തീരപോഷണത്തിന് പുലിമുട്ട് വിന്യാസം

തീരപോഷണത്തിന് പുലിമുട്ട് വിന്യാസം


ഡോ. വി. സുന്ദര്‍

(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസ് ഓഷ്യന്‍ എന്‍ജിനിയറിംഗ് എമരിറ്റസ് പ്രഫസറാണ് ലേഖകന്‍)

തീരക്കടലിലെ പുലിമുട്ടുകളുടെ വൃന്ദം (ഗ്രോയിന്‍ ഫീല്‍ഡ്) തീരസംരക്ഷണത്തിന് വളരെ ഫലപ്രദമാണെന്ന് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസ് സമുദ്ര എന്‍ജിനിയറിംഗ് വകുപ്പ് നിര്‍ദേശിച്ച പദ്ധതികളുടെ വിജയം വ്യക്തമാക്കുന്നുണ്ട്. 2004-ലെ സുനാമിക്കുശേഷം കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരം പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായും കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഐഐടി-എം വിശദമായി ഫീല്‍ഡ് സര്‍വേ നടത്തി സമഗ്രമായ പദ്ധതിനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതില്‍ കടല്‍ഭിത്തി ഉള്‍പ്പെടെ നിലവിലുള്ള സുരക്ഷാ സംവിധാനം, തീരപ്രകൃതിയുടെ ചരിത്രം, കടലോരത്തിന്റെയും മണല്‍ത്തീരത്തിന്റെയും അവസ്ഥ, തീരദേശ ജനസമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഭീഷണികളും, പ്രദേശത്തിന്റെ പ്രാധാന്യം തുടങ്ങി വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
നിലവിലുള്ള കടല്‍ഭിത്തികളുടെ ഘടനാമാറ്റവും നവീകരണവും, ഗ്രോയിന്‍ ഫീല്‍ഡ് നിര്‍മാണം, നദീമുഖങ്ങളുടെ സംരക്ഷണത്തിന് ചിറക്കെട്ടുകള്‍, താരതമ്യേന വലുപ്പം കുറഞ്ഞ കരിങ്കല്ലും മറ്റും പോളിപ്രോ
പലീന്‍ മെഷ്‌നെറ്റില്‍ നിറച്ച് രൂപപ്പെടുത്തുന്ന ഗേബിയോണ്‍, മണല്‍ നിറച്ചുണ്ടാക്കുന്ന ജിയോബാഗ്, ജിയോട്യൂബ് തുടങ്ങിയ ജിയോസിന്തെറ്റിക് നിര്‍മിതി, ഫിഷിംഗ് ഹാര്‍ബറുകള്‍ക്കും മറ്റുമായി പണിയുന്ന ബ്രേക്ക് വാട്ടര്‍ നീട്ടെടുപ്പുകളുടെ ഫലമായി ഒരു ഭാഗത്ത് വന്നടിയുന്ന എക്കല്‍ത്തിട്ടയിലെ മണല്‍ തീരശോഷണം സംഭവിക്കുന്ന ദിശയിലേക്ക് സ്ഥിരമായി പമ്പുചെയ്യാനുള്ള സംവിധാനം എന്നിങ്ങനെ തീരസംരക്ഷണവുമായി ബന്ധപ്പെട്ട് വ്യക്തമായ മാനദണ്ഡങ്ങളുടെയും (പാരാമീറ്റേഴ്‌സ്), ന്യൂമെറിക്കല്‍ മോഡലിന്റെയും നിശ്ചിത പ്രതിവിധികളുടെയും (സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷന്‍) മറ്റും അടിസ്ഥാനത്തിലാണ് അടിത്തട്ടിന്റെ ആഴം നിര്‍ണയിക്കുന്ന ബെത്തിമെട്രി പഠനം നടത്തി ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികള്‍ നിര്‍ദേശിച്ചത്.

ആ മാസ്റ്റര്‍ പ്ലാനിനെ ആധാരമാക്കി കേരളത്തിലെ 25 തീവ്രബാധിത കടലോരഗ്രാമങ്ങളിലായി രണ്ടു കിലോമീറ്റര്‍ വീതം വരുന്ന ഭാഗങ്ങളില്‍ മൊത്തത്തില്‍ 50 കിലോമീറ്റര്‍  തീരപ്രദേശം കനത്ത തീരശോഷണത്തില്‍ നിന്നു വീണ്ടെടുക്കാന്‍ കഴിഞ്ഞു. കൊല്ലത്തെ ജയന്തി കോളനി ഭാഗത്തെ തീരസംരക്ഷണ മാതൃക മറ്റു പലയിടങ്ങളിലും വിജയകരമായി നടപ്പാക്കുകയുണ്ടായി. 20 ഇടങ്ങളില്‍ ഗ്രോയിന്‍ ഫീല്‍ഡ് സൃഷ്ടിച്ചു. 25 ഇടങ്ങളില്‍ പുലിമുട്ടും കടല്‍ഭിത്തിയും ചേര്‍ന്നുള്ള സംരക്ഷണകവചമാണ് ഒരുക്കിയത്. കേരളത്തില്‍ മുപ്പത്തഞ്ചോളം തീരസംരക്ഷണ പദ്ധതികള്‍ ഐഐടി-എം ആവിഷ്‌കരിക്കുകയുണ്ടായി.
ഭാരംകൂടിയ ആര്‍മര്‍ (നമ്പര്‍) കല്ലുകള്‍ തിരയുടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ പാകത്തില്‍ കൃത്യമായ ചെരിവില്‍ അടുക്കിവയ്ക്കുകയും കടല്‍ഭിത്തിക്ക് ക്ഷയം വരുത്തുന്ന മണലൊലിപ്പു മൂലമുള്ള അടിത്തറയിലെ പോതുകള്‍ അടച്ച് ഘടനയെ ശക്തിപ്പെടുത്താനും ഉയരം കൂട്ടുകയും ചെയ്യുന്ന പുനഃക്രമീകരണങ്ങള്‍ ചിലയിടങ്ങളില്‍ നിര്‍ദേശിച്ചിരുന്നു.

ചെല്ലാനത്തെ തീരശോഷണത്തെക്കുറിച്ച് പറയുമ്പോള്‍ ആലപ്പുഴ ജില്ലയിലെ ചെത്തി, അന്ധകാരനഴി, അര്‍ത്തുങ്കല്‍ ഭാഗത്തെ ബ്രേക്ക് വാട്ടര്‍ നിര്‍മിതികളുടെ കാര്യം ഓര്‍മവരുന്നു. തീരത്തോടു ചേര്‍ന്ന അടിയൊഴുക്കില്‍ നടക്കുന്ന എക്കല്‍നീക്കത്തെ (ലിറ്റൊറല്‍ ഡ്രിഫ്റ്റ്) ബാധിക്കുന്നതാണ് പുലിമുട്ട് നിര്‍മാണം. ചെത്തിയിലെയും അര്‍ത്തുങ്കലെയും ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തോടെ തെക്കുനിന്ന് വടക്കോട്ടുള്ള എക്കല്‍മണ്ണൊഴുക്ക് തടസപ്പെട്ടു. ചെല്ലാനം, ഫോര്‍ട്ടുകൊച്ചി തീരങ്ങളില്‍ വന്നടിയേണ്ട എക്കലിന്റെ തോത് വളരെ കുറഞ്ഞു. കൊച്ചി അഴിമുഖത്തെ കപ്പല്‍ച്ചാലില്‍ അത്രയും എക്കല്‍ വന്നടിയുന്നില്ല എന്നത് മറ്റൊരു വശം. ചെത്തിയിലെ അതിശക്തമായ എക്കല്‍പ്രവാഹത്തെ ബാധിക്കുമെങ്കിലും ബ്രേക്ക് വാട്ടര്‍ വികസനം അനിവാര്യമായിരുന്നു. തീരസംരക്ഷണത്തോളംതന്നെ പ്രധാനമാണ് നദീമുഖത്തെ നീരൊഴുക്കിന്റെ തടസങ്ങള്‍ നീക്കലും. നദീ
മുഖത്ത് എക്കലടിഞ്ഞുകൂടി നീരൊഴുക്കിന് തടസമുണ്ടായാല്‍ അത് ഇടനാട്ടിലും മേല്‍പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മറ്റും ഇടയാക്കും. അതിനാല്‍ നദീമുഖം സംരക്ഷിക്കുന്നതിന് ട്രെയിനിംഗ് വാള്‍ (ചിറകെട്ടല്‍) അനിവാര്യമാണ്. നിര്‍മാണചെലവു കൂടി പരിഗണിച്ചുവേണം അഴിമുഖത്തെ ഇത്തരം നിര്‍മിതികള്‍ ആസൂത്രണം ചെയ്യാന്‍.

ഈ മേഖലയിലെ എക്കലൊഴുക്കിന്റെ ഗതി പരിശോധിക്കുമ്പോള്‍ പുലിമുട്ടിന്റെ തെക്കുഭാഗത്തായി മണ്ണുവന്നടിയാനുള്ള സാധ്യത കാണാനാകും. പുതിയ ഫിഷിംഗ് ഹാര്‍ബറിന്റെ തെക്കുവശത്തെ കവാടത്തില്‍ മണ്ണടിഞ്ഞ് ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കയറാനാവാത്ത സാഹചര്യം ഉടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ ഹാര്‍ബര്‍ നിര്‍മാണ പദ്ധതിയില്‍ ഐഐടി-മദ്രാസിന് പങ്കില്ല. വേണ്ടത്ര പഠനം നടത്താതെയാണ് ഇവിടെ പല ഹാര്‍ബറുകളും ബ്രേക്ക് വാട്ടറും നിര്‍മിക്കപ്പെടുന്നത്. പുലിമുട്ടുകള്‍ നല്ലതാണെങ്കിലും തോന്നിയ ഇടങ്ങളിലൊക്കെ ഏതെങ്കിലുമൊക്ക അളവിലും മട്ടിലും അവ നിര്‍മിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പുലിമുട്ടുകള്‍ 50 മീറ്റര്‍ വേണോ നൂറു മീറ്റര്‍ വേണോ എന്ന ചോദ്യം ഉയരാറുണ്ട്. വാസ്തവത്തില്‍ നീളമല്ല പ്രശ്‌നം, ആ പ്രദേശത്തിന്റെ അടിയൊഴുക്കും എക്കല്‍പ്രവാഹവും അടിത്തട്ടിലെ അവസ്ഥയുമൊക്കെയാണ് പ്രധാനമായും നോക്കേണ്ടത്.
കേരളത്തില്‍ പലയിടങ്ങളിലും തമിഴ്‌നാട്ടില്‍ ചെന്നൈ തുറമുഖത്തിനു വടക്കുഭാഗത്തായുള്ള റോയപുരം, നോര്‍ത്ത് ചെന്നൈ തീരത്തും ഐഐടി-എം നേതൃത്വത്തില്‍ ഗ്രോയിന്‍ ഫീല്‍ഡ് നിര്‍മിച്ചത് ഏറെ വിജയകരമായിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടായി ചെന്നൈ വടക്കുഭാഗത്ത് അനുഭവപ്പെട്ട അതിരൂക്ഷമായ തീരശോഷണത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ 2002-ലാണ് ഐഐടി-എം ഇടപെട്ടത്. 1960കളില്‍ നിലവിലുണ്ടാ
യിരുന്ന ചെറുപുലിമുട്ടുകളുടെ വിന്യാസശൈലിതന്നെ വികസിപ്പിച്ചെടുക്കുകയാണുണ്ടായത്. നഷ്ടപ്പെട്ട മണല്‍ത്തീരം അതിവേഗം വീണ്ടെടുക്കാനും തീരദേശത്തെ പ്രധാന ദേശീയപാതയുടെ സുരക്ഷ ഉറപ്പാക്കാനും കഴിഞ്ഞുവെന്നതാണ് ഇതിന്റെ ശ്രദ്ധേയമായ നേട്ടം.

എക്കല്‍ അടിഞ്ഞുകൂടുന്ന ഭാഗത്തുനിന്ന് തീരശോഷണം നടക്കുന്ന ഭാഗത്തേക്ക് മണല്‍ പമ്പുചെയ്യുന്ന (സാന്‍ഡ് ബൈപാസിങ്) രീതിയും ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞതോടെ തീരപരിപോഷണം പൂര്‍ണമായി. പലപ്പോഴും കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ വച്ച് വലിയ പൈപ്പുകളിലൂടെ മണല്‍ പമ്പു ചെയ്ത് മണല്‍ത്തീരം നഷ്ടപ്പെട്ട ഭാഗത്തേക്ക് എത്തിക്കുന്നതിന് വൈദ്യുതി ലഭ്യതയും മറ്റും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. തത്കാലത്തേക്കാണോ ദീര്‍ഘകാലത്തേക്കാണോ ഇത്തരം തീരപരിപോഷണ ഇടപെടല്‍ എന്നതും പ്രസക്തമായ ചോദ്യമാണ്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീരസംരക്ഷണത്തിന് ഗ്രോയിന്‍ ഫീല്‍ഡ് നിര്‍മാണത്തിന് വിശദമായ രൂപരേഖയും മറ്റും തയാറാക്കിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ ചീഫ് എന്‍ജിനിയര്‍ പോ
ലുമറിയാതെ പ്രാദേശിക തലത്തില്‍ സൂപ്രണ്ടിംഗ് എന്‍ജിനിയറും മറ്റും ചേര്‍ന്ന് നടപ്പാക്കിയ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന്റെ ദൂഷ്യഫലങ്ങളാണ് അവിടെ ഗുരുതരമായ തീരശോഷണത്തിന് ആക്കം കൂട്ടിയത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിലേക്കു നയിച്ച സാഹചര്യം അതായിരുന്നു.
ആന്ധ്രപ്രദേശിലെ കടലോര മേഖലയില്‍ ഐഐടി-എം ജിയോട്യൂബ് പദ്ധതി നടപ്പാക്കുകയുണ്ടായി. ജൈവവസ്ത്രം വിരിക്കുന്നതു മൂലം വെള്ളം വാര്‍ന്നുപോകുമ്പോള്‍ മണ്ണൊലിപ്പുണ്ടാകാതെയിരിക്കും. കരയില്‍ ജിയോട്യൂബും ജിയോബാഗും വയ്ക്കുന്നത് സൂക്ഷിച്ചുവേണം. ചിലപ്പോള്‍ ആളുകള്‍ അവ തുളച്ചെന്നിരിക്കും. വാസ്തവത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് അടിക്കാത്തവണ്ണം വേലിയിറക്കത്തിന്റെ താഴ്ന്ന ജലനിരപ്പിനടിയില്‍ (ശരാശരി സമുദ്രജലനിരപ്പല്ല) ജിയോട്യൂബ് നിക്ഷേപിക്കുന്നതാണ് ഏറെ ഗുണകരമെന്ന് പല ഭാഗങ്ങളിലെയും അനുഭവങ്ങളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്. ഐഐടി-എം 2005-ല്‍ വര്‍ക്കല തീരസംരക്ഷണത്തിന് ഇത്തരം ജിയോട്യൂബ് പദ്ധതി നിര്‍ദേശിച്ചതാണ്.
പുതിയ സാങ്കേതികവിദ്യയും നൂതന പരിഹാരമാര്‍ഗങ്ങളും ആരെങ്കിലും നിര്‍ദേശിച്ചാല്‍ അടിസ്ഥാന പഠനം നടത്താതെ അതു പരീക്ഷിക്കാന്‍ പോകരുത്. ഏറെ സങ്കീര്‍ണമാണ് തീരപ്രകൃതിയുടെ അടിസ്ഥാനഘടക
ങ്ങള്‍. പലപ്പോഴും പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുമ്പോള്‍ പുതിയ മണല്‍ത്തിട്ട വയ്ക്കുന്നതിനുപകരം ഉള്ള തീരം അപ്രത്യക്ഷമായെന്നും വരും. തിരകള്‍, കാറ്റിന്റെ ഗതി, അടിയൊഴുക്ക്, കാലാവസ്ഥയുടെ സവിശേഷത തുടങ്ങി പല കാര്യങ്ങള്‍ വിലയിരുത്തിവേണം തീരസംരക്ഷണത്തിന് ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*