Breaking News

തീരത്തിന്റെ ഇടയന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്ക്

തീരത്തിന്റെ ഇടയന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്ക്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ രൂപതയ്ക്കും സഭയ്ക്കും നാടിനും സമര്‍പ്പിച്ചത് കരുണയുടെയും സ്‌നേഹത്തിന്റെയും സമാനതകളില്ലാത്ത മുഖമുദ്രകള്‍. രണ്ടു ദശാബ്ദം നീണ്ട കര്‍മനിരതമായ ഇടയസേവനത്തിനുശേഷം തന്റെ പിന്‍ഗാമി ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന് ചുമതലകള്‍ കൈമാറി ഒക്ടോബര്‍ 23നാണ് സ്റ്റീഫന്‍ പിതാവ് മെത്രാസനമന്ദിരത്തിന്റെ പടിയിറങ്ങിയത്. ഊഷ്മളമായ യാത്രയയപ്പാണ് അദ്ദേഹത്തിന് നല്കിയത്. ചേര്‍ത്തല മായിത്തറ മൈനര്‍ സെമിനാരിക്കു സമീപത്തുള്ള പ്രീസ്റ്റ്‌ഹോമിലാണ് അദ്ദേഹം വിശ്രമജീവിതം നയിക്കുന്നത്. പിതാവിന്റെ പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ഒക്ടോബര്‍ ആറിന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാദിവ്യബലിയോടെ ആലപ്പുഴ രൂപത ആഘോഷിച്ചിരുന്നു.
തീരത്തിന്റെ പ്രിയ ഇടയനായാണ് സ്റ്റീഫന്‍ പിതാവിനെ ജാതിമതഭേദമെന്യേ ആലപ്പുഴക്കാര്‍ കണ്ടിരുന്നത്. 2004ലെ സുനാമി, 2016ലെ ഓഖി, 2018ലെ പ്രളയം എന്നിങ്ങനെ ദുരന്തങ്ങള്‍ കേരളത്തെ കശക്കിയെറിഞ്ഞപ്പോള്‍ ആശ്വാസവും സ്വന്ത്വനവുമായി ഓടിയെത്തിയത് പിതാവായിരുന്നു. സുനാമി ദുരിതാശ്വാസത്തിന്റെയും ഓഖി ദുരിതാശ്വാസത്തിന്റെയും അര്‍ഹമായ വിഹിതം തീരദേശത്തിന് നേടിക്കൊടുക്കാനായി സമരമുഖങ്ങള്‍ തുറക്കാനും അദ്ദേഹം തയ്യാറായി.
1944 മേയ് 18ന് പെരുന്നേര്‍മംഗലം വിശുദ്ധ അന്തോണീസിന്റെ ഇടവകയിലാണ് ജനനം. ദൈവവിളി തിരിച്ചറിഞ്ഞ് 1960 ജൂണില്‍ ആലപ്പുഴ തിരുഹൃദയ സെമിനാരിയില്‍ ചേര്‍ന്നു. പൂനെ പേപ്പല്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി. 1969 ഒക്ടോബര്‍ അഞ്ചിന് ബിഷപ് ഡോ. മൈക്കിള്‍ ആറാട്ടുകുളത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ആലപ്പുഴ തിരുഹൃദയ സെമിനാരിയുടെ പ്രിഫക്ടായും, ഓമനപ്പുഴ, പൊള്ളേത്തൈ, തുമ്പോളി എന്നീ ഇടവകകളില്‍ വികാരിയായും തിരുഹൃദയ സെമിനാരിയുടെ റെക്ടറായും ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിന്റെ മാനേജറായും അദ്ദേഹം ശുശ്രൂഷചെയ്തിരുന്നു. ഒന്‍പതു വര്‍ഷക്കാലം ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും സെമിനാരി വിദ്യാര്‍ഥികളുടെ പ്രിഫക്ടായും സെമിനാരിയുടെ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു. 2000 നവംബര്‍ 15ന് രൂപതാ സോഷ്യല്‍ വര്‍ക്ക് സൊസൈറ്റിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രൂപതയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ നയിക്കുവാന്‍ ആരംഭിച്ച സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ ആലപ്പുഴ രൂപതയിലെ പിന്തുടര്‍ച്ചാവകാശമുള്ള സഹമെത്രാനായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നിയമിക്കുന്നത്. 2001 ഫെബ്രുവരി 11ന് മോണ്‍. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹമെത്രാനായി അഭിഷിക്തനായതുമുതല്‍ കഴിഞ്ഞ 18 വര്‍ഷക്കാലം ആലപ്പുഴ രൂപതയുടെ സമഗ്രമായ വളര്‍ച്ചയുടെ കാലമായിരുന്നു.
ആലപ്പുഴയിലെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രപുരോഗതിക്കുള്ള കാതലായ നീക്കങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ പിതാവ് നടപ്പാക്കി. അതിന്റെ ഫലം ഇന്ന് മേഖലയിലെ എല്ലാ കുടുംബങ്ങളും അനുഭവിക്കുന്നു. ആധ്യാത്മിക മേഖലയില്‍ തന്റെ മുന്‍ഗാമികളുടെ മാര്‍ഗത്തില്‍നിന്ന് അല്പംപോലും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നിരവധി പുതിയ ദേവാലയങ്ങളും വൈദികഭവനങ്ങളും സന്ന്യാസിഭവനങ്ങളും ഇക്കാലത്ത് രൂപതയ്ക്കുണ്ടായി. അല്മായ ശാക്തീകരണത്തിനും വലിയ പ്രാധാന്യമാണ് പിതാവ് നല്കിയത്. തീരദേശത്തിന്റെയും പാവങ്ങളുടെയും പിതാവെന്ന അഭിധാനത്തിന് എന്നും അര്‍ഹനാണ് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലെന്ന് ആലപ്പുഴയിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വിശ്വസിക്കുന്നു.


Tags assigned to this article:
alleppybishop stephen

Related Articles

സൂസൈപാക്യം പിതാവിൻറെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക: മീഡിയ കമ്മീഷൻ

തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ സുസൈപാക്യം പിതാവിൻറെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെ തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ. സംഘപരിവാര്‍ അനുഭാവ പേജുകളിലാണ് വ്യാജ പോസ്റ്ററുകള്‍

വിവാഹ കൂദാശയിലും ഇടങ്കോലിടുമ്പോള്‍

വ്യക്തിനിയമങ്ങളും വിശ്വാസപ്രമാണങ്ങളും മതാചാരങ്ങളും സിവില്‍ ജൂറിസ്പ്രൂഡന്‍സിന് അതീതമായ ദൈവികനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതനിരപേക്ഷ ജനാധിപത്യ ഭരണസംവിധാനം ഇടപെടുന്നതിന് തക്കതായ കാരണങ്ങളുണ്ടാകണം. ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ സാമൂഹികക്ഷേമത്തിനും നിയമപരമായ

അധികാര വികേന്ദ്രീകരണത്തിന്റെ തിരഞ്ഞെടുപ്പുകാലം

തദ്ദേശ ഭരണസംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യം ഏറ്റവും താഴെത്തട്ടിലേയ്ക്ക് അതിന്റെ അധികാരമെത്തിക്കുന്ന പ്രക്രിയയില്‍ പങ്കാളിത്തമുണ്ടാക്കാന്‍ ജനജീവിതത്തിന്റെ സ്പന്ദനമറിയുന്നവര്‍ തിരഞ്ഞെടുക്കപ്പെടേണ്ടത് അനിവാര്യമാണ്. ഓരോ പ്രദേശത്തിന്റെയും വികസനം ആ ദേശത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*