തീരപുനഃസൃഷ്ടിക്ക് സുസ്ഥിര പദ്ധതി ആവിഷ്കരിക്കണം

ഡോ. കെ.വി. തോമസ്
(നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മറൈന്‍ സയന്‍സസ് ഡിവിഷന് മേധാവിയും, കേരള, ലക്ഷദ്വീപ് തീരപരിപാലന അതോറിറ്റി അംഗവുമായിരുന്നു ലേഖകന്‍)
ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരപ്രകൃതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിച്ചുകൊണ്ടുവേണം നഷ്ടപ്പെട്ടുപോയ തീരം വീണ്ടെടുക്കാനുള്ള തീരപരിപോഷണം ഉള്‍പ്പെടെയുള്ള സുസ്ഥിര പദ്ധതികള്‍ ആവിഷ്കരിക്കാന്‍. കടല്‍ഭിത്തി, ഹാര്‍ബര്‍ നിര്‍മാണം, ഇന്ത്യന്‍ നാവിക സേനയുടെ ഫോര്‍ട്ടുകൊച്ചിയിലെ ദ്രോണാചാര്യ സ്റ്റേഷന് തുടങ്ങി എല്ലാ നിര്‍മിതികളും തീരപ്രകൃതിയിലുണ്ടായ വ്യതിയാനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കടല്‍ഭിത്തിയോടു ചേര്‍ന്ന തീരക്കടലിലെ ആഴം വര്‍ധിക്കുകയും ചെയ്തു. മണല്‍ത്തീരം ഇല്ലാതായതോടെ കടല്‍ത്തിരകള്‍ നേരെ അടിച്ചുകയറി വീടുകളില്‍ വെള്ളംകയറുന്ന അവസ്ഥയുണ്ടാകുന്നു.
കൊച്ചിന് പോര്‍ട്ട് കപ്പല്‍ച്ചാലില്‍ നിന്നു ഡ്രെജ് ചെയ്യുന്ന മണല്‍ ചെല്ലാനം തീരപരിപോഷണത്തിന് പ്രയോജനപ്പെടുത്തണം എന്ന ജനകീയരേഖയിലെ നിര്‍ദേശം നടപ്പാക്കാവുന്നതാണ്. വൈപ്പിന്‍ അഴിമുഖത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ പടിഞ്ഞാറുവരെയുള്ള കപ്പല്‍ച്ചാലില്‍ നിന്ന് 40 ലക്ഷം ക്യുബിക് മീറ്റര്‍ എക്കല്‍മണ്ണും ചെളിയും ഡ്രെജ് ചെയ്ത് തീരത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയായി കടലില്‍ തള്ളുന്നുവെന്നാണ് കണക്ക്. ഈ മണല്‍ ചെല്ലാനം തീരപരിപോഷണത്തിനായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. പോര്‍ട്ടിലെ ട്രെയ്ലിങ് സക്ഷന്‍ ഹോപ്പര്‍ ഡ്രെജറുകള്‍ ഡ്രെജ് ചെയ്തെടുക്കുന്ന മണല്‍ എങ്ങനെ, ആര് ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ 17 കിലോമീറ്റര്‍ വരുന്ന തീരത്ത് നിക്ഷേപിക്കും എന്നതിനു വ്യക്തത വരുത്തേണ്ടതുണ്ട്. തീരത്തോടു ചേര്‍ന്ന് എവിടെയൊക്കെ, പത്തോ പതിനഞ്ചോ മീറ്ററോ, എത്രവീതം, ഏതെല്ലാം പോയിന്റില്‍, എത്രനാള്‍ മണല്‍ എത്തിക്കണം, അതു തീരത്തുവന്നടിയാന് എത്രനാള്‍ എടുക്കും, തുടര്‍ന്ന് ആ മണല്‍ എങ്ങനെ അവിടെ പിടിച്ചുനിര്‍ത്തും എന്നതൊക്കെ പരിശോധിക്കേണ്ടതുണ്ട്.
ചെല്ലാനം മേഖലയിലെ തീരശോഷണത്തിന് കൊച്ചിന് പോര്‍ട്ടുമായി ബന്ധപ്പെട്ട പദ്ധതികള്‍ കാരണമായിട്ടുണ്ടെന്നതിന് സംശയമില്ല എന്നിരിക്കെ ഇവിടത്തെ തീരപരിപോഷണത്തിന് പോര്‍ട്ടിന്റെ ഡ്രെജിംഗ് മണലിനുമേല്‍ ചെല്ലാനത്തിന് അവകാശമുണ്ട്.
പുതുവൈപ്പിലെ പെട്രോനെറ്റ് എല്‍എന്‍ജി ടെര്‍മിനലിന് തെക്കുപടിഞ്ഞാറു ഭാഗത്തായി സ്റ്റോക്കു ചെയ്തിരിക്കുന്ന മണല്‍ വില്‍ക്കുന്നതിന് കഴിഞ്ഞ ജനുവരിയില്‍ കൊച്ചിന് പോര്‍ട്ട് 1,93,75000 രൂപ ടെന്‍ഡര്‍ മൂല്യം കാണിച്ച് വിജ്ഞാപനം ഇറക്കുകയുണ്ടായി. അവിടെ ഖനനം ചെയ്ത രണ്ടു മൂന്നു കോടി രൂപയുടെ തനി മണലാണിത്. കൊവിഡ് കാലത്ത് ടെന്‍ഡര്‍ നടപടികളില്‍ എന്താണു സംഭവിച്ചതെന്നു വ്യക്തമല്ലെങ്കിലും ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്: ആ മണല്‍ വില്ക്കാന് പോര്‍ട്ട് ട്രസ്റ്റിന് യാതൊരു അധികാരവുമില്ല. എല്‍എന്‍ജി ടെര്‍മിനലിനോടു ചേര്‍ന്ന് 24 ഏക്കര്‍ വരുന്ന ഭൂമിയിലേക്ക് കപ്പല്‍ച്ചാലിലെ മെയിന്റനന്‍സ് ഡ്രെജിംഗിലൂടെ കിട്ടുന്ന എക്കല്‍മണ്ണും ചളിയും പമ്പുചെയ്ത് അതില്‍ നിന്ന് സാന്ദ്രലോഹങ്ങള് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കി കെട്ടിടനിര്‍മാണത്തിനും മറ്റും ഉപയോഗിക്കാന്‍ പാകത്തില്‍ മണല്‍ സംസ്കരിച്ചെടുക്കാനുള്ള പദ്ധതി പോര്‍ട്ട് മുന്നോട്ടുവച്ചിരുന്നു. എന്തായാലും പുതുവൈപ്പ് പദ്ധതികളുടെ പാരിസ്ഥിതിക അനുമതിയിലെ വ്യവസ്ഥ തന്നെ ഖനനം ചെയ്തെടുക്കുന്ന മണല്‍ തീരപരിപോഷണത്തിന് ഉപയോഗിക്കണം എന്നാണ്. അതു വില്‍ക്കാനാവില്ല.
ദ്രോണാചാര്യ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പുലിമുട്ടുകളില്‍ തെക്കേ അറ്റത്തുള്ള രണ്ടെണ്ണത്തോടു ചേര്‍ന്നു മാത്രമാണ് മണല്‍ അടിഞ്ഞുകൂടിയിട്ടുള്ളതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീരക്കടലിലെ ഒഴുക്ക്, അടിത്തട്ടിന്റെ സവിശേഷത തുടങ്ങി പല ഘടകങ്ങളും പരിഗണിക്കുമ്പോള്‍ 50 മീറ്റര്‍ നീളത്തില്‍, നൂറു മീറ്റര്‍ വീതിയുള്ള പുലിമുട്ടു നിര്‍മിക്കുന്നതു മാത്രമാണോ തീരപോഷണത്തിനുള്ള ഉപാധി എന്നു വിശദമായി പഠിക്കേണ്ടതുണ്ട്.
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ (പോണ്ടിച്ചേരി) തീരശോഷണത്തിന്റെയും അവിടെ ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) നടപ്പാക്കുന്ന തീരസംരക്ഷണ പദ്ധതിയുടെയും കഥ ചെല്ലാനത്തെ തീരശോഷണത്തിന്റെ കാര്യത്തില്‍ പ്രസക്തമാണ്. മൂന്നു പതിറ്റാണ്ടിനു മുന്‍പ് പോണ്ടിച്ചേരിയില്‍ അതിമനോഹരമായ ഒരു ബീച്ചുണ്ടായിരുന്നു. 1989-ല്‍ അവിടെ ഒരു ഹാര്‍ബര്‍ നിര്‍മാണം ആരംഭിച്ചതോടെ ഹാര്‍ബറിന്റെ വടക്കുഭാഗത്ത് മണല്‍ത്തീരം അതിവേഗം ഇല്ലാതാവുകയായിരുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍), കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ് എന്നിവ ഈ ഹാര്‍ബര്‍ നിര്‍മാണത്തിലൂടെ തീരശോഷണം സംഭവിക്കുമെന്നു ചൂണ്ടിക്കാണിക്കുകയും തീരസംരക്ഷണത്തിനുള്ള പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും അവിടെ 57% തീരശോഷണം സംഭവിച്ചുവെന്നാണ് കണക്ക്. ഹാര്‍ബറുമായി ബന്ധപ്പെട്ട തീരശോഷണത്തിന്റെ കാര്യത്തില്‍ പുതുച്ചേരിയും ചെല്ലാനവും സമാനമാണ്.
പുതുച്ചേരി തീരസംരക്ഷണത്തിന് എന്‍ഐഒടി രൂപകല്പന ചെയ്ത 30 കോടി രൂപയുടെ ഹൈബ്രിഡ് പദ്ധതിയില്‍ രണ്ടു കിലോമീറ്ററോളം വരുന്ന തീരപരിപോഷണവും തെക്കുഭാഗത്തും വടക്കുഭാഗത്തുമായി തീരക്കടലിലെ കൃത്രിമ റീഫ് നിര്‍മിതിയും ഉള്‍പ്പെടുന്നു. ഇതില്‍ വടക്കുഭാഗത്തെ പൈലറ്റ് റീഫ് പദ്ധതി 2017 മേയില്‍ ആരംഭിച്ച് 2018 ഒക്ടോബറില്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും പുതുച്ചേരി സെക്രട്ടേറിയറ്റിന് എതിര്‍വശത്ത് നഷ്ടപ്പെട്ടുപോയ പഴയ ബീച്ച് വീണ്ടെടുക്കാനായി എന്നതാണ് ശ്രദ്ധേയം. തീരക്കടലില്‍ രണ്ടര മീറ്റര്‍ ആഴത്തില്‍ പാറക്കെട്ടിനു മീതെ 60 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയുമുള്ള, ത്രികോണാകൃതിയില്‍ ഒരു ആപ്പുപോലിരിക്കുന്ന സ്റ്റീലിന്റെ കെയ്സണ്‍ ഇറക്കിവച്ചാണ് റീഫ് പദ്ധതിയുടെ ആദ്യഭാഗം പൂര്‍ത്തിയാക്കിയത്. വേലിയിറക്കത്തില് ഈ ആപ്പിന്റെ മുകളറ്റം ജലനിരപ്പിനുമീതെ കാണാനാകും; വേലിയേറ്റത്തില്‍ അത് ഒരു മീറ്റര്‍ താഴെയായിരിക്കും. മണലൊഴുക്ക് പൂര്‍ണമായി തടസപ്പെടുത്താത്ത സംവിധാനമാണിത്. നാലര ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ എത്തിച്ചുകൊണ്ടുള്ള തീരപരിപോഷണത്തിന്റെ രണ്ടാംഘട്ടവും തെക്കുഭാഗത്തെ റീഫ് നിര്‍മാണവും സംസ്ഥാന ഫണ്ടില്‍ നിന്നു നടപ്പാക്കേണ്ടതിനാല്‍ അത് ഇനിയും പൂര്‍ത്തിയായിട്ടില്ല.
പുതുച്ചേരിക്കും മഹാബലിപുരത്തിനുമിടയ്ക്കായി തമിഴ്നാട്ടിലെ കടലൂര്‍ പെരിയക്കുപ്പം കടലോരഗ്രാമത്തില്‍ അതിഗുരുതരമായ തീരശോഷണം നിയന്ത്രിക്കുന്നതിന് എന്‍ഐഒടി തീരത്തിനടുത്തായി കടലിനടിയില്‍ ഒന്നര കിലോമീറ്ററോളം ഭാഗത്ത് ജിയോട്യൂബ് ഇടാനുള്ള പദ്ധതിയാണ് നടപ്പാക്കിയത്. അതേസമയം, ആന്ധ്രപ്രദേശിലെ കാക്കിനാടയ്ക്കടുത്ത് നാലു പതിറ്റാണ്ടിനിടെ 127 ഏക്കര്‍ തീരം നഷ്ടപ്പെട്ട ഉപ്പടയില്‍ തീരസംരക്ഷണത്തിന് തീരക്കടലില്‍ കരിങ്കല്ലുകൊണ്ടുള്ള കൃത്രിമ റീഫ് നിര്‍മിക്കുകയാണ്. ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലയുടെയും തീരപ്രകൃതിക്ക് യോജിച്ച നിര്‍മാണരീതിയാണ് നടപ്പാക്കേണ്ടത്. ചെല്ലാനത്തെ ജിയോട്യൂബ് പദ്ധതി തുടങ്ങിയതുതന്നെ പ്രാഥമിക പഠനമൊന്നും നടത്താതെയാണ്.
തീരപോഷണത്തിന് പുലിമുട്ടാണോ മണല്വാടകള്ക്കുമേലെയുള്ള ജൈവ ആവൃതിയാണോ കണ്ടല്ക്കാടുകളാണോ ഏതു രീതിയാണ് അവലംബിക്കേണ്ടതെന്ന് ശാസ്ത്രീയമായി പഠിച്ച് തീരുമാനിക്കേണ്ടതാണ്. കടല്‍വെള്ളം കയറിയാല്‍ ഇറങ്ങിപോകുന്നതിനുള്ള കനാലുകളിലെയും തോടുകളിലെയും ജലനിര്ഗമനമാര്ഗങ്ങളിലെയും തടസങ്ങള്‍ നീക്കാന്‍ നടപടിയുണ്ടാകണം. റോഡുകളും കെട്ടിടനിര്മിതിയും അനധികൃത നികത്തലുകളുമെല്ലാം വെള്ളം ഇറങ്ങിപ്പോകുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ടെങ്കില് അതിന് പ്രതിവിധി കാണേണ്ടതുണ്ട്. തീരശോഷണത്തിനും കടല്‍കയറ്റത്തിനും താത്കാലിക പരിഹാര നടപടിയുടെ ഭാഗമായി കടല്‍ഭിത്തി ബലപ്പെടുത്തുകയും മണ്ണൊലിപ്പും അടിത്തട്ട് ഇടിഞ്ഞും മറ്റുമുണ്ടായ ഗ്യാപ്പുകള്‍ അടയ്ക്കുകയും വേണം. കാലവര്‍ഷത്തില്‍ മാത്രമല്ല, മറ്റു സീസണുകളിലും കടല്‍കയറ്റം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ അടിയന്തര പ്രതിരോധ നടപടികള്‍ ഒഴിവാക്കാനാവില്ല.
ചെല്ലാനത്ത് കടല്‍കയറ്റത്തിന്റെ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ പാര്‍പ്പിട മേഖല (സെറ്റില്‍മെന്റ് സോണ്‍) ഈ പ്രദേശത്തുതന്നെ കണ്ടെത്തി എല്ലാ സൗകര്യവുമുള്ള അപ്പാര്‍ട്ടുമെന്റ് സമുച്ചയങ്ങള്‍ (ലംബമാനമായ നിര്‍മിതികള്‍) നിര്‍മിക്കുന്നതിന് പഞ്ചായത്തും തദ്ദേശവാസികളും സര്‍ക്കാരും ഒരുമിച്ചുചേര്‍ന്ന് തീരുമാനമെടുക്കണം. തീരദേശത്തെ ജനങ്ങളെ അഭയാര്‍ഥികളെപോലെ ഏതെങ്കിലും തരത്തിലുള്ള അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി തള്ളാന്‍ പാടില്ല. മികച്ച ജീവിതസൗകര്യം ഉറപ്പുവരുത്തിവേണം ആളുകളെ കുടിയൊഴിപ്പിക്കാന്‍. ഇതില്‍ ഗുണഭോക്താക്കളുടെയും പ്രാദേശിക ഭരണസംവിധാനത്തിന്റെയും കൂട്ടായ തീരുമാനം പ്രധാനമാണ്.
ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരസംരക്ഷണത്തിനായി സമര്‍പ്പിക്കുന്ന ജനകീയരേഖയുടെ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍ദേശങ്ങള്‍ ശാസ്ത്രീയപഠനങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്താല്‍ അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയും. സംസ്ഥാന ഫിഷറീസ്, ഇറിഗേഷന്‍ വകുപ്പുകള്‍ എന്‍സിസിആര്‍ പോലുള്ള കേന്ദ്ര ഏജന്‍സികളുമായി തീരസംരക്ഷണം സംബന്ധിച്ച ധാരണാപത്രം ഉണ്ടാക്കിയിട്ടുള്ളതിനാല്‍ വിശദമായ പദ്ധതി അവലോകനത്തിനും നടത്തിപ്പിനും വഴിതെളിയുമെന്ന് പ്രതീക്ഷിക്കാം.
Related
Related Articles
കള്ളുഷാപ്പിനെതിരെ അമ്മമാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിവൈഎം
കോട്ടപ്പുറം: മുനമ്പം കടപ്പുറത്ത് അനധികൃതമായി വന്ന കള്ളുഷാപ്പിനെതിരെ അമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ചു കെസിവൈഎം കോട്ടപ്പുറം രൂപത സമരപന്തല്‍ സന്ദര്‍ശിച്ചു. റോഡ് സൈഡില്‍
മഴക്കാലം മറക്കുന്ന രീതി മാറ്റണം
കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇതേ സമയം തന്നെയാണ് കേരളത്തില്‍ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വന്‍പ്രളയമായത്. ഇത്തവണയും ആഗസ്റ്റില്‍ അതു സംഭവിക്കുമോ? മിക്കവാറും മലയാളികളുടെ മനസിലുണ്ടായിരുന്ന
ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു
ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരസംരക്ഷണത്തിനായി കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷനും കൊച്ചി, ആലപ്പുഴ രൂപതകളും ചേര്‍ന്ന് ഒരുക്കിയ ജനകീയരേഖയുടെ അവതരണത്തിനും