Breaking News

തീരത്തിന്റെ ഈണമുള്ള സങ്കീര്‍ത്തനം പോലെ

തീരത്തിന്റെ ഈണമുള്ള സങ്കീര്‍ത്തനം പോലെ

ബെന്നി പി. നായരമ്പലം-അന്നാ ബെന്‍ അഭിമുഖം
തയ്യാറാക്കിയത് ജയിംസ് അഗസ്റ്റിന്‍

1988-ലെ ഒരു സന്ധ്യ. വരാപ്പുഴ അതിരൂപതയുടെ വാടേല്‍ ഇടവകയുടെ ഉപകേന്ദ്രമായ മാനാട്ടുപറമ്പ് കപ്പേളയില്‍ ഒരു ഹാസ്യനാടകത്തിന് കര്‍ട്ടന്‍ ഉയരുംമുമ്പ് മൈക്കിലൂടെ അറിയിപ്പ് വന്നു: ഞങ്ങള്‍ അവതരിപ്പിക്കുന്ന ഹാസ്യനാടകം, ‘ജാക്കി സാഗര്‍ അന്തപ്പന്‍’.-
നാടകരചന, സംവിധാനം- ബെന്നി പി. നായരമ്പലം.

പിന്നീട് 42 പ്രൊഫഷണല്‍ നാടകങ്ങളും, 29 സിനിമകള്‍ക്ക് കഥയും, തിരക്കഥയും സംഭാഷണവും രചിച്ച ബെന്നി പി. നായരമ്പലത്തിന്റെ കലാരംഗത്തേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. പ്രീഡിഗ്രി പഠനം കഴിഞ്ഞ അവധിക്കാലത്ത് കെസിവൈഎം സംസ്ഥാന സമിതി തൃശൂരില്‍ ഒരു നാടകപരിശീലന ക്യാമ്പ് നടത്തുകയുണ്ടായി. പങ്കെടുക്കാന്‍ വരാപ്പുഴ അതിരൂപതയില്‍ നിന്ന് ബെന്നിക്ക് അവസരമുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചപ്പോള്‍ അതിയായ സന്തോഷത്തോടെ തൃശൂരിലേക്ക്. ഒരാഴ്ച നീണ്ടുനിന്ന നാടകപരിശീലന ക്യാമ്പിന് നേതൃത്വം നല്‍കിയത് തൃശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകരും. അന്ന് പരിശീലകനായി വന്ന സംവിധായകന്‍ വി.എം. വിനു എഴുതിയ ‘നേരില്ലാക്കളി’- എന്ന നാടകം ക്യാമ്പിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു ബെന്നി. പിന്നീട് വി. എം. വിനുമൊത്ത് സിനിമാരംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ പഴയ നാടക ക്യാമ്പിന്റെ കാര്യം ബെന്നി അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. 

1985-86 കാലഘട്ടത്തില്‍ കെസിവൈഎം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച യുവജനോത്സവത്തില്‍ വരാപ്പുഴ അതിരൂപതയുടെ പ്രതിനിധിയായി പങ്കെടുക്കാനും ഭാഗ്യമുണ്ടായി. അന്ന് ബെന്നി പി. നായരമ്പലം മിമിക്രി, മോണോ ആക്ട്, നാടകം എന്നിവയില്‍ മത്സരിച്ചു. മിമിക്രിക്കും മോണോ ആക്ടിനും ഒന്നാംസ്ഥാനം നേടി. കൊല്ലത്ത് നടന്ന കലോത്സവത്തില്‍ വരാപ്പുഴ അതിരൂപത ഒന്നാം സ്ഥാനം നേടുകയും ചെയ്തു. എറണാകുളത്ത് നിന്നും കൊല്ലത്തേയ്ക്ക് ട്രെയിനില്‍ ടീമംഗങ്ങള്‍ ഒരുമിച്ച് യാത്രചെയ്തതും നേടിയെടുത്ത ചാമ്പ്യന്‍ഷിപ്പ് ട്രോഫിയുമായി അന്നത്തെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറയെ കണ്ടതുമെല്ലാം നല്ല ഓര്‍മ്മകളാണെന്ന് ബെന്നി പറയുന്നു.

രാജന്‍ പി. ദേവിന്റെ ചേര്‍ത്തല ജൂബിലി തീയേറ്റേഴ്‌സിന് വേണ്ടിയാണ് ആദ്യ പ്രൊഫഷണല്‍ നാടകം എഴുതുന്നത്. ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി’- എന്ന നാടകം ഒരു ക്രൈസ്തവ കുടുംബത്തിന്റെ കഥ പറയുന്നതായിരുന്നു. ക്രിസ്മസിനു പാതിരാകുര്‍ബ്ബാനയ്ക്ക് പോകുന്നതും സദ്യ ഒരുക്കാന്‍ താറാവിനെ പിടിക്കുന്നതും നക്ഷത്രം തൂക്കുന്നതും എല്ലാം സ്വന്തം- കത്തോലിക്കാ കുടുംബ പശ്ചാത്തലത്തെതന്നെ അവതരിപ്പിക്കലായിരുന്നു. ആ നാടകത്തിലെ അഭിനയത്തിന് രാജന്‍ പി. ദേവിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. പ്രസ്തുത നാടകത്തില്‍ ബെന്നി പി. നായരമ്പലം പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. നാടകയാത്രയില്‍ ഇതുവരെ 42 പ്രൊഫഷണല്‍ നാടകങ്ങള്‍ എഴുതി. രചനയ്ക്ക് 2 തവണ സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡുകള്‍ തേടിയെത്തി. 40-ഓളം മറ്റു പുരസ്‌കാരങ്ങളും നേടാനായി.

തിരക്കഥ എഴുതിയ ആദ്യ സിനിമ ‘ഫസ്റ്റ് ബെല്‍’- സംവിധാനം ചെയ്യുന്നത് പി. ജി. വിശ്വംഭരനാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പി. ജി. വിശ്വംഭരനുമൊത്ത് സിനിമ ചെയ്യാനുള്ള ഒരവസരം നഷ്ടപ്പെട്ട കഥയുമുണ്ട്. ആദ്യ നാടകമായ ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി’- സിനിമയാക്കാന്‍ പി. ജി. വിശ്വംഭരന്‍ തയ്യാറായി മുന്നോട്ടു വരികയുണ്ടായി. എന്നാല്‍ നാടകത്തില്‍ നായകവേഷം ചെയ്ത രാജന്‍ പി. ദേവ് അന്നുവരെ സിനിമാപ്രവേശം നടത്തിയിട്ടില്ലാത്തതിനാല്‍ മറ്റൊരു നടനെ നായകനാക്കാനായിരുന്നു സിനിമാ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചത്. പക്ഷേ, നാടകകൃത്തായ ബെന്നി പി. നായരമ്പലത്തിന് രാജന്‍ പി. ദേവ് തന്നെ സിനിമയിലും നായകനായി മതിയെന്ന് നിര്‍ബന്ധം. അതോടെ സിനിമ മുടങ്ങി. പക്ഷേ, ദൈവനിയോഗം പോലെ പി. ജി. വിശ്വംഭരന്‍ തന്നെ ആദ്യ സിനിമയില്‍ സംവിധായകനായി വന്നതും ചരിത്രം.
വാടേല്‍ ഇടവകയിലെ പുളിമൂട്ടില്‍ പത്രോസ്-ത്രേസ്യ ദമ്പതികളുടെ മകനായ ബെന്നിയുടെ സിനിമകളിലും നാടകങ്ങളിലും ക്രൈസ്തവ ജീവിതസാഹചര്യങ്ങള്‍ മനോഹരമായി ചിത്രീകരിക്കപ്പെടാറുണ്ട്. വീട്ടില്‍ നിന്ന് ലഭിച്ച വിശ്വാസപരിശീലനവും കുടുംബാംഗങ്ങള്‍ ഒരുമിക്കുന്ന ഇന്നും മുടങ്ങാത്ത നിത്യപ്രാര്‍ത്ഥനയും ചെറുപ്പകാലത്തെ യുവജന പ്രവര്‍ത്തനങ്ങളുമാണ് ഇതിന്നടിസ്ഥാനമായി മാറിയത്. ഡിഗ്രി പഠനകാലത്ത് അപ്പച്ചന്‍ പത്രോസ് നിത്യതയിലേക്ക് യാത്രയായി. അമ്മ ത്രേസ്യയും ഭാര്യ ഫുള്‍ജ, മക്കളായ അന്ന, സൂസന്ന എന്നിവരോടൊപ്പം ഇപ്പോഴും മാതൃകാപരമായ ക്രൈസ്തവ ജീവിതം നയിക്കുന്നു ബെന്നി.
തന്റെ രചനകളില്‍ ബൈബിളിന്റെ സ്വാധീനം വളരെ വലുതാണെന്ന് അദ്ദേഹം തുറന്നുസമ്മതിക്കുന്നു. സങ്കീര്‍ത്തനങ്ങളാണ് പ്രിയംകരം. ക്രിസ്തുവിനെ അവതരിപ്പിക്കുന്ന മാത്തുട്ടിയുടെ കഥാപാത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലുണ്ട്. ക്രിസ്തുവിനെ അവതരിപ്പിച്ച് സ്വയം മാനസാന്തരപ്പെടുന്ന കുറ്റവാളിയായി മാത്തുട്ടിയെ നമുക്ക് ആ സിനിമയില്‍ കാണാം.

മകള്‍ അന്ന ബെന്‍ സിനിമയില്‍ വരുന്നത്  തികച്ചും യാദൃശ്ചികമാണെന്നാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഒരിക്കല്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്‌നേഹപൂര്‍വം പറഞ്ഞത്, ഇപ്പോള്‍ വേണോ? ഞാന്‍ കുട്ടികള്‍ക്കായുള്ള ഏതെങ്കിലും ഒരു കഥാപാത്രത്തെ ഒരുക്കുമ്പോള്‍ നോക്കാം എന്നായിരുന്നു. പക്ഷേ, കുമ്പളങ്ങി നൈറ്റ്‌സിന്റെ ഓഡിഷനു പോയപ്പോള്‍ എന്റെ മകളാണെന്ന് വെളിപ്പെടുത്താതെയാണ് പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അപ്പച്ചന്റെ ജോലി എന്താണെന്ന് ചോദിച്ചപ്പോഴാണ്  എന്റെ കാര്യം പറയുന്നത്. എല്ലാം ദൈവനിശ്ചയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മകള്‍ അഭിനയിച്ച സിനിമ തീയേറ്ററില്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഇരുന്ന് കണ്ടത്. ഞാന്‍ മനസ്സില്‍ പറഞ്ഞു, കല ദൈവദാനമാണ്…

 

അന്ന ബെന്‍

മൂന്നു സിനിമകള്‍. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള… കലര്‍പ്പില്ലാത്ത അവതരണത്താല്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ കൊണ്ടുവന്ന കൊച്ചുമിടുക്കി. ബെന്നി പി. നായരമ്പലത്തിന്റെ മൂത്ത മകള്‍. സിനിമയുടെ ഓഡിഷനു പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ മകളോട് പപ്പ പറഞ്ഞു, നൂറോളം പേരുണ്ടാകും. ചിലപ്പോള്‍ തഴയപ്പെടും. പിന്നീട് അത് വിഷമമാകും. എന്റെ മകളാണെന്നറിഞ്ഞാല്‍ പറ്റില്ലെങ്കില്‍ അത് അവര്‍ക്കും വിഷമമാകും. അന്ന പറഞ്ഞു, ഞാന്‍ ആരുടെ മകളാണെന്ന് പറയില്ല. അവസരം കിട്ടിയില്ലെങ്കില്‍ എനിക്കു വിഷമമാകില്ല. അങ്ങനെ പോയി. തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ മാത്രമാണ് ആരുടെ മകളാണെന്ന് ഞാന്‍ പറഞ്ഞത്. ഉടനെ ദിലീഷ് പോത്തന്‍ സാര്‍ പപ്പയെ വിളിച്ചു. മകള്‍ മിടുക്കിയാണ്. ഞങ്ങളെ വിസ്മയിപ്പിച്ചു. കുമ്പളങ്ങി നൈറ്റ്‌സിനു ശേഷം ചെയ്ത ‘ഹെലന്‍’ സിനിമയിലെ ടൈറ്റില്‍ കഥാപാത്രം വളരെ പ്രയാസപ്പെട്ട് അവതരിപ്പിച്ച ഒന്നാണെന്ന് അന്ന പറയുന്നു.

‘ഹെലന്‍’- സിനിമയിലെ കഥാപാത്രം ഏറെ അടുപ്പമുള്ളതാണെങ്കിലും ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്‌സിലെ ബേബിയെ കുറച്ചുകൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ട് അന്ന.
കുട്ടിക്കാലം മുതല്‍ സിനിമാ ചര്‍ച്ചകളുടെ നടുവില്‍ വളര്‍ന്നതാണ് ഞാന്‍. പപ്പ എഴുതുന്ന പല കഥകളും തമാശരംഗങ്ങളും ഞങ്ങളെ വായിച്ചുകേള്‍പ്പിക്കും. ഞങ്ങള്‍ ചിരിച്ചാല്‍ ഉടനെ തീരുമാനമാകും. ഇത് സിനിമയില്‍ ഫലിക്കും. ഇപ്പോള്‍ എന്റെ സിനിമാവിശേഷങ്ങളും ചര്‍ച്ചയാകുന്നു.
ഞങ്ങളുടെ അമ്മച്ചി (ബെന്നിയുടെ അമ്മ) യുടെ കൂടെയാണ് കുട്ടിക്കാലത്ത് ഞങ്ങള്‍ പള്ളിയില്‍ പോയിരുന്നത്. മതപഠനമെല്ലാം നടന്നത് വാടേല്‍ പള്ളിയിലാണ്. ഇന്നും സന്ധ്യയ്ക്ക് അമ്മച്ചിയോടൊപ്പം സന്ധ്യാപ്രാര്‍ത്ഥന ഞങ്ങള്‍ മുടക്കാറില്ല. പപ്പയാണ് എന്നും എനിക്ക് മാതൃക. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്പിക്കുന്നയാളാണ് പപ്പ. എന്നും പപ്പയെപ്പോലെ എല്ലാവരോടും നല്ലരീതിയില്‍ ഇടപെടാന്‍ കഴിയണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.
ചെറുപ്പക്കാരോട് എനിക്കു പറയാനുള്ളത് കഠിനാധ്വാനമില്ലാതെ വിജയമില്ല. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ വിജയം നിങ്ങളുടേതാണ്- അന്ന ബെന്‍ പറഞ്ഞുനിര്‍ത്തി.


Tags assigned to this article:
anna benbenny nayarmabalamcinemalatin catholic

Related Articles

മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരി നിയുക്ത കൊല്ലം ബിഷപ്

കൊല്ലം: മോണ്‍. ഡോ. പോള്‍ ആന്റണി മുല്ലശേരിയെ കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട്(2018 ഏപ്രില്‍ 18ന്)

ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ?

ഡോ. സിസ്റ്റര്‍ ജയ ജോസഫ് സിടിസി ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ എന്ന ചോദ്യത്തിന് സമാനമായ ഒരു ചോദ്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നഥാനയേല്‍ പീലിപ്പോസിനോട് ചോദിച്ച ചോദ്യമാണ്:

ഉയിര്‍പ്പിന്റെ ഞായറുകള്‍: ഈസ്റ്റർ ദിനം

ഈസ്റ്റർ ദിനം വിചിന്തനം:- ഉയിര്‍പ്പിന്റെ ഞായറുകള്‍ നോമ്പും പ്രാര്‍ഥനയും ഉപവാസവുമായി ഏറെ ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈശോയുടെ ഉത്ഥാനത്തിരുനാള്‍ ആസന്നമായിരിക്കുന്നു. ഈശോയുടെ മരിച്ചവരില്‍ നിന്നുമുള്ള ഉയിര്‍പ്പാണ് ക്രൈസ്തവ വിശ്വാസത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*