ലണ്ടില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യാന്‍ ഭാരതസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഫെഡറേഷന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രധാന ട്രേഡ് യൂണിയനുകളേയും കൂട്ടി കേരളത്തില്‍ രാജ്ഭവനുമുന്നില്‍ തുടങ്ങിയ സമരത്തില്‍ (ദിനകരന്‍ നേതൃത്വം നല്കുന്ന ധീവരസഭയുടെ ട്രേഡ് യൂണിയന്‍ ഉള്‍പ്പെടെ) നടത്തിയ സമരത്തിന് പീറ്ററിന്റെ നേതൃത്വം വളരെ വലുതായിരുന്നു. പില്‍ക്കാലത്ത് മത്സ്യനയങ്ങള്‍ സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുമ്പോള്‍ അതേപ്പറ്റിയുള്ള പഠനങ്ങള്‍ നടത്തുകമാത്രമല്ല, മത്സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ സമരം സംഘടിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായവയെ ശക്തിയായി എതിര്‍ക്കാനും പീറ്റര്‍ മുന്‍പന്തിയിലായിരുന്നു. ഏറ്റവും ഒടുവില്‍ പീറ്റര്‍ നേതൃത്വം കൊടുത്ത സമരം കപ്പല്‍പ്പാത കൊല്ലം സമുദ്രപരപ്പില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ സാരമായി ബാധിക്കുമെന്ന് മനസ്സിലാക്കി സര്‍ക്കാരിനെക്കൊണ്ട് മത്സ്യത്തൊഴിലാളികളുടെ താല്പര്യത്തിന് അനുകൂലമാക്കുവാന്‍ നടത്തിയ സമരങ്ങളാണ്.

പീറ്ററിന്റെ ശ്രദ്ധേയമായ നേതൃത്വം സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിരുന്നു എന്നതാണ് പ്രധാനം. ചെറിയ പ്രശ്‌നങ്ങളില്‍പ്പോലും പീറ്റര്‍ മത്സ്യത്തൊഴിലാളികളുടെ, പ്രത്യേകിച്ച് മീന്‍വില്പന നടത്തുന്ന സ്ത്രീത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്നു. ചന്ത സ്ഥലത്തിരുന്ന് മത്സ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ടായാലും റോഡരികില്‍ രാത്രികാലങ്ങളില്‍ മത്സ്യം വില്‍ക്കേണ്ടിവരുന്നവരുടെ കാര്യത്തിലായാലും പീറ്റര്‍ മുന്നിലുണ്ടായിരുന്നു. പീറ്റര്‍ ഒരു തികഞ്ഞ പരിസ്ഥിതിവാദിയായിരുന്നു. മത്സ്യമേഖലയില്‍ മാത്രമല്ല ആദിവാസി സമരങ്ങളിലും ഇതര പരിസ്ഥിതി പ്രശ്‌നങ്ങളിലും ദേശീയ സംസ്ഥാനതലങ്ങളില്‍ പീറ്റര്‍ നേതൃത്വരംഗത്തുണ്ടായിരുന്നു. നാഷണല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്‌മെന്റില്‍ (എന്‍എപിഎം) മേധാപട്കറിനൊപ്പം സംസ്ഥാനതലത്തില്‍ പീറ്റര്‍ എന്നും സജീമായിരുന്നു. കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലില്‍ പീറ്റര്‍ തിരുവനന്തപുരം രൂപതയെ പ്രതിനിധീകരിച്ച് കുറേ വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെആര്‍എല്‍സിസി. രൂപപ്പെടുത്തിയ കടല്‍ (കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍) എന്ന സന്നദ്ധ സംഘടനയില്‍ പീറ്റര്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തിന് കെആര്‍എല്‍സിസിയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്  ടി. പീറ്റിനായിരുന്നു.

പീറ്റര്‍ എന്നും ഒരു സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു. ഒത്തിരിയേറെ പരിമിതിയുള്ള വ്യക്തിയായിരുന്നുവെങ്കിലും അതിനെയൊക്കെ കഠിനപ്രയത്‌നംകൊണ്ട് അതിജീവിക്കാന്‍ പീറ്ററിന് കഴിഞ്ഞു. സമവായത്തിലൂടെ സര്‍ക്കാര്‍തലത്തിലും, ട്രേഡ് യൂണിയന്‍ തലത്തിലും ഏറെ പ്രിയങ്കരനായിരുന്നു പീറ്റര്‍. ഒരു സമരനായകനായിട്ടാണ് പീറ്റര്‍ പൊതുസമൂഹത്തിന്റെ മുന്നിലും അറിയപ്പെട്ടിരുന്നത്. മാധ്യമരംഗത്ത് പീറ്ററിന് വലിയ സ്വാധീനമുണ്ടായിരുന്നു. ചെറിയ സമരങ്ങള്‍ പോലും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒപ്പം മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും മലയാളം മാധ്യമങ്ങള്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളും പീറ്ററിന്റെ അഭിപ്രായം പ്രസിദ്ധീകരിക്കുമായിരുന്നു. പീറ്ററിന്റെ മരണവാര്‍ത്തയും മാധ്യമങ്ങള്‍ വളരെപ്രാധാന്യത്തോടുകൂടിയാണ് പ്രസിദ്ധീകരിച്ചത്. മത്സ്യമേഖലയില്‍ പീറ്ററിന്റെ സംഭാവന വളരെ വലുതാണ്. നാഷണല്‍ ഫിഷര്‍മെന്‍ ഫോറം ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ പ്രവര്‍ത്തനം അദ്ദേഹത്തെ ഭാരതത്തിലെ മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു നേതാവാക്കി മാറ്റി. പീറ്ററിന്റെ അഭാവം കെഎസ്എംറ്റിഎഫിനും, എന്‍എഫ്എഫിനും ഒരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ പീറ്ററിന്റെ സഹപ്രവര്‍ത്തകര്‍ക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.


Related Articles

കൊഴിഞ്ഞാമ്പാറയില്‍ പതിനായിരങ്ങളുടെ റാലിയും പൊതുയോഗവും

സുല്‍ത്താന്‍പേട്ട്: ആര്‍ബിസി കനാല്‍ സമരസമിതി നേതാവ് ഫാ. ആല്‍ബര്‍ട്ട് ആനന്ദ്‌രാജിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിച്ച രാഷ്ട്രീയനേതൃത്വത്തിനെതിരെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) കൊഴിഞ്ഞാമ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍

ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

എറണാകുളം: ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന ഇടയലേഖനത്തിലൂടെ കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ വരാപ്പുഴ വികാരിയാത്തിന്റെ മുന്‍ വികാരി അപ്പസ്‌തോലിക് ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഒസിഡിയുടെ സ്മരണാര്‍ത്ഥം കേരള റീജ്യണ്‍

പഞ്ചഭയങ്ങളുടെ പിടിയില്‍ ദൈവമക്കള്‍!

ഏറെ അന്വേഷണങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കൈയിലൊതുങ്ങുന്ന ഒരു വാടകവീട് കണ്ടെത്തി. എല്ലാം കൊണ്ടും പറ്റിയത്. എന്നാല്‍, ഒരേയൊരു പ്രശ്‌നം. അവിടെ സ്വീകരണമുറിയില്‍ത്തന്നെ മതിലില്‍ ഒരു ശിവലിംഗവിഗ്രഹം പതിപ്പിച്ചുവച്ചിരിക്കുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*