തുടരുന്നു കണക്കിലെ കളികള്‍

തുടരുന്നു കണക്കിലെ കളികള്‍

വരവെത്ര, ചെലവെത്ര എന്നു കണ്ടുപിടിക്കലാണല്ലോ കണക്കെഴുത്തിന്റെ അടിസ്ഥാനാവശ്യം. മുന്‍കൂട്ടി ഗണിച്ച് വരവും ചെലവും കണ്ടെത്തുന്നവരാണ് ബജറ്റ് അവതരിപ്പിക്കുന്ന ബുദ്ധിരാക്ഷസന്മാര്‍. കണക്കെഴുത്ത് ഒരു കലയായി വികസിപ്പിച്ചെടുത്തവരാണിവര്‍. ആധുനികകാലത്ത് ഇവരെ ധനമന്ത്രിമാര്‍ എന്നു വിളിച്ചുവരുന്നു. വരവിന്റെയും ചെലവിന്റെയും വഴികള്‍ കൂട്ടിമുട്ടുന്ന കവലയിലാണ് പാവപ്പെട്ടവര്‍ തങ്ങളുടെ അവസാന ബസ് കാത്തുനില്‍ക്കുന്നതെന്ന് മന്ത്രിമാര്‍ക്കറിയാം. അതുകൊണ്ട് പാവങ്ങളെ സുഖിപ്പിക്കാനായി ചില്ലറ പൊടിക്കൈകളൊക്കെ കണക്കില്‍ ചേര്‍ത്തുവയ്ക്കും. ഒരിക്കലുമൊരു ടിവി സെറ്റ് സ്വന്തമായി വാങ്ങാന്‍ കഴിയാത്തവനാണെങ്കിലും ടിവിക്ക് വില കുറയുമെന്ന ബജറ്റ് വാഗ്ദാനം അവനെ സന്തോഷിപ്പിക്കും. ഇനിയെങ്കിലും ഒരു ടിവി വാങ്ങാന്‍ തനിക്കു കഴിയുമെന്ന ഒരിക്കലും നടക്കാത്ത സ്വപ്‌നത്തിലായിരിക്കും അയാള്‍ പിന്നീട് കുറേക്കാലത്തേക്ക്. നിത്യോപയോഗസാധനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന സത്യം പട്ടില്‍പൊതിഞ്ഞ് അവതരിപ്പിച്ചത് ഒരിക്കലുമവന്‍ അറിയുന്നുമില്ല. ഇന്ധനവില അല്പമൊന്നു കൂടിയാല്‍ മതി നാളെ അരിക്കടയിലെ പറ്റുപുസ്തകത്തില്‍ അക്കങ്ങള്‍ കുതിച്ചുയരുമെന്ന് ‘ബഹിഖാത്ത’ (കണക്കുപുസ്തകം) എന്തെന്നറിയാത്ത പാവപ്പെട്ടവന് തിരിയുമോ?
ചെന്തമിഴില്‍ രചിച്ച പ്രശസ്ത ക്ലാസിക് ‘പുറനാനൂറ്’ ഉദ്ധരിച്ചാണ് തമിഴ്‌നാട്ടുകാരിയായ നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. വരവിനും അവതരണത്തിനും കയ്യടി നല്കാതിരിക്കുന്നത് മര്യാദകേടാണ്; പ്രത്യേകിച്ച് വനിതാരത്‌നം ആദ്യമായി ബജറ്റ് അവതരിപ്പിക്കുമ്പോള്‍. രാജാവിന്റെ ആനയ്ക്ക് ദിവസേന നല്കുന്ന ഭക്ഷണത്തിന്റെ കണക്കാണ് സംഘകാല തമിഴ്കൃതിയില്‍ നിന്നു ധനമന്ത്രി ലോക്‌സഭയിലെ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിവരിച്ചത്. ആനയ്ക്ക് ആവശ്യത്തിനു ഭക്ഷണം നല്കിയാല്‍ നല്ലത്, അല്ലെങ്കിലവന്‍ കണ്ടത്തിലിറങ്ങി വിളയെല്ലാം ചവിട്ടിനാശമാക്കുമെന്നാണ് വരികളുടെ അര്‍ഥം. നികുതികള്‍ മര്യാദയ്ക്കടച്ചാല്‍ നല്ലത്, ഇല്ലെങ്കില്‍ ആന കണ്ടത്തിലിറങ്ങിയതുപോലെ സര്‍ക്കാര്‍ നേരിട്ട് നിന്റെയൊക്കെ കുടിലിലെത്തുമെന്നായിരിക്കും ഭവതി ഉദ്ദേശിച്ചത്!
ഓരോ രാജ്യത്തിന്റെയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ഒരു മേഖല ആ രാജ്യത്തിനുണ്ടായിരിക്കും. എണ്ണ കുഴിച്ചെടുക്കലും ചെറുകിടവ്യവസായങ്ങളും ഭക്ഷണസാമഗ്രികളുടെ ഉത്പാദനവും ആയുധക്കച്ചവടവുമൊക്കെ വിവിധ രാജ്യങ്ങളുടെ നട്ടെല്ലാണ്. ഇന്ത്യയുടെ നട്ടെല്ല് ഏറെക്കാലമായി കാര്‍ഷികമേഖലയാണ്; നട്ടെല്ല് തളര്‍ന്നിട്ടും കുറച്ചുകാലമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കര്‍ഷക ആത്മഹത്യ 47 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്ക്. ധനമന്ത്രിമാര്‍ നല്ല ഭിഷഗ്വരന്മാരാണെങ്കില്‍ തളര്‍ന്ന നട്ടെല്ലിനാണ് ആദ്യം ചികിത്സ നല്‌കേണ്ടിയിരുന്നത്. വാതത്തിന് ഇന്ന മരുന്ന് ഉപയോഗിക്കും, കഫക്കെട്ടിന് ഈ മരുന്ന് നല്കും എന്നൊക്കെ വൈദ്യന്മാര്‍ തേരപ്പാരെ പറഞ്ഞുകൊണ്ടു മാത്രമായില്ലല്ലോ. മരുന്നു നല്കാതെ രോഗം മാറില്ലല്ലോ! നിര്‍മല സീതാരാമനും ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചതല്ലാതെ അതു നടപ്പാക്കുമെന്ന് ഖണ്ഡിതമായി പറഞ്ഞിട്ടില്ല.
കൃഷി ഓരോ ദിവസം കഴിയുന്തോറും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഒരു ശീലമാക്കുകയും ചെയ്തിരിക്കുന്ന രാജ്യത്ത് കര്‍ഷകരെ അവഗണിച്ച ബജറ്റാണിത്. അതല്ലെങ്കില്‍ കാലങ്ങളായി ബജറ്റില്‍ കര്‍ഷകരെ അവഗണിക്കുന്നതിന്റെ തുടര്‍ച്ചയാണെന്നും പറയാം. കര്‍ഷകരുടെ നഷ്ടം നികത്താന്‍ നേരത്തെ നരേന്ദ്ര മോദി പ്രഖ്യാപിച്ച വരുമാന കൈമാറ്റ പദ്ധതിക്ക് വകയിരുത്തിയതു തന്നെയാണ് ബജറ്റിലും ആവര്‍ത്തിച്ചിരിക്കുന്നത്. ആ പദ്ധതി നടപ്പായാല്‍ കര്‍ഷകര്‍ക്ക് പ്രതിമാസം 500 രൂപ ലഭിച്ചേക്കും. ഇതിന് ആവശ്യമായ അധികവിഹിതം വകയിരുത്തിയിട്ടില്ലെന്നത് വേറെ കാര്യം.
‘ശൂന്യ ബജറ്റ് സ്വാഭാവിക കൃഷി’ (സീറോ ബജറ്റ് നാച്വറല്‍ ഫാമിംഗ്-ഇസെഡ്ബിഎന്‍എഫ്) എന്ന് ധനമന്ത്രി ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചെങ്കിലും എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമായില്ല. സാമ്പത്തിക സര്‍വേയുടെ അടിക്കുറിപ്പില്‍ ‘വായ്പ കൂടാതെ, വിലകൊടുത്തു പുറത്തുനിന്നു വാങ്ങേണ്ട യാതൊന്നിനും പണം ചെലവഴിക്കാതെയുളള കൃഷിരീതി’ എന്നാണ് വിശദീകരണം. ചെലവില്ലാത്തതോ ചെലവു കുറഞ്ഞതോ ആയ കൃഷിരീതിയെന്ന് തത്ക്കാലം ഇതിനെ വിശേഷിപ്പിക്കാം. അതോടൊപ്പം ഉത്പാദനം ഇരട്ടിയാക്കുമെന്നും പറയുന്നുണ്ട്. ഉയര്‍ന്ന ഉത്പാദനവര്‍ധനയും ഉത്പന്ന ലഭ്യതയും വിലത്തകര്‍ച്ചയ്ക്കു കാരണമാകുമെന്ന സാമ്പത്തിക സമവാക്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഉത്പാദകന്റെയും ഉപഭോക്താവിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടത്.
കേന്ദ്രസര്‍ക്കാരുകള്‍ കുറേക്കാലമായി പിന്തുടരുന്ന നവ ഉദാരവത്ക്കരണ നയങ്ങള്‍ രാജ്യത്തിന് ഉപകരിക്കുംവിധത്തില്‍ പുനഃക്രമീകരിച്ചില്ലെങ്കില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനാകില്ല. കാര്‍ഷിക മേഖലയിലെ പൊതുമൂലധന വിഹിതം വര്‍ധിപ്പിക്കുകയും വിലത്തകര്‍ച്ചയ്ക്കു കാരണമായ ഇറക്കുമതി നയം തിരുത്തുകയും വേണം. ഉത്പാദനച്ചെലവും അതിന്റെ പകുതിയും ചേര്‍ത്ത് കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആദായവില നിശ്ചയിക്കണം.
കാര്‍ഷിക വായ്പാപദ്ധതികള്‍ പ്രധാനമായും അഗ്രി ബിസിനസ് സ്ഥാപനങ്ങള്‍ കൈയടക്കുകയാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍നഗരങ്ങളിലെ ശാഖകളിലൂടെയാണ് ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ വിതരണം ചെയ്തത് എന്നത് ഇതിന്റെ തെളിവാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കാര്‍ഷികരംഗം രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്. കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന ധനമന്ത്രിയുടെ വാക്കുകള്‍ പതിവ് വാചകമടിയല്ലാതെ പ്രതിസന്ധി പരിഹരിക്കാന്‍ ഉപകരിക്കില്ലെന്ന് തോന്നാന്‍ കാരണമിതാണ്.
പൊതുമേഖല
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ അവഗണന തന്നെയാണ്.
എഫ്എസിടി, എച്ച് എം ടി, എച്ച്ഒസി തുടങ്ങിയവ നിലനില്പിന് കഷ്ടപ്പെടേണ്ടിവരുമെന്നാണു സൂചന. 1,25,000 കോടി സമാഹരിക്കാനുള്ള ഓഹരി വില്പനയില്‍ കൊച്ചി കപ്പല്‍ശാലയുടെ ഓഹരികളും ഉള്‍പ്പെടുമെങ്കിലും ബജറ്റ് വിഹിതം പേരിനുമാത്രം. കൊച്ചി തുറമുഖ ട്രസ്റ്റിനും മുന്‍വര്‍ഷത്തേക്കാള്‍ വിഹിതം കുറഞ്ഞു. തുറമുഖ ട്രസ്റ്റിന് 46 കോടി രൂപയാണ് അനുവദിച്ചത്. മുന്‍വര്‍ഷം 67 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ബജറ്റില്‍ 67 കോടി അനുവദിച്ചിരുന്നെങ്കിലും വായ്പയായോ ഓഹരി വില്പനത്തുകയില്‍നിന്നോ സ്ഥലം പാട്ടത്തിനു കൊടുത്തോ പണം സ്ഥാപനം തന്നെ കണ്ടെത്തേണ്ട ഇനത്തിലാണ് ചേര്‍ത്തിരുന്നത്. ഇക്കുറി പണം അനുവദിച്ചിട്ടുള്ളത് ഏതിനത്തിലാണെന്നു വ്യക്തമാക്കിയിട്ടില്ല.
കൊച്ചി കപ്പല്‍ശാലയുടെ വിഹിതവും
കുത്തനെ കുറഞ്ഞു. ഓഹരി വില്പനയുടെ ഭാഗമായാണെങ്കിലും 600 കോടി രൂപ ബജറ്റില്‍ കപ്പല്‍ശാലയ്ക്കു വകയിരുത്തിയിരുന്നു. ഇക്കുറി അത് 495 കോടിയായി. കൊച്ചി കപ്പല്‍ശാലയുടെ നിലനില്‍പ്പ് ഓരോ വര്‍ഷവും അപകടത്തിലാകുകയാണ്. ഫാക്ടിന് ഈ ബജറ്റിലും നയാപൈസയില്ല. ദീര്‍ഘകാല ആവശ്യമായ 991 കോടി രൂപയുടെ പാക്കേ
ജും അനുവദിച്ചില്ല. യൂറിയ, അമോണിയ
പ്ലാന്റുകളുടെ വികസനം ഉടന്‍ ഉണ്ടാകുമെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള വാഗ്ദാനവും നടപ്പായില്ല.
എച്ച്എംടിയുടെ കളമശേരി യൂണിറ്റിനും ബജറ്റില്‍ ഒന്നുമില്ല. ആദ്യ എന്‍ഡിഎ സര്‍ക്കാര്‍ എച്ച്എംടി സ്വകാര്യവല്‍ക്കരണത്തിനും ഭൂമി വിറ്റഴിക്കലിനും വേഗം കൂട്ടുകയായിരുന്നു.
ഫാക്ട് പ്രതിസന്ധി പരിഹരിക്കുന്നതിന് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി പുനരുദ്ധാരണ പാക്കേജ് മുന്നോട്ടുവച്ചിരുന്നു. ആദ്യ മോദി സര്‍ക്കാര്‍ ഇവ നടപ്പാക്കാമെന്ന് നല്‍കിയ ഉറപ്പ് പാലിച്ചില്ല. ഇതിനിടെ 408 ഏക്കര്‍ ഭൂമി പണയത്തില്‍ 1000 കോടി രൂപ നല്‍കിയെങ്കിലും അതിന്റെ തിരിച്ചടവും പലിശയും നികുതിയും ബാധ്യതയായി. രാസവള സബ്‌സിഡി കൃത്യസമയത്ത് നല്‍കാത്തതും ദേശീയ ശരാശരി നിലവാരത്തില്‍ എല്‍എന്‍ജി ലഭ്യമാക്കാത്തതും ഫാക്ടിന്റെ പ്രതിസന്ധി കൂട്ടുന്നു.
ഭൂമി കൈമാറുമ്പോള്‍ നടപ്പാക്കാമെന്നേറ്റ പാക്കേജും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 170 ഏക്കര്‍ റിഫൈനറിക്ക് കൈമാറിക്കഴിഞ്ഞു. 450 ഏക്കറിന്റെ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാകുന്നു. ഫാക്ടിന് ഭൂമി നഷ്ടപ്പെടുകയും പുനരുദ്ധാരണ പാക്കേജ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
വിദ്യാഭ്യാസം
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ 50 കോടിയോളം പ്രത്യക്ഷ ഉപഭോക്താക്കളാണുള്ളത്. പക്ഷെ ഇവര്‍ക്കായി നീക്കിവച്ചിരിക്കുന്നത് 94854 കോടി രൂപയാണ്. അതായത് ഒരു കുട്ടിക്ക് വെറും 2000ത്തില്‍ താഴെ. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാര്യം തന്നെയാണോ നിര്‍മലാ സീതാരാമന്‍ പറഞ്ഞതെന്ന് സംശയിച്ചുപോകും. കാരണം കണക്കുകള്‍ യാഥാര്‍ഥ്യത്തിന്റെ അടുത്തെങ്ങും എത്തുന്നില്ല. ആരോഗ്യം, വനിതകളും കുട്ടികളും തുടങ്ങി മറ്റു മേഖലകളില്‍ പലതിലും പേരിന് പണം നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് കാര്യമായ വര്‍ധനയൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രം. രാജ്യത്തെ ആരോഗ്യമേഖല കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ബീഹാറിലെ കുട്ടികളുടെ കൂട്ടമരണവും കേരളത്തിലെ നിപാ വ്യാപനവും വടക്കുകിഴക്കന്‍ മേഖലകളില്‍ പടര്‍ന്നുപിടിക്കുന്ന മാരകമായ പനികളും ബജറ്റ് കണ്ടതേയില്ലെന്നു പറയേണ്ടിവരും. മാധ്യമങ്ങളില്‍ പ്രത്യേകിച്ച് ദേശീയ മാധ്യമങ്ങളില്‍ ബജറ്റിനെക്കുറിച്ച് കാര്യമായ വിമര്‍ശമൊന്നും കണ്ടില്ല. ഒന്നുകില്‍ പതിവിന്‍പടി ബജറ്റെന്ന് അവഗണിച്ചതാകാം. എങ്കില്‍ വലിയ കുഴപ്പമില്ല. അതേസമയം സാമ്പത്തിക വിദഗ്ധരല്ലാത്തവര്‍ക്കുപോലും കണ്ടെത്താനാകുന്ന പോരായ്മകളുള്ള ബജറ്റിനെ പുകഴ്ത്താന്‍ മാത്രം ഒരുമ്പെടുക എന്നത് വലിയൊരു ദുഃസൂചനയായി കാണണം. ഈ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരായി മാറുകയാണോ എന്ന സംശയം.
ഗാന്ധിയന്‍ മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി ഗാന്ധിപീഡിയ എന്ന സംവിധാനം നടപ്പാക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. മഹാത്മാഗാന്ധിയുടെ 150-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇത്തരമൊരു പ്രഖ്യാപനമെന്നത് ശ്രദ്ധേയം. ഗാന്ധിജി ലോകത്തിന് പകര്‍ന്നുനല്‍കിയ മഹത്തായ ആദര്‍ശങ്ങളും മൂല്യങ്ങളും യുവജനതയ്ക്ക് പരിചയപ്പെടുത്തുകയാണ് ഗാന്ധിപീഡിയയിലൂടെ ലക്ഷ്യമിടുന്നത്. അത്തരം ആദര്‍ശങ്ങളും മൂല്യങ്ങളും പകര്‍ന്നുനല്കിയ വ്യക്തിയെ പൊതുജനമധ്യത്തില്‍ വെടിവെച്ചുകൊന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്നും ഗാന്ധിപീഡിയ വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കാം.
75 വര്‍ഷം അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട രാജ്യം (ജനങ്ങള്‍) ഇനി കടമകള്‍ക്കു വേണ്ടി കൂടി നിലനില്‍ക്കണമെന്ന് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കുന്നുണ്ട്. നാവടക്കൂ പണിയെടുക്കൂ എന്ന് പണ്ടൊരു ഭരണാധികാരി ഇക്കാര്യം വളരെ ലളിതമായി പറഞ്ഞിട്ടുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.


Related Articles

നവോഥാന മതിൽ വെള്ളാപ്പള്ളിക്കെതിരെ ഷാജി ജോർജ്‌

കൊച്ചി : കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വിഭാഗീയത വളര്‍ത്താനാണ് ഉപകരിക്കുന്നതെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്

സ്നേഹത്തിന്റെ വീടൊരുക്കി പ്രാക്കുളം ഇടവക.

  പ്രാക്കുളം: ഐപ്പുഴ- പ്രാക്കുളം ഇടവകയുടെ ആഭിമുഖ്യത്തിൽ ഒരു അമ്മക്കാണ് വീടൊരുക്കിയത്. ഇടവക വികാരി ഫാ. ജോ ആന്റണി അലക്സിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങളാണ് ഈ മഹത്തരമായ

ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍

  അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്‌ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ തനിക്കാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സര്‍വസൈന്യാധിപനും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*