Breaking News

തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍

തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനഫണ്ട് വിനിയോഗിച്ച പാര്‍ലമെന്റ് അംഗത്തെ എന്തുകൊണ്ട് പ്രമുഖരാഷ്ട്രീയപാര്‍ട്ടി തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒഴിവാക്കിയെന്നത് നാളെ വലിയൊരു ചോദ്യമായി ഉയര്‍ന്നുവന്നേക്കാം. പകരക്കാരന്‍ വിജയിച്ചില്ലെങ്കില്‍ മാറ്റം വലിയൊരു ഭൂകമ്പമായി മാറാനും സാധ്യതയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അതികായനായിരുന്ന സിറ്റിംഗ് എംപി അനഭിമതനായി മാറിയത് അദ്ദേഹത്തിന്റെ എന്തെങ്കിലും പ്രവൃത്തികള്‍ കൊണ്ടല്ല. അദ്ദേഹത്തെ പാര്‍ട്ടിക്കാരാരും ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിന് കാഹളമുയരുന്നതിനു മുമ്പേ സോഷ്യല്‍മീഡിയകളില്‍ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹമുണ്ടാക്കിയ നേട്ടങ്ങള്‍ എണ്ണിപ്പറയാനും പ്രായത്തെ തള്ളിപ്പറയാനും തുടങ്ങിയിരുന്നുവെന്നത് ശ്രദ്ധിക്കണം. മണ്ഡലത്തിലെ പ്രമുഖ എതിരാളി ഒരു ചെറുപ്പക്കാരനായതോടെ യൗവനം യൗവനത്തെ നേരിടട്ടെ എന്ന താത്വികലൈനിലേക്ക് എത്താന്‍ പാര്‍ട്ടി നേതൃത്വത്തിനും എളുപ്പമായി. സീനിയര്‍ നേതാവിന് സീറ്റ് ലഭിച്ചിരുന്നെങ്കില്‍ ആക്രമണം മുറുകുമായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. വനിതാ യുവനേതാവിനെ തോല്പിച്ച പാരമ്പര്യമുണ്ടെങ്കിലും ഇത്തവണ അടിതെറ്റാന്‍-തെറ്റിക്കാന്‍ സാധ്യതയേറെ ആയിരുന്നു.
തൊട്ടടുത്ത മണ്ഡലത്തിലും സ്ഥിതിഗതികള്‍ക്ക് ഏറെക്കുറേ സാമ്യമുണ്ട്. അവിടെയും സിറ്റിംഗ് എംപിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രത്യേക യുദ്ധമുറി തുറന്നിരുന്നു. ഫണ്ട് വിനിയോഗത്തില്‍ സീനിയര്‍ നേതാവിന്റെ തൊട്ടടുത്താണ് ഇദ്ദേഹത്തിന്റെ സ്ഥാനമെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ട്രെന്‍ഡിംഗ്, ‘ഇങ്ങേര്‍ക്ക് സിനിമയില്‍ തന്നെ അഭിനയിച്ചാല്‍ പോരായിരുന്നോ’ എന്നാണ്. ഒന്നിനും കൊള്ളാത്തവനെന്നും രോഗിയെന്നും മന്ദബുദ്ധിയെന്നും അദ്ദേഹം വിളിക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് എംപിക്കു പറയേണ്ടി വരുന്നിടം വരെയെത്തി ആരോപണങ്ങള്‍. പക്ഷേ ആ നിഷേധം അനുഗ്രഹമായി മാറി. സോഷ്യല്‍മീഡിയ ശാന്തമാകുകയും അടുത്ത ഇരയ്ക്കായി കാത്തിരിക്കുകയും ചെയ്ത വേളയില്‍ തികച്ചും അപ്രതീക്ഷിതമായി സിറ്റിംഗ് എംപി തന്നെ മത്സരരംഗത്തെത്തി. പാര്‍ട്ടിക്ക് ശക്തനായ ഒരു പകരക്കാരനെ അവിടെ കണ്ടെത്താനായില്ല എന്നുവേണം കരുതാന്‍. പക്ഷേ മാധ്യമങ്ങള്‍ ഏല്പിച്ച ക്ഷതം ഇപ്പോഴും ശേഷിക്കുകയാണ്. അത് ജയപരാജയങ്ങളെ നിശ്ചയിക്കാന്‍ തക്കവിധത്തില്‍ ശക്തവുമാണ്. വടകരയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥിയെ മാറ്റി മറ്റൊരു ജില്ലയില്‍ നിന്ന് മുതിര്‍ന്ന നേതാവിനെ കൊണ്ടുവന്നതിലും സോഷ്യല്‍മീഡിയയുടെ പങ്ക് ചെറുതല്ല.
ഈ മണ്ഡലങ്ങളില്‍ മാത്രമല്ല രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ഒരു നിഴല്‍യുദ്ധം നടന്നുവരികയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ അതിശക്തമായി ഇടപെടാന്‍ കഴിവുള്ള വന്‍ശക്തിയായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. ആരോടും ഒരു ബാധ്യതയുമില്ലാത്ത ഈ കൂലിപ്പട്ടാളമാണ് പൊതുതെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ ഉന്നതവോട്ടര്‍മാരെ സ്വാധീനിക്കുക. പാടത്തുപണിയുന്നവനും പോക്കറ്റില്‍ ജി മാര്‍ക്കുള്ള ഫോണില്ലാത്തവനും ടിവിയില്‍ സീരിയലുകള്‍ മാത്രമെ കാണൂ എന്നു വാശിപിടിക്കുന്ന വീട്ടമ്മമാരും ഈ നിഴല്‍യുദ്ധത്തില്‍ ഒരു പരിധിവരെ ഇരയാക്കപ്പെടില്ല. പക്ഷേ ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയിലധികം പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് ഓര്‍ക്കുക. ഇവരില്‍ വോട്ടവകാശമുള്ളവരില്‍ ഭൂരിപക്ഷവും സ്വന്തമായി മൊബൈല്‍ഫോണുള്ളവരും അതില്‍ തന്നെ നല്ലൊരു പങ്കും സാമൂഹ്യമാധ്യമങ്ങളുടെ അടിമകളുമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പുറത്തെടുത്ത കളികളുടെ മറ്റൊരു പതിപ്പാണ് 2019ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിരിക്കുന്നത്. കൂടുതല്‍ പണം ചെലവാക്കി മാധ്യമങ്ങളെ സ്വാധീനിക്കുന്നവരും നന്നായി നുണപറയുന്നവരും തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അതിശയോക്തിയില്ല.
മനസുകളെ കൗശലം കൊണ്ട് എങ്ങനെ സ്വാധീനിക്കാമെന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ മുഖ്യഅജണ്ട. ഇത്തവണ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നിര്‍ദേശം കമ്മീഷന്‍ പുറപ്പെടുവിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ശക്തി എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തി തരുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ദേശം.
ഇന്ത്യയില്‍ 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിജിറ്റല്‍ മീഡിയയെ നന്നായി പ്രയോജനപ്പെടുത്തിയ പാര്‍ട്ടിയായിരുന്നു ബിജെപി. അധികാരത്തിലേറാന്‍ അവരെ വലിയ തോതില്‍ സഹായിച്ചത് ഡിജിറ്റല്‍ മീഡിയയായിരുന്നു. ഇക്കാര്യം ഇന്ത്യയിലെ മറ്റ് പാര്‍ട്ടികള്‍ക്കും നന്നായി ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ ഇപ്പോള്‍ ഡിജിറ്റല്‍ മീഡിയ സെല്ലിന് രൂപം നല്‍കിയിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ വലിയ തോതില്‍ വളര്‍ന്നുവെന്നതും ശ്രദ്ധേയം. സ്വന്തം പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയുടെയും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ എതിരാളികളെ താറടിക്കുന്നതിലാണ് സോഷ്യല്‍ മീഡിയ ശ്രദ്ധ ചെലുത്തുന്നതെന്നു മാത്രം.
ബിജെപിക്കു പുറമേ കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടിക്കും മറ്റു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഡിജിറ്റല്‍ മീഡിയ കൈകാര്യം ചെയ്യാന്‍ സര്‍വസജ്ജമായ സംഘങ്ങളുണ്ട്. ഈ ടീമാണു വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ അര്‍ഥത്തിലും ഡിജിറ്റല്‍ മീഡിയയുടെ ശക്തിപ്രകടനം കൂടിയായിരിക്കും. സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇത്തരം മാധ്യമങ്ങളില്‍ പ്രവേശിച്ച് അവിടെ എതിരാളികള്‍ക്കെതിരെ ചെയ്തിട്ടിരിക്കുന്ന വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കുകയെന്ന ദൗത്യം മാത്രമേ നിര്‍വഹിക്കാനുള്ളു.
ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന നവമാധ്യമങ്ങളിലൊന്നു ഫേസ്ബുക്കാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് യൂസര്‍മാരുടെ എണ്ണം 30 കോടിയാണ്. കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ എത്രയോ ഇരട്ടിയാണിത്! ഫേസ്ബുക്ക് യൂസര്‍മാര്‍ 30 കോടിയുണ്ടെന്നു കണക്കുകള്‍ പറയുമ്പോള്‍ വ്യാജ വാര്‍ത്തയ്ക്കു വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നു കൂടി മനസിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഒഴിവാക്കാനുള്ള കഠിന പ്രയത്‌നമാണു ഫേസ്ബുക്ക് ഇപ്പോള്‍ നടത്തുന്നത്. കാരണം 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കളങ്കം ഇനി സംഭവിക്കരുതെന്നു ഫേസ്ബുക്ക് ആഗ്രഹിക്കുന്നുണ്ട്. ഒരു പുതിയ തൊഴില്‍മേഖല ഇതു തുറന്നിടുന്നു എന്നതും വാസ്തവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ യാഥാര്‍ഥ്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നത് ഇന്ന് അസാധാരണ കാര്യമല്ല. വാട്‌സ് ആപ്പിലൂടെ കേരളത്തില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും വിജയിപ്പിക്കുകയും ചെയ്ത കാര്യം ഓര്‍മിക്കുമല്ലോ. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ വസ്തുതാവിരുദ്ധവും വ്യാജവുമായ നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വസ്തുതാ വിരുദ്ധവും, വ്യാജവുമായ കാര്യങ്ങള്‍ പ്രചരിക്കുന്നത് ഫാക്റ്റ്‌ചെക്കര്‍മാര്‍ക്ക് (എമര േഇവലരസലൃ) വലിയൊരു അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. വസ്തുത പരിശോധിക്കുന്നവരെയാണു ഫാക്റ്റ്‌ചെക്കര്‍മാര്‍ എന്നു വിളിക്കുന്നത്. ഫാക്റ്റ് ചെക്കര്‍മാരെ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
വ്യാജവാര്‍ത്ത പ്രചരിക്കുന്നത് തടയുകയെന്നതാണു ഫാക്റ്റ് ചെക്കിംഗിലൂടെ ലക്ഷ്യമിടുന്നതെങ്കിലും വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യല്‍, വാര്‍ത്താ സാക്ഷരത പ്രോത്സാഹിപ്പിക്കല്‍ (ജൃീാീശേിഴ ിലം െഹശലേൃമര്യ), സ്പാമറുടെ (ടുമാാലൃ)െ ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ തടയല്‍ എന്നിവയും ഫാക്റ്റ് ചെക്കിംഗിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റ് വഴി അസംബന്ധവും അനാവശ്യവുമായ സന്ദേശങ്ങള്‍ അയയ്ക്കുന്നവരെയാണു സ്പാമറെന്നു വിളിക്കുന്നത്. ഒരു വാര്‍ത്ത തെറ്റാണെന്നു ഫാക്റ്റ്‌ചെക്കര്‍ റേറ്റ് ചെയ്താല്‍ അഥവാ വിലയിരുത്തിയാല്‍ ആ വാര്‍ത്ത ഫേസ്ബുക്കിന്റെ ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടില്ല. അതു വഴി വ്യാജവാര്‍ത്ത പ്രചരിക്കുന്നത് തടയാനുമാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയുന്നതിനു വേണ്ടി ഫേസ്ബുക്ക് ഫാക്റ്റ് ചെക്കിംഗിനായി അഞ്ച് പങ്കാളികളുമായി സഹകരിക്കുകയാണ്. ഇന്ത്യടുഡേ ഗ്രൂപ്പ്, വിശ്വാസ് ഡോട്ട് ന്യൂസ്, ഫാക്റ്റിലി, ന്യൂസ് മൊബൈല്‍, ഫാക്റ്റ് ക്രെസന്‍ഡോ എന്നിവരാണ് ആ അഞ്ചു പേര്‍. ഇവര്‍ ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി, തെലുങ്ക്, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തകളിലെ വസ്തുതയും കൃത്യതയും വിലയിരുത്തും. സ്പാമര്‍മാരെ പ്രതിരോധിക്കാന്‍ ഇതുകൊണ്ടൊക്കെ കഴിയുമോ എന്ന് കണ്ടറിയണം.


Tags assigned to this article:
electionsocial media

Related Articles

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മത്സ്യത്തൊഴിലാളി ദുരിതത്തിൽ

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ചെങ്ങന്നൂർ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ രത്നകുമാർ എന്ന ചെറുപ്പക്കാരനാണ് ഈ ദുരനുഭവം. ചെങ്ങന്നൂർ പാണ്ടനാട് വെച്ചാണ് രത്നകുമാറിന് പരിക്കേറ്റത് അപകടത്തിൽപ്പെട്ട ഒരു യുവാവിനെ രക്ഷിക്കുവാനായി

കടലും ജീവന്റെ നിലനില്‍പ്പും

ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍

പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫിന് സ്വർണ്ണം; ആലപ്പുഴ രൂപതക്ക് അഭിമാന നിമിഷം

ആലപ്പുഴ: റഷ്യയിൽ വച്ച് നടന്ന നാലാമത് ലോക യൂണിവേഴ്സിറ്റിതല പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫ് സ്വർണ്ണം നേടി. പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ 320 കിലോഗ്രാം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*