തീരസംരക്ഷണ പദ്ധതികള്‍ അട്ടിമറിക്കപ്പെടരുത് – ബിഷപ് ഡോ. ജോസഫ് കരിയില്‍

തീരസംരക്ഷണ പദ്ധതികള്‍ അട്ടിമറിക്കപ്പെടരുത് – ബിഷപ് ഡോ. ജോസഫ് കരിയില്‍

 

കൊച്ചി: തീരത്തിന്റെ അവകാശികളായ തീരദേശവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തീരത്തുനിന്ന് ഒഴിഞ്ഞുപോയി മറ്റു മേഖലകള്‍ കണ്ടെത്തി രക്ഷപ്പെടുന്നതിന് സഭാനേതൃത്വം തടസം നില്‍ക്കുന്നുവെന്ന അപകടകരമായ ചിന്ത പടര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ഗൂഢതന്ത്രത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ മുന്നറിയിപ്പു നല്‍കി. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടന സെഷനില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരത്തുനിന്ന് കുടിയിറക്കിയാല്‍ സര്‍വജനങ്ങളും രക്ഷപ്പെടും എന്ന മിഥ്യാധാരണ ആര്‍ക്കും വേണ്ട. പുനര്‍ഗേഹം പോലുള്ള പുനരധിവാസ പദ്ധതിയുടെ പേരിലായാലും, ബ്ലൂ ഇക്കോണമിയുടെ കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്കുവേണ്ടിയായാലും തീരം ഒഴിച്ചിടല്‍ വള്ളക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തീരത്ത് പ്രവേശനമില്ലാത്ത സാഹചര്യം സൃഷ്ടിക്കും. കേരളത്തിലെ മനുഷ്യര്‍ക്ക് ആഹാരത്തിന് മീന്‍ കിട്ടാതാകും. മത്സ്യത്തൊഴിലാളികളെ കുടിയിറക്കാതെതന്നെ അവരുടെ തൊഴില്‍സുരക്ഷയും ഉത്പാദനശേഷിയും ജീവിതനിലവാരവും ജീവനനൈപുണിയും മെച്ചപ്പെടുത്താനുള്ള വഴികള്‍ കണ്ടെത്തുകയാണുവേണ്ടത്. ഭരിക്കുന്നവര്‍ കോര്‍പറേറ്റുകളാണെന്നതും അവര്‍ തീരദേശവാസികളെ അനിശ്ചിതത്വത്തിന്റെ അന്താരാഷ്ട്ര ജലാശയത്തിലേക്കാണ് തള്ളിവിടാന്‍ ശ്രമിക്കുന്നതെന്നതും നമ്മെ ആകുലപ്പെടുത്തുന്നു.

അതിതീവ്ര തീരശോഷണവും കടല്‍ക്ഷോഭവും നേരിടുന്ന ഹോട്ട് സ്‌പോട്ടുകളില്‍ തീരസംരക്ഷണത്തിന് അടിയന്തര നടപടിക്കായുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ കെസിബിസി നല്‍കുന്ന പിന്തുണയ്ക്കും മുന്‍നിര പ്രവര്‍ത്തനങ്ങള്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ചെല്ലാനത്തെ പൈലറ്റ് പ്രോജക്റ്റിന് കിഫ്ബി ഫണ്ട് പ്രഖ്യാപിച്ചുവെങ്കിലും ഏഷ്യന്‍ വികസന ബാങ്കിന്റെയും വേള്‍ഡ് ബാങ്കിന്റെയും മറ്റും പേരുപറഞ്ഞ് പദ്ധതി വീണ്ടും അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. തീരം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുടെ ഗൂഢതന്ത്രങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത ആവശ്യമാണ്.

പ്രേമവിവാഹം, ലഹരിക്കെണികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമുദായിക ആശങ്കകളുടെ പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുമ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ കെസിബിസി നിലപാടിനെ നമ്മള്‍ പിന്തുണയ്ക്കുന്നു. തന്റെ പാര്‍ട്ടിതന്നെ പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും അത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് മറ്റെന്തെങ്കിലും കാരണം കൊണ്ടാവും. ചന്തയിലെ ശബ്ദം തന്റെ ശ്രദ്ധയില്‍ പെടുന്നില്ല എന്നതിന് അര്‍ത്ഥം ചന്ത നിശ്ശബ്ദമാണെന്നല്ല. അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഈ പ്രശ്‌നത്തെ ക്രൈസ്തവ ആരൂപിയോടെ മാന്യമായ രീതിയില്‍ വേണം നാം അഭിമുഖീകരിക്കേണ്ടത്.

പ്രശ്‌നത്തിന് പ്രതിവിധി കാണേണ്ടത് സര്‍ക്കാര്‍ മാത്രമല്ല. കുടുംബത്തില്‍ നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുകയും രഹസ്യങ്ങള്‍ കുറയുകയും കാര്യങ്ങള്‍ കുറെക്കൂടി സുതാര്യമാവുകയും ചെയ്താല്‍ പകുതി പ്രശ്‌നങ്ങള്‍ തീരും. ക്രൈസ്തവ കൂട്ടായ്മയുടെ പേരില്‍ ഇപ്പോള്‍ പൊതുമണ്ഡലത്തില്‍ പ്രത്യക്ഷമായി ഇടപെടുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നമുക്ക് നല്ല ധാരണ ഉണ്ടാകണം. മെത്രാന്‍സമിതിയുടെ നിലപാടിനെക്കാള്‍ പ്രധാനം അല്മായര്‍ ഉണര്‍ന്നിരിക്കുക എന്നതുതന്നെയാണ്. ഫ്രാന്‍സിസ് പാപ്പാ സിനഡാത്മക സഭ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അച്ചനും കപ്യാരും പാട്ടുകാരനും മാത്രമല്ല പള്ളി എന്നാണ്. അത് എല്ലാവരും കൂടിച്ചേര്‍ന്നതാണ്. ആരും ആരെയും റാഞ്ചിക്കൊണ്ടുപോകാതെ നോക്കാന്‍ ഏവര്‍ക്കും ബാധ്യതയുണ്ട്. മെത്രാനും വൈദികരും മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്ന ക്ലരിക്കലിസത്തിനു പകരം എല്ലാവരെയും ശ്രവിക്കുന്ന സിനഡല്‍ സ്വഭാവമുള്ളതാകണം സഭ. അപ്പോഴും സഭ എന്ന ആട്ടിന്‍കൂട്ടത്തിന് നല്ലൊരു ഇടയനുമുണ്ടാകണം.

രാഷ്ട്രീയ പാര്‍ട്ടി സംഘടനാപ്രാതിനിധ്യത്തില്‍ സമുദായങ്ങളെ പരിഗണിക്കണമെന്ന് ഭരണകക്ഷിയുടെ ഭാഗത്തുനിന്ന് നിര്‍ദേശം ഉയരുന്നത് ഏതെങ്കിലും അടവുനയത്തിന്റെ ഭാഗമാകാം. എങ്കിലും അത് സ്വാഗതാര്‍ഹമായ നീക്കമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിച്ചതില്‍ ലത്തീന്‍ സമുദായത്തെ തീര്‍ത്തും അവഗണിച്ചാലും അവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകും എന്നു ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുകതന്നെ വേണ്ടിവരും. യുഡിഎഫിലെ ഒന്നോ രണ്ടോ ഘടകകക്ഷികളുടെ താല്പര്യങ്ങള്‍ക്കിടയില്‍ ലത്തീന്‍ സമുദായം അമര്‍ന്നുപോകുന്നത് ഇനിയും കണ്ടുകൊണ്ടിരിക്കാന്‍ കഴിയുകയില്ല. അതേസമയം ഇത് മറ്റേതെങ്കിലും ദേശീയപാര്‍ട്ടിയിലേക്ക് പോകാനുള്ള ആഹ്വാനമായും ആരും കരുതേണ്ടതില്ലെന്നും ബിഷപ് കരിയില്‍ വ്യക്തമാക്കി.


Related Articles

മോഹന്‍ലാലിനെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പോലീസ്. മോഹന്‍ലാലിന്റെ സിനിമയിലെ ദൃശ്യം ഉള്‍പ്പെടുത്തി തിരുവനന്തപുരം സ്വദേശി ‘മോഹന്‍ലാല്‍ കൊറോണ

ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്‌ജെ കെസിഎംഎസ് പ്രസിഡന്റ്

കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജക്കോബിയെ തിരഞ്ഞെടുത്തു. ഒബ്‌ളേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ്

പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ 10ന്. പൊതുഗതാഗത വിലക്ക് തുടരുംപൊതുഗതാഗത വിലക്ക് തുടരും

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 10 മണിക്ക്രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*