തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തീരസംരക്ഷണത്തിനും പുനരധിവാസത്തിനും മുന്‍ഗണന – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വളരെ അപകടകരമായ സാഹചര്യത്തിലാണ് തീരദേശജനത കഴിഞ്ഞുവരുന്നതെന്ന് സമുദായസമ്മേളനത്തില്‍ ജിവനാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് വന്നതിനു ശേഷമുണ്ടായ സാഹചര്യത്തില്‍ നടത്തിയ പഠനത്തിലാണ് ഈ അപകടത്തിന്റെ വ്യാപ്തി വ്യക്തമായത്. 18,000 കുടുംബങ്ങളാണ് തീരത്തിന്റെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നത്. 2 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളുമുണ്ട്. സിആര്‍സെഡില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 200 മീറ്ററാണെന്ന് ഓര്‍ക്കണം. കടലിന്റെ തീരത്തു തന്നെ താമസിക്കണമെന്നു പറയുന്നത് അവരുടെ ജീവനും സ്വത്തിനും ഏറെ ഭീഷണി ഉയര്‍ത്തുന്നതാണ്. പാരമ്പര്യമായി ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടലിന് കരയിലേക്ക് കടക്കുവാനുള്ള സ്വാഭാവികമായ ഇടം ഇവിടെ ആവശ്യമാണ്. അതു പ്രകൃതിനിയമമാണ്. അങ്ങിനെ നോക്കുമ്പോള്‍ കടല്‍ നമ്മളിലേക്കല്ല, കടലിലേക്ക് നമ്മളാണ് ചെന്നുകൊണ്ടിരിക്കുന്നതെന്നു കാണാം. വേലിയേറ്റ സമയത്തുപോലും വീടുകള്‍ക്ക് സുരക്ഷയില്ലാത്ത അവസ്ഥയുണ്ടാകുന്നത് അപ്രകാരമാണ്.
മത്സ്യത്തൊഴിലാളികളടക്കമുള്ള തീരദേശജനതയുടെ പുനരധിവാസം ഉറപ്പാക്കാതെ അവര്‍ സുരക്ഷിതരാണെന്നു പറയാന്‍ കഴിയില്ല. സര്‍ക്കാര്‍ പുനരധിവാസത്തിനോടൊപ്പം തീരസംരക്ഷണത്തിനും പ്രധാന്യം നല്കുകയാണ്. പുനരധിവാസത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ 4 ഗ്രാമങ്ങളില്‍ നിന്നുള്ള 197 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനായി ഫഌറ്റ് നിര്‍മിച്ചു. 540 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഫഌറ്റുകളാണ് നിര്‍മിച്ചു നല്കുന്നത്. ഓഖിയില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വാങ്ങുന്നതിന് 10 ലക്ഷം രൂപവീതം അനുവദിക്കുകയും പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പൂര്‍ണമായും വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപവീതം ജില്ലാ കളക്ടര്‍മാര്‍ മുഖേന വീട്ടുവാടക നല്‍കിവരുന്നു. ഇതിനായി 26.64 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഓഖിയില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ട 458 മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ പുനരുദ്ധരിക്കുന്നതിന് 2.02 കോടി രൂപ അനുവദിച്ചു.
ഓഖി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തെപ്പറ്റിയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം പരാതികള്‍ ഉയര്‍ന്നിരുന്നുവല്ലോ. തീരത്തുനിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തുള്ള ഉള്‍ക്കടലിലായിരുന്നു ഓഖി കൊടുങ്കാറ്റിന്റെ പ്രഹരശേഷി കേന്ദ്രീകരിച്ചത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ഏറ്റവും ദുഷ്‌കരമാക്കി. സമാനതകളോ മാതൃകകളോ ഇല്ലാത്ത ദുരന്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും ഏജന്‍സികളെയും നാവിക, വ്യോമ, തീരരക്ഷാസേനകളെയും ഏകോപിപ്പിച്ച് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു നടത്തിയത്. കടലില്‍ കാണാതായവരെ സംബന്ധിച്ച് സര്‍ക്കാരിന്റെ കൈവശം കൃത്യമായ കണക്കുകളുണ്ടായിരുന്നില്ല. ആരൊക്കെ കടലില്‍ മത്സ്യബന്ധനത്തിനു പോയെന്ന കണക്കില്ലാത്തതായിരുന്നു കാരണം. സുരക്ഷാസൗകര്യങ്ങളൊന്നുമില്ലാതെയാണ് തൊഴിലാളികള്‍ ഇത്രയും കാലം കടലില്‍ പോയിരുന്നത്. കേരളം സുരക്ഷിത തീരമാണ് എന്നായിരുന്നു ഇതുവരെ നമ്മുടെ ധാരണ.
ഇപ്പോള്‍ എത്രപേര്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നുണ്ടെന്ന കണക്ക് സര്‍ക്കാരിന് ലഭ്യമാണ്. 15,000 മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണങ്ങള്‍ നല്‍കുന്നതിന് 15.93 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 1000 മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കുന്നതിന് 9.62 കോടി രൂപ അനുവദിച്ചു. 500 പേര്‍ക്ക് ഫോണ്‍ ലഭ്യമാക്കി. ജൂണിനു മുമ്പായി ശേഷിച്ചവര്‍ക്കും ഫോണ്‍ നല്കാനാകും. കടലില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ തീരവുമായും പരസ്പരവും ബന്ധപ്പെടാന്‍ ഇതു സഹായിക്കും. കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി പ്രത്യേക പരിശീലനം നല്‍കി 900 പേരുള്‍പ്പെടുന്ന കടല്‍സുരക്ഷാ സ്‌ക്വാഡ് രൂപീകരിക്കുന്നതിനും 300 മത്സ്യബന്ധനയാനങ്ങളെ കടല്‍പ്രവര്‍ത്തനത്തിന് അനുവദിച്ച് സജ്ജമാക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി 40,000 പേര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കുന്നതിനായി 6.10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും അതിനെ തുടര്‍ന്ന് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെയും രാജ്യത്തെയും പുനരധിവാസചരിത്രത്തില്‍ പുതിയ മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഓഖിയില്‍ മരണപ്പെടുകയോ കാണാതാകുകയോ ചെയ്ത 143 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം 28.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ലഭ്യമാക്കി. സംസ്ഥാനത്ത് 143 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് ഓഖിയില്‍ നഷ്ടപ്പെട്ടത്. ഇതില്‍ 52 പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേര്‍ മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്തതിനാല്‍ കാണാതായവരുടെ പട്ടികയിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം കാണാതായവരെ മരിച്ചുപോയവരായി കണക്കാക്കി എന്തെങ്കിലും ആനുകൂല്യം നല്‍കുന്നതിന് ഏഴുവര്‍ഷം കഴിയേണ്ടതുണ്ട്. എന്നാല്‍ ഈ നൂലാമാല ഒഴിവാക്കിയാണ് എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചത്.
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മുഖേന നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് അഞ്ചുഘട്ടങ്ങളായി 6.76 കോടി രൂപ അനുവദിച്ചു. ഓഖി ദുരന്തത്തില്‍ മരണപ്പെടുകയും കാണാതാകുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായ 318 പേര്‍ക്ക്, ഡിഗ്രിതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്നതിനും ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത ട്രെയിനിങ് കോഴ്‌സുകള്‍ സൗജന്യമായി നല്‍കുന്നതിനും 13.92 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അതില്‍ ഈ വര്‍ഷം 56.95 ലക്ഷം രൂപ വിതരണം ചെയ്തു. ഓഖിയില്‍ മരണപ്പെടുകയും കാണാതാകുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളായ 42 പേര്‍ക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയില്‍ താല്ക്കാലികമായി ജോലി നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായമായ വില ലഭിക്കുന്നില്ല. ഇതു പരിഹരിക്കാനായി എല്ലാവര്‍ക്കും ഒരുപോലെ ലേലം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. സുരക്ഷിതമായ ഹാര്‍ബറുകളും ഉണ്ടാകണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും നീതിപൂര്‍വമായ ഒരു സമീപനമല്ല കേരളത്തോടുണ്ടായിട്ടുള്ളത്. ഓഖി ദുരന്തദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലും കടുത്ത അവഗണനയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ‘ഇടു കുടുക്കെ ചോറും കറിയും’ എന്ന മട്ടില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി കഴിയില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കടല്‍പോലെ സങ്കീര്‍ണമാണ് തീരദേശത്തെ മനുഷ്യരുടെ മനസും. ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അവരുടെ പാര്‍പ്പിട-സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും പലപ്പോഴും അവര്‍ തയ്യാറാകാറില്ല. കേരളത്തിലെ ലത്തീന്‍ സഭ അവര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുളളതാണ്. എന്നാല്‍ പലപ്പോഴും ചെറിയ പ്രശ്‌നങ്ങളില്‍ പ്രകോപിതരാകുന്ന അവരെ സമാധാനിപ്പിക്കുന്നതിനു പകരം കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എല്ലാവരും ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ തീരദേശത്തെ ജനതയെ ദുരിതത്തില്‍ നിന്നും കരയേറ്റാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. ദുരന്തംമൂലം മത്സ്യബന്ധന യാനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ 120 മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്നതിനുള്ള 9.88 കോടി രൂപയുടെ പദ്ധതിയും ദുരന്തമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വിഴിഞ്ഞത്ത് ആരംഭിക്കുന്ന നാല് കോടി രൂപ അടങ്കലുള്ള മത്സ്യസംസ്‌കരണ യൂണിറ്റും സീഫുഡ് കിച്ചനും ഉള്‍പ്പെടുന്ന മറ്റൊരു പദ്ധതിയുംകൂടി ഇതിനു പുറമെ ഉടന്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.


Related Articles

ഒന്നിച്ചുള്ള യാത്രയുടെ സിനഡല്‍ പാതയില്‍

മനുഷ്യരെ അവരുടെ ജീവിതാവസ്ഥയില്‍ കണ്ടുമുട്ടുക, ഹൃദയംകൊണ്ട് അവരെ കേള്‍ക്കുക, തങ്ങളുടെ ദൗത്യമെന്തെന്നു വിവേചിച്ചറിയാന്‍ അവരെ സഹായിക്കുക – യേശു ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടു നടത്തിയ ശുശ്രൂഷയെ അനുസ്മരിച്ചാണ് ഫ്രാന്‍സിസ്

ആംഗ്ലോ ഇന്ത്യരുടെ അവസ്ഥയെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണം – ഹൈബി ഈഡന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ എംപിമാരെയും സംസ്ഥാന നിയമസഭകളിലേക്ക് ഓരോ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെയും നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ വ്യവസ്ഥ നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം

നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്

24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്-പുതുശേരി തീരത്തെത്തും ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് 24 മണിക്കൂറിനകം തമിഴ്‌നാട്- പുതുശേരി തീരത്ത് വീശിയടിക്കും. തീവ്രന്യൂനമര്‍ദ്ദം ഇപ്പോള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*