തെക്കുതെക്കൊരു ദേശത്ത്: വിമോചനസമര മുദ്രാവാക്യത്തിൻറെ ചരിത്രം

നെഞ്ചിടിപ്പുകളുടെയും ഏങ്ങലടികളുടെയും ദിനങ്ങള്‍ നല്കിയ ജൂലായ് പിന്‍വാങ്ങുകയാണ്. ഇക്കാലത്ത് മാത്രമല്ല പണ്ടും ജൂലൈ മാസം കണ്ണീര്‍മഴ സമ്മാനിച്ചിട്ടുണ്ട്. 1959ലെ വിമോചനസമരകാലം. അക്കൊല്ലത്തെ ജൂലൈ മാസത്തിലെ ചില ദിനങ്ങള്‍ ചുവന്നത് പൊതുഅവധി അടയാളപ്പെടുത്തുന്ന കലണ്ടറിലെ ചുവന്നമഷി കൊണ്ടല്ല. പിന്നെയോ പൊലീസ് നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊന്ന സാധാരണക്കാരുടെ ചുടുനിണം കൊണ്ടാണ്.
1957 ജൂലൈ 7ന് അന്നത്തെ കേരളസര്‍ക്കാര്‍ വിദ്യാഭ്യാസബില്‍ പ്രസിദ്ധപ്പെടുത്തിയതോടുകൂടിയാണ് വിമോചന സമരത്തിലേക്ക് കേരളം നടന്നു നീങ്ങിയത്. 1957 ജൂലൈയ് 13ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി നിയമസഭയില്‍ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള നാളുകള്‍ പ്രതിഷേധങ്ങള്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ 1959 ജൂണ്‍ 12ന് വിമോചനസമരം പ്രഖ്യാപിക്കപ്പെട്ടു. ആ ദിവസത്തെ ഹര്‍ത്താല്‍ പൂര്‍ണ വിജയമായിരുന്നു. സംസ്ഥാനം സ്തംഭിച്ചു. തുടര്‍ദിവസങ്ങളില്‍ ജില്ലാ ആസ്ഥാനങ്ങളിലെ അധികാരകേന്ദ്രങ്ങളില്‍ സമരക്കാര്‍ പിക്കറ്റിങ് ആരംഭിച്ചു. പ്രത്യക്ഷസമരത്തിന്റെ രണ്ടാം ദിനം ജൂണ്‍ 13ന് രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വെടിവെയപ് നടന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേര്‍ അടുത്ത ദിവസം മരിച്ചു. പൈലി പാപ്പച്ചന്, മാടശേരി ദേവസി, ചെമ്പശേരി കൊച്ചുവറീത്, മുക്കട പള്ളന്‍ വറീത്, കൊഴിക്കൊട്ട പൈലി, കുര്യപ്പന് വര്‍ഗീസ്, കോലഞ്ചേരി കുഞ്ഞവിര പൗലോസ് എന്നിവരാണ് മരിച്ചത്. ഇതില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ തൊഴിലാളികളുമായിരുന്നു.
അങ്കമാലി വെടിവെയപിന്റെ രണ്ടാം ദിവസം തിരുവനന്തപുരം പുല്ലുവിളയിലും വെട്ടുകാടും നടത്തിയ പിക്കറ്റിങ് അക്രമാസക്തമായി. വെട്ടുകാടില്‍ മാധവപുരം ഗവണ്മെന്റ്സ്കൂള് പിക്കറ്റിങ്ങില്‍ കല്ലേറും നടന്നു. പിന്നീട് ലാത്തിചാര്‍ജും. വെടിവെയ്പില്‍ ജോണി ഫെര്‍ണാണ്ടസ്, ജോണ്‍ നെറ്റോ, മരിയന്‍ എന്നിവര്‍ മരിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലെ പുല്ലുവിളയില്‍ മുഹമ്മദന്‍ ഗവണ്മെന്റ് എല്‍. പി. സ്കൂള്‍ പിക്കറ്റ് ചെയ്ത മൈക്കിള്‍ യാക്കോബ്, രാജപ്പന് എന്നിവരും പൊലീസ് വെടിവെയ്പില്‍ മരിച്ചു. രണ്ടിടത്തുമായി അഞ്ചുപേരുടെ മരണം.
ജൂലൈ മൂന്നിന് ചെറിയതുറയില്‍ വെടിവെയ്പ് ഉണ്ടായി. അവിടെ ഗര്‍ഭിണിയിയായ ഫ്ളോറി, ആന്റണി സില്‍വ, ലാസര്‍ എന്നിവര്‍ കൊല്ലപ്പെട്ടു. അഞ്ചുകുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ ഫ്ളോറിയുടെ മൃതദേഹത്തിന് അരികെ ബന്ധുക്കള്‍ നിലവിളിക്കുന്ന ചിത്രങ്ങള്‍ പത്രങ്ങള്‍ അച്ചടിച്ചു. സമരത്തിന്റെ രൂപവും ഭാവവും മാറി.
59 ദിവസം നീണ്ടുനിന്ന വിമോചന സമരം വിവരിക്കാനല്ല ഇതൊക്കെ കുറിച്ചത്. ശീര്‍ഷകമായി കുറിച്ച മുദ്രാവാക്യത്തിന്റെ കഥ പറയാനാണ്. 1957ല്‍ കേരളപിറവിക്കു ശേഷം മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങള്‍ നമ്മുടെ രാഷ്ട്രീയചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളാണ്. രാഷ്ട്രീയകേരളത്തില്‍ ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാത്തവര്‍ തീരെ ഉണ്ടാകില്ല. ആവേശം നല്കിയ നൂറുകണക്കിനു മുദ്രവാക്യങ്ങള്‍. അവയില്‍ നിന്നൊരു തിരഞ്ഞെടുപ്പുനടത്തിയാല്‍ മുദ്രാവാക്യരാജ്ഞി പിറന്നുവീണത് വിമോചന സമരകാലത്താണെന്ന് മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് പുളിക്കന്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മലയാളം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രപുസ്തകത്തില്‍ പ്രഖ്യാപിക്കുന്നു.
തെക്കുതെക്കൊരു ദേശത്ത്
അലമാലകളുടെ തീരത്ത്
ഭര്‍ത്താവില്ലാ നേരത്ത്
ഫ്ളോറിയെന്നൊരു ഗര്‍ഭിണിയെ
ചുട്ടുകരിച്ചൊരു സര്‍ക്കാരേ
ഞങ്ങടെ ചങ്കിലെ ചോരയ്ക്ക് നിങ്ങടെ
കൊടിയുടെ നിറമാണെങ്കില്‍
ആ ചെങ്കൊടിയാണേ കട്ടായം
പകരം ഞങ്ങള്‍ ചോദിക്കും
ഈ മുദ്രാവാക്യം ആരാണ് എഴുതിയതെന്ന ചോദ്യം പ്രസ്ക്തമാണ്. കാരണം അത്രമേല്‍ മലയാളി ഈ മുദ്രാവാക്യത്തെ മനസില്‍ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്. 50 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിമോചന സമരത്തിലും ഇപ്പോള്‍ നടക്കുന്ന സമരങ്ങളിലും ഈ മുദ്രാവാക്യത്തിന്റെ അലകള്‍ ഉയരുന്നു.
മുദ്രാവാക്യരചയിതാവിനേക്കുറിച്ചുള്ള നമ്മുടെ അന്വേഷണം ചെന്നെത്തുന്നത് എന്‍. എസ് മാധവന്റെ ‘ലന്തന്‍ ബെത്തേരിയിലെ ലുത്തിനിയകള്‍’ എന്ന നോവലിലാണ്. അദ്ദേഹം നോവലില്‍ മുദ്രാവാക്യ രചനയെക്കുറിച്ച് ഇങ്ങനെ എഴുതി:”ആര്‍എസ്പിയുടെ നേതാവ് പ്രാക്കുളം ഭാസിയുടെ എറണാകുളത്തുള്ള സീവ്യൂ ഹോട്ടലില്‍ വിമോചനസമരം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് കൗമുദി വാരികയുടെ പത്രാധിപരും ഞാന്‍ ജനിച്ച സമയത്ത് തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകനുമായ കെ. ബാലകൃഷ്ണനും എത്തി. അധികം താമസിയാതെ കമ്യൂണിസ്റ്റ് വിരുദ്ധ ചിന്തയുടെ ആചാര്യനെന്നു പേരെടുത്ത നാടകകൃത്ത് സി. ജെ തോമസും വന്നുചേര്‍ന്നു. അതോടെ മലയാളത്തിലെ മുദ്രാവാക്യങ്ങള്‍ മാറി. റോഡുകളില്‍ ചുണ്ണാമ്പുകൊണ്ടും കീലുകൊണ്ടും അവ എഴുതപ്പെട്ടു. വിമോചനസമരക്കാരുടെ തൊണ്ടകളിലും കേള്‍വിക്കാരുടെ ഓര്‍മകളിലും ഈ മുദ്രാവാക്യങ്ങള്‍ നിത്യമായി കുരുങ്ങി. ചെറിയതുറ വെടിവെയ്പില്‍ മരിച്ച ഫ്ളോറിയെ കേരളം മുഴുവന്‍ അറിയിച്ചത് സീവ്യൂ ഹോട്ടലില്‍ നിന്നിറങ്ങിയ ആറു വരികളുടെ ആറു കോറലുകള്‍ കൊണ്ടു വരച്ച ഈ ജലവും കടുംചായവും കൊണ്ടെഴുതിയ ചിത്രമായിരുന്നു.”
മുദ്രാവാക്യങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു സത്യമുണ്ട്. ഒരു സമുഹത്തിന്റെ അടിച്ചമര്‍ത്തപ്പെട്ട ആശങ്കകളുടെയും അവകാശങ്ങളുടെയും അമര്ഷങ്ങളുടെയും ബഹിര്ധാരകള് തന്നെയാണ് മുദ്രാവാക്യങ്ങള്‍. അവരുടെ ആശങ്കകള്‍ തീരുംവരെ ആ മുദ്രാവാക്യങ്ങള്‍ക്കും മരണമില്ല. ജനങ്ങളുടെ ആകുലതകള്‍ വിസ്മരിക്കുന്ന അധികാരികള്‍ ഇതോര്മിക്കുന്നത് നന്ന്.
Related
Related Articles
മൂന്നു ശതാബ്ദങ്ങളില്‍ ജീവിച്ച സമുദായ ആചാര്യന്
ബ്രിട്ടീഷുകാര്‍ കൊച്ചി അടക്കിവാണിരുന്ന കാലം. പേരുപോലും ബ്രിട്ടീഷ് കൊച്ചിയെന്നാണ്. ആ കൊച്ചിയിലെ ഒരു പ്രഭാതം ഉണര്‍ന്നത് ഒരു പുതിയ കാഴ്ചയുമായാണ്. അമരാവതി റോഡരികിലുള്ള പീടികയ്ക്ക് മുകളിലെ ഒഴിഞ്ഞ
ഭാവിയിലേക്കുള്ള നടവഴികള്‍ തുറന്ന സ്റ്റീഫന്‍ പാദുവ
ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ നേതാവും നിയമസഭാംഗവുമായിരുന്ന സ്റ്റീഫന്‍ പാദുവ ജനിച്ചത് 1914ലെ വര്‍ഷാവസാന ദിനത്തിലാണ്, ഡിസംബര്‍ 31ന.് ജനനംകൊണ്ട് ഒരു കാലത്തെ അദ്ദേഹം വേര്‍തിരിക്കുകയും പുതുവര്‍ഷത്തിന് ആരംഭംകുറിക്കുകയും ചെയ്തു.
മലബാറിലെ മീന്‍ചാപ്പകള്‍
മത്തി അഥവാ ചാള എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെടുന്നത്. വിലക്കുറവ് മാത്രമല്ല സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. ‘കുടുംബം പുലര്‍ത്തി’ എന്നൊരു പേരും മത്തിക്കുണ്ട്. ആരാണീ പേരിട്ടത്