തീരദേശ കപ്പല്‍പാത, പാതകം

തീരദേശ കപ്പല്‍പാത, പാതകം


ചാള്‍സ് ജോര്‍ജ്

മത്സ്യവരള്‍ച്ചയുടേയും കൊവിഡ് മൂലമുള്ള മത്സ്യബന്ധന-വിപണന പ്രതിബന്ധങ്ങള്‍ക്കിടയില്‍ നിനച്ചിരിക്കാതെ വന്ന കടലാക്രമണവും ചേര്‍ന്ന് കേരളത്തിലെ പാവപ്പെട്ട മത്സ്യബന്ധന സമൂഹം തകര്‍ച്ചയുടെ പാരമ്യത്തിലായിരുന്ന ഘട്ടത്തില്‍, ചെകുത്താനും കടലിനുമിടയിലായിരിക്കുമ്പോഴാണ് പുതിയൊരു ഭീഷണി കൂടി അവരെ തുറിച്ചു നോക്കുന്നത്. തീരദേശ കപ്പല്‍പ്പാത. കേരളത്തിന്റെ കടലില്‍ അടിക്കടിയുണ്ടാവുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ക്ക് കടന്നുപോകാവുന്ന പാതയുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയം ജൂലൈ 2ന് ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചു. കപ്പലുകള്‍ ഇടിച്ച് മത്സ്യബന്ധനയാനങ്ങള്‍ തകരുന്നതും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ കപ്പല്‍ പാത്തിയുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരിക്കുന്നതെന്ന് ഷിപ്പിംഗ് ഡയക്ടറേറ്റ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്. ആഗസ്റ്റ് ഒന്നു മുതല്‍ കപ്പല്‍പാതയെ സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നു.  സംസ്ഥാന സര്‍ക്കാരുമായോ മത്സ്യത്തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്.

കപ്പല്‍ പാതയുടെ ഒന്നാം പാദത്തെയും രണ്ടാം പാദത്തെയും സംബന്ധിച്ച വിവരങ്ങളാണ് ഷിപ്പിംഗ് മന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ മിനിക്കോയിലും സുഹേലിപാരിനുമിടയിലുള്ള വിസ്തൃതമായ അഞ്ഞൂറു കിലോമീറ്റര്‍ കടലിടുക്കില്‍ 20 കിലോമീറ്റര്‍ വീതിയിലും 110 കിലോ മീറ്റര്‍ നീളത്തിലും കിഴക്കു പടിഞ്ഞാറ് ചരിഞ്ഞാണ് രണ്ടാം പാത (പാദം) കടന്നുപോകുന്നതെന്നതിനാല്‍ മത്സ്യബന്ധന സമൂഹത്തെ അത് കാര്യമായി ബാധിക്കുന്നില്ല. എന്നാല്‍ ഒന്നാമത്തെ പാദം (പാത) കടന്നുപോകുന്നത് ക്വയിലോണ്‍ ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്തു കൂടിയാണ്. കൊല്ലം മുതല്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി വരെ 3300 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്ന കടലിനടിയിലെ പീഠഭൂമിയാണ് കൊല്ലം പരപ്പ് എന്ന ക്വയിലോണ്‍ ബാങ്ക്. കൊല്ലം തീരത്തു നിന്നും 60 കിലോ മീറ്റര്‍ പടിഞ്ഞാറ് നിന്നും ആരംഭിച്ച് 50 കിലോമീറ്റര്‍ പടിഞ്ഞാറ് വരെ ഇതിനു വിസ്തൃതിയുണ്ട്. ഈ പരപ്പിന്റെ കിഴക്കന്‍ ഭാഗത്തുകൂടിയാണ് നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത കടന്നുപോകുന്നത്. വര്‍ക്കലയുടെ തീരത്തു നിന്നു 68 കിലോ മീറ്റര്‍ പടിഞ്ഞാറ് 17 കിലോ മീറ്റര്‍ വീതിയില്‍ വടക്ക് അമ്പലപ്പുഴ വരെ 85 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത്തി. അമ്പലപ്പുഴയ്ക്ക് 71 കിലോ മീറ്റര്‍ പടിഞ്ഞാറ് അവസാനിക്കുന്ന രൂപത്തിലാണ് പാത്തി- കോറിഡോര്‍-രേഖപ്പെടുത്തിയിരിക്കുന്നത്.
സാന്റ് ലോബ്സ്റ്റര്‍ എന്നറിയപ്പെടുന്ന കൊഞ്ചുവര്‍ഗം ധാരാളമായുള്ള ഒരിടമാണ് കൊല്ലം പരപ്പിന്റെ പടിഞ്ഞാറു ഭാഗം. ഇതിനുപുറമേ കലവ, പല്ലിക്കോര, പുല്ലന്‍ ചെമ്മീന്‍ തുടങ്ങിയവയും പരപ്പിന്റെ കിഴക്കന്‍ ഭാഗത്ത് ധാരാളം കരിക്കാടി ചെമ്മീനും ലഭിക്കുന്നു. ഈ മത്സ്യസമൃദ്ധി മൂലം കേരളത്തിലെ 3800 ബോട്ടുകളിലെ മൂന്നിലൊന്നും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. നീണ്ടകര തങ്കശേരി, കരുനാഗപ്പള്ളി ഭാഗങ്ങളിലായി ആയിരത്തിലധികം ഫൈബര്‍ വള്ളങ്ങളും വലിയ വള്ളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 25,000 തൊഴിലാളികളാണ് ഈ യാനങ്ങളില്‍ തൊഴിലെടുക്കുന്നത്. കേരളത്തില്‍ കപ്പലില്‍പ്പോകുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം ഒന്നര ലക്ഷം വരുമെന്നാണ് ഏകദേശ കണക്ക്. കൊല്ലം പരപ്പിന്റെ പ്രാധാന്യം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. പരപ്പിന്റെ പടിഞ്ഞാറു വശം പാറകള്‍ നിറഞ്ഞതിനാല്‍ യാനങ്ങളില്‍ ഭൂരിപക്ഷവും പരപ്പിന്റെ കിഴക്കന്‍ മധ്യഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗത്തുകൂടി കപ്പല്‍ സമൂഹം കടന്നുപോകുന്നത് പരമ്പരാഗത സമൂഹത്തിന്റെ തൊഴിലിനും ജീവിതത്തിനും തന്നെ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

കേരളത്തിന്റെ കടല്‍തീരം 590 കിലോ മീറ്ററാണ്. ഇതില്‍ കേവലം 85 കിലോ മീറ്റര്‍ മാത്രം വരുന്ന ഒരു പാത്തിയെ സംബന്ധിച്ച വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ബാക്കി വരുന്ന 505 കിലോ മീറ്റര്‍ വരുന്ന പ്രദേശത്തുകൂടി പോകുന്ന പാതയെ സംബന്ധിച്ച് മത്സ്യബന്ധന സമൂഹത്തേയും സംസ്ഥാന സര്‍ക്കാരിനേയും ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതേ തോതിലുള്ള ദിശയിലാണ് കപ്പലുകള്‍ പോകുന്നതെങ്കില്‍ കേരളതീരത്ത് കൂട്ടിയിടികളുടെ പെരളിയായിരിക്കും. ഇന്ത്യയുടെ കടല്‍ത്തീരത്തിന്റെ എട്ട് ശതമാനം പോലുമില്ലാത്ത കേരളത്തിന്റെ കടലില്‍ നിന്നാണ് രാജ്യത്തിന്റെ 15-20 ശതമാനവും മത്സ്യം പിടിച്ചെടുക്കുന്നത്. കേരളത്തിലെ കടലിന്റെ എല്ലാ ഭാഗത്തുനിന്നും മീന്‍ ലഭിക്കുമ്പോഴും മത്സ്യം കേന്ദ്രീകരിച്ചിരിക്കുന്ന ചില പ്രത്യേക പ്രദേശങ്ങളുണ്ട്. ഇംഗ്ലീഷില്‍ ബാങ്ക് എന്നറിയപ്പെടുന്ന ഈ മത്സ്യസങ്കേതങ്ങളെ പരപ്പ്, തിട്ട, തട്ട എന്നൊക്കെയാണ് വിളിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം ക്വയിലോണ്‍ ബാങ്കും, വാഡ്ജ് ബാങ്കുമാണ്. കന്യാകുമാരിയില്‍ നിന്നു 35 മുതല്‍ 55 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വരെയും തിരുവനന്തപുരത്തിന്റെ തെക്കുവരെയും പരന്നു കിടക്കുന്ന വാഡ്ജ് ബാങ്ക് പാറക്കൊഞ്ച്, കലവ, പല്ലിക്കോര, ബുള്‍സ്ഐ എന്നീ മത്സ്യങ്ങളുടെ സമ്പന്ന കേന്ദ്രമാണ്. വടക്കോട്ട് പോകുമ്പോള്‍ കലവ, കിളിമീന്‍, മോത എന്നീ മത്സ്യങ്ങളുടെ കേന്ദ്രമായ ചേറ്റുവ പരപ്പ്, ഐക്കൂറ എന്ന നെയ്മീന്‍ കൂടുതല്‍ ലഭിക്കുന്ന ഏഴിമലബാങ്ക്, ബാസിസ് ഡി പാദ്രോ എന്ന് സായിപ്പ് വിളിക്കുന്ന മഞ്ഞപ്പാറ ബാങ്ക് എന്നിവയും കേരളത്തിലെ പ്രധാന മത്സ്യകേന്ദ്രങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും മത്സ്യബന്ധന പ്രാവീണ്യമുള്ള തൊഴിലാളികളുള്ളത് തിരുവനന്തപുരത്തിന്റെ തെക്കേ അതിരിനപ്പുറമുള്ള തുത്തൂര്‍ ഗ്രാമത്തിലാണ്. തമിഴ്നാട്ടിലെ തന്നെ പട്ടിനവര്‍, നാഗൂര്‍ വിഭാഗം തൊഴിലാളികളും വിശാഖപട്ടണത്തെ ട്രോള്‍ ബോട്ട് തൊഴിലാളികളും കടല്‍ പ്രവീണര്‍ തന്നെ. കന്യാകുമാരി മുതല്‍ ഒമാന്‍ വരെയുള്ള മത്സ്യസങ്കേതങ്ങള്‍ കൃത്യമായി കണ്ടെത്തുകയും നാട്ടറിവുകളിലൂടെ അത് തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നവരാണ് തുത്തൂരിലെ ചൂണ്ട-ഗില്‍നെറ്റ് മത്സ്യബന്ധനം നടത്തുന്നവര്‍ക്കുള്ളത്. രത്നഗിരി തിട്ട, ബോംബെ പരപ്പ് എന്നിവ ജി.പി.എസിന്റെ സഹായമില്ലാതെ തന്നെ അവര്‍ക്കറിയാം.
ഇന്തോ-നോര്‍വീജിയന്‍ പ്രോജക്ടിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ കെയര്‍ ലാര്‍സണ്‍ എന്ന ഗവേഷകനാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മത്സ്യസങ്കേതങ്ങളെ സംബന്ധിച്ച ആധികാരിക രേഖ ആദ്യം പ്രസിദ്ധീകരിച്ചത്. നാല് വര്‍ഷത്തെ കടല്‍ ഗവേഷണത്തെ തുടര്‍ന്ന്, 1965 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ഫിഷിംഗ് ഗ്രൗണ്ടുകളില്‍ 7 എണ്ണവും കേരളത്തിലാണ്. സമീപകാലത്ത് ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രൊജക്ട് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത് പരിഷ്‌ക്കരിച്ചിട്ടുണ്ട്. കേരളത്തില്‍ കടലില്‍ കൂടി പ്രതിദിനം അഞ്ഞൂറോളം കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നാണ് ഒരു കണക്ക്. കേരളത്തില്‍ 37,000 യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മത്സ്യബന്ധനം നടത്തുന്നുമുണ്ട്. ഇതില്‍ അയ്യായിരത്തോളം ബോട്ടുകള്‍ പുറംകടലിലും ആഴക്കടലിലുമായി പ്രവര്‍ത്തിക്കുന്നവയുമാണ്. കിഴക്കു പടിഞ്ഞാറു യാത്ര ചെയ്യുന്ന ഈ ബോട്ടുകളും തെക്കുവടക്കു യാത്രചെയ്യുന്ന കപ്പലുകളും ചേര്‍ന്ന് തലങ്ങും വിലങ്ങും അപകടസാധ്യത കൂടിയ ഒരു മേഖലയായി കേരളത്തെ മാറ്റിയിട്ടുണ്ട്. അതുകൊണ്ടാണ് മത്സ്യബന്ധന യാനങ്ങള്‍ കേന്ദ്രീകരിക്കുന്ന മത്സ്യസങ്കേതങ്ങള്‍ക്കു പടിഞ്ഞാറുകൂടി കപ്പല്‍പാത വേണമെന്ന് കേരളം നിരന്തരം ആവശ്യപ്പെടുന്നത്. 2018 നവംബര്‍ 10, 11 തീയതികളില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗത്തില്‍ കപ്പല്‍പാത 50 നോട്ടിക്കല്‍ മൈലിനു (92.5 കിമീ) പടിഞ്ഞാറുകൂടി വേണമെന്ന് കേരളം ആവശ്യപ്പെട്ടു.  മത്സ്യത്തൊഴിലാളികളാകട്ടെ 60 നോട്ടിക്കല്‍ മൈലിനു പടിഞ്ഞാറുകൂടിയാണ് വേണ്ടതെന്ന് നിലപാടിലാണ് (1 നോട്ടിക്കല്‍ മൈല്‍-1.852 കിലോ മീറ്റര്‍). ഈ ആവശ്യം ശക്തമായി  ഉയരുകയും കപ്പലപകടങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇടിവെട്ടിയവനെ പാമ്പുകടിച്ചു എന്ന നിലയില്‍ ഏകപക്ഷീയമായി കപ്പല്‍പാതയെ സംബന്ധിച്ച കേന്ദ്ര പ്രഖ്യാപനവുമുണ്ടായത്.

ഷിപ്പിംഗും ഫിഷിംഗും വേണമെന്ന നിലപാടാണ് തൊഴിലാളി സംഘടനകള്‍ക്കുള്ളത്. ചരക്കു ഗതാഗതത്തിലൂടെ പ്രതിവര്‍ഷം ലക്ഷക്കണക്കിനു കോടി രൂപ നാം സമാഹരിക്കുന്നുണ്ട്. അതുപോലെ മത്സ്യോല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം 47,000 കോടി രൂപയും നേടുന്നുണ്ട്. 2012ലെ എന്റിക്ക ലെക്സി സംഭവത്തിനുശേഷം കേരളത്തില്‍ 13 കപ്പലപകടങ്ങള്‍ ഉണ്ടാവുകയും അതില്‍പ്പെട്ട് 11 മത്സ്യത്തൊഴിലാളികള്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ഡോ. അയ്യപ്പന്‍ കമ്മിറ്റി അപകടങ്ങളൊഴിവാക്കുന്നതിന് യാനങ്ങളില്‍ ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1993ലെ ടൊറെമോലിനോസ് പ്രോട്ടോകോള്‍ മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ 2012ല്‍ ചേര്‍ന്ന യോഗത്തിലെ കരാര്‍ പ്രകാരം ചെറുയാനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് അതത് രാഷ്ട്രങ്ങള്‍ നടപ്പിലാക്കേണ്ട നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്. ബോട്ടുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കുക മാത്രമാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ള നടപടി. ബോട്ടുകള്‍ യാത്ര ചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും മത്സ്യബന്ധനം നടത്തുമ്പോഴും പകല്‍ ഉപയോഗിക്കേണ്ട പതാകകളെ സംബന്ധിച്ചും രാത്രി ഉപയോഗിക്കേണ്ട ലൈറ്റുകളുടെ നിറത്തെ സംബന്ധിച്ചും അംഗീകൃതമാനദണ്ഡങ്ങളുണ്ട്. ഇവ നടപ്പാക്കപ്പെടാത്തതാണ് അപകടങ്ങളുടെ ഒരു കാരണം. എന്നാല്‍ കപ്പലുകള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ നിഷ്‌ക്കര്‍ഷകള്‍ കേരതീരത്ത് പാലിക്കപ്പെടാറില്ല എന്നത് ഒരു ദു:ഖസത്യമാണ്. രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുക. അപകടമുണ്ടായാല്‍ മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററിനെ അറിയിക്കുക., കപ്പല്‍ നിര്‍ത്തിയിടുക തുടങ്ങിയ നിയമങ്ങളൊന്നും പാലിക്കപ്പെടാറില്ല. ഫലം വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയെന്നതാണ്.

2017ലെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലെ യാനങ്ങള്‍ക്ക് വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പക്ഷേ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് നല്‍കിയ നാവിക് എന്ന ഉപകരണം വേണ്ടത്ര കാര്യക്ഷമമല്ല. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വിലവരുന്ന ഓട്ടോമാറ്റിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇന്നു ലഭ്യമാണ്. ടൈറ്റാനിക് സിനിമയിലെ നായകനായ ലിയോണാര്‍ഡോ ഡി കാപിയോ (ജാക്ക്) മുന്‍കൈയെടുത്തു രൂപീകരിച്ച ഫ്രണ്ട്സ് ഓഫ് സീ എന്ന സംഘടന എഐഎസ് നടപ്പാക്കാന്‍ ശക്തമായി സമ്മര്‍ദം ചെലുത്തുകയാണ്. അറ്റ്ലാന്റിക്കിലെ അപകടം കൊച്ചിയിലിരുന്നുപോലും അതുവഴി മനസിലാക്കാനാവും. നിശ്ചിത സമയത്തിനകം ഇവ ഘടിപ്പിക്കാന്‍ നാം തീരുമാനിച്ചേ മതിയാകൂ.

2017ലെ ഓഖിയില്‍ കൊച്ചിയില്‍ നിന്നും പോയ 6 ബോട്ടുകളും അതിലെ 69 തൊഴിലാളികളും ഇപ്പോഴും ലക്ഷദ്വീപ് കടലില്‍ മുങ്ങിക്കിടക്കുകയാണ്. എന്റിക്ക ലെക്സി കേസില്‍ രാജ്യത്തിനാകെ അപമാനമായ വിധിയാണ് സാര്‍വദേശിയ കോടതിയില്‍ നിന്നും ഉണ്ടാക്കിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലും തൊഴിലിടവും ജീവിതവും നഷ്ടപ്പെടുകയാണ്. എന്നാല്‍ പ്രളയകാലത്ത് നമ്മുടെ തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷകരായി. കേരളത്തിന്റെ സ്വന്തം സൈന്യം! മുഖ്യമന്ത്രിയുടെ ബിഗ് സല്യൂട്ട്! ലക്ഷദ്വീപ് കടലില്‍ മുങ്ങിക്കിടക്കുന്നവരുടെ കുട്ടികളും, ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച സെലസ്റ്റിന്റെ കുട്ടികളും അജീഷ് പിങ്കിയുടെ സഹോദരിമാരും ചോദിക്കുന്നു. രക്ഷകരെ ആരു രക്ഷിക്കും…
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ)യുടെ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

കേരളത്തിലെ പ്രധാന ഫിഷിംഗ് ഗ്രൗണ്ടുകള്‍
1. വാഡ്ജ് ബാങ്ക്: കന്യാകുമാരി തീരത്തുനിന്നും 3.50 നോട്ടിക്കല്‍ മൈല്‍ മുതല്‍ 55 നോട്ടിക്കല്‍ മൈല്‍ വരെ 3600 ചതുരശ്ര മൈലില്‍ പരന്നുകിടക്കുന്നു. ആഴം 30-200 മീറ്റര്‍. പ്രധാന മത്സ്യങ്ങള്‍:
പാറക്കൊഞ്ച്, കലവ, സ്രാവ്, ചെമ്പല്ലി, കുഴിയാള.
2. കൊല്ലം ബാങ്ക്: 962 ചതുരശ്ര മൈല്‍ (3300 ച.കി.മീ) കൊല്ലം തീരത്തുനിന്നും 32 നോട്ടിക്കല്‍ മൈല്‍ മുതല്‍ 61 നോട്ടിക്കല്‍ മൈല്‍ വരെ പരന്നുകിടക്കുന്നു. ആഴം 275-375 മീറ്റര്‍. പ്രധാന മത്സ്യങ്ങള്‍:
പുല്ലന്‍ ചെമ്മീന്‍, കൊഞ്ച്, ബുള്‍സ്ഐ, ക്ലാത്തി, കിളിമീന്‍, കൊടുവ, കണവ.
3. ചേറ്റുവാ ബാങ്ക്: 33 ചതുരശ്ര മൈല്‍ വിസ്തീര്‍ണം. ചേറ്റുവയില്‍ നിന്നും 44 മുതല്‍ 50 നോട്ടില്‍ മൈല്‍ വരെ അകലം. പ്രധാന മത്സ്യങ്ങള്‍: കിളിമീന്‍, ശീലാവ്. കണവ, കൂന്തല്‍, കലവ.
4. എഴിമല ബാങ്ക്: 60 ചതുരശ്ര മൈല്‍ വിസ്തീര്‍ണം. ഏഴിമലയില്‍ നിന്നും 62 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ്. ആഴം 20-50 മീറ്റര്‍. പ്രധാന മത്സ്യങ്ങള്‍: ഐക്കൂറ (നെയ്മീന്‍), ശീലാവ്, കിളിമീന്‍, ചെമ്മീനുകള്‍.
5. മഞ്ഞപ്പാറ ബാങ്ക്: ബാസ്സെ ദി പാദ്രോ: 955 ചതുരശ്ര മൈല്‍ വിസ്തീര്‍ണം. തീരത്തു നിന്നും 138 നോട്ടിക്കല്‍ മൈല്‍ മുതല്‍ 146 നോട്ടിക്കല്‍ മൈല്‍വരെ അകലം. പ്രധാന മത്സ്യങ്ങള്‍: വിവിധയിനം ചൂരകള്‍, കിളിമീനുകള്‍.

കപ്പലപകടങ്ങള്‍
2012 ഫെബ്രുവരി 15നാണ് എന്റിക്ക ലെക്സി എന്ന കപ്പലില്‍ നിന്നുള്ള വെടിയേറ്റ് 2 മത്സ്യത്തൊഴിലാളികള്‍ മരണമടഞ്ഞത്. 20.2 നോട്ടിക്കള്‍ മൈലകലെ വെച്ചായിരുന്നു സംഭവം.
2012 മാര്‍ച്ച് 1ന് വെളുപ്പിന് മനക്കോടത്തിന് പടിഞ്ഞാറ് പ്രഭുദയ എന്ന കപ്പലിടിച്ച് 5 ബോട്ട് തൊഴിലാളികള്‍ മരണമടഞ്ഞു.
2017 ജനുവരി: കൊല്ലത്തിന് 67 നോട്ടിക്കല്‍ മൈലകലെ കപ്പലിടിച്ച് ബോട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്.
2017 ജൂണ്‍: കൊച്ചിക്ക് 14 നോട്ടിക്കല്‍ മൈലകലെ പനാമയുടെ ആംബര്‍-എല്‍ കപ്പടിലിടിച്ച് കാര്‍മല്‍ മാത ബോട്ടിലെ 3 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്.
2017 ഒക്ടോബര്‍: ബേപ്പൂരിന് 50 നോട്ടിക്കല്‍ മൈലകലെ കപ്പലിടിച്ച് ഇമ്മാനുവല്‍ ബോട്ട് തകര്‍ന്നു. കപ്പലിനെ തിരിച്ചറിഞ്ഞിട്ടില്ല.
2017 ആഗസ്റ്റ്: കൊല്ലത്തിന് 39 നോട്ടിക്കല്‍ മൈലകലെ ഹോംഗ്കോംഗ് പതാകവഹിച്ച കപ്പലിടിച്ച് ആരോഗ്യ അന്ന എന്ന ബോട്ട് തകര്‍ന്നു. കപ്പല്‍ തിരിച്ചറിഞ്ഞിട്ടല്ല.
2018 ജൂലൈ 2:  മുനമ്പത്തിന് പടിഞ്ഞാറ് മയൂരിനാരി എന്ന കപ്പിലിടിച്ച് ഡിവൈന്‍ എന്ന വള്ളം തകര്‍ന്നു.
2018 ആഗസ്റ്റ് 7:  ചേറ്റുവയ്ക്ക് പടിഞ്ഞാറ് ദേശശക്തി എന്ന കപ്പലിടിച്ച് ഓഷ്യാന എന്ന ബോട്ട് തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു.
2019 ജൂണ്‍: വൈപ്പിന്‍ തീരമേഖലയില്‍ എല്‍പിജി ടാങ്കര്‍ ബോട്ടിലിടിച്ച് പത്തു തൊഴിലാളിക്ക് പരിക്ക്.
2020 ഫെബ്രുവരി: ചൈനീസ് കപ്പല്‍ യുവാന്‍ കൊച്ചിയില്‍ നിന്ന് പോയ യഹോവ ബോട്ട് തകര്‍ത്തു. തൊഴിലാളികള്‍ രക്ഷപ്പെട്ടു.

20-24 മീറ്ററുള്ള ബോട്ടുകള്‍ക്കുള്ള പെരുമാറ്റച്ചട്ടം
പകല്‍സമയത്ത് യാത്ര ചെയ്യുമ്പോള്‍ കൊടിമര (മാസ്റ്റ്)ത്തില്‍ കറുത്ത രണ്ടു ത്രികോണങ്ങള്‍ ചേര്‍ത്തു വച്ച രൂപമാണ് അടയാളം. രാത്രി വലയിടുമ്പോള്‍ കൊടിമരത്തിനു മുകളിലും താഴെയും രണ്ടു വെള്ള ലൈറ്റുകള്‍ കത്തിക്കണം. വല വലിക്കുമ്പോള്‍ മുകളില്‍ വെള്ള ലൈറ്റും താഴെ ചുവപ്പും ലൈറ്റും കത്തിക്കണം. ബോട്ടു കേടാവുകയാണെങ്കില്‍ രണ്ട് ചുവപ്പു ലൈറ്റുകള്‍ കത്തിക്കണം. രണ്ടു ബോട്ടുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മുന്നിലും പിറകിലുമായി സര്‍ച്ച് ലൈറ്റുകളുണ്ടാകണം. രണ്ട് വെള്ള ലൈറ്റ്, മുകളില്‍ പച്ച താഴെ വെള്ള. പകല്‍ – രണ്ടു ത്രികോണങ്ങള്‍ ചേര്‍ത്തുവയ്ക്കണം.


Related Articles

അന്വേഷിക്കുന്ന സ്നേഹം: തിരുഹൃദയ തിരുനാൾ

തിരുഹൃദയ തിരുനാൾ വിചിന്തനം:- “അന്വേഷിക്കുന്ന സ്നേഹം” (ലൂക്കാ 15:3-7) ഹൃദയത്തെ ശുദ്ധമായ വികാര-വിചാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആന്തരികാവയവമായി കരുതിയിരുന്നത് പാശ്ചാത്യരാണ്. പ്രത്യേകിച്ച് ഗ്രീക്കുകാർ. ആദിമ യഹൂദരുടെ ഇടയിൽ

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുതത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ഉദയാ ശിവാനന്ത് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഇളവില്‍ ലോക്ക്

ബാര്‍ബര്‍ഷോപ്പ് തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം * ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍വരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കാനുമുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*