തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം

തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം

ആര്‍ക്കും പ്രവചിക്കാവുന്ന ചാക്രിക പ്രതിഭാസമാണ് കാലവര്‍ഷവും കടല്‍ക്ഷോഭവും തീരദേശ ജനതയുടെ പ്രാണനൊമ്പരവും. ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി പ്രകൃതിദുരന്താഘാത പ്രതിരോധശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കേരളം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതായി ‘പ്രത്യേക മാനസികാവസ്ഥയുള്ള’ സകലമാന ദിവാസ്വപ്‌നക്കാരെയും ഉണര്‍ത്തിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും ഒന്‍പതു തീരദേശ ജില്ലകള്‍ക്കായി അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ അനുവദിക്കാനും കടലേറ്റക്കെടുതികളെ നേരിടുന്നതിന് ജനകീയ കമ്മിറ്റി രൂപീകരണത്തിന് ഉത്തരവിറക്കാനും നേരം കണ്ടെത്തിയത് ആര്‍ത്തിരമ്പിക്കയറിയ കടല്‍ത്തിരകള്‍ ചുഴറ്റിയെറിഞ്ഞ ആയിരകണക്കിനു തീരദേശവാസികള്‍ അഭയാര്‍ഥികളായി നാട്ടിലെങ്ങും അലയുമ്പോഴാണ്. നൂറുകണക്കിന് പുരയിടങ്ങള്‍ കടലെടുത്തുകഴിഞ്ഞാണ് തിരത്തള്ളലിനെ ചെറുക്കാന്‍ കടല്‍ഭിത്തിക്കു കരിങ്കല്ലില്ലെങ്കില്‍ തത്കാലത്തേക്ക് മണല്‍ച്ചാക്കെങ്കിലും കിട്ടുമോ എന്ന് ജില്ലാ കലക്ടര്‍മാര്‍ ദുരന്തനിവാരണ ഫണ്ടിന്റെ പിന്‍ബലത്തോടെ അന്വേഷിക്കാനിറങ്ങുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള ഗവണ്‍മെന്റ് പ്രകൃതിക്ഷോഭത്തിന്റെ നിത്യ ഇരകളായ മത്സ്യത്തൊഴിലാളികളെയും തീരദേശ സമൂഹത്തെയും കാലവര്‍ഷക്കെടുതികളുടെ ആപല്‍സന്ധിയില്‍ പോലും ഇത്രമേല്‍ അവഗണിക്കാമോ എന്നു ചോദിക്കുന്നവര്‍ക്കു മറുപടിയെന്നോണം അടുത്ത മന്ത്രിസഭാ യോഗത്തില്‍ സുപ്രധാനമായ മറ്റൊരു പ്രഖ്യാപനമുണ്ടായി: സംസ്ഥാനത്ത് വേലിയേറ്റരേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ അധിവസിക്കുന്ന 18,850 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 1,398 കോടി രൂപ അനുവദിക്കും. കടലോരത്തു നിന്നു കുടിയിറക്കപ്പെടുന്ന ഓരോ കുടുംബത്തിനും പുതിയ സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നത്.
കടലാക്രമണത്തില്‍ വീടുകള്‍ നശിക്കുന്നതിനു ശാശ്വത പരിഹാരം അപകടമേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതാണെന്നു പറയാന്‍ വലിയ ഭൗമശാസ്ത്രവിജ്ഞാനമൊന്നും വേണ്ട. തിരുവനന്തപുരം മുട്ടത്തറയില്‍ 17.93 കോടി രൂപ ചെലവില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ടു ഫഌറ്റുകള്‍ വീതമുള്ള 24 ഇരുനില ബ്ലോക്കുകളുടെ ഭവനസമുച്ചയത്തില്‍ വലിയതുറ ഭാഗത്തു നിന്ന് 192 കുടുംബങ്ങളെ പുനരധിവസിപ്പിച്ച ദൃഷ്ടാന്തം ചില രാഷ്ട്രീയനേതാക്കള്‍ ഉയര്‍ത്തിക്കാട്ടും. കടലോര ഗ്രാമങ്ങളില്‍ പരമ്പരാഗത ജീവസന്ധാരണ ഉപാധികളെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരെ ലക്ഷങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് കുടിയിറക്കുന്നതിനു പിന്നിലെ രാഷ്ട്രീയ തന്ത്രവും ടൂറിസം, നീലവ്യവസായ വിപ്ലവം, റിയല്‍ എസ്റ്റേറ്റ്, തീരദേശ ഹൈവേ, ചങ്ങാത്ത മുതലാളിത്ത കോര്‍പറേറ്റ് താല്പര്യങ്ങളും എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്. പിറന്ന മണ്ണിലുള്ള അവകാശവും ജീവനോപാധികളും മാത്രമല്ല, തീരദേശത്തിന്റെ സംസ്‌കാരവും പാരമ്പര്യങ്ങളും പൈതൃകവും നൈപുണ്യവും അന്യവല്‍കരിക്കപ്പെടുകയാണ്. അല്ലെങ്കില്‍ തന്നെ കൊച്ചി നഗരപ്രാന്തത്തിലെ ചെല്ലാനത്തും മറ്റും ഇക്കാലത്ത് 10 ലക്ഷം രൂപയ്ക്ക് എവിടെയാണ് വീടുവയ്ക്കാനാവുക? കൈവശമുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ സര്‍ക്കാര്‍ ചെലവില്‍ മറ്റൊരിടത്ത് വീടു നിര്‍മിച്ചുനല്‍കുകയോ സ്ഥലവും 15 ലക്ഷം രൂപയും അനുവദിക്കുകയോ ചെയ്താല്‍ കുടിയിറക്കിന് കൂടുതല്‍ ആളുകള്‍ സമ്മതിച്ചേക്കും. പക്ഷെ, ആത്യന്തികമായി അത് തീരദേശത്തിന്റെ പാരമ്പര്യ അവകാശികള്‍ ചിന്നിച്ചിതറിപ്പോകാന്‍ ഇടവരുത്തും.
കടലോരം രാജ്യത്തിന്റെ അതിര്‍ത്തിയാണെന്നിരിക്കെ തീരസംരക്ഷണത്തിനും തീരസുരക്ഷയ്ക്കും കേന്ദ്ര ഗവണ്‍മെന്റിനും ബാധ്യതയുണ്ട്. ഏതാണ്ട് 590 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തില്‍ 310 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയുണ്ടെങ്കിലും തീരത്തിന്റെ 63 ശതമാനവും കടലെടുക്കുന്നതായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള സുസ്ഥിര തീരപരിപാലനത്തിനായുള്ള ദേശീയ കേന്ദ്രത്തിന്റെ (എന്‍സിഎസ്‌സിഎം) തീരശോഷണ മാപ്പുകളില്‍ തെളിയുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 80 ശതമാനം അധിവസിക്കുന്നത് ഒന്‍പത് തീരദേശ ജില്ലകളിലാണ്. കടലാക്രമണവും തീരശോഷണവും മത്സ്യത്തൊഴിലാളികളുടെയും കടലോരത്തെ ഇതര അധഃസ്ഥിത ജനവിഭാഗങ്ങളുടെയും മാത്രം പ്രശ്‌നമല്ല. സംസ്ഥാനത്തെ ആവാസവ്യവസ്ഥയെയും പരിസ്ഥിതിയെയും മാനവവികസനത്തെയും സമ്പദ്‌വ്യവസ്ഥയെയുമെല്ലാം ഗുരുതരമായി ബാധിക്കുന്ന കാര്യമാണ്. കടലോരത്തെ ഒഴിവാക്കിക്കൊണ്ട് കേരളത്തിലെന്ത് ദുരന്താഘാത പ്രതിരോധം!
കേന്ദ്ര ജല കമ്മീഷന്റെ കീഴില്‍ 1966ല്‍ ബീച്ച് ഇറോഷന്‍ ബോര്‍ഡ് രൂപവത്കരിച്ചത് കേരളത്തിന്റെ കടല്‍ത്തീരശോഷണം മാത്രം മുന്‍നിര്‍ത്തിയാണ്. സംസ്ഥാനത്തെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന ചീഫ് എന്‍ജിനിയര്‍ ഇന്‍-ചാര്‍ജ് ആയിരുന്നു ആ കേന്ദ്ര ബോര്‍ഡിന്റെ മെംബര്‍ സെക്രട്ടറി. 1989ലാണ് ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധി രാജ്യവ്യാപകമാക്കിയത്. ഇതൊക്കെയാണെങ്കിലും, ഇന്ത്യന്‍ നാവികസേനയുടെ വെടിവയ്പുപരിശീലന കേന്ദ്രമായ ഫോര്‍ട്ടുകൊച്ചി ബീച്ചിലെ ഐഎന്‍എസ് ദ്രോണാചാര്യ വളപ്പിനു പടിഞ്ഞാറായി പതിറ്റാണ്ടുകളായി എല്ലാ കടല്‍ക്ഷോഭങ്ങളെയും അതിജീവിച്ച് സുശക്തമായി നിലകൊള്ളുന്ന കടല്‍ഭിത്തി ഒഴികെ കേരളതീരത്ത് കടലാക്രമണ പ്രതിരോധത്തിന്റെ മികവുറ്റ കൃത്രിമനിര്‍മിതികള്‍ കണ്ടെത്തുക പ്രയാസമാണ്.
കരിങ്കല്ലിന്റെ കടല്‍ഭിത്തിക്കു പകരം പോളിപ്രോപിലിന്‍-പോളിയെസ്റ്റര്‍ ആധാരമാക്കിയ ജിയോട്യൂബുകള്‍ മണല്‍നിറച്ച് കടലോരത്തു വിന്യസിക്കുന്ന സാങ്കേതികവിദ്യ ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജി വികസിപ്പിച്ചിട്ടുണ്ട്. ഒഡിഷയില്‍ ലോക ബാങ്കിന്റെ സഹായത്തോടെ 31.15 കോടി രൂപ ചെലവില്‍ 505 മീറ്റര്‍ നീളത്തില്‍ ജിയോട്യൂബിന്റെ കടല്‍ഭിത്തി ഭംഗിയായി നിര്‍മിച്ചതായി കാണാം. 20 മീറ്റര്‍ നീളവും 7.4 മീറ്റര്‍ വ്യാസവുമുള്ള ട്യൂബുകളാണ് അവിടെ ഉപയോഗിച്ചത്. കേരളത്തില്‍ ചെല്ലാനത്ത് പ്രയോഗിച്ച ജിയോട്യൂബ് സാങ്കേതികവിദ്യ വന്‍ വിജയമാണെന്ന് ധനമന്ത്രി അവകാശപ്പെടുന്ന് എന്തു കണ്ടിട്ടാണെന്ന് വ്യക്തമല്ല. 25 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വ്യാസവുമുള്ള 18 ട്യൂബുകള്‍ വിന്യസിക്കാനുള്ള എട്ടു കോടി രൂപയുടെ പദ്ധതിയില്‍ മഴക്കാലത്തിനു മുന്‍പ് മൂന്നു മാസം കൊണ്ട് ഒരു ട്യൂബില്‍ പോലും കടല്‍മണല്‍ നിറയ്ക്കാന്‍ കഴിഞ്ഞില്ല എന്നതാണു വസ്തുത. കടലില്‍ നിന്ന് മണ്ണു പമ്പു ചെയ്യുന്നതിനുള്ള സംവിധാനമോ സാങ്കേതിക പരിചയമോ ഇല്ലാത്ത കരാറുകാരനെയാണ് ഇറിഗേഷന്‍ വകുപ്പ് ജിയോട്യൂബ് പദ്ധതി ഏല്പിച്ചത്.
കടല്‍ഭിത്തിയും പുലിമുട്ടും ബ്രേക്‌വാട്ടറും ഹാര്‍ബറുകളും ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ തീരരക്ഷയ്ക്കല്ല തീരശോഷണത്തിനാണ് ആക്കംകൂട്ടുന്നതെന്നാണ് പല ശാസ്ത്രീയപഠനങ്ങളും വ്യക്തമാക്കുന്നത്. തീരത്തിന്റെ സവിശേഷ ഘടനയ്ക്കും തിരമാലയുടെ ഊര്‍ജശേഷിക്കും ഒഴുക്കിനും യോജിച്ച തരത്തിലുള്ള പ്രകൃതിദത്തമായ മണല്‍ത്തീരപരിപോഷണമാവും കൃത്രിമ നിര്‍മിതികളെക്കാള്‍ പ്രയോജനകരം. കണ്ടലുകളും തീരക്കടലിലെ സ്വാഭാവിക മണല്‍ത്തിട്ടകളും പാറക്കൂട്ടങ്ങളും മുനമ്പുകളും ബീച്ചുകളുടെ ചാക്രിക രൂപമാറ്റങ്ങളെയും കടലെടുപ്പിനെയും പുതുവയ്പിനെയും നല്ല രീതിയില്‍ സ്വാധീനിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തിരമാലയുടെ പ്രഭാവരേഖയും കാലവര്‍ഷ പ്രഭാവത്തെയും അടയാളപ്പെടുത്തി തീരഭൂപടങ്ങള്‍ തയാറാക്കി വേണം തീരപരിപാലന പദ്ധതിയും നിര്‍ണയിക്കാന്‍. കടല്‍ഭിത്തിക്കായി പശ്ചിമഘട്ടത്തിലെ മലകള്‍ ഇടിച്ചുനിരത്തുന്നത് കൂടുതല്‍ ഉരുള്‍പൊട്ടലിനും പരിസ്ഥിതിനാശത്തിനും ഇടവരുത്തും എന്നതിനാല്‍ കോണ്‍ക്രീറ്റ് ടെട്രാപോഡ് പോലുള്ള സാങ്കേതികവിദ്യയും ചിലയിടങ്ങളില്‍ പരീക്ഷിക്കാവുന്നതാണ്. 80 ടണ്‍ വരെ ഭാരവും അഞ്ചു മീറ്റര്‍ ഉയരവും ആറു മീറ്റര്‍ വീതിയുമുള്ള ടെട്രാപോഡുകളും ട്രൈബാര്‍ ക്യൂബും മറ്റും പല രാജ്യങ്ങളിലും തീരസംരക്ഷണത്തിന് നന്നായി ഉപയോഗിക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആഘാതമാണ് വലിയതുറ ഭാഗത്തെ രൂക്ഷമായ കടലാക്രമണത്തിനു കാരണമെന്ന് ഇപ്പോള്‍ ചിലര്‍ ഏറ്റുപറയുന്നുണ്ട്. ആലപ്പുഴയിലെ നിര്‍ദിഷ്ട മറീന പദ്ധതിയുടെയും കൊല്ലം പള്ളിത്തോട്ടം സിമന്റ് ടെര്‍മിനലിന്റെയും ടൂറിസ്റ്റ് ഫസിലിറ്റേഷന്‍ സെന്ററിന്റെയും മറ്റും പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടുകള്‍ എവിടെയുണ്ട്? പുതുതായി നിര്‍മിക്കുന്ന പുലിമുട്ടിന്റെയും ബ്രേക്‌വാട്ടറിന്റെയും ഹാര്‍ബറിന്റെയും വടക്കുഭാഗത്തായി വര്‍ധിച്ച തോതില്‍ തീരശോഷണമുണ്ടാകും എന്നാണ് പശ്ചിമതീരത്തെ അനുഭവപാഠങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക ശാസ്ത്രീയപഠനങ്ങള്‍ നടത്താതെ വികസനത്തിന്റെ പേരില്‍ തീരം ചങ്ങാത്ത മുതലാളിത്ത താല്പര്യങ്ങള്‍ക്കു തീറെഴുതുന്നതിന്റെ കാര്യത്തില്‍ വീണ്ടുവിചാരമുണ്ടാകണം. തീരദേശത്തിന്റെ നേരവകാശികളെ തൊഴിലിടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കാതെ തീരം സംരക്ഷിക്കാനുള്ള പദ്ധതിക്ക് മുന്‍ഗണന നല്‍കുകയും വേണം. കടല്‍ക്ഷോഭത്തില്‍ കലങ്ങിമറിയേണ്ട ജീവിതമല്ല തീരജനതയുടേതെന്ന് ഭരണാധികാരികളും പൊതുബോധനിര്‍മിതിയുടെ പ്രേരകശക്തികളും ഇനിയെങ്കിലും തിരിച്ചറിയണം.


Related Articles

എഡിറ്റോറിയൽ

തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്‌നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു

വി ദേവസഹായം: കാറ്റാടി മലയിലേക്ക് തീർത്ഥാടകപ്രവാഹം

24-ന് വീടുകളില്‍ പ്രതിഷ്ഠാപന പ്രാര്‍ഥന നാഗര്‍കോവില്‍: ഇന്ത്യയിലെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന് നന്ദിസൂചകമായി ഭാരതസഭ ജൂണ്‍ അഞ്ചിന് ആരല്‍വായ്‌മൊഴിക്കു

ആഗ്ര അതിരൂപത മെത്രാപ്പോലീത്തയായി അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു.

ആഗ്ര: അലഹാബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. ആഗ്രാ സെന്റ് പീറ്റേഴ്‌സ് കോളേജ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*