Breaking News

തീവ്ര ദുരന്താരോഹണത്തില്‍ ന്യൂയോര്‍ക്ക്

തീവ്ര ദുരന്താരോഹണത്തില്‍ ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: കൊറോണവൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനം ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലെത്തി. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് 1,95,655 പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു; മരണസംഖ്യ 10,066 ആയി. അമേരിക്കയിലെ കൊവിഡ് മരണങ്ങളില്‍ പകുതിയോളം ന്യൂയോര്‍ക്കിലാണ്. 23,644 ആണ് അമേരിക്കയിലെ മരണസംഖ്യ. സ്‌പെയിനില്‍ 170,099 പേരും ഇറ്റലിയില്‍ 159,516 പേരും ഫ്രാന്‍സില്‍ 136,779 പേരും ബ്രിട്ടനില്‍ 88,621 പേരും രോഗബാധിതരാണ്.
ന്യൂയോര്‍ക്കിലും ന്യൂ ജേഴ്സിയിലും 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ദിനങ്ങളാണ് കടന്നുപോയത്. ന്യൂജഴ്‌സിയില്‍ 64,584 രോഗികളാണുളളത്. മരണസംഖ്യ 2443 ആയി. 2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ് ന്യൂയോര്‍ക്കിലെ മാത്രം മരണസംഖ്യയെന്ന് അനുസ്മരിച്ച ഗവര്‍ണര്‍ കുവോമോ ദുഃഖസൂചകമായി സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നിര്‍ദേശിച്ചു.
അമേരിക്കയുടെ പശ്ചിമതീരത്താണ് കൊറോണവൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാര്‍ച്ച് ഒന്നിനാണ് ആദ്യത്തെ കൊറോണബാധ സ്ഥിരീകരിച്ചത്.ന്യൂയോര്‍ക്ക് നഗരത്തിലെ ജാവിറ്റ്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ ആര്‍മി കോര്‍ എന്‍ജിനിയര്‍മാര്‍ താത്കാലിക ആശുപത്രിയാക്കി രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊറോണ പരിശോധനയ്ക്കു വിധേയരാക്കിയത് ന്യൂയോര്‍ക്കിലാണ്. വെന്റിലേറ്ററുകള്‍, മുഖാവരണം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ മുന്‍നിര ശുശ്രൂഷകര്‍ക്കുള്ള സുരക്ഷാസാമഗ്രികള്‍ക്ക് കടുത്ത പ്രതിസന്ധി നേരിട്ട ന്യൂയോര്‍ക്കിലേക്ക് 45,000 ക്ലിനിക്കല്‍ സ്റ്റാഫിനെ മറ്റിടങ്ങളില്‍ നിന്നു നിയോഗിച്ചിരിക്കുകയാണ്.
പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നതിലുണ്ടായ കാലതാമസവും, ഔദ്യോഗിക പ്രതികരണങ്ങളിലുണ്ടായ ആശയകുഴപ്പവും മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടതും തീരുമാനം പ്രഖ്യാപിക്കുന്നതിലുണ്ടായ രാഷ്ട്രീയ ഭിന്നതകളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇതിനിടയില്‍ ആരുമറിയാതെ വൈറസ് അതിവേഗം ന്യൂയോര്‍ക്ക് നഗരത്തില്‍ പടരുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ആരോഗ്യ വകുപ്പിന്റെ മുന്‍ മേധാവി ഡോ. തോമസ് ആര്‍. ഫ്രീഡെന്‍ ചൂണ്ടിക്കാട്ടി. സാമൂഹിക അകലം പാലിക്കാനും ആളുകള്‍ വീട്ടില്‍ കഴിയാനും വ്യാപാരസ്ഥാപനങ്ങളള്‍ അടച്ചിടാനും മറ്റുമുള്ള തീരുമാനം ന്യൂയോര്‍ക്ക് സംസ്ഥാനും നഗരവും ഒന്നോ രണ്ടോ ആഴ്ച മുന്‍പ് നടപ്പാക്കിയിരുന്നെങ്കില്‍ രോഗബാധിതരുടെ എണ്ണം പകുതികണ്ടെങ്കിലും കുറയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിയില്‍ പുതുതായി പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടാകുന്നുണ്ടെങ്കിലും മരണസംഖ്യ ഏതാനും ദിവസം കൂടി ഉയരാനാണു സാധ്യതയെന്ന് ഗവര്‍ണര്‍ കുവോമോ പറഞ്ഞു. പത്തും പതിനഞ്ചും ദിവസം വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ സൗഖ്യംപ്രാപിക്കുക പ്രയാസമാണ്. കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ മരണത്തിനു കീഴടങ്ങുകയാണ്. 4,604 രോഗികള്‍ തീവ്രപരിചരണ യൂണിറ്റുകളിലുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെങ്കിലും മൊത്തം രോഗികളുടെ എണ്ണത്തിന്റെ ഗ്രാഫിലെ ഉയര്‍ന്ന വളവ് നിവര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
ന്യൂ ജേഴ്സിയില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 60870 ആണ്.
ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ മരിക്കുന്നവരില്‍ കൂടുതലും ആഫ്രോ-അമേരിക്കക്കാരും സ്പാനിഷ് സംസാരിക്കുന്ന ലാറ്റിനമേരിക്കന്‍ (ലറ്റീനോ) ഹിസ്പാനിക് വംശജരുമാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജനസംഖ്യാവിഹിതം നോക്കിയാല്‍ ഒരു ലക്ഷം ലറ്റീനോ വംശജരില്‍ 22 മരണവും, കറുത്തവര്‍ഗക്കാരില്‍ 20 മരണവും, വെള്ളക്കാരില്‍ 10 മരണവും, ഏഷ്യക്കാരില്‍ എട്ടു മരണവും സംഭവിക്കുന്നതായാണ് കാണുന്നതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദെ ബ്ലാസിയോ പറഞ്ഞു.
ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ, യാത്രാ ട്രെയിന്‍, ബസുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരില്‍ 41 പേര്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു; നഗര ഗതാഗത സംവിധാനത്തിന്റെ ചെയര്‍മാന്‍ ഉള്‍പ്പെടെ 6,000 ജീവനക്കാര്‍ വൈറസ് ബാധിച്ച് ഐസൊലേഷനിലാണ്. ജീവനക്കാരില്‍ അധികവും കറുത്തവര്‍ഗക്കാരും ലറ്റീനോകളുമാണെന്ന് ഗവര്‍ണര്‍ കുവോമോ പറഞ്ഞു. ഇന്നു രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ 50 സംസ്ഥാനങ്ങളിലായി 587,175 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് മരണസംഖ്യ 23,644 കടന്നു. പതിനായിരത്തിലേറെ രോഗബാധിതരെ കണ്ടെത്തിയ 10 സംസ്ഥാനങ്ങളുണ്ട് യുഎസില്‍.


Tags assigned to this article:
covidjeeva newsjeevanaadamnew york

Related Articles

“കിഴക്കഅമ്പലത്ത് ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും” വോട്ട് ചെയ്യാനെത്തിയ യുവാവിനെയും ഭാര്യെയെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി: കിഴക്കഅമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ 9 പേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.   കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ്

മ്യൂസിയം ഓഫ് ദ് ബൈബിള്‍

അമേരിക്കയിലെ മ്യൂസിയം ഓഫ് ദ് ബൈബിള്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച കാഴ്ചബംഗ്ലാവുകളിലൊന്നാണ്. 2017 നവംബറിലാണ് ബൈബിള്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നത്. സ്വകാര്യ മേഖലയിലാണ് ഈ സംരംഭം

കോവളത്ത് ലോക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലില്‍ ഇറങ്ങി

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് വിദേശി വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കോവളത്തെ കടലില്‍ ഇറങ്ങി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാര്‍ഡുകള്‍ എത്തുന്നതിന് മുമ്പേയാണ് വിദേശികള്‍ തീരത്തേക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*