തീരദേശം അന്യാധീനപ്പെടാതെ കാത്തുരക്ഷിക്കണം

തീരദേശം അന്യാധീനപ്പെടാതെ കാത്തുരക്ഷിക്കണം

രാജ്യത്തെ തീരദേശ പരിപാലന നിയമവ്യവസ്ഥയില്‍ സുപ്രധാന മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാനം എന്നിവയ്ക്കായുള്ള കേന്ദ്ര മന്ത്രാലയം ഇറക്കിയ പുതിയ കരടു വിജ്ഞാപനം കേരളം അതീവ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ജനങ്ങളില്‍ മൂന്നിലൊന്ന് അധിവസിക്കുന്നത് തീരമേഖലയിലാണ്. പത്തു തീരദേശ ജില്ലകളിലായി മുന്നൂറിലേറെ പഞ്ചായത്തുകളും അറുപതിലേറെ നഗരപ്രദേശങ്ങളും തീരദേശ നിയന്ത്രണ മേഖല (സിആര്‍ഇസെഡ്) ചട്ടങ്ങളുടെ പരിധിയില്‍ വരും.

പരിസ്ഥിതി സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരവാസി സമൂഹത്തിന്റെ ജീവസന്ധാരണത്തിനും മുഖ്യ പരിഗണന നല്‍കിക്കൊണ്ട് തീരമേഖലയുടെ സുസ്ഥിര പരിപാലനവും സുരക്ഷയും ഉറപ്പാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കൊണ്ടുവന്ന 1991ലെ നിയന്ത്രണ വ്യവസ്ഥകള്‍ സമഗ്രമായി പരിഷ്‌കരിച്ച് 2011ല്‍ കേന്ദ്ര മന്ത്രാലയം ഇറക്കിയ സിആര്‍ഇസെഡ് വിജ്ഞാപനത്തെ സംബന്ധിച്ച് കേരളം ഉള്‍പ്പെടെയുള്ള തീരസംസ്ഥാനങ്ങള്‍ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. തീരപ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ പോലും പാരിസ്ഥിതിക നിയന്ത്രണ ചട്ടങ്ങള്‍ തടസമാകുന്ന അവസ്ഥയാണ് നിലനിന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പരാതികളും നിര്‍ദേശങ്ങളും പരിശോധിച്ച് വിശദമായ തെളിവെടുപ്പും പഠനവും നടത്താനായി 2014 ജൂണില്‍ കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. ശൈലേശ് നായക് അധ്യക്ഷനായി ആറംഗ കമ്മിറ്റിയെ കേന്ദ്രം നിയോഗിച്ചു. നായക് കമ്മിറ്റി 2015 ജനുവരിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചെങ്കിലും പരിസ്ഥിതി മന്ത്രാലയം അത് അംഗീകരിക്കുകയോ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം 18 മാസത്തിനുശേഷമാണ് ആ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വെളിച്ചത്തുവന്നത്. അതേസമയം പലപ്പോഴായി കേന്ദ്ര മന്ത്രാലയം ആ നിഗൂഢ റിപ്പോര്‍ട്ടിലെ ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിആര്‍ഇസെഡ് നിയമവ്യവസ്ഥകളില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് 2018ലെ കരടു വിജ്ഞാപനം.

വന്‍ നിക്ഷേപസാധ്യതകളുള്ള സാഗര്‍മാല പദ്ധതികള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാമുഖ്യം നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ 7,500 കിലോമീറ്റര്‍ വരുന്ന തീരഭൂമിയില്‍ പാരിസ്ഥിതിക ആഘാതമോ പ്രാദേശിക ജനസമൂഹത്തിന്റെ ഭൂവിനിയോഗ പാരമ്പര്യമോ വസ്തുവിലുള്ള ജന്മാവകാശമോ പരിഗണിക്കാതെ ടൂറിസം, റിയല്‍ എസ്റ്റേറ്റ്, വാണിജ്യ-വ്യവസായ ഇടപാടുകാര്‍ക്കായി തീരമേഖലയിലെ അതിരുവിട്ട വികസനപ്രവര്‍ത്തനങ്ങളുടെയും നിര്‍മിതികളുടെയും മേലുള്ള നിയന്ത്രണങ്ങള്‍ നീക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വിജ്ഞാപനത്തിന്റെ അടിസ്ഥാന സമീപനം. ആഗോള താപനവും കാലാവസ്ഥവ്യതിയാനവും മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളുടെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും ഭീഷണിയോ തീരത്തെ ലക്ഷക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുമെന്ന ആശങ്കയോ കണക്കിലെടുക്കാതെയാണ് വിനോദസഞ്ചാര വികസനത്തിന്റെയും വന്‍കിട നിക്ഷേപങ്ങളുടെയും വീമ്പുപറഞ്ഞുകൊണ്ടുള്ള ഉദാരവത്കരണവും ഇളവുകളും നടപടിക്രമങ്ങളുടെ ലഘൂകരണവും.
വേലിയേറ്റ ബാധിത ജലാശയങ്ങളോടു ചേര്‍ന്ന തീരഭൂമിയില്‍ സിആര്‍ഇസെഡ് പരിധി നൂറു മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറയ്ക്കാനാണ് കരടു വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നത്. ആദ്യ വിജ്ഞാപനത്തില്‍ ഇത് 500 മീറ്ററായിരുന്നു. വികസനപ്രവര്‍ത്തനങ്ങളും നിര്‍മിതികളും പാടില്ലാത്ത മേഖലയുടെ പരിധി അത്രകണ്ടു ചുരുങ്ങുകയാണ്.
കായല്‍തുരുത്തുകളില്‍ തീരത്ത് 20 മീറ്റര്‍ ഒഴിച്ചിട്ട് നിര്‍മിതിയാവാം. താരതമ്യേന സ്വച്ഛമായ ഉള്‍പ്രദേശങ്ങളിലെ തീരപ്രദേശവും മുനിസിപ്പല്‍ പരിധിയിലുള്ള കാര്യമായ വികസനം നടക്കാത്ത നഗരപ്രദേശങ്ങളും ഉള്‍പ്പെടുന്ന സിആര്‍ഇസെഡ്-മൂന്ന് മേഖലയെ ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ രണ്ടായി വിഭജിക്കുന്നുണ്ട് പുതിയ വിജ്ഞാപനത്തില്‍. 2011ലെ സെന്‍സസ് പ്രകാരം ചതുരശ്ര കിലോമീറ്ററില്‍ 2,161 ജനസാന്ദ്രതയുള്ള ഗ്രാമീണ മേഖല സിആര്‍ഇസെഡ് 3എയും അതില്‍ കുറഞ്ഞ ജനസാന്ദ്രതയുള്ളത് 3ബിയുമാണ്. വേലിയേറ്റ പരിധിയില്‍ 2011 സിആര്‍ഇസെഡ് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരുന്ന 200 മീറ്റര്‍ വികസന നിരോധിത മേഖല (എന്‍ഡിഇസെഡ്) പരിധി 3എ മേഖലയില്‍ പുതുതായി നിശ്ചയിച്ചിരിക്കുന്നത് 50 മീറ്ററാണ്. ജനസാന്ദ്രത കുറഞ്ഞ 3ബി മേഖലയില്‍ 200 മീറ്റര്‍ എന്‍ഡിഇസെഡ് പരിധി തുടരും. തീരമേഖലയിലെ ജനസാന്ദ്രത വേറിട്ടു നിശ്ചയിക്കാന്‍ ഏതു മാനദണ്ഡമാണ് ഉപയോഗിക്കുക എന്നു വ്യക്തമല്ല.
കടല്‍ത്തീരത്ത് വിനോദസഞ്ചാര സൗകര്യം മുന്‍നിര്‍ത്തി ശൗചാലയങ്ങള്‍, കുടിനീര്‍ വിതരണം, വസ്ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യം എന്നിവയ്ക്കായി താത്കാലിക നിര്‍മിതികള്‍ എന്‍ഡിഇസെഡ് മേഖലയില്‍ അനുവദിക്കും. സിആര്‍ഇസെഡ്-3ല്‍ വികസന നിരോധിത മേഖലയിലൂടെ ദേശീയ പാതയോ സംസ്ഥാന പാതയോ കടന്നുപോകുന്നുണ്ടെങ്കില്‍ റോഡിനോടു ചേര്‍ന്ന് കടലിന്റെ ദിശയില്‍ ഇത്തരം താത്കാലിക ടൂറിസം സൗകര്യങ്ങള്‍ അനുവദിക്കും. റോഡിനോടു ചേര്‍ന്ന കരഭാഗത്ത് എന്‍ഡിഇസെഡ് മേഖലയില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും മറ്റു ടൂറിസം സൗകര്യങ്ങളും സംസ്ഥാനത്തെ നിലവിലുള്ള ചട്ടങ്ങള്‍ക്കു വിധേയമായി നിര്‍മിക്കാം. കേരളത്തില്‍ തീരദേശ ഹൈവേ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കരഭാഗത്ത് റിസോര്‍ട്ടുകളും ഹോട്ടലുകളും ധാരാളമായി ഉയരുന്നതോടൊപ്പം ബീച്ചില്‍ നിറയെ താത്കാലിക ടൂറിസം കുടീരങ്ങളും നിറയുമെന്നു സാരം. മത്സ്യത്തൊഴിലാളികള്‍ക്ക് വല നന്നാക്കാനും വള്ളങ്ങള്‍ കയറ്റിവയ്ക്കാനും മീന്‍ ഉണക്കാനും മറ്റും വേറെ ഇടങ്ങള്‍ കണ്ടെത്തണം. ആധുനിക ഭവനപദ്ധതികള്‍ നടപ്പാക്കിയാലും പാരമ്പര്യ ജീവസന്ധാരണത്തിന്റെ മാര്‍ഗങ്ങള്‍ ഇല്ലാതായാല്‍ കടലോരത്ത് മത്സ്യത്തൊഴിലാളികള്‍ അധികപ്പറ്റാവില്ലേ!
കടല്‍നിരപ്പ് ഉയരാനുള്ള സാധ്യത, തിരമാലകളുടെയും കാറ്റിന്റെയും ശക്തി തുടങ്ങിയവ കണക്കിലെടുത്ത് അടയാളപ്പെടുത്തുന്ന ആപല്‍രേഖയും ആപല്‍സാധ്യതാ മേഖലയും സിആര്‍ഇസെഡ് ചട്ടങ്ങളുടെ കാര്യത്തില്‍ ഇനി പരിഗണിക്കേണ്ടതില്ല, അവയെ ദുരന്തനിവാരണത്തിന്റെ ഒരു ഉപാധി മാത്രമായി കണ്ടാല്‍ മതി എന്നാണ് പുതിയ നിര്‍ദേശം. ആപല്‍രേഖയെ തീരദേശ പരിപാലന വ്യവസ്ഥയില്‍ നിന്ന് തുടച്ചുമാറ്റുന്നത് ചട്ടങ്ങളുടെ ലഘൂകരണത്തിനു മാത്രമാണോ?
അതിലോല പാരിസ്ഥിതിക മേഖലയിലെ സ്വകാര്യഭൂമിയിലുള്ള കണ്ടല്‍ക്കാടുകളില്‍ ഇക്കോ-ടൂറിസം പദ്ധതികള്‍ക്ക് ഇനി തടസമുണ്ടാവില്ല. സിആര്‍ഇസെഡ്-1, നാല് എന്നിവയിലെ പദ്ധതികള്‍ സംബന്ധിച്ച പാരിസ്ഥിതിക അനുമതിക്കു മാത്രം കേന്ദ്ര മന്ത്രാലയത്തെ സമീപിച്ചാല്‍ മതിയെന്നും മറ്റു മേഖലകളുടെ കാര്യം സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയോ ബന്ധപ്പെട്ട സംസ്ഥാന വകുപ്പുകളോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോ തീര്‍പ്പാക്കുമെന്നുമാണ് പുതിയ നിര്‍ദേശം. പ്രതിരോധം, തന്ത്രപ്രധാന പദ്ധതികള്‍, പൊതുതാല്പര്യത്തിനായുള്ള അടിസ്ഥാന വികസന പദ്ധതികള്‍ എന്നിവയ്ക്ക് തീരപരിപാലന നിയമം ബാധകമല്ല. തീരമേഖലയിലെ പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനും കെട്ടിട നമ്പറിനായും ഇനി പരക്കംപായേണ്ടിവരില്ല എന്ന് അശ്വസിക്കാം. അതേസമയം, വികസനപ്രവര്‍ത്തനങ്ങളെ മാത്രമല്ല, ദുരന്തനിവാരണത്തെയും ദുരിതാശ്വാസ നടപടികളെയും വരെ ബാധിക്കുന്നതാണ് അധികാര വികേന്ദ്രീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.
പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ തീരദേശ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കി വേണം തീരപരിപാലന നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കാന്‍ എന്ന നിര്‍ദേശം പാലിക്കാന്‍ കേരളത്തിന് ഏഴു കൊല്ലമായിട്ടും കഴിഞ്ഞിട്ടില്ല. വേലിയേറ്റരേഖയും തീരപരിപാലന നിയന്ത്രണ മേഖലയുടെ അതിരുകളും മറ്റും അടയാളപ്പെടുത്തിയ വിശദമായ ഭൂപടങ്ങളും അടിസ്ഥാന രേഖകളും വച്ച് തദ്ദേശവാസികളില്‍ നിന്ന് തെളിവെടുപ്പു നടത്തി വേണം മാനേജ്‌മെന്റ് പ്ലാന്‍ രൂപീകരിക്കാന്‍. ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്ത്യശാസനം നല്‍കിയിട്ടുപോലും ഈ പ്രക്രിയ ഇവിടെ ഒരു പ്രഹസനമായി മാറുകയായിരുന്നു.
പുതിയ കരടു വിജ്ഞാപനം സംബന്ധിച്ച നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 60 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ഏപ്രില്‍ 18ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചത്. ഓഖി ദുരന്തം പോലുള്ള പ്രകൃതിക്ഷോഭ ഭീഷണിക്കു പുറമെ തീരഭൂമി കവര്‍ന്നെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന റിയല്‍ എസ്റ്റേറ്റ്-ടൂറിസം ലോബികളുടെ കടന്നാക്രമണങ്ങളെയും നേരിടുന്ന തീരദേശ ജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ, ദീര്‍ഘവീക്ഷണത്തോടെ ശക്തമായ ഇടപെടലിനുള്ള സമയമാണിത്. വിശദവും സമഗ്രവുമായ പഠനവും വിശകലനവും നടത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ തീരപ്രദേശങ്ങളെയും തീരവാസികളെയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം നമ്മള്‍ ചെയ്യണം.


Related Articles

ജനതയുടെ ആത്മാവിനേറ്റ മുറിവുകള്‍

ശരീരത്തില്‍ ഏല്പിക്കുന്ന ഓരോ മുറിവും, ഓരോ അപമാനവും, ഓരോ കൈയേറ്റവും സ്രഷ്ടാവായ ദൈവത്തിന്റെ നേര്‍ക്കുള്ള കൊടിയ നിന്ദയാണെന്ന് ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിലെ

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ്

ഇന്ധനക്കൊള്ളയ്ക്ക് അറുതിയില്ലേ?

  പുകഞ്ഞുനീറി കരിന്തിരി കത്തുന്ന ജീവിതം കൊവിഡ് വാക്സിന്‍ കൊണ്ടുവന്ന പ്രത്യാശയുടെ തരിമ്പില്‍ നിന്ന് വീണ്ടും തെളിച്ചെടുക്കാമെന്ന മോഹവും അവര്‍ തല്ലിക്കെടുത്തുകയാണ്. മഹാമാരിക്കാലത്തെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*