തെറ്റായ വിശ്വാസ താരതമ്യം

കോവിഡ് 19 അഴിഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ തികച്ചും നിരുത്തരവാദപരമായ പല കാര്യങ്ങളും പലവിധത്തിലുള്ള നേതൃത്വങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഈ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാനും മതവൽക്കരിക്കാനും മൗതീകവൽക്കരിക്കാനും നിരവധിപേർ ശ്രമിക്കുന്നുണ്ട്. അതിൽ പലരും പല ന്യായങ്ങളും പറയുന്നുണ്ട്, കാണുന്നുമുണ്ട്. ചിലതൊക്കെ അവരവരുടെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ ശരിയായിരിക്കാം. എങ്കിലും ചിലതൊക്കെ തീർത്തും നിരാശാജനകമായ തീരുമാനങ്ങളാണെന്നു പറയാതെവയ്യ.
ഞാനുൾപ്പെടുന്ന ക്രൈസ്തവ സഭകളുടെ ചില ആവശ്യങ്ങൾ സ്വയം വിമർശനാത്മകമായേ കാണാൻ സാധിക്കുന്നുള്ളൂ. ലോകത്തിനു വിദ്യയുടെയും അറിവിന്റെയും വെളിച്ചം പകർന്നു നൽകിയവരാണ് ക്രൈസ്തവർ. പാരമ്പര്യങ്ങളുടെ മതിൽക്കെട്ടിൽനിന്നും ക്രിസ്തുവെന്ന വാതിലിലൂടെ പുറത്തേക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങാൻ ഭാഗ്യം ലഭിച്ചവരായിരുന്നു ഓരോ ക്രിസ്ത്യാനിയും. എന്നാൽ ഇന്ന് ക്രിസ്തുവെന്ന വിവേകത്തിന്റെ ജാലകത്തിലൂടെ പുറത്തെക്ക് നോക്കാൻപോലും പലരും മടിക്കുന്നു!
ഈ ദുരിതകാലത്ത് സഭയെ മറ്റു പലരുമായി സ്വയം താരതമ്യം ചെയ്യുന്നതുപോലും വളരെ ലജ്ജാവഹമാണ്. സഭ സ്വാതത്ര്യമെന്നു കരുതി ആവശ്യപ്പെടുന്നത് പലതും അറിവില്ലായ്മകൊണ്ടാണോ അതോ ദൈവീക ഇടപെടലുകളെ മാനിക്കാൻ വയ്യാത്തതുകൊണ്ടാണോ എന്ന് ശങ്കിച്ചുപോകുന്നു.
മദ്യശാലകൾ തുറക്കപ്പെടുന്നതിനാൽ പള്ളികളും തുറക്കപ്പെടണം എന്ന് ശഠിക്കുന്നവർക്ക് മദ്യപാനികളുടെ നിലവാരമേയുള്ളോ? ഇവിടെയാണ് സഭ നടത്തിയ തെറ്റായ താരതമ്യപ്പെടുത്തലുകളുടെ വശം. ചരിത്രത്തിൽ ഉടനീളം തെറ്റായ പ്രബോധനങ്ങളിലൂടെ അംഗങ്ങളെ ആത്മഹത്യയിലേക്ക് നയിച്ച പല മത സംഘടനകളെയും കാണാനാവും. അതുപോലെ സഭയും തലമറന്ന് എണ്ണതേക്കുകയാണോ? അതിമാറാതെ ശപിച്ച ക്രിസ്തുവിന്റെ തീക്ഷണത സഹോദരർക്കുവേണ്ടി കാണിക്കേണ്ട സമയമാണിത്. അതോ കോവിഡ് പടർന്നാലും പള്ളികൾ തുറന്നാൽ മതി എന്ന തീക്ഷ്ണത മാത്രമേയുള്ളോ?
പള്ളികൾ തുറക്കുന്നതും ആരാധനകൾ നടക്കുന്നതും നല്ലതുതന്നെയാണ്. ഒരു വിശ്വാസി എന്നനിലയിൽ അത് ആരും അംഗീകരിക്കും. എന്നാൽ ഇന്നത്തെ ഈ ദുരിതകാലത്തെ കുറച്ചുകൂടെ ആഴമുള്ള വിശ്വാസത്തിൽ എടുക്കാൻ സഭാതലപ്പത്തുള്ളവർ മറന്നുപോകുന്നതുപോലെ തോന്നുന്നു. എല്ലാം പഴയതുപോലെ ചെയ്യാൻ ചിലർ തിടുക്കംകാണിക്കുന്നു. അതിനുവേണ്ടി പല താരതമ്യങ്ങളും നടത്തുന്നത് തെറ്റായ ദിശയിലായിപ്പോകുന്നു. അതിനു കാരണം ഈ തിടുക്കംകൂട്ടലാണ്. ഇത്രമേൽ പലകാര്യങ്ങളും ത്വരിതപ്പെടുത്തേണ്ടിയിരുന്നില്ല!
പള്ളികൾ തുറക്കപ്പെടാൻ തിടുക്കം കാണിക്കുന്നവർ ക്രിസ്ത്യാനികളെന്നനിലയിൽ അവരുടെ സാമൂഹീക പ്രതിബദ്ധതയെ തള്ളിക്കളയുകതന്നെയാണ് ചെയ്യുന്നത്. അതിനു പിന്നിലുള്ള ചില തെറ്റിപ്പോയ വശങ്ങളെ സ്വയം വിമര്ശനത്തോടുകൂടെത്തന്നെ താഴെ ചേർക്കുന്നു.
1. ലോകത്തിൽ മറ്റാരെയുംകാൾ സാമൂഹീക പ്രതിബദ്ധത കാണിക്കേണ്ടവരാണ് ക്രിസ്ത്യാനികൾ. കാരണം ഈശോ പറയുന്നു ദൈവം തന്‍െറ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന് വഴി ലോകം രക്ഷപ്രാപിക്കാനാണ്. (യോഹന്നാന് 3 : 17). ഓരോ ക്രിസ്ത്യാനിയും ഉത്തരവാദിത്വത്തോടെ ഈ മഹാമാരിക്കെതിരെ പ്രവർത്തിക്കേണ്ട സമയമാണിത്. കോവിഡ് 19 ഒരു സാധാരണ അവസ്ഥയല്ല, മറിച്ച് ഒരു ഭീകരമായ ഭീഷണിയാണെന്ന് മനസിലാക്കാത്ത ഒരു ക്രൈസ്തവന് എങ്ങനാണ് സ്വർഗീയ കാര്യങ്ങൾ മനസിലാവുക? ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? യോഹന്നാന് 3 : 12
2. മദ്യപാനികളോട് തങ്ങളെത്തന്നെ താതാത്മ്യപ്പെടുത്തുന്ന ക്രിസ്ത്യാനി തന്റെ മഹത്വത്തെ മനസിലാക്കാത്തവനാണ്. മദ്യശാലകൾ തുറക്കപ്പെടാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ “മദ്യശാലകൾ തുറക്കുന്നതിലൂടെ മദ്യപാനികൾക്ക് കിട്ടിയ സ്വാതന്ത്ര്യംപോലും ഞങ്ങൾക്കില്ല” എന്ന് പ്രലപിക്കുന്ന വിശ്വാസീ, നിനക്ക് ഒരു മദ്യപാനിയുടെ നിലവാരവും ബുദ്ധിയുമേയുള്ളോ?
3. “ഇനി എന്നാണ്, ഇനിയെന്ന് നേരിട്ട് ബലിയർപ്പിക്കാൻ സാധിക്കുക” യെന്ന് വിലപിച്ചു പാടുന്ന പാട്ട് നെഞ്ചിന്റെ പിടപ്പ് കൂട്ടുന്നുണ്ട്. ഏവർക്കും സങ്കടമുണ്ട്. വളരെ മനോഹരമായ ഒരു പ്രാർത്ഥനതന്നെയാണത്. എന്നാൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണ്ടത് ദൈവമാണ്. ആ പാട്ടുനൽകുന്ന കാത്തിരിക്കാനുള്ള സ്ഥൈര്യം പക്ഷെ പലരും വേണ്ടന്നുവയ്ക്കുന്നു. അവർക്ക് തിടുക്കത്തിൽ പള്ളി തുറന്നേപറ്റൂ. ഈ തിടുക്കപ്പെടുന്നവരാരും തിരുവചനത്തിലേക്ക് നോക്കുന്നുണ്ടോ എന്നൊരു സംശയം മനസ്സിലുണ്ട്! (Cf. Lk. 10:31-32; 10: 41-42).
4. തിരുവചനം തിടുക്കം കാണിക്കുന്നതൊക്കെയും നന്മ ചെയ്യുവാൻ വേണ്ടിയാണ്. പെസഹായ്ക്ക് തിടുക്കത്തിൽ ഭക്ഷണം കഴിക്കാൻ കർത്താവ് ആവശ്യപ്പെടുന്നു. ആചാരങ്ങൾ മനുഷ്യനെ തളച്ചിടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പായിരിക്കാം അത്. മറിയം തിടുക്കത്തിൽ എലിസബത്തിന്റെ അടുത്തേക്ക് പോകുന്നു. അത് ശുശ്രൂഷയുടെ അടയാളമായിരുന്നു. ആചാരങ്ങളുടെ മേലാപ്പുമാറ്റി ശുശ്രൂഷയുടെ അരക്കച്ചയണിഞ്ഞു ഓരോ ക്രിസ്ത്യാനിയും ഇറങ്ങിത്തിരിക്കേണ്ട സമയമാണിത്.
5. കാത്തിരിക്കുന്ന ദൈവം തിരുവചനത്തിലെ മനോഹരമായ ഒരു ചിത്രമാണ്. മനുഷ്യന്റെ പല വീഴ്ചകൾ കണ്ടിട്ടും പിന്നെയും പിന്നെയും കാത്തിരിക്കുന്ന ദൈവം. ഈ ദൈവത്തെപ്പോലെ കാത്തിരുന്നവരുടെ കഥകളാണ് തിരുവചനം. കാത്തിരിപ്പും അനുസരണയും നോഹയെ രക്ഷകനാക്കി. കാത്തിരിപ്പും വിശ്വാസവും അബ്രഹാത്തെ ജനതകളുടെ പിതാവാക്കി. പിന്നീടിങ്ങോട്ട് ഈ നിമിഷംവരെ, നിങ്ങൾ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾപ്പോലും കാത്തിരിപ്പിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ജനതയാണ് ഇസ്രായേൽ. എത്രയോ വര്‍ഷം ഇസ്രായേല്യർ ഈജിപ്തിൽ അടിമത്വത്തിൽ കഴിയേണ്ടിവന്നു. മരുഭൂമിയിൽ നാല്പതുവര്ഷം അലഞ്ഞുതിരിഞ്ഞപ്പോളും ഫിലിസ്ത്യരുടെ അടിമത്വത്തിൽ കഴിഞ്ഞപ്പോളും പിന്നീട് അസീരിയക്കാരും ബാബിലോണിയാക്കാരും അടിമത്വത്തിൽ അവരെ കൊണ്ടുപോയപ്പോഴും അവർ കാത്തിരുന്നു. ഗരീസിമിലും ജെറുസലേമിലും ദേവാലയങ്ങൾ തകർക്കപ്പെട്ടപ്പോളും അവർ കാത്തിരുന്നു. ഒടുക്കം ടൈറ്റസ് ജറുസലേം ദേവാലയം നശിപ്പിച്ചപ്പോൾ (AD 70) അന്നുതൊട്ടിന്നോളം യഹൂദ വിധിപ്രകാരം ഒരുബലിയും അർപ്പിക്കപ്പെട്ടില്ല. എന്നിട്ടും അവർ കാത്തിരിക്കുന്നു, ഇന്നോളം….
ഈ പാൻഡെമിക് കാലത്ത് കാത്തിരിക്കാനുള്ള മനസാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രകടനമെന്ന എനിക്ക് തോന്നുന്നു.
6. ഒരു കുട്ടിക്കുവേണ്ടി കാത്തിരുന്ന സാറയും മനോവയും അന്നയും എലിസബത്തും നമ്മുടെ ഈ തിടുതിടുക്കം കണ്ട് വ്യസനിക്കും. ജന്മനാ അന്ധനായി പിറന്നവനും മുപ്പത്തെട്ടുവർഷം കിടക്കയോട് പറ്റിക്കിടന്നവനും ഈ തിടുക്കം കണ്ട് നമ്മെ വിധിക്കും: “കാത്തിരുന്നുകൂടായിരുന്നോ? അത് ദൈവത്തിന്റെ മഹത്വം കാണാനുള്ള അവസരമല്ലേ?” ശിമയോനും അന്നയും ജീവിതത്തിന്റെ മൂവന്തിവരെ കാത്തിരുന്നില്ലേ? സ്നേഹിതന്റെ കല്ലറയിലെത്താൻ ഈശോ നാലുനാൾ കാത്തിരുന്നില്ലേ? എല്ലാത്തിനും സുവിശേഷകന്മാർ നൽകുന്ന വിശേഷണം “ദൈവ മഹത്വത്തിനുവേണ്ടി” എന്നാണ്.
7. സർപ്പത്തെപ്പോലെ വിവേകിയാകാൻ പഠിപ്പിച്ച ഗുരു ആ വിവേകം നമ്മൾ പ്രാവർത്തീകമാക്കേണ്ടതെങ്ങനെയെന്നു പഠിപ്പിക്കുന്നുമുണ്ട്. സമയത്തിനുമുന്നെ അവന്റെ മുന്നിലേക്ക് കടന്നുവന്ന മരണത്തിൽനിന്നും അവൻ മനപ്പൂർവം ഒഴിഞ്ഞുമാറുന്നുണ്ട്. (Lk. 4:30; Jn. 8:59; 10: 39) “അവന്റെ സമയം ഇനിയും ആയിരുന്നില്ല” എന്ന വിശേഷണമാണ് സുവിശേഷകൻ എഴുതിവയ്ക്കുക. സമയമാകുംവരെ കാത്തിരിക്കുക എന്നാണതിനർത്ഥം. അതുകൊണ്ടാണ് അവൻ പലതും രഹസ്യമായിവയ്ക്കാൻ ശിഷ്യന്മാരെ പ്രേരിപ്പിച്ചത്.(Mk. 8:30).
8. സമരിയാക്കാരിയുമായുള്ള സംഭാഷണം സത്യത്തിൽ സഭയുടെ സ്വഭാവത്തിന്റെ വിശേഷണമാണ്. യേശു പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആഃ്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്. (യോഹന്നാന് 4:21-24).
രണ്ടോ മൂനോ പേർ ക്രിസ്തുവുന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഉണ്ടാകുന്ന കൂട്ടായ്മയാണ് സഭ. അത് ഇന്ന സ്ഥലത്താകണം എന്നൊന്നുമില്ല. സഭ ഈക്കാണുന്ന രൂപത്തിലേക്ക് എത്തിച്ചേരുന്നതിനുമുന്പേ ആദിമസഭ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്നവരുടെ കൂട്ടായ്മയായിരുന്നു. ഇത് സഭ കണ്ടെത്തിയ ദൈവശാസ്ത്രമല്ല. മറിച്ച് വിപ്രവാസകാലത് യഹൂദരുടെ ഇടയിൽ ഉരുത്തിരിഞ്ഞ ദൈവശാസ്ത്രമാണ്. ആരാധിക്കാൻ ദേവാലയമില്ലാതെ വന്നപ്പോൾ കൂട്ടായ്മകൾ ദേവാലയമാണ്. അതാണ് വിപ്രവാസികളോട് കർത്താവ് പറയുന്നത്: “ഞാൻ അവർക്ക് ദേവാലയമായിരിക്കും”. അവിടുന്ന് കൂട്ടിച്ചേർക്കുന്നു അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്ഷേപിക്കും. അവരുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും. (എസെക്കിയേല്‍ 11:16-19).
9. സമൂഹത്തിന്റെ ഏതൊരു പ്രതിസന്ധിയിലും മനുഷ്യനെ നയിക്കാൻ കർത്താവ് വഴികൾ കണ്ടെത്തും. ഏലിയാപ്രവാചകനെ കാക്കയുടെ കർത്താവു പോറ്റിയത് ഓർക്കുക! ദേവാലയം നഷ്ട്ടപ്പെട്ടു വിപ്രവാഹാസത്തിലായിരുന്ന ഇസ്രായേല്യരെ കാത്തിരിക്കാൻ പ്രത്യാശപകർന്ന വചനമുണ്ട്: “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍െറ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്‍െറ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. നിങ്ങള്‍ എന്നെ കണ്ടെണ്ടത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും. നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ദേശങ്ങളിലും നിന്ന് ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും. എവിടെനിന്നു ഞാന്‍ നിങ്ങളെ അടിമത്തത്തിലേക്കയച്ചോ ആ സ്ഥലത്തേക്കുതന്നെ നിങ്ങളെ കൊണ്ടുവരും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.” (ജറെമിയാ 29:11-14).
10. വിശ്വാസം ക്ഷയിക്കാതെ സൂക്ഷിക്കുക എന്നതാണ് ഇപ്പോൾ നമ്മൾ ചെയ്യേണ്ടത്. ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെങ്കിലും അതിലും ദൈവത്തിന്റെ ഇടപെടൽ കണ്ടെത്തുക. ദിവ്യകാരുണ്യം മനസുഖം നൽകുന്ന വെറും ഒരു അനുഭവം മാത്രമാണോ അതോ എന്നെ ക്രിസ്തുവാക്കുന്ന യാഥാർഥ്യമാണോ എന്നത് സ്വയം ചോദിക്കേണ്ട ചോദ്യമാണ്. വെറും മാനസീക സുഖമാണ് തേടുന്നതെങ്കിൽ പള്ളികൾ തുറക്കാൻ ഖൊരാവുമുഴക്കാം. അതല്ലാ നീ ഇതുവരെ സ്വീകരിച്ച ദിവ്യകാരുണ്യം നിന്നെ ക്രിസ്തുവാക്കിയിട്ടുണ്ടെങ്കിൽ ആ ക്രിസ്തു നൽകുന്ന ഈ കാത്തിരിപ്പിന്റെ കാലം പ്രത്യാശയോടെ ആചരിക്കാം. ഇത്രത്തോളം ദിവ്യകാരുണ്യം സ്വീകരിച്ചിട്ടും ഇത്രത്തോളം കുരിശുകൾ ധരിച്ചിട്ടും ഇത്രത്തോളം ജപമണികൾ ഉപയോഗിച്ചിട്ടും ഈ കാലത്തിന്റെ അവസ്ഥ മനസിലാക്കി, വേദനയോടെയായെങ്കിലും കാത്തിരിക്കാൻ നിനക്കാകുന്നില്ലെങ്കിൽപിന്നെ നിന്റെ വിശ്വാസം നീ ഒന്ന് മാറ്റുരച്ചുനോക്കേണ്ടിയിരിക്കുന്നു.
11. സഭ ക്രിസ്തുവിന്റേതാണ്. നീയും ക്രിസ്തുവിന്റേതാണ്. പിതാവ് അവൻ ഭരമേല്പിച്ചവരിൽ ഒരുവൻപോലും നഷ്ട്ടപ്പെട്ടുപോകാതെ സൂക്ഷിക്കാൻ അവനറിയാം. നിങ്ങൾ ക്രിസ്തുവിന്റെ ശക്തിയിലാണോ വിശ്വാസം അർപ്പിക്കുന്നത് അതോ ക്രിസ്തുവിനും അവന്റെ സഭയ്ക്കുമെതിരെ പൊരുതുന്ന സാത്താന്റെ ശക്തിയിലാണോ വിശ്വസിക്കുന്നത്? ക്രിസ്തുവിലാണെങ്കിൽ ഈ കാത്തിരിപ്പിന്റെ കാലത്തെയോർത് വിഷമിക്കേണ്ടതില്ല. അതല്ല മറിച്ച് ക്രിസ്തുവിനെതിരെ പോരാടുന്നവർക്കാണ് കൂടുതൽ ശക്തി എന്നുനീ കരുതുന്നുണ്ടെങ്കിൽ ഈശോയുടെ ചോദ്യം നിന്റെ മനസിൽ ഉയരേണ്ട സമയമായി: “മനുഷ്യപുത്രന് വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?” (ലൂക്കാ 18 : 8)
12. രോഗവ്യാപനം തടയുന്ന രീതിയിൽ പെരുമാറാൻ നമ്മുടെ സമൂഹം ഇനിയും പ്രാപ്തമായിട്ടില്ലാത്തതിനാലും, അതിനുവേണ്ടുന്ന കാര്യങ്ങൾ ഭാരിച്ച സാമ്പത്തീക ബാധ്യതകൾക്ക് ഇടയാക്കുമെന്നതിനാലും അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം തുടരുകയാണ് അഭികാമ്യം. നിങ്ങൾ ആരോഗ്യവാനാണെങ്കിലും കോവിഡ് നിങ്ങൾക്ക് അത്രകണ്ട് ഭീഷണി ഉയർത്തുന്നില്ലെങ്കിലും നിങ്ങൾ രോഗം പരത്തുന്ന ഒരു ക്യാരിയറാകാൻ സാധ്യതയും അതുമൂലം നിരവധിപേരുടെ ജീവന് ഭീഷണിയാകാനും നിങ്ങൾക്ക് സാധ്യതയുണ്ട്: അങ്ങനെ നിങ്ങൾ ഒരു കൊതുകിനെയോ എലിയെയോ വവ്വാലിനെയോപോലെ രോഗം പരത്തുന്നവനാകാൻ ആഗ്രഹിക്കുന്നുണ്ടോ?
ഞാനീ കുറിപ്പ് എഴുതുമ്പോൾ ഞാനായിരിക്കുന്നത് ഒരു റെഡ് സോണിലാണ്. ജോലിചെയ്തു തളർന്ന എത്രയോ ആരോഗ്യപ്രവർത്തകരുടെ കണ്ണുനീർ ഇതുവരെ കണ്ടുകഴിഞ്ഞു. അവരോടൊക്കെ അൽപ്പം കരുണ കാണിക്കണ്ട നമുക്ക്. ഇതിനോടകം എന്റെ പല പ്രീയപ്പെട്ടവരും ഈരോഗത്താൽ അസ്വാസ്ഥ്യം അനുഭവിച്ചുകഴിഞ്ഞു, ചിലർ ഇനിയും അതിനോട് മല്ലിട്ടുകൊണ്ടിരിക്കുന്നു, ചിലർ വിടപറഞ്ഞുകഴിഞ്ഞു. ഇനി നിങ്ങളെക്കൂടി നഷ്ടപ്പെടുത്താൻ വയ്യാത്തതുകൊണ്ടു പറഞ്ഞുപോകുന്നതാണ്: അത്യാവശ്യമില്ലാതെ തൽക്കാലം ഒരിടത്തും പോകേണ്ട. ഇത് ദൈവത്തെയോ വിശ്വാസത്തെയോ മതത്തെയോ ഉപേക്ഷിക്കുന്നതിന്റെ അടയാളമല്ല, മറിച്ച് വിശ്വാസം ആവശ്യപ്പെടുന്ന- വിവേകവും സഹജീവികളോടുള്ള കരുതലും പ്രകടിപ്പിക്കേണ്ട സമയമാണ്. ഈ ദേവാലയം നിങ്ങൾ തകർക്കൂ, മൂന്നുനാൾകൊണ്ടത് ഞാൻ പുനരുദ്ധരിക്കും എന്നുപറഞ്ഞവന്റെ ശക്തിയിൽ ആശ്രയിക്കേണ്ട സമയമാണിത്. വിവേകമാണ് ഇന്നിന്റെ വിശുദ്ധി.
13. എസക്കിയേൽ പറഞ്ഞതുപോലെ ദൈവത്തെ ദേവാലയമായി സ്വീകരിക്കാത്തവൻ കല്ലുകൾകൊണ്ടുണ്ടാക്കിയ പള്ളിയിൽ ദൈവത്തെ കണ്ടെത്തില്ല! മുപ്പത് വെള്ളിക്കാശ് യൂദാസിന് എന്ത് നല്കിയിട്ടുണ്ടാകും?: ഒരുതരം മനസുഖം. മനസുഖത്തിനുവേണ്ടി പള്ളിയിൽ തിരക്കിട്ടു പോകുന്നവരേ നിങ്ങൾ അവിടെ ക്രിസ്തുവിനെ കണ്ടെത്തില്ല! അവൻ നല്ലസമരിയായന്റെ രൂപത്തിൽ വഴിയരികിൽ മുറിവേറ്റുകിടക്കുന്നവരെ ശുശ്രൂഷിക്കുവാൻ കല്ലുകളുടെ ദേവാലയംവിട്ടിറങ്ങി പോയിരിക്കുന്നു! ഇന്ന് നിനക്കുവേണ്ടി ബലിയർപ്പിക്കുന്നത് പുരോഹിതന്മാരല്ല, മറിച്ച് തങ്ങളുടെ ജീവിതം അപരർക്കുവേണ്ടി അപകടപ്പെടുത്തുന്ന ആരോഗ്യപ്രവർത്തകരാണ്. നിന്റെ അലക്ഷ്യമായ ഓരോ ചുവടുവയ്പ്പും വാശിയും അവരുടെ പ്രീയപ്പെട്ടവരിൽനിന്നും അവരുടെ സാമീപ്യത്തിന്റെ അകലം കൂട്ടുകയാണ്!! നിര്‍ഭാഗ്യകരമാണത്.
14. സംഗ്രഹം
* അറിവില്ലാത്തവരെപ്പോലെ നമ്മൾ ക്രിസ്ത്യാനികൾ ശാഠ്യം പിടിക്കരുത്.
* കാത്തിരിപ്പിന്റെ ഈ കാലം കഴിയുംവരെ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി പള്ളികൾ തുറക്കുക.
* സാമൂഹീക പ്രതിബദ്ധത കാണിക്കുക, സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജറമിയാ പ്രവാചകൻ പറയുന്നതുപോലെ ദൈവത്തിന്റെ കല്പനകളായി മനസിലാക്കി അനുസരിക്കുക. വിശ്വാസത്തിനും സാന്മാര്ഗികതയ്ക്കും നിരക്കാത്തതാണെങ്കിൽമാത്രം അവയെ ചോദ്യം ചെയ്താൽ മതി.
* പെസഹായുടെ ഈ അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ സംഹാരദൂതൻ നമ്മെ സ്പർശിക്കാതിരിക്കാൻ ഭവനംതന്നെ ദേവാലയമാക്കിമാറ്റുക.
* അനുസരണയാണ് ബലിയെക്കാൾ ശ്രേഷ്ടമെന്നും സമൂഹത്തിനു നല്ല സമരിയാക്കാരനാകലാണ് ഇപ്പോൾ പ്രകടിപ്പിക്കേണ്ട വിശ്വാസത്തിലുള്ള ബലിയെന്നും തിരിച്ചറിയുക. (Cf. 1.Samuel 15:22). “അങ്ങനെ അവര്‍ എന്‍െറ കല്പനകള് അനുസരിച്ചു ജീവിക്കുകയും എന്‍െറ നിയമങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെദൈവവും ആയിരിക്കും. എന്നാല്‍ നിന്ദ്യവസ്തുക്കളിലും മ്ലേച്ഛതകളിലും ഹൃദയം അര്‍പ്പിച്ചിരിക്കുന്നവരുടെ പ്രവൃത്തികള്‍ക്ക് അവരുടെ തലയില്‍ത്തന്നെ ഞാന്‍ ശിക്ഷ വരുത്തും; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു”. (എസെക്കിയേല്‍ 11 : 20-21).
• എത്രനാൾ കർത്താവേ? എക്കാലവും തിരുവചനത്തിൽ ഉയർന്നുവരുന്ന ചോദ്യമാണിത്. ഉത്തരം ഒന്നേയുള്ളു, ക്രിസ്തുനൽകിയത്: ആ ദിവസമോ മണിക്കൂറോ ആർക്കുമറിഞ്ഞുകൂട, പിതാവിനൊഴികെ. നീ കാത്തിരിക്കുകമാത്രം ചെയ്യുക. നിരുത്തരവാദപരമായ ശാഠ്യങ്ങങ്ങൾ വെടിഞ്ഞു യൂഫ്രട്ടീസ് നടിയുടെ ഓരത്തിരുന്നു കണ്ണീരോടെ യഹൂദ മക്കൾ പാടിയതുപോലെ (Ps. 137) നമുക്കും പാടാം: “എന്നാണിനി എന്നാണിനി എന്ന്, നേരിൽ കുർബാന കൂടുന്ന കാലം…….”
“സമയമാകുംവരെ വീടുകളിലായിരിക്കുക”- ദൈവം പൂർണ്ണമായി അനുവതിക്കുംവരെ അതാണ് സ്വീകാര്യമായ ബലി,