Breaking News

തീരദേശവാസികളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കണം

തീരദേശവാസികളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കണം

തീരദേശത്ത് പരമ്പരാഗതമായി താമസിക്കുന്നവര്‍ക്ക് കടലിലും തീരഭൂമിയിലുമുള്ള ജന്മാവകാശത്തിനും അവരുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും മുന്‍ഗണന നല്‍കിയാണ് 1991ല്‍ കേന്ദ്ര ഗവണ്‍മെന്റ് തീരപരിപാലന നിയമം ആവിഷ്‌കരിച്ചത്. കടലിന്റെയും തീരത്തിന്റെയും ആവാസവ്യവസ്ഥയുടെയും സുസ്ഥിര വികസനത്തിന്റെയും പേരില്‍ കഴിഞ്ഞ 28 വര്‍ഷത്തിനിടെ 36 തവണ ഇതില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട് – ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ഭേദഗതികളുടെ ഇടപെടലുണ്ടായ നിയമപരിണാമത്തിനൊടുവില്‍ തീരദേശജനസമൂഹമാകെ അസ്തിത്വഭീഷണിയിലാണ്. പ്രകൃതിയും പരിസ്ഥിതിയുമായി അഭേദ്യമായി ഇഴുകിച്ചേര്‍ന്ന് ജീവസന്ധാരണം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികള്‍ക്ക് 2006ലെ വനാവകാശ നിയമത്തിന്റെ മാതൃകയില്‍ തീരമേഖലയിലെ ഭൂസ്വത്തിനും പാരമ്പര്യതൊഴിലിനുമുള്ള അവകാശം സ്ഥാപിച്ചുകൊടുക്കണമെന്ന എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയെക്കാള്‍, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വാണിജ്യവ്യവസായ കോര്‍പറേറ്റ് താല്പര്യങ്ങളാണ് തീരനിയന്ത്രണ നിയമഭേദഗതികള്‍ക്കെല്ലാം പ്രേരണയായത്.
കാലാവസ്ഥവ്യതിയാനത്തിന്റെയും പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങളുടെയും കനത്ത പ്രഹരം ഏറ്റുവാങ്ങാന്‍ എന്നും മുന്‍നിരയിലുള്ള മത്സ്യത്തൊഴിലാളികളും തീരമേഖലയിലെ ഇതര ജനസമൂഹവും സ്വന്തം പാര്‍പ്പിടങ്ങളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കപ്പെടുമെന്ന കൊടിയ ആശങ്ക നേരിടുകയാണിന്ന്. തീരപരിപാലന നിയമവ്യാഖ്യാനത്തിലെ അപാകതകളും പുതുക്കിയ നിയമവ്യവസ്ഥകളും ചട്ടങ്ങളും പ്രാവര്‍ത്തികമാക്കുന്നതിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ അക്ഷന്തവ്യമായ വീഴ്ചകളും കൊണ്ടാണിത്. കേന്ദ്ര പരിസ്ഥിതി, വന, കാലാവസ്ഥവ്യതിയാന മന്ത്രാലയം 2011ല്‍ ഇറക്കിയ തീരപരിപാലന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി തീരപരിപാലന പ്ലാന്‍ തയാറാക്കാന്‍ തന്നെ കേരളം ആറുവര്‍ഷമെടുത്തു. 2017 നവംബറില്‍ അതിന്റെ കരടു സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അന്തിമ അംഗീകാരം ലഭിച്ചത് 2019 ഫെബ്രുവരിയിലാണ്. അപ്പോഴേക്കും പഴയ ആ വിജ്ഞാപനം കാലഹരണപ്പെട്ടുകഴിഞ്ഞിരുന്നു. തീരനിയന്ത്രണ മേഖലയുടെ അതിരും വ്യാപ്തിയും ചട്ടങ്ങളും പുനര്‍നിര്‍ണയിച്ചുകൊണ്ട് 2019ലെ പുതിയ വിജ്ഞാപനം നിലവില്‍ വന്നതിനുശേഷമാണ് ദൂരപരിധിയിലും മറ്റും അടിസ്ഥാനപരമായി തികച്ചും വ്യത്യസ്തമായ 2011ലെ പഴയ വിജ്ഞാപനത്തിലെ നിയന്ത്രണ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സുപ്രീം കോടതി മരടിലെ നാലു വലിയ പാര്‍പ്പിടസമുച്ചയങ്ങള്‍ ഇടിച്ചുനിരത്താന്‍ ഉത്തരവിട്ടത്. ചോദ്യംചെയ്യപ്പെടാനാവാത്ത നീതിന്യായനിര്‍വഹണത്തിന്റെ പരമാധികാരപ്രകടനത്തില്‍ തകര്‍ന്നടിഞ്ഞ ജീവിതസ്വപ്‌നങ്ങളെക്കുറിച്ചും ഒഴിവാക്കാമായിരുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കൂടുതല്‍ കനത്ത പരിസ്ഥിതി ആഘാതത്തെക്കുറിച്ചുമൊക്കെ പൊതുമണ്ഡലത്തില്‍ വീണ്ടുവിചാരമുണ്ടാകുന്നതിനിടെയാണ് സംസ്ഥാനവ്യാപകമായി തീരമേഖലാ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിക്കപ്പെട്ട കെട്ടിടങ്ങളുടെ സമ്പൂര്‍ണ പട്ടിക ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരി 10ന് സംസ്ഥാന ഗവണ്‍മെന്റിന് അന്ത്യശാസനം നല്‍കിയത്. മരടില്‍ സ്വന്തമായുണ്ടായിരുന്ന അപ്പാര്‍ട്ടുമെന്റ് നഷ്ടപ്പെട്ട ഒരു സിനിമാസംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോടതിയലക്ഷ്യത്തിന്റെ പേരില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ പരമോന്നത കോടതി നേരിട്ടു വിളിപ്പിക്കുമെന്ന ഭീഷണി നിലനില്‍ക്കെ, സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലായി തീരപരിപാലന വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ചതായി സംശയിക്കപ്പെടുന്ന 25,862 കെട്ടിടങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 21,802 വീടുകളും 2,970 കമേഴ്‌സ്യല്‍ കെട്ടിടങ്ങളും 1,090 ഇതര നിര്‍മിതികളും ഉള്‍പ്പെടുന്നു. ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയിലുള്ള സമിതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്നു സമാഹരിച്ചു ക്രോഡീകരിച്ച പട്ടിക വലിയ തോതില്‍ പലതരത്തിലുള്ള ക്രമക്കേടുകള്‍ നിറഞ്ഞതാണ്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ഭവനനിര്‍മാണത്തിന് തറവിസ്തീര്‍ണവുമായി ബന്ധപ്പെട്ട ഇളവുകളും നിരോധിതമേഖലയില്‍തന്നെ സംസ്ഥാന തീര പരിപാലന അതോറിറ്റിക്ക് ക്രമപ്പെടുത്താവുന്ന നിര്‍മിതികളുടെ അനുമതിയും നിയന്ത്രിത മേഖലയുടെ പ്രത്യേകതയും മറ്റും പരിഗണിക്കാതെയും, തീരപരിപാലന നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പുള്ള നിര്‍മിതി, വേലിയേറ്റരേഖയില്‍ നിന്നുള്ള അകലം തുടങ്ങിയ അടിസ്ഥാന മാനദണ്ഡങ്ങള്‍ പരിശോധിക്കാതെയും തികച്ചും അനവധാനതയോടെ, അശാസ്ത്രീയമായാണ് പല പ്രാദേശിക സമിതികളും കരടുപട്ടിക ഇറക്കിയത്. കടലും കടലിടുക്കുമായി ബന്ധമില്ലാത്ത പൊക്കാളിപാടങ്ങളും, പാടശേഖരങ്ങളും, കരഭാഗത്തുള്ള തോടുകളും വേലിയേറ്റ സ്വാധീനമുള്ള ജലാശയ നിയന്ത്രണ മേഖലയിലാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. കോടതിയെ ബോധ്യപ്പെടുത്താനായി അന്തിമ പട്ടിക എന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ സംസ്ഥാനം സമര്‍പ്പിച്ചാല്‍ അത് തീരദേശവാസികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന, തിരുത്താനാവാത്ത കോടതിരേഖയായി മാറും. 2019ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തീരപരിപാലന പ്ലാനും ഭൂപടവും മറ്റും തയാറാക്കി സമഗ്രമായ പുനഃപരിശോധനയ്ക്കുശേഷം വേണം കടലോരത്തെയും ഉള്‍നാടന്‍ ജലാശയ മേഖലകളിലെയും മത്സ്യഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ പാര്‍പ്പിടങ്ങള്‍ അനധികൃതമാണോ അല്ലയോ എന്നു വിധിയെഴുതാന്‍.
സുപ്രീം കോടതിയുടെ അന്ത്യശാസനം കേട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുകൂട്ടി മാര്‍ച്ച് 31ന് അകം സംസ്ഥാന തീരപരിപാലന പ്ലാന്‍ തയാറാക്കാന്‍ ഉത്തരവിട്ടത്. പ്ലാന്‍ തയാറാക്കാന്‍ ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിനെ ചുമതലപ്പെടുത്തിയെങ്കിലും അവര്‍ക്ക് ഇതിനായി ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചതുതന്നെ ഏറെ വൈകിയാണ്. പ്ലാന്‍ തയാറാക്കുന്നതിനുള്ള അടിസ്ഥാനരേഖയായ വില്ലേജ് അടിസ്ഥാനത്തിലുള്ള സെന്‍സസ് വിവരങ്ങളും കൈമാറിയിട്ടില്ല. 2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കെഡസ്റ്റല്‍ എന്ന അതിര്‍ത്തിനിര്‍ണയ ഭൂപടം കൈവശമുണ്ടെങ്കിലും വേലിയേറ്റരേഖ നിര്‍ണയിക്കാന്‍ സ്ഥലപരിശോധന നടത്തി, പഞ്ചായത്തുതലത്തില്‍ തെളിവെടുപ്പും പരാതി അദാലത്തും കഴിഞ്ഞ്, സുസ്ഥിര തീരദേശ മാനേജ്‌മെന്റിനായുള്ള ചെന്നൈയിലെ ദേശീയ കേന്ദ്രത്തില്‍ നിന്ന് പ്ലാനിന്റെ കരടുരേഖയ്ക്ക് അംഗീകാരം തേടേണ്ടതുണ്ട്. അന്തിമ പ്ലാന്‍ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വാങ്ങണം. ഇതിന് ആറുമാസമൊന്നും പോരാ. എന്തായാലും തീരദേശവാസികള്‍ക്ക് ചുരുങ്ങിയത് മൂന്ന് അംഗങ്ങളുടെയെങ്കിലും പ്രാതിനിധ്യമുള്ള ജില്ലാ സമിതികള്‍ രൂപീകരിച്ചുവേണം തീരദേശത്തെ അനധികൃത നിര്‍മിതികളുടെ പട്ടിക പരിശോധിച്ചു തീര്‍പ്പുകല്പിക്കാന്‍.
സംസ്ഥാനത്ത് ഒക്‌ടോബറില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വാക്കുനല്‍കുന്നുണ്ട്. ഉപജീവന ഉള്‍പ്പെടുത്തലും സാമ്പത്തിക ശാക്തീകരണവും പ്രഖ്യാപിത ലക്ഷ്യമാക്കുന്ന ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടുമില്ലാത്തവര്‍ക്കായി പാര്‍പ്പിടസമുച്ചയങ്ങള്‍ ഒരുക്കുന്നതില്‍ – അവയുടെ ഉടമസ്ഥത തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണെന്നും ഗുണഭോക്താവിനും അനന്തരാവകാശികള്‍ക്കും അവിടെ താമസാവകാശം മാത്രമേയുള്ളൂവെന്നും ആക്ഷേപമുള്ളത് മറ്റൊരു വശം – കാണിക്കുന്ന കരുതലും രാഷ്ട്രീയ ഇഛാശക്തിയും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും തൊഴിലിടങ്ങളും സംരക്ഷിക്കുന്നതിലും ഗവണ്‍മെന്റ് പ്രകടമാക്കണം. ഇതിനു കൂടുതല്‍ ഗൗരവതരവും സമയബന്ധിതവുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. മരട് ഉള്‍പ്പെടെ സംസ്ഥാനത്തെ 2,130 ദ്വീപുകളെയും, 590 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തെ 222 മത്സ്യഗ്രാമങ്ങളെയും ഉള്‍നാടന്‍ ജലാശയങ്ങളോടു ചേര്‍ന്ന 113 ഗ്രാമങ്ങളെയും പ്രത്യക്ഷത്തില്‍ 10 ലക്ഷം മത്സ്യത്തൊഴിലാളികളെയും ബാധിക്കുന്ന തീരനിയന്ത്രണ ചട്ടങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വകമായ നടപടികള്‍ക്ക് രാഷ്ട്രീയ ചേരിതിരിവും പ്രത്യയശാസ്ത്രഭിന്നതകളും തടസമാകരുത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ അധിവാസവ്യവസ്ഥയുടെ സവിശേഷതകള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനും തീരദേശജനസമൂഹങ്ങളുടെ പാരമ്പര്യ അവകാശങ്ങള്‍ സംരക്ഷിക്കാനും ഗവണ്‍മെന്റിനു കഴിയണം. കായലോരങ്ങളിലെ വന്‍കിട കൈയേറ്റങ്ങളുടെയും റിയല്‍ എസ്റ്റേറ്റ് വമ്പന്മാരുടെ അനധികൃത നിര്‍മിതികളുടെയും പേരില്‍ കായല്‍തുരുത്തുകളിലെ നിര്‍ധനകുടുംബങ്ങളെ ഇനിയും വഴിയാധാരമാക്കരുത്.


Related Articles

കോണ്‍ഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു

മലപ്പുറം:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു.കെ ഭാസി (75) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക്

ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ അര്‍പ്പണത്തിന്റെ സുവര്‍ണ ജൂബിലി നിറവില്‍

കത്തോലിക്കാ സഭയ്ക്കും ലത്തീന്‍സമുദായത്തിനും ദിശാബോധവും പങ്കാളിത്ത സഭയുടെ വിശാല കാഴ്ചപ്പാടുകളും നല്‍കിയ വലിയ ഇടയന് പൗരോഹിത്യസമര്‍പ്പണത്തിന്റെ സുവര്‍ണ ജൂബിലി. അമ്പതാണ്ടുകള്‍ക്കു മുമ്പ് 1968 ജൂണ്‍ 29ന്, വത്തിക്കാനില്‍

പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികള പ്രഖ്യാപിച്ചു

പ്രളയദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന നാനാജാതിമതസ്തര്‍ക്കായുള്ള വരാപ്പുഴ അതിരൂപതയുടെ തനതായ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കമായി. അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. വിവിധ സ്ഥാപനങ്ങളും ഇടവകകളുമായി 110 ദുരിതാശ്വാസ കേന്ദ്രങ്ങള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*