തൊഴിലാളിയും സമഗ്രവികസനവും

തൊഴിലാളിയും സമഗ്രവികസനവും
ബിഷപ് ഡോ. അലക്‌സ് വടക്കുംതല (ചെയര്‍മാന്‍, സിബിസിഐ, കെസിബിസി ലേബര്‍ കമ്മീഷന്‍)
മരപ്പണിക്കാരനെന്നും (മര്‍ക്കോ 6:3) മരപ്പണിക്കാരന്റെ മകനെന്നും (മത്താ 13:55) അറിയപ്പെട്ടിരുന്ന ക്രിസ്തു തൊഴിലിനെയും തൊഴില്‍ ചെയ്യുന്നവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. 2017 നവംബര്‍ 23ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: ”ക്രൈസ്തവ പാരമ്പര്യമനുസരിച്ച് തൊഴില്‍ ഒരു കേവല പ്രവൃത്തി മാത്രമല്ല, തൊഴില്‍ വഴി ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ തൊഴിലാളികള്‍ പങ്കുചേരുന്നു. മാത്രമല്ല, കുടുംബത്തിന്റെയും അയല്‍ക്കാരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികള്‍   പ്രതികരിക്കുമ്പോള്‍ യേശുവിന്റെ രക്ഷാകര്‍മത്തിലും അവര്‍ പങ്കുചേരുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗം മരപ്പണിക്കാരനായി നസ്രത്തില്‍ ചെലവഴിച്ച യേശു തന്റെ കാല്പ്പാടുകള്‍ പിന്തുടരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.” ലോകമെമ്പാടും മെയ് ദിനാഘോഷം സംഘടിപ്പിക്കപ്പെടുമ്പോള്‍ സംസ്ഥാന-ദേശീയ തലത്തില്‍ തൊഴില്‍ മേഖലയിലെ പ്രസക്തമായ കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം.
                   നമ്മുടെ രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയിലെ തൊഴില്‍ശക്തിയില്‍ 93 ശതമാനം പേരും അസംഘടിത തൊഴിലാളികള്‍ ആണെന്നാണു സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. സാമൂഹികസുരക്ഷ, നിയമപരിരക്ഷ, തൊഴിലുറപ്പ് എന്നിവയുടെ സംരക്ഷണം ലഭിക്കാത്തവരാണ് അസംഘടിത തൊഴിലാളികള്‍. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 60 ശതമാനത്തോളം അസംഘടിത മേഖലയുടെ സംഭാവനയാണ്. ഇന്ത്യയുടെ ജിഡിപി  ഗണനീയമായ വളര്‍ച്ച കൈവരിക്കുന്നു എന്നു പറയുമ്പോഴും അസംഘടിത തൊഴിലാളികളുടെ ജീവിതാവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനം, വേണ്ടത്ര മുന്‍ ഒരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കല്‍, കാര്‍ഷിക-മത്സ്യവ്യവസായ രംഗത്തുള്ള തകര്‍ച്ച, ഇന്ധനവിലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വന്‍ വിലക്കയറ്റം തുടങ്ങി നിരവധി കാര്യങ്ങള്‍ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്.
                  രാജ്യത്ത് സ്വത്തിന്റെ കേന്ദ്രീകരണം ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ അന്തര്‍ദ്ദേശീയവും ദേശീയവുമായ പല സംഘടനകളും നടത്തിയിട്ടുള്ള പഠനങ്ങള്‍ നടുക്കം ഉളവാക്കുന്ന സ്ഥിതിവിവരക്കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2016-2017)  ഇന്ത്യ കൈവരിച്ച വളര്‍ച്ചയുടെ 73 ശതമാനവും കേവലം ഒരു ശതമാനം വരുന്ന ഉന്നത സമ്പന്നരാണ് കയ്യടക്കിയിട്ടുള്ളതെന്നാണു ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ ഓക്‌സ്ഫാം പുറത്തിറക്കിയ ‘തൊഴിലിനു പ്രതിഫലം നല്‍കുക, സ്വത്തിനല്ല’ എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ രാജ്യത്തെ പകുതിയില്‍ അധികം വരുന്ന 65 കോടി ജനങ്ങള്‍ക്ക് ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ വെറും ഒരു ശതമാനം മാത്രമാണ്. ‘ഇന്ത്യയിലെ സാമ്പത്തിക പുരോഗതിയുടെ നേട്ടങ്ങള്‍ ചുരുക്കം ചിലരുടെ കയ്യില്‍ കേന്ദ്രീകരിക്കുക എന്നത് അപായ സൂചനയാണു നല്‍കുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണത്തിലുള്ള വളര്‍ച്ച സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ അടയാളമല്ല. കാര്‍ഷികവൃത്തി വഴി രാജ്യത്തെ തീറ്റിപ്പോറ്റുന്നതിനായി കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകരും, പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ കഷ്ടപ്പെടുന്ന വ്യവസായത്തൊഴിലാളികളും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും, കുടുംബാംഗങ്ങള്‍ക്ക് മരുന്നുവാങ്ങിക്കാനും, രണ്ടു നേരത്തെയെങ്കിലും ഭക്ഷണം ഉറപ്പാക്കാനും വേണ്ടി നെട്ടോട്ടം ഓടുകയാണ്. വര്‍ദ്ധിച്ചുവരുന്ന വിടവ് ജനാധിപത്യത്തിന്റെ അടിത്തറ തോണ്ടുകയും, അഴിമതിയെയും സ്വജനപക്ഷപാതത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.’ (ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്).
                   2008ല്‍ പാര്‍ലമെന്റ് പാസാക്കിയ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാനിയമം ഇന്നും ഏട്ടിലെ പശുവാണ്. അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാരംഗത്തു ചെറിയ സമാശ്വാസമെങ്കിലും നല്‍കിയിരുന്ന ആം ആദ്മി ബീമായോജന, സ്വാലംബന്‍, രാഷ്ട്രിയ സ്വാസ്ഥ്യ ബീമാ യോജന, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഇല്ലാതാക്കപ്പെടുകയോ വെട്ടിക്കുറക്കപ്പെടുകയോ വിഹിതം വകമാറ്റി ചെലവഴിക്കപ്പെടുകയോ ആണ്. വേണ്ടത്ര വകയിരുത്തല്‍ ഇല്ലാത്തതു മൂലം അവ മിക്കവാറും പ്രഖ്യാപനങ്ങള്‍ മാത്രമാകുവാനാണ് സാദ്ധ്യത.
                    ദേശീയതലത്തിലും വിവിധ സംസ്ഥാന തലങ്ങളിലും നിലവിലുള്ള നൂറില്‍പരം തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും സംയോജിപ്പിക്കുകയും ചെയ്ത് നാലു നിയമങ്ങളായി ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തൊഴിലാളികള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പല അവകാശങ്ങളും സാമൂഹിക സുരക്ഷാസംവിധാനങ്ങളും ഇല്ലാതാക്കുകയോ ചുരുക്കുകയോ ചെയ്യുന്ന രീതിയിലാണ് പുതിയ നിയമങ്ങള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.  മൂലധന ഉടമയ്ക്കു സഹായകരമാകുന്നതാണു പുതിയ നിയമങ്ങളുടെ മൗലിക സമീപനം എന്നതാണു ട്രേഡ് യൂണിയനുകളും തൊഴില്‍ മേഖലയിലെ വിദഗ്ദ്ധരും ഉന്നയിക്കുന്ന ആക്ഷേപം. ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് പോലെയുള്ള ത്രികക്ഷിസംവിധാനങ്ങള്‍ വഴിയും ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയും തൊഴിലാളികളെ വിശ്വാസത്തിലെടുത്തതിനുശേഷം മാത്രമേ നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ പാടുള്ളൂ.
                     അസംഘടിത തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാരും ചിറ്റമ്മനയമാണു തുടരുന്നതെന്ന ആക്ഷേപത്തിനും കഴമ്പുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്റെ പ്രതിവര്‍ഷ വര്‍ദ്ധനവിനുള്ള വാഗ്ദാനത്തില്‍ നിന്നു സാമ്പത്തിക പരാധീനതയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ പിന്നാക്കം പോയിരിക്കുന്നു. എന്നാല്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഉള്‍പ്പടെയുള്ളആനുകൂല്യങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഒരു തടസവും കാണാനില്ല. അസംഘടിത തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഇരുപത്തഞ്ചില്‍പരം ക്ഷേമനിധികള്‍ കേരളത്തിന്റെ സ്വകാര്യ അഭിമാനമായിരുന്നു. എന്നാല്‍ ഇന്നതെല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ക്ഷേമനിധികളുടെ അംശാദായം, ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിവ യാതൊരു നീതീകരണവുമില്ലാതെ വര്‍ദ്ധിപ്പിച്ചും, ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും, ക്ഷേമനിധികള്‍ മരവിപ്പിച്ചും, ക്ഷേമനിധി ഫണ്ടുകള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റിയും അസംഘടിത തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്കു തള്ളിയിട്ടിരിക്കുകയാണ്. ആയതിനാല്‍ സര്‍ക്കാരുകള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളോട് കൂടുതല്‍  മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാരിനുണ്ട് എന്നും ഓര്‍മിപ്പിക്കുന്നു.
                    സാധാരണയായി പ്രകൃതിദുരന്തങ്ങളുടെ ബലിയാടുകളായി തീരുന്നത് അസംഘടിത തൊഴിലാളികളാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളാണ് തീരപ്രദേശത്ത് ഉണ്ടാക്കിയത്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ആവശ്യമായ മുന്നറിയിപ്പ് നല്കാഞ്ഞതു മൂലമായിരുന്നു ആള്‍നഷ്ടത്തിന്റെ എണ്ണം ഇത്രകണ്ടു വര്‍ദ്ധിച്ചത്. ഓഖിദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം, അപകടം സംഭവിച്ചവര്‍ക്കുള്ള സഹായധന വിതരണം, നഷ്ടപ്പെട്ട തൊഴിലുപകരണങ്ങളുടെ വിതരണം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഫണ്ടനുവദിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
                    ട്രേഡ് യൂണിയനുകള്‍ക്കും തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കും ഭാരിച്ച ഉത്തരവാദിത്തം അസംഘടിത തൊഴിലാളി സംഘടനാരംഗത്തു നിര്‍വഹിക്കാനുണ്ട്. എന്നാല്‍ അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലായെന്ന പരാതി വസ്തുനിഷ്ഠമാണെന്നു പറയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ തൊഴിലാളികളില്‍ പന്ത്രണ്ട് ശതമാനം മാത്രമേ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളൂ. സംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണു ട്രേഡ് യൂണിയന്‍ നേതൃത്വത്തിനു പൊതുവെ താത്പര്യം. മാത്രമല്ല മിക്കവാറും എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും രാഷ്ട്രീയകക്ഷികളുടെ ഭാഗമായതു മൂലം പലപ്പോഴും തൊഴിലാളി താത്പര്യത്തെക്കാള്‍ കക്ഷി രാഷ്ട്രീയ താത്പര്യത്തിനു മുന്‍തൂക്കം ലഭിക്കുന്നു. ഇതുമൂലം തൊഴിലാളിശക്തി ശിഥിലമാകുകയും അവഗണന ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യുന്നു. മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മുന്നേറ്റം കാര്‍മേഘാവൃതമായ സമകാലീന സാഹചര്യത്തിലെ രജതരേഖയാണ്.  ഇത്തരം മുന്നേറ്റങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടാകേണ്ടിയിരിക്കുന്നു. 2017 ഡിസംബര്‍ 21നു റോമില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ സമ്മേളനത്തിലേക്കു ഫ്രാന്‍സിസ് പാപ്പ സന്ദേശം നല്‍കുകയുണ്ടായി. പ്രവാചകശക്തിയെന്നാണു യൂണിയനുകളെ പാപ്പാ വിശേഷിപ്പിച്ചത്. അതോടൊപ്പം തൊഴിലാളി സംഘടനകള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയെ സംബന്ധിച്ചും പാപ്പ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
                  തൊഴിലിടങ്ങളില്‍ മൂലധനത്തെക്കാളും, പശ്ചാത്തലസൗകര്യങ്ങളെക്കാളും, അസംസ്‌കൃത പദാര്‍ത്ഥങ്ങളെക്കാളും പ്രാധാന്യം തൊഴിലാളികള്‍ക്കു വേണമെന്നു ലിയോ പതിമൂന്നാമന്‍ പാപ്പയുടെ കാലഘട്ടം മുതല്‍ തിരുസഭ നിര്‍ബന്ധിച്ചുവരുന്നുണ്ട്. കാരണം ഓരോ മനുഷ്യനും ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ മക്കളാണെന്നതാണ്. കോര്‍പ്പറേറ്റ് ക്രോണിക്യാപ്പിറ്റലിസത്തിന്റെ ഇക്കാലഘട്ടത്തില്‍ അനുദിനം ഇകഴ്ച സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മൂല്യത്തെ കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ള നേതൃത്വം നല്‍കാനുള്ള കടമ തിരുസഭയ്ക്കുണ്ട്.
                 കേരളസഭയുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ക്രമപ്പെടുത്തുന്നതിനായി പീപ്പിള്‍ മാനേജ്‌മെന്റ് പോളിസി കെസിബിസി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇതു നടപ്പിലാക്കാനായി വേണ്ട ഒത്താശകള്‍ നല്‍കാന്‍  കേരള ലേബര്‍ മൂവ്‌മെന്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വേതനവര്‍ദ്ധനവിനുവേണ്ടിയുള്ള നഴ്‌സുമാരുടെ ആവശ്യത്തില്‍ അനുകൂലമായ നിലപാട് ആദ്യം തന്നെ കേരള മെത്രാന്‍ സമിതി സ്വീകരിക്കുകയുണ്ടായി.  ഈ നിലപാട് വളരെയേറെ ശ്ലാഘിക്കപ്പെടുകയുണ്ടായി. എന്നിരുന്നാലും ഇനിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സഭാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി രൂപപ്പെടുത്തേണ്ടതുണ്ട്.
                  കെസിബിസിയുടെ തൊഴില്‍കാര്യ കമ്മീഷന്റെ ഔദ്യോഗിക സംഘടനയാണു കേരള ലേബര്‍ മൂവ്‌മെന്റ്. അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കെഎല്‍എം നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. വിവിധ വിഭാഗം അസംഘടിത തൊഴിലാളികളുടെ സംഘാടനത്തിനും ശക്തീകരണത്തിനുമായി എട്ട് തൊഴിലാളി ഫോറങ്ങള്‍ക്ക് കെഎല്‍എം രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങളും കെഎല്‍എമ്മിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്.
                 കെഎല്‍എം യൂണിറ്റുകളും തൊഴിലാളി ഫോറങ്ങളും എല്ലാ ഇടവകകളിലും ആരംഭിക്കാന്‍ എല്ലാ വൈദികരുടേയും സഹകരണം പ്രതീക്ഷിക്കുകയാണ്. സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്യസ്തരും ഇക്കാര്യത്തില്‍ ശ്രദ്ധ വെയ്ക്കണമെന്നു താല്പര്യപ്പെടുന്നു. തൊഴിലാളികള്‍ ഈ മുന്നേറ്റത്തിനു നേതൃത്വം വഹിക്കാന്‍ ആഹ്വാനം ചെയ്യുന്നു. നെറ്റിയിലെ വിയര്‍പ്പുകൊണ്ട്  നിത്യവൃത്തിക്കുള്ള വക കണ്ടെത്തുകയും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയുള്ളതുകൂടി ആര്‍ജിക്കുന്നതിനായി ക്ലേശങ്ങള്‍ സഹിച്ചു പ്രകൃതിവിഭവങ്ങളെ അദ്ധ്വാനമാകുന്ന കര്‍മ്മശേഷിയാല്‍ വിശിഷ്ടമാക്കുകയും ചെയ്യുന്ന തൊഴിലാളി സമൂഹത്തെ ബലപ്പെടുത്തേണ്ടതുണ്ട്.

Related Articles

ക്യാമ്പുകളുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു

തീവ്രശുചീകരണയത്‌നത്തിന് തുടക്കം കൊച്ചി: ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ സമ്പൂര്‍ണ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ്തലത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ്

ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്‍സണ്‍ മുത്തപ്പന്‍ നടന്നുപോയി

  യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്‍ ഇനിയില്ലന്ന വാര്‍ത്ത കേട്ടപ്പോള്‍ കുറച്ചുനേരത്തെ ശൂന്യതയായിരുന്നു മനസ്സില്‍. ഈ ചെറുപ്പക്കാരന്‍ നമ്മളിലേക്ക് എന്തിനുവന്നു..എന്തിനു പോയി

മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, സ്വഭാവവൈശിഷ്ഠ്യം ഉള്ള രാഷ്ട്രീയക്കാരാവുക: സൂസപാക്യം മെത്രാപോലീത്ത

  തിരുവനന്തപുരം അതിരൂപതയിൽ നിന്നും ഈ അടുത്ത നാളുകളിൽ നടന്ന ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും വിജയിച്ച 83 ജനപ്രതിനിധികൾക്ക് നൽകിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*