തോറ്റവരെയും അന്വേഷിക്കണം

തോറ്റവരെയും അന്വേഷിക്കണം

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയാകുന്ന പരീക്ഷണ കാലഘട്ടം തല്ക്കാലം കഴിഞ്ഞു. ഫലപ്രഖ്യാപനങ്ങള്‍ വന്നു കഴിഞ്ഞു.
കേരളാ സിലബസ് ഐസിഎസ്ഇ, സിബിഎസ്ഇ, എസ്എസ്‌സി, പ്ലസ് ടു ഫലങ്ങള്‍ വന്നുകഴിഞ്ഞു. ഉത്തന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കളും മികവാര്‍ന്ന വിജയം നേടിയ വിദ്യാലയങ്ങളിലെ അധ്യാപകരും ആഹ്ലാദാരവങ്ങളില്‍ മുഴുകുന്ന വേളയാണിത്. സമാധാനപൂര്‍ണമായ അന്തരീക്ഷവും സവിശേഷശ്രദ്ധയും ലഭിക്കുന്ന വിദ്യാര്‍ഥികള്‍ നേടുന്ന ഉന്നതവിജയത്തെക്കാള്‍ നമ്മുടെയൊക്കെ താല്പര്യവും ശ്രദ്ധയും നേടുന്നത് പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയി കൈവരിച്ച വിദ്യാര്‍തികളുടെ ഉന്നതവിജയമാണ്.
രണ്ടുതവണയായി ഉണ്ടായ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ കുട്ടികള്‍ എസ്എസ്‌സി, പ്ലസ് ടു പരീക്ഷകളില്‍ കൊയ്‌തെടുത്ത വിജയം ചരിത്രതാളുകളില്‍ ഇടം പിടിക്കുന്നതാണ്. എസ്എസ്‌സി പരീക്ഷ എഴുതിയ 2114 പേരില്‍ 2112 പേരും കുട്ടനാട്ടില്‍ വിജയഗാഥ രചിച്ചു. 150 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കുട്ടനാട് മേഖലയിലെ 31 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. പ്രളയത്തില്‍ വീടുകള്‍ വെള്ളത്തില്‍ മുങ്ങി പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടവരായിരുന്നു ഇവിടുത്തെ വിദ്യാര്‍ഥികള്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുക്കളുടെ വീടുകളിലും കഴിഞ്ഞിരുന്ന വിദ്യാര്‍ഥികളുടെ നഷ്ടപ്പെട്ട അധ്യയനദിനങ്ങള്‍ നികത്തിയത് സ്‌പെഷ്യല്‍ ക്ലാസുകളിലൂടെയും സായാഹ്ന ക്ലാസുകളിലൂടെയുമായിരുന്നു. സംസ്ഥാനത്ത് തന്നെ വിജയശതമാനത്തില്‍ ഒന്നാമതെത്തിയ കുട്ടനാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്.
കേവലം 14 ദിവസംകൊണ്ട് മൂല്യനിര്‍ണയം നടത്തി ചുരുങ്ങിയ ദിനങ്ങളെടുത്ത് ടാബുലേഷന്‍ പൂര്‍ത്തിയാക്കിയുമാണ് എസ്എസ്‌സി പരീക്ഷാഫലപ്രഖ്യാപനം നടത്തിയത്. എസ്എസ്‌സി, സിബിഎസ്ഇ പരീക്ഷകളുടെ ഫലങ്ങള്‍ ഒരേദിവസം തന്നെ വന്നുവെന്നത് ഈവര്‍ഷത്തെ സവിശേഷതയാണ്. അതോടൊപ്പം തന്നെ ഐസിഎസ്ഇ സിലബസ് അനുസരിച്ചുള്ള 10-ാം ക്ലാസ് ഫലപ്രഖ്യാപനവും വന്നു. തൊട്ടടുത്ത ദിവസങ്ങളിലായി ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങളും പ്രസിദ്ധീകൃതമായി. മുന്‍ വര്‍ഷങ്ങളില്‍ വളരെ വൈകി സിബിഎസ്ഇ, ഐസിഎസ്‌സി പരീക്ഷാഫലങ്ങള്‍ വന്നിരുന്നതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് ചേരുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു. ഇക്കുറി ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായിരിക്കുന്നു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ഇദംപ്രഥമമായി 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരെ ജൂണ്‍ 3ന് അധ്യയനം ആരംഭിക്കുന്നതും സവിശേഷത തന്നെ. മോഡറേഷന്‍ നല്‍കാതെ എസ്എസ്‌സിക്ക് 98.11 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 84.33% വിജയം രേഖപ്പെടുത്തി. എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്കായ 1200 നേടിയ 183 വിദ്യാര്‍ഥികളുണ്ട്. എസ്എസ്‌സി പരീക്ഷയില്‍ 37334 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയുണ്ടായി. സിബിഎസ്ഇയില്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള ഭാവന എന്‍. ശിവദാസ് 499 മാര്‍ക്കുമായി ഒന്നാം റാങ്ക് പങ്കിട്ടു.
ലത്തീന്‍ രൂപതകളില്‍
കേരളത്തിലെ ലത്തീന്‍ രൂപതകളിലെ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സികളുടെ കീഴിലുള്ള സ്‌കൂളുകളില്‍ എസ്എസ്‌സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ചത് 25 സ്‌കൂളുകളാണ്. മറ്റു സ്‌കൂളുകളുടെ വിജയശതമാനം 90നും 100 ശതമാനത്തിനുമിടയിലാണ്. വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകളിലെയും സന്യസ്തസഭകള്‍ നടത്തുന്ന സ്‌കൂളുകളിലെയും വിജയശതമാനം ഇതുമായി തുലനം ചെയ്യേണ്ടതുണ്ട്. കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ (കെആര്‍എല്‍സിബിസി ) കീഴിലുള്ള വിദ്യാഭ്യാസ കമ്മീഷന്‍ സ്‌കൂളുകളിലെ വിജയശതമാനവും സമുദായാംഗങ്ങളായ വിദ്യാര്‍ഥികളുടെ പഠനനിലവാരവും സമഗ്ര പഠനം നടത്തേണ്ടത് ഏറെ ആവശ്യകമാണ്. കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ ചില രൂപതകളില്‍ ആരംഭിച്ചിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്.
തൊഴില്‍ സമ്പാദനത്തിനും ജീവിതായോധനത്തിനും അടിസ്ഥാനയോഗ്യതകളായ എസ്എസ്‌സി, പ്ലസ് ടു പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികളുടെ പഠന മികവ് സമഗ്രമായി വിലയിരുത്തപ്പെടണം. രൂപതകളിലെ സ്‌കൂളുകളുടെ എസ്എസ്‌സി വിജയത്തെക്കുറിച്ച് പ്രാഥമിക അവലോകനം (കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സികളുടെ കീഴില്‍ വരുന്നവ) നടത്തിയപ്പോള്‍ നമ്മുടെ ഭൂരിഭാഗം വിദ്യാലയങ്ങളുടെയും പിന്നാക്കാവസ്ഥ മനസിലാക്കാന്‍ കഴിഞ്ഞു. കണക്ക്, കെമിസ്ട്രി, ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് സിയും ഡി പ്ലസും നേടി വിയിച്ചവരാണ് അധികം വിദ്യാര്‍ഥികളും എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ലത്തീന്‍ രൂപതകളിലെ വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകള്‍, സന്യസ്തര്‍ നടത്തുന്ന സ്‌കൂളുകള്‍, കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളുടെ കീഴില്‍ വരുന്ന വിദ്യാലയങ്ങള്‍ (എയ്ഡഡ് മേഖലയില്‍) വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അവരെ ഉന്നത ഗ്രേഡുകള്‍ നേടാന്‍ സഹായിക്കുന്ന തരത്തിലുള്ള പഠനതന്ത്രങ്ങള്‍ ഒരുക്കുന്നതിനും അധ്യാപകരെ പരിശീലിപ്പിക്കുന്നതിനും വിദ്യാഭ്യാസ കമ്മിഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് രൂപതാ വിദ്യാഭ്യാസ ശുശ്രൂഷ സമിതികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രായോഗികമായി ഇതു നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. സമുദായ പുരോഗതി വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാവൂ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നമ്മുടെ വിദ്യാര്‍ഥികള്‍ കടന്നുവരാന്‍ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം.
പരീക്ഷകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടാതെ പോയവരെയും പരിഗണിക്കണം. വിവിധ സാഹചര്യങ്ങളാല്‍ വിജയിക്കാന്‍ കഴിയാതെ പോയവരാണിവരിലധികവും. അതിനാല്‍ തന്നെ ഇവരെ എഴുതിതള്ളേണ്ടതില്ല. ഇത്തരക്കാരെക്കുറിച്ച് പ്രൊഫ. എന്‍.എം. വിജയന്‍ മാഷ് പറഞ്ഞ കാര്യം അനുസ്മരിക്കുന്നു. ജയിച്ചവരെ കാണുമ്പോള്‍, തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തില്‍ പ്രസക്തമായി തീരേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഗാന്ധിജി എല്ലാ ക്ലാസിലും ഒന്നാമനായിരുന്നില്ല. ഐന്‍സ്റ്റിനും എല്ലാ ക്ലാസുകളിലും ഒന്നാമനായിരുന്നില്ല. എസ്എസ്എല്‍സി മുതല്‍ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് പ്രശസ്ത കവിയായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള. ഇതു പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ്. ലോക ടെന്നീസിലെ സിംഹാസനങ്ങള്‍ കയ്യടക്കിയ കറുത്ത വര്‍ഗക്കാരന്‍ ആര്‍തര്‍ ആഷിന്റെ വാക്കുകള്‍ കടമെടുത്താല്‍ വിജയത്തിന്റെ ഒരു പ്രധാന താക്കോല്‍ ആത്മവിശ്വാസമാണ്. ആത്മവിശ്വാത്തിനുള്ള ഒരു പ്രധാന താക്കോല്‍ ഒരുക്കവും. എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് കടലില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ അന്ത്യവും എസ്എസ്‌സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് മകനെ മണ്‍വെട്ടിയുടെ കൈകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്തയും നമ്മെ ആശങ്കപ്പെടുത്തുന്നു. കുട്ടികളുടെ കഴിവുകളെയും പരിമിതികളെയും കുറിച്ച് മനസിലാക്കാനും അവരെ സ്‌നേഹിക്കാനും നേരായ പാതയിലേക്ക് നയിക്കാനും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമാകണം.


Related Articles

കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കെസിബിസി.

കൊച്ചി:രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കേരള കാത്തോലിക് ബിഷപ്‌സ് കൗൺസിൽ  (കെസിബിസി) ജാഗ്രത കമ്മീഷൻ. കർഷക

വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

എറണാകുളം: വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പമാണ് ക്രിസ്മസ് നല്കുന്ന സന്ദേശമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. പരസ്പരം അകന്നുപോവുകയും അപരനെ ശത്രുവായി കരുതുകയും ചെയ്യുന്ന

“സ്നേഹം മാത്രം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ First Reading: Deuteronomy 6,2-6 Second Reading: Hebrews 7:23-28 Gospel: Mark 12:28-34 വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 –

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*